'ഞാൻ സിനിമയിലെത്താൻ കാരണം രൺവീർ സിങ്, അദ്ദേഹം എന്റെ ഭാഗ്യമാണ്': മൃണാൾ താക്കൂർ

നടൻ രൺവീർ സിങ്ങിന്റെ കടുത്ത ആരാധികയാണ് നടി മൃണാൾ താക്കൂർ. രൺവീറിന്റെ ഏറ്റവും പുതിയ സിനിമയായ 'ധുരന്ധർ: ദ റിവഞ്ച് (Dhurandhar: The Revenge) ബോക്സോഫീസിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കുന്നതിൽ സന്തോഷം പ്രകടിപ്പിക്കുകയാണ് മൃണാൾ ഇപ്പോൾ. അതിനൊപ്പം രൺവീർ അല്ലാബാദിയയുടെ പോഡ്കാസ്റ്റിൽ സംസാരിക്കുന്നതിനിടെ തന്റെ ഭാഗ്യം (lucky charm) എന്നാണ് രൺവീറിനെ മൃണാൾ വിശേഷിപ്പിച്ചത്.
''എന്റെ ഹൃദയം ഒരുപാട് സന്തോഷത്തിലാണ്. ഞാൻ സിനിമാമേഖലയിൽ നിൽക്കാനുള്ള ആദ്യത്തെ കാരണവും രൺവീർ തന്നെ. ഒരു ഹെയർ ബ്രാൻഡിനായി രൺവീറിനൊപ്പം ഞാനൊരു പരസ്യം ചെയ്തിരുന്നു. ആ പരസ്യം സ്ക്രീനുകളിലെത്തിയപ്പോഴാണ്, സിനിമാക്കാർ എന്നെ ശ്രദ്ധിച്ചുതുടങ്ങിയത്. ഞാൻ സിനിമയിലെത്തിയതിന്റെ ക്രെഡിറ്റ് രൺവീറിന് നൽകുന്നു. ആ മനുഷ്യൻ എന്നെ ശരിക്കും സഹായിച്ചിട്ടുണ്ട്. ഭയങ്കര പോസിറ്റീവായിട്ടുള്ള വ്യക്തിയാണ്. എല്ലാ വിജയത്തിനും അദ്ദേഹം അർഹനാണ്''.
ധുരന്ധറിലെ രൺവീറിന്റെ പ്രകടനത്തെ മൃണാൾ അഭിനന്ദിക്കുകയും ചെയ്തു. ''അഭിനയം ഉപരിതല തലത്തിലായിരുന്നില്ല. അതിന് ആഴവും പാളികളുമുണ്ട്. ഞാൻ അത് രൺവീർ സിങ് ആയിട്ടല്ല കണ്ടത്. ഞാൻ അതിനെ ഹംസ ആയി മാത്രമേ കണ്ടിട്ടുള്ളൂ. ഒരു നായകനേക്കാൾ മികച്ചൊരു കഥാപാത്രമായിരുന്നു അത്. രൺവീർ വളരെ കഠിനാധ്വാനിയായതിനാൽ എനിക്ക് അദ്ദേഹത്തെക്കുറിച്ച് അവിശ്വസനീയമാംവിധം അഭിമാനം തോന്നുന്നു. അദ്ദേഹം ചെയ്യുന്നതെന്തും ഒരു ബ്ലോക്ക്ബസ്റ്ററാകണമെന്ന് ഞാൻ പ്രാർത്ഥിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നു! അദ്ദേഹത്തിന് എന്തും ചെയ്യാൻ കഴിയും''.
അതിനിടെ മാർച്ച് 19-ന് റിലീസായ 'ധുരന്ധർ' ഇപ്പോഴും വിജയക്കുതിപ്പ് തുടരുകയാണ്. 1000 കോടി രൂപ കളക്ഷൻ നേടുന്ന ആദ്യ ബോളിവുഡ് ചിത്രമായി 'ധുരന്ധർ: ദ റിവഞ്ച്' ചരിത്രം കുറിക്കുകയും ചെയ്തു. ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രത്തിൽ രൺവീറിനൊപ്പം ആർ.മാധവൻ, സഞ്ജയ് ദത്ത്, അർജുൻ രാംപാൽ, സാറ അർജുൻ, ഗൗരവ് ഗേര, രാകേഷ് ബേദി തുടങ്ങിയവരും പ്രധാനവേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട് സിനിമയിൽ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Mrunal Thakur identifies Ranveer Singh as her lucky charm and career catalyst. Mrunal praises Ranveer's transformative performance as Hamsa in the movie.