ആ ചെരുപ്പ് കൊണ്ടുള്ള ഏറാണ് എന്നെ നടനാക്കിയത്; വിവേക് ഒബ്റോയ് വെളിപ്പെടുത്തുന്നു

വിവേക് ഒബ്റോയ്/Instagram
വിവേക് ഒബ്റോയ്/Instagram

ബോളിവുഡിൽ ശ്രദ്ധേയനായ നടനായി മാറുന്നതിന് മുമ്പ് തന്റെ അഭിനയജീവിതത്തെ പൂർണമായി മാറ്റിമറിച്ച ഒരു അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് വിവേക് ഒബ്റോയ്. ഇന്ന് കരിയറിലെ വലിയ വിജയങ്ങളേക്കാൾ വിലമതിക്കുന്ന പാഠം കോളജ് കാലത്തെ ഒരു നാടകവേദിയിൽ നിന്നാണ് ലഭിച്ചതെന്ന് താരം പറയുന്നു. ചെറിയൊരു കഥാപാത്രത്തെ പോലും ആത്മാർഥതയോടെ ചെയ്യേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊടുത്തത് അന്നുണ്ടായ അപമാനകരമായ ഒരു സംഭവമായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. സിഎൻഎൻ-ന്യൂസ്18ന് നൽകിയ അഭിമുഖത്തിലാണ് വിവേക് ഈ അനുഭവം പങ്കുവെച്ചത്.
മുംബൈയിലെ മിഥിബായ് കോളജിൽ പഠിക്കുന്ന കാലത്ത് നാടകമത്സരത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ നിരവധി സർട്ടിഫിക്കറ്റുകളും പുരസ്‌കാരങ്ങളും നേടിയ ആത്മവിശ്വാസം തനിക്കുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല, പ്രശസ്ത നടൻ സുരേഷ് ഒബ്റോയിയുടെ മകനെന്ന നിലയിൽ പ്രധാന കഥാപാത്രം തന്നെ ലഭിക്കുമെന്ന പ്രതീക്ഷയും ഉണ്ടായിരുന്നുവെന്ന് വിവേക് സമ്മതിച്ചു. “അച്ഛന്റെ പേരുകൊണ്ടെങ്കിലും നായകവേഷം കിട്ടുമെന്നായിരുന്നു എന്റെ ധാരണ. അതൊരു അഹങ്കാരമായിരുന്നിരിക്കാം,” എന്നാണ് അദ്ദേഹം പറഞ്ഞത്.

എന്നാൽ പ്രതീക്ഷകൾക്ക് വിരുദ്ധമായി സംഭാഷണങ്ങളൊന്നുമില്ലാത്ത ഒരു കാവൽക്കാരന്റെ വേഷമാണ് അദ്ദേഹത്തിന് ലഭിച്ചത്. “എനിക്ക് കിട്ടിയത് ഒരു കുന്തം പിടിച്ച് പിന്നിൽ നിൽക്കുന്ന കാവൽക്കാരന്റെ വേഷം മാത്രമായിരുന്നു. ഡയലോഗ് ഒന്നുമില്ല. പ്രധാന കഥാപാത്രം അവതരിപ്പിച്ചയാൾ പലപ്പോഴും സംഭാഷണങ്ങൾ മറക്കുമായിരുന്നു. എനിക്ക് അതെല്ലാം അറിയാമായിരുന്നു. എന്നിട്ടും എന്നെ ഒരു 'പ്രോപ്പ്' പോലെ നിർത്തിയെന്ന തോന്നൽ വന്നു. നിരാശയിൽ ഞാൻ കുന്തത്തിൽ തലചായ്ച്ച് നിന്നു,” വിവേക് ഓർത്തെടുത്തു.

ആ ചെറിയ അശ്രദ്ധയാണ് ജീവിതത്തിലെ ഏറ്റവും വലിയ പാഠമായി വിവേകിന് മാറിയത്. “പെട്ടെന്ന് ഒരാൾ ചെരുപ്പെടുത്ത് എനിക്ക് നേരെ എറിഞ്ഞു. ഭാഗ്യവശാൽ ഞാൻ മുഖം മാറ്റിയതിനാൽ അത് തോളിൽ തട്ടി താഴെ വീണു. എനിക്ക് ഭയങ്കര ദേഷ്യം വന്നു. അവിടെ നിന്ന് ഇറങ്ങിപ്പോകണമെന്ന് വരെ തോന്നി. എന്നാൽ തുടർന്ന് കേട്ട വാക്കുകളാണ് എന്റെ ചിന്താഗതിയെ പൂർണമായും മാറ്റിമറിച്ചത്.
‘വലിയ നടനാണെന്ന് പറയുന്ന നീ, ഇത്ര ചെറിയൊരു ജോലി പോലും ശരിയായി ചെയ്യാൻ കഴിയില്ലേ? നേരെ നിൽക്കാൻ പോലും കഴിയുന്നില്ലെങ്കിൽ വലിയ വേഷങ്ങൾ എങ്ങനെ ചെയ്യും?’ എന്നായിരുന്നു മുന്നിലിരുന്നയാളുടെ ചോദ്യം. ആ വാക്കുകൾ എന്നെ വല്ലാതെ ബാധിച്ചു,” വിവേക് പറഞ്ഞു.

ആ ദിവസത്തിനുശേഷം അഭിനയത്തെ കാണുന്ന രീതിയിൽ വലിയ മാറ്റമുണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി. “അന്ന് മുതൽ ഏത് കഥാപാത്രമായാലും അതിന് നൂറുശതമാനം ആത്മാർഥത നൽകണമെന്ന് ഞാൻ തീരുമാനിച്ചു. ചെറിയ വേഷമെന്നോ വലിയ വേഷമെന്നോ ഞാൻ പിന്നീട് ഒരിക്കലും ചിന്തിച്ചിട്ടില്ല. ആ വർഷം അവസാനിക്കുമ്പോഴേക്കും എല്ലാ പ്രധാന കഥാപാത്രങ്ങളും എനിക്ക് ലഭിക്കാൻ തുടങ്ങി”.

അഭിമുഖത്തിൽ കുടുംബപശ്ചാത്തലത്തെക്കുറിച്ചും വിവേക് തുറന്നുപറഞ്ഞു. താൻ ഒരു പ്രത്യേക സാഹചര്യത്തിൽ നിന്നാണ് വന്നതെന്ന് അംഗീകരിച്ചെങ്കിലും, അതുകൊണ്ട് മാത്രം സിനിമയിൽ നിലനിൽക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. “പ്രിവിലേജ് നിങ്ങൾക്ക് ഒരു പരിചയപ്പെടുത്തൽ നേടിത്തരും. പക്ഷേ അത് നിങ്ങളുടെ വ്യക്തിത്വമോ കരിയറോ പടുത്തുയർത്തില്ല,” എന്നാണ് വിവേകിന്റെ അഭിപ്രായം.

ജീവിതത്തിലെ ഏറ്റവും വലിയ പ്രചോദനം അച്ഛൻ സുരേഷ് ഒബ്റോയിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുടുംബത്തിന്റെ എതിർപ്പിനെ മറികടന്ന് വെറും 400 രൂപ കടം വാങ്ങിയാണ് സുരേഷ് ഒബ്റോയ് മുംബൈയിലേക്ക് എത്തി അഭിനയജീവിതം ആരംഭിച്ചതെന്ന് വിവേക് വെളിപ്പെടുത്തി. സ്വന്തം വ്യക്തിത്വം കൊണ്ട് സിനിമയിൽ ഇടംനേടണമെന്ന ആഗ്രഹത്തിൽ തുടക്കകാലത്ത് 'വിവേക് ആനന്ദ്' എന്ന പേരിലാണ് പ്രവർത്തിച്ചതെന്നും പിന്നീട് വിജയിച്ചപ്പോൾ അച്ഛന്റെ കണ്ണിൽ കണ്ട അഭിമാനത്തിന്റെ കണ്ണീരാണ് തന്റെ ഏറ്റവും വലിയ പുരസ്‌കാരമെന്നും അദ്ദേഹം പറഞ്ഞു.

2002-ൽ ‘കന്പനി’ എന്ന ചിത്രത്തിലൂടെയാണ് വിവേക് ഒബ്റോയ് ബോളിവുഡിൽ ശ്രദ്ധേയമായ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് 'സാത്തിയ', 'യുവ', 'ഓംകാര', 'ഷൂട്ടൗട്ട് അറ്റ് ലോക്ഹണ്ഡ്വാല', 'കൃഷ് 3' തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ അദ്ദേഹം ശ്രദ്ധ നേടി. ഇപ്പോൾ നിതേഷ് തിവാരിയുടെ 'രാമായണ പാർട്ട് 1'ലും സന്ദീപ് റെഡ്ഡി വങ്കയുടെ 'സ്പിരിറ്റി'ലും വിവേക് അഭിനയിക്കുന്നുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: vivek-oberoi-acting-career-lesson