'ജോർജ് ഒരിക്കലും തിരിച്ചുവരില്ല,അദ്ദേഹത്തെ നമ്മളെല്ലാവരും മറക്കണം'; തരംഗമായി ദ ഷീപ്പ് ഡിറ്റക്ടീവ്‌സ്

സിനിമയിൽനിന്നൊരു രംഗം | IMDb
സിനിമയിൽനിന്നൊരു രംഗം | IMDb

തിയേറ്ററിനുപിന്നാലെ ഒ.ടി.ടി.യിലും ഓളം തീർക്കുകയാണ് 'ദ ഷീപ്പ് ഡിറ്റക്ടീവ്‌സ്' (The Sheep Detectives). ഈ മിസ്റ്ററി കോമഡി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കെയ്ൽ ബാൽഡയാണ്. 2005-ൽ ലിയോണി സ്വാൻ എഴുതിയ ത്രീ ബാഗ്സ് ഫുൾ എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ നിർമിച്ചിരിക്കുന്നത്.

ഹ്യൂ ജാക്ക്മാൻ, നിക്കോളാസ് ബ്രൗൺ, നിക്കോളാസ് ഗാലിറ്റ്സിൻ, മോളി ഗോർഡൻ, എമ്മ തോംസൺ തുടങ്ങിയവരാണ് സിനിമയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തങ്ങളുടെ ആട്ടിടയന്റെ കൊലപാതകം എങ്ങനെയെന്ന് അറിയാനായി ഒരു കൂട്ടം ആടുകൾ മുന്നിട്ടിറങ്ങുന്നു. അവയെ പിന്തുടർന്നുള്ളതാണ് സിനിമ.

2024 മാർച്ചിലാണ് 'ത്രീ ബാഗ്സ് ഫുൾ: എ ഷീപ്പ് ഡിറ്റക്റ്റീവ് മൂവി' എന്ന പേരിൽ സിനിമയുടെ നിർമാണം ആരംഭിക്കുന്നത്. കെയ്ൽ ബാൽഡ ഇതിലേക്കെത്തുന്നത് 2024 ജൂണിലും. ചിത്രത്തിലെ മൃഗങ്ങൾക്കായി അനിമേഷൻ നൽകിയത് ഫ്രെയിംസ്റ്റാർ ആണ്. 2026 മെയ് 8-ന് അമേരിക്കയിൽ ആമസോൺ എംജിഎം സ്റ്റുഡിയോയും അന്താരാഷ്ട്രതലത്തിൽ സോണി പിക്‌ചേഴ്‌സ് റിലീസിങ് ഇന്റർനാഷണലും ചേർന്നാണ് സിനിമ റിലീസ് ചെയ്തത്. മികച്ച പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിച്ചത്. 7.5 കോടി ഡോളറിന് നിർമിച്ച സിനിമ ഇതുവരെയായി തിരിച്ചുപിടിച്ചത് 12.8 കോടി ഡോളറാണ്.

എന്നാൽ, അത് കേരളത്തിൽ തരംഗമായത് ആമസോൺ പ്രൈമിലൂടെ ഒ.ടി.ടി.യിൽ റിലീസായപ്പോഴാണ്. പിന്നാലെ മലയാളം ഡബ്ബിങ് പതിപ്പുമിറങ്ങി. അത് മലയാളികളേറ്റെടുക്കുകയും ചെയ്തു. അതിന്റെ ഷോർട്ട് വീഡിയോകൾക്കുതാഴെ കമന്റുകൾ നിറഞ്ഞു. 'മലയാളത്തിൽ ഡബ്ബ് ചെയ്ത ഒരു ഇംഗ്ലീഷ് സിനിമ ഇത്രയധികം ആസ്വദിക്കുന്നത് ഇതാദ്യമായാണ്, വെറുതെ ഒന്ന് മലയാളത്തിൽ കണ്ടുനോക്കിയതാണ്. പിന്നെ ഫുൾ കണ്ടത് മലയാളത്തിൽ, സെബാസ്റ്റിയൻ...ലില്ലി...ജോർജ് മനസ്സിൽ കയറി, മലയാളം ഡബ്ബ് ഇത്രയും പെർഫെക്ട് ആവുമെന്ന് കരുതിയില്ല...'കമന്റുകൾ നീളുന്നു.

അതിലെ ഡയലോഗുകളും ആളുകളുടെ ശ്രദ്ധയാകർഷിച്ചു. 'ജോർജ് നമ്മളെ വിട്ടുപോയി, ഇനി ഒരിക്കലും അദ്ദേഹം തിരിച്ചുവരില്ല, ജോർജിനെ നമ്മളെല്ലാവരും മറക്കണം, നിങ്ങളൊക്കെ ആടുകളാ, പിന്നെ ഇവനെന്താ താറാവാണോ, നിങ്ങളുടെയൊക്കെ വിചാരം ഒരു കൊലപാതകം തെളിയിക്കാൻ...' ഡയലോഗുകളും സോഷ്യൽമീഡിയ ഏറ്റെടുത്തുകഴിഞ്ഞു. ഗായികയും വോയ്‌സ് ആർട്ടിസ്റ്റുമായ മരിയ ലാലി ജോണിയാണ് ഇതിലെ ലിലി എന്ന കഥാപാത്രത്തിനായി ഡബ്ബ് ചെയ്തത്. സെബാസ്റ്റ്യൻ എന്ന കഥാപാത്രത്തിന് ശബ്ദം കൊടുത്തത് ഗായകനും വോയ്‌സ് ആർട്ടിസ്റ്റുമായ സൽമാൻ അനസും.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: The Sheep Detectives released globally on May 8, 2026, via Amazon MGM and Sony Pictures. Financial success with $128 million revenue against a $75 million budget. Viral popularity in Kerala following the Malayalam dubbed OTT release