'അവനെ കണ്ടപ്പോൾ കരഞ്ഞുപോയി, തന്നിലുള്ള ദൈവത്വത്തെ അവൻ തൊട്ടുണർത്തിയതുപോലെ'

നവംബർ 5-നാണ് 'രാമായണ: പാർട്ട് 1' ലോകമാകെയുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. നല്ല പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. റൺബീർ കപൂറാണ് ശ്രീരാമന്റെ വേഷം അവതരിപ്പിച്ചത്. സായ് പല്ലവി സീതയായും യഷ് രാവണനായുമെത്തി. മൂന്നുതാരങ്ങളുടെയും പ്രകടനം ഏറെ പ്രശംസ ഏറ്റുവാങ്ങുകയും ചെയ്തു. 2000 കോടി രൂപയ്ക്ക് നിർമിച്ച സിനിമ, രണ്ടുദിവസം പിന്നിട്ടപ്പോഴേക്കും 200 കോടി കളക്ട് ചെയ്തുകഴിഞ്ഞു.
ചിത്രത്തെയും, റൺബീറിന്റെ പ്രകടനത്തെയും അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചലച്ചിത്രകാരൻ മഹേഷ് ഭട്ട്. രാമനെ വനവാസത്തിന് അയക്കുന്ന രംഗം കണ്ടപ്പോൾ താൻ വികാരാധീനനായിപ്പോയെന്നും, ഏതാണ്ട് കരഞ്ഞുപോയെന്നും മഹേഷ് പറയുന്നു.
'വെറൈറ്റി ഇന്ത്യ'യോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ''ഇടവേളയ്ക്ക് തൊട്ടുമുമ്പ്, രാമനെ 14 വർഷത്തെ വനവാസത്തിലേക്ക് അയക്കുന്ന രംഗം വന്നു. എന്റെ തൊണ്ട അടഞ്ഞുപോകുന്നതുപോലെ തോന്നി. കരയാതിരിക്കാൻ ഞാൻ പരമാവധി ശ്രമിച്ചു. യുവ ചലച്ചിത്ര പ്രവർത്തകർക്കും എഴുത്തുകാർക്കുമൊപ്പമാണ് ഞാൻ സിനിമ കാണാൻ പോയത്. റൺബീർ കപൂറിന്റെ അമ്മായിയപ്പനാണ് തങ്ങൾക്കൊപ്പം ഇരിക്കുന്നതെന്ന് തിയേറ്ററിലുണ്ടായിരുന്നവർക്ക് അറിയാമായിരുന്നു. ലൈറ്റുകൾ തെളിഞ്ഞപ്പോൾ, എന്റെ കണ്ണുനീർ മറച്ചുവെക്കാൻ ഞാൻ ശ്രമിച്ചു. പക്ഷേ എനിക്ക് കഴിഞ്ഞില്ല. ഒന്നും പറയാനും സാധിച്ചില്ല. മഹത്തായ അനുഭവങ്ങൾ നമ്മളെ നിശബ്ദരാക്കുന്നു''.
രാമനെയും രാവണനെയും വളരെ സൂക്ഷ്മതയോടെയും ആഴത്തിലും അവതരിപ്പിച്ചതിന് ചിത്രത്തിന്റെ സംവിധായകൻ നിതേഷ് തിവാരിയെ മഹേഷ് അഭിനന്ദിച്ചു. രാവണനായി വേഷമിട്ട യഷിന്റെ പ്രകടനത്തെ അദ്ദേഹം പ്രശംസിച്ചു. റൺബീർ അവതരിപ്പിച്ച രാമൻ, അദ്ദേഹത്തിന്റെ മുൻ സിനിമകളിലൊന്നും കാണാത്ത ഒരു പുതിയ തലത്തെയാണ് പുറത്തുകൊണ്ടുവന്നതെന്ന് മഹേഷ് പറഞ്ഞു. ''രാവണനായി വേഷമിട്ട യഷ് എന്നെ അക്ഷരാർത്ഥത്തിൽ വിസ്മയിപ്പിച്ചു. നിതേഷ് തിവാരി ആ കഥാപാത്രത്തിന്റെ തീവ്രതയെ വളരെ കൃത്യമായി നിയന്ത്രിച്ചു നിർത്തിയിരിക്കുന്നു. അല്പം ശ്രദ്ധ മാറിയിരുന്നെങ്കിൽ അത് അതിരുകടന്നു പോയേനെ. യഷിന്റെ പ്രകടനത്തിന്റെ ആ മാന്ത്രികതയിൽ ഞാൻ മുഴുകിയിരിക്കുമ്പോഴാണ് റൺബീർ കടന്നുവരുന്നത്. അദ്ദേഹത്തിന്റെ വരവോടെ സിനിമ പെട്ടെന്ന് ഒരു പുതിയ തലത്തിലേക്ക് ഉയർന്നില്ല. എന്നാൽ, അദ്ദേഹം ക്യാമറയ്ക്ക് നേരെ നടന്നുവന്ന് കൈകൾ കൂപ്പി നിന്നപ്പോൾ, അദ്ദേഹത്തിന്റെ മറ്റ് സിനിമകളിലൊന്നും ആവശ്യപ്പെടാത്ത, എന്നാൽ അദ്ദേഹത്തിനുള്ളിൽ തന്നെയുള്ള എന്തോ ഒന്നിനെ അദ്ദേഹം സ്പർശിക്കുന്നത് ഞാൻ കണ്ടു. തന്നിലുള്ള ദൈവത്വത്തെയാണ് അവൻ തൊട്ടുണർത്തിയത് എന്ന് എനിക്ക് തോന്നി. രാമന് ചുറ്റും കുടുംബാംഗങ്ങൾ ഒത്തുചേർന്നപ്പോൾ, ആ ഇതിഹാസം തൊട്ടടുത്തെത്തിയതുപോലെ തോന്നി. അരുൺ ഗോവിൽ ആ വേഷത്തിൽ പൂർണ്ണമായും ലയിച്ചുചേർന്ന്, ഹൃദയസ്പർശിയായ പ്രകടനമാണ് കാഴ്ചവെച്ചത്''.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Ramayana Part 1 released globally on November 5 and crossed 200 crore in two days against a 2000 crore budget., Ranbir Kapoor plays Lord Rama, Sai Pallavi plays Sita, and Yash plays Ravana., Mahesh Bhatt praised the movie, specifically the emotional exile scene and performances of Ranbir and Yash