ധുരന്ധർ ഏറ്റെടുക്കാതെ ജപ്പാൻ; ആകെ വിറ്റ ടിക്കറ്റുകൾ 900 മാത്രം

നടൻ രൺവീർ സിങ്ങിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമാണ് 'ധുരന്ധർ' (dhurandhar). ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രം നിർമിച്ചത് ആദിത്യ ധർ, ലോകേഷ് ധർ, ജ്യോതി ദേശ്പാണ്ഡെ എന്നിവർ ചേർന്നാണ്. ധുരന്ധർ, ധുരന്ധർ: ദി റിവഞ്ച് എന്നിങ്ങനെയുള്ള രണ്ടുഭാഗങ്ങളും കൂടി ഏകദേശം 400 കോടിക്കാണ് നിർമിച്ചത്.
ആദ്യഭാഗം വാണിജ്യപരമായി വിജയം കൈവരിച്ചു. റിലീസ് ചെയ്ത് മൂന്നാഴ്ചയ്ക്കുള്ളിൽ ആഗോളതലത്തിൽ 1,000 കോടി രൂപയിലധികം കളക്ഷൻ നേടി ഈ ചിത്രം. റിലീസ് സമയത്ത് ഏറ്റവും കൂടുതൽ വരുമാനം നേടിയ നാലാമത്തെ ഇന്ത്യൻ ചിത്രമായും ഇതുമാറി.
രണ്ടാം ഭാഗം ആഗോളതലത്തിൽ വാരിക്കൂട്ടിയത് 1800 കോടിയാണ്. എക്കാലത്തെയും ഏറ്റവും മികച്ച കളക്ഷൻ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ചിത്രം കൂടിയാണിത്. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ രണ്ടാമത്തെ ഹിന്ദി ചിത്രം, ഇന്ത്യയിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ ഹിന്ദി ചിത്രം തുടങ്ങിയ നേട്ടങ്ങളും സിനിമയ്ക്ക് സ്വന്തം. രണ്ടുഭാഗങ്ങളുമായി വാരിക്കൂട്ടിയത് 3100 കോടി രൂപയാണ്.
അതേസമയം അറബ് രാജ്യങ്ങളിലും പാകിസ്താനിലും ചിത്രം നിരോധിച്ചിരുന്നു. എന്നിട്ടും പാകിസ്താനിൽ ലക്ഷക്കണക്കിനാളുകളാണ് ചിത്രം വ്യാജമായി ഡൗൺലോഡ് ചെയ്തുകണ്ടത്. ധുരന്ധറിന്റെ വ്യാജപതിപ്പുകൾ 16 രൂപയ്ക്ക് തെരുവോരങ്ങളിൽ വിൽക്കുന്നതും വാർത്തയായിരുന്നു.
ഇക്കഴിഞ്ഞ ദിവസമാണ് സിനിമ ജപ്പാനിൽ റിലീസായത്. റെക്കോഡ് നേട്ടം സ്വപ്നംകണ്ടെത്തിയ സിനിമയ്ക്ക് എന്നാൽ, പ്രതീക്ഷിച്ച വിജയം ജപ്പാനിൽ കാണാനായില്ല. 80 സ്ക്രീനുകളിലാണ് സിനിമ റിലീസ് ചെയ്തത്. എന്നാൽ, റിപ്പോർട്ടുകൾ പ്രകാരം ജപ്പാനിലെ മികച്ച 25 ചിത്രങ്ങളുടെ പട്ടികയിൽ ഇടംപിടിക്കാൻ ധുരന്ധറിന് കഴിഞ്ഞില്ല.
റിലീസ് ദിവസം ഉച്ചയ്ക്ക് 2 മണി വരെ 57 കേന്ദ്രങ്ങളിലായി 449 ടിക്കറ്റുകൾ മാത്രമാണ് വിറ്റുപോയത്. ദിവസത്തിന്റെ രണ്ടാം പകുതിയിലും കളക്ഷനിൽ കാര്യമായ പുരോഗതിയുണ്ടായില്ല; 80 കേന്ദ്രങ്ങളിലായി ആകെ വിറ്റ ടിക്കറ്റുകളുടെ എണ്ണം 900-ൽ ഒതുങ്ങി. ജപ്പാനിലെ റിലീസിന് മുന്നോടിയായി വിപുലമായ പ്രചാരണം നൽകിയിരുന്നിട്ടും, അവിടെ മികച്ച പ്രകടനം കാഴ്ചവെക്കാൻ ചിത്രത്തിന് സാധിച്ചില്ല. നിലവിൽ ജപ്പാനിൽ ഏറ്റവും മികച്ച ഓപ്പണിങ് നേടിയ ഇന്ത്യൻചിത്രം 'ആർആർആർ' ആണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Dhurandhar film struggled significantly in the Japanese market. Only 900 tickets were sold across 80 screens on the opening day.