മകനായ സൽമാൻ ഖാനുവേണ്ടി സലിം ഖാൻ തിരക്കഥയെഴുതിയില്ല; അതിനുപിന്നിലെ കാരണമെന്ത്?

സലീം ഖാൻ, സൽമാൻ ഖാൻ / AFP
സലീം ഖാൻ, സൽമാൻ ഖാൻ / AFP

പ്രശസ്ത തിരക്കഥാകൃത്തും അഭിനേതാവും നിർമാതാവുമാണ് സലിം ഖാൻ. ഒട്ടേറെ ബോളിവുഡ് സിനിമകൾക്ക് അദ്ദേഹം തിരക്കഥ രചിച്ചു. ജാവേദ് അക്തറിനൊപ്പം ചേർന്ന് സലിം-ജാവേദ് എന്ന പേരിലും അദ്ദേഹം തിരക്കഥകളെഴുതി.

സീത ഓർ ഗീത, ഹാഥി മേരെ സാഥി, യാദോം കി ബാരാത്, സഞ്ജീർ, ദീവാർ, ഷോലെ, ഡോൺ, ദോസ്താന, ക്രാന്തി, മിസ്റ്റർ ഇന്ത്യ, സമാനാ...ഇങ്ങനെ എത്രയെത്ര സൂപ്പർഹിറ്റുകളാണ് ഈ ദ്വയം തിരക്കഥ രചിച്ചത്.

ഷമ്മി കപൂർ, രാജേഷ് ഖന്ന, ഹേമ മാലിനി, ധർമേന്ദ്ര, അമിതാഭ് ബച്ചൻ, ഹെലൻ, സീനത്ത് അമൻ, ദിലീപ് കുമാർ, അനിൽ കപൂർ, ശ്രീദേവി എന്നിവർക്കുവേണ്ടി സലിം-ജാവേദ് തിരക്കഥയെഴുതി. പല താരങ്ങളെയും ബോളിവുഡിന്റെ തലപ്പത്ത് സ്ഥാപിക്കുന്നതിൽ വലിയൊരു സംഭാവന നടത്തിയവരാണ് ഇരുവരും. ബോളിവുഡ് സിനിമയെ തന്നെ മാറ്റിമറിക്കുന്നതിലും ഇവർക്ക് വലിയ പങ്കുണ്ടായിരുന്നു.

ഇത്ര സൂപ്പർതാരങ്ങൾക്കുവേണ്ടി തിരക്കഥയെഴുതിയിട്ടും, ഒരു സമയം വരെ സൽമാനുവേണ്ടി തിരക്കഥ രചിച്ചിരുന്നില്ല സലിം ഖാൻ. 'പഥർ കെ ഫൂൽ' എന്ന സൽമാൻ ചിത്രത്തിന് മാത്രമാണ് അദ്ദേഹം തിരക്കഥാരചന നിർവഹിച്ചത്.

സൂപ്പർഹിറ്റ് തിരക്കഥാകൃത്തായിട്ടും സൽമാനുവേണ്ടി തിരക്കഥ എഴുതാതിരുന്നതെന്തുകൊണ്ടെന്ന ചോദ്യം അദ്ദേഹം പലപ്പോഴും നേരിട്ടിട്ടുണ്ട്. ''നല്ലൊരു തിരക്കഥയുമായി ഒരാളുടെ അടുത്തേക്ക് പോയെന്നിരിക്കട്ടെ, 'സാർ, എന്റെ കൈവശം വളരെ നല്ലൊരു തിരക്കഥയുണ്ട്, ദയവായി അത് കേൾക്കൂ'. ഇതുകേൾക്കുന്നയാളുടെ ആദ്യ ചിന്ത ഇതായിരിക്കും, 'ഇത്രയും മികച്ച ഒരു തിരക്കഥ തന്റെ കൈവശമുണ്ടെങ്കിൽ, എന്തുകൊണ്ട് തന്റെ മകനെ അതിൽ അഭിനയിപ്പിക്കുന്നില്ല?' എന്ന ധാരണയാണ് അക്കാര്യത്തിൽ വലിയൊരു പങ്കുവഹിച്ചിട്ടുള്ളത്'', സലിം ഖാൻ പറയുന്നു.

സൽമാനൊപ്പം പ്രവർത്തിക്കുമ്പോൾ ചില പ്രൊഫഷണൽ റിസ്‌ക്കുകളുണ്ടെന്നും അദ്ദേഹം വിലയിരുത്തുന്നു. ''അതിനുശേഷവും ഞാൻ സൽമാനൊപ്പം പ്രവർത്തിച്ചുവെന്നിരിക്കട്ടെ. അതിനൊരു വലിയ റിസ്‌ക്കുണ്ട്. സിനിമ ഹിറ്റായാൽ, അത് സൽമാന്റെ സിനിമയായി മാറും. അത് പരാജയപ്പെട്ടാൽ, ഡാഡിയുടെ സിനിമയുമാകും''.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Discover why veteran writer Salim Khan primarily wrote scripts for other stars and rarely for his son, Salman Khan. Learn his professional reasons