2026-ലെ ഏറ്റവും മോശം ചിത്രം; എന്നിട്ടും നേടിയത് 20 കോടി, നിർമിച്ചത് 20,000 രൂപയ്ക്കും

സിനിമയിൽനിന്ന്‌
സിനിമയിൽനിന്ന്‌

ന്യൂ ലയ് (Niu Lai) എന്ന കൊച്ചു ചൈനീസ് അനിമേഷൻചിത്രമാണ് ഇപ്പോൾ സിനിമാബോക്‌സോഫീസിൽ ഓളങ്ങൾ തീർക്കുന്നത്. ഷിൻ യൂമങ് (Xin Yumeng) സംവിധാനം ചെയ്യുന്ന ചിത്രം തുടക്കത്തിൽ കാലിടറിയെങ്കിലും, പിന്നീട് അതിഗംഭീരമായി തിരിച്ചുവരികയായിരുന്നു. ഒരു പശുക്കുട്ടിയും പക്ഷിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് സിനിമ പറയുന്നത്. ഷിൻ യൂമങ് തന്റെ 60 വയസ്സുള്ള അമ്മയ്‌ക്കൊപ്പമാണ് ചിത്രം എഴുതിയതും നിർമിച്ചതും. അഞ്ചുവർഷംകൊണ്ടാണ് ചിത്രം പൂർത്തിയാക്കിയത്. ചെലവായത് ഏകദേശം 20,000 രൂപയും.

തുടക്കത്തിൽ ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു ചിത്രം. കാരണമായത് ആശയക്കുഴപ്പം നിറഞ്ഞ കഥാതന്തുവും (Confusing plot) മോശം ഗ്രാഫിക്‌സുമാണ്. വെറും 236 പേരാണ് രാജ്യത്തുടനീളമായി ആദ്യത്തെ ഒമ്പതുദിവസം ചിത്രം കണ്ടത്. ആദ്യ പത്തുദിവസം കൊണ്ട് നേടിയത് വെറും ഒരുലക്ഷം രൂപയും. അതോടെ സിനിമ പരാജയപ്പെട്ടുവെന്ന് തന്നെ എല്ലാവരും കരുതി. കുട്ടികളുടെ പ്രൊജക്ട് വർക്കിനോടാണ് പലരും ഈ സിനിമയെ ഉപമിച്ചത്. 2026-ലെ ഏറ്റവും മോശം സിനിമ എന്ന ടാഗും സ്വന്തമാക്കി.

എന്നാൽ, പിന്നീടങ്ങോട്ട് കഥ മാറി. നിലവാരമില്ലാത്ത അനിമേഷൻ ചിത്രത്തിന് ഒരു തരത്തിൽ സഹായകമാവുകയായിരുന്നു. നെഗറ്റീവ് പബ്ലിസിറ്റിയും ട്രോളും ചിത്രത്തിന് ഗുണമായി.

ബോക്‌സോഫീസ് കളക്ഷനിലും കുതിച്ചുചാട്ടമുണ്ടായി. ചിത്രം എത്രത്തോളം മോശമാണെന്ന് അറിയാൻവേണ്ടിയാണ് പ്രേക്ഷകർ തിയേറ്ററിലെത്തുന്നത്. ''ഈ സിനിമ കണ്ടാൽ, നിങ്ങൾ 80 മിനിറ്റ് ഖേദിക്കും. കണ്ടില്ലെങ്കിൽ ജീവിതകാലം മുഴുവൻ ഖേദിക്കും'', എന്നാണ് ഒരു സോഷ്യൽമീഡിയ പോസ്റ്റ് പറയുന്നത്. ചൈനീസ് ടിക്കറ്റിങ് പ്ലാറ്റ്‌ഫോം പറയുന്നതനുസരിച്ച് ഇപ്പോൾ 14.9 ദശലക്ഷം യുവാനിലധികം കളക്ട് ചെയ്തുകഴിഞ്ഞു സിനിമ. ഏകദേശം 20 കോടി രൂപ.

തുടക്കത്തിൽ 245 തിയേറ്ററുകളിൽ റിലീസ് ചെയ്‌തെങ്കിലും, ആളില്ലാത്തതുകാരണം അത് നാലു തിയേറ്ററുകളിലേക്കൊതുങ്ങി. എന്നാൽ ഓഗസ്റ്റ് പകുതിയായപ്പോഴേക്കും അത് 359 തിയേറ്ററായി ഉയർന്നു.

പ്രൊമോഷനോ ട്രെയിലറോ പോസ്റ്ററുകളോ ഒന്നുമില്ലാതെയാണ് ചിത്രമെത്തിയത്. പരമ്പരാഗത 'ഇങ്ക്-വാഷ്' ശൈലിയിലുള്ള ഒരു പോസ്റ്റർ മാത്രമായിരുന്നു ചിത്രത്തിന്റെ പരസ്യമായി ഉണ്ടായിരുന്നത്. സിനിമ വൈറലായതോടെ ചൈനയിലെ തിയേറ്റർ ഉടമകൾ, അനുയോജ്യമായ രീതിയിലുള്ള പോസ്റ്ററുകൾ ഉണ്ടാക്കുന്ന തിരക്കിലാണ്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Produced by a mother and son duo over five years with a budget under 20,000. Initially failed at the box office with confusing plots and poor graphics, labeled the worst film of 2026. Turned around through negative publicity, trolls, and viral social media buzz. Went on to collect over 20 crore rupees