ദുബായിലെ ബിസിനസിലൂടെ ആസ്തി 1200 കോടിയായി ഉയർത്തി വിവേക് ഒബ്റോയ്

ബോളിവുഡ് നടനായിട്ടാണ് വിവേക് ഒബ്റോയിയെ ആളുകൾക്ക് കൂടുതൽ പരിചയം. അതിലുപരി ജീവിതകാലം മുഴുവനും ഒരു ബിസിനസുകാരനായിരുന്നു ഒബ്റോയ്. പത്താംവയസ്സിൽ അച്ഛൻ അദ്ദേഹത്തെ ബിസിനസ് പഠിപ്പിച്ചു തുടങ്ങിയതാണ്. കൗമാരക്കാലം മുഴുവൻ സ്റ്റോക്ക് മാർക്കറ്റിനെപ്പറ്റി മനസ്സിലാക്കാൻ പരിശ്രമിച്ചുകൊണ്ടിരുന്നു. ഇന്ന് ദുബായിൽ റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തി തന്റെ മൊത്തം ആസ്തി 1200 കോടിയിലെത്തിച്ചിരിക്കുകയാണ് അദ്ദേഹം.
19-ാം വയസ്സിൽ തന്റെ ആദ്യ കമ്പനിക്കായി സ്വന്തം നിലയിൽ 3 മില്യൺ ഡോളർ സമാഹരിക്കാനായിരുന്നു അദ്ദേഹത്തിന്. ''എന്റെ നിക്ഷേപകർക്കും എനിക്കും വേണ്ടി ഞാൻ ധാരാളം പണം സമ്പാദിച്ചു, 23 വയസ്സായപ്പോഴേക്കും ഞാൻ കമ്പനി വിറ്റു. ആ വർഷങ്ങളിലെല്ലാം കഠിനാധ്വാനം ചെയ്തില്ലായിരുന്നെങ്കിൽ, ഇതൊന്നും ഒരിക്കലും സാധ്യമാകുമായിരുന്നില്ല. ഇപ്പോൾ ഇന്ത്യൻ ഓഹരി വിപണിയിൽ ഒമ്പത് കമ്പനികളെ ലിസ്റ്റ് ചെയ്യാൻ എനിക്കായി, ഇനിയും നാലെണ്ണം കൂടി ചെയ്യാൻ പദ്ധതിയുണ്ട്.''- ദുബായിൽ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
കോടീശ്വരനായിരുന്നു നടനും രാഷ്ട്രീയക്കാരനുമായ വിവേകിന്റെ അച്ഛൻ സുരേഷ് ഒബ്റോയ്. പക്ഷേ, വിവേകിനെ സ്വന്തം കാലിൽ നിൽക്കാനാണ് അച്ഛൻ പ്രേരിപ്പിച്ചത്. ''ഞാൻ സമ്പന്നനാണ്, പക്ഷേ നീയല്ല, നിനക്കതിലേക്ക് എത്താൻ പറ്റും, പക്ഷേ നീ സ്വന്തം നിലയിലെത്തണം'' എന്നാണ് അച്ഛൻ അദ്ദേഹത്തോട് പറഞ്ഞിരുന്നത്. സാമ്പത്തികമായി അച്ഛൻ സഹായിച്ചിരുന്നില്ല, അച്ഛൻ തന്നെ നയിക്കുക മാത്രമാണ് ചെയ്തതെന്നും ജീവിതത്തിൽ തനിക്കത് വലിയ പാഠനമായിരുന്നെന്നും ഒബ്റോയ് പറയുന്നു.
2000-ത്തിന്റെ തുടക്കത്തിലാണ് സിനിമയിലെത്തുന്നത്. വലിയ താരമായതോടെ അഭിനയ ജീവിതത്തിലാണ് അന്ന് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. സിനിമയിൽ നിന്നുള്ള വരുമാനത്തെ മാത്രം ആശ്രയിക്കുന്നത് ബുദ്ധിയല്ലെന്ന് തിരിച്ചറിഞ്ഞതോടെ 2009-ൽ അദ്ദേഹം ബിസിനസിലേക്കും ശ്രദ്ധിച്ചുതുടങ്ങി. ''2009-ലാണ് സിനിമാ ഇൻഡസ്ട്രിയെ പൂർണമായും ആശ്രയിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്ന് തിരിച്ചറിഞ്ഞത്. അതിനുശേഷം സാമ്പത്തിക സ്വാതന്ത്ര്യം കെട്ടിപ്പടുത്തു. ഒരു ലോബിക്ക് നമ്മുടെ ഭാവി തീരുമാനിക്കാൻ കഴിയുന്ന ഒരു അവസ്ഥയിലെത്താൻ ഞാനാഗ്രഹിച്ചില്ല. ആർക്കും ഭീഷണിപ്പെടുത്തി എന്തെങ്കിലും ചെയ്യിപ്പിക്കാൻ കഴിയരുത് എന്ന് ഞാൻ ആഗ്രഹിച്ചു."-ഒബ്റോയ് പറഞ്ഞു.
ഇന്ത്യ വിട്ട് ദുബായിലേക്ക് താമസം മാറിയതോടെ വിവേക് ഒബ്റോയിയുടെ ജീവിതം തന്നെ മാറി. നിലവിൽ ദുബായിലാണ് വിവേകും കുടുംബവും താമസിക്കുന്നത്. റിയൽ എസ്റ്റേറ്റ് കമ്പനിയാണ് പ്രധാനമായും നടത്തുന്നത്.
"കോവിഡ് സമയത്താണ് ഞാൻ ഇവിടെ (ദുബായ്) വന്നത്. അതൊരു ചെറിയ കാലയളവിലേക്കുള്ള മാറ്റമായിരിക്കുമെന്നാണ് കരുതിയത്. പക്ഷെ എനിക്കിവിടെ ശരിക്കും ഇഷ്ടപ്പെട്ടു. ഞാൻ കുടുംബാംഗങ്ങളോട് ചോദിച്ചു, അവർ ഇവിടെ താമസിക്കാൻ ഇഷ്ടമാണെന്ന് പറഞ്ഞു. വാരാന്ത്യങ്ങളിലും കിട്ടുന്ന എല്ലാ അവധികളിലും ഞങ്ങൾ വീട്ടിലേക്ക് പോവും. കഴിഞ്ഞ 4 വർഷത്തിനിടെ ദുബായോട് അടുപ്പം കൂടി."
തന്റെ സമ്പത്ത് വർധിപ്പിക്കാൻ സഹായിച്ച ദുബായിലെ നല്ല അന്തരീക്ഷത്തെക്കുറിച്ചും വിവേക് സംസാരിച്ചു. നേരത്തെ ഫോർച്യൂൺ ഇന്ത്യയുമായുള്ള സംഭാഷണത്തിൽ, യുഎഇയിലെ തന്റെ ആഡംബര റിയൽ എസ്റ്റേറ്റ് കമ്പനി ഏകദേശം 700 കോടി ഡോളറിന്റെ ആസ്തികൾ വികസിപ്പിക്കുകയാണെന്നും അത് കടമില്ലാത്ത കമ്പനിയാണെന്നും വിവേക് പറഞ്ഞിരുന്നു. ഇതിനു പുറമേ ഒട്ടേറെ ബിസിനസുകളിൽ അദ്ദേഹത്തിന് നിക്ഷേപവുമുണ്ട്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi