സണ്ണി ലിയോൺ വീണ്ടും മലയാളത്തില്‍; 'വിസ്റ്റാ വില്ലേജി'ന് വയനാട്ടില്‍ തുടക്കം

ബോളിവുഡ് താരസുന്ദരി സണ്ണി ലിയോൺ വീണ്ടും മലയാള സിനിമയില്‍ നായികയാകുന്നു. ദേശീയ അവാര്‍ഡ് ജേതാവ് പാമ്പള്ളി സംവിധാനം ചെയ്യുന്ന 'വിസ്റ്റാ വില്ലേജ്' എന്ന സിനിമയിലൂടെയാണ് സണ്ണി ലിയോൺ വീണ്ടും മലയാളത്തിലേക്ക് എത്തുന്നത്. ഡബ്ല്യു.എം. മൂവീസിന്റെ ബാനറില്‍ എന്‍.കെ. മുഹമ്മദ് നിര്‍മ്മിക്കുന്ന സിനിമയുടെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് വയനാട് വൈത്തിരി വില്ലേജില്‍ വച്ചു നടന്നു. നായികയായ സണ്ണി ലിയോണും മറ്റു നടീനടന്മാരും ടെക്നീഷ്യന്മാരും ചടങ്ങിൽ പങ്കെടുത്തു.
കാസര്‍കോഡിന്റെ പശ്ചാത്തലത്തില്‍ പറയുന്ന ഒരു കുടുംബ ചിത്രമാണ് വിസ്റ്റാവില്ലേജ്. അനുശ്രീ, ഡോ.റോണിഡേവിഡ്, ശ്രീകാന്ത് മുരളി, അശോകന്‍, മണിയന്‍പിള്ളരാജു, കിച്ചുടെല്ലസ്, വൃദ്ധിവിശാല്‍, രേണുസൗന്ദര്‍, സ്മിനുസിജു, രമ്യസുരേഷ്, രാജേഷ് ശര്‍മ്മ, വിജിലേഷ്, കോഴിക്കോട് സുധീഷ്, തുടങ്ങിയ മലയാളത്തിലെ 40 ഓളം താരങ്ങള്‍ ചിത്രത്തിൽ അണിനിരക്കുന്നു. ബഹുഭാഷാ സിനിമയായി ഒരുങ്ങുന്ന സിനിമയില്‍ സണ്ണിലിയോണിന്റേത് ഏറെ വ്യത്യസ്തമായ കഥാപാത്രമായിരിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെട്ടു. സണ്ണിലിയോണും, എന്‍.കെ. മുഹമ്മദും, സംവിധായകന്‍ പാമ്പള്ളിയും, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിയാസ് വയനാടും അശോകനും ഡോ. റോണി ഡേവിഡും ചേര്‍ന്ന് ചടങ്ങുകള്‍ക്ക് തിരികൊളുത്തി.
നിഖില്‍.എസ്. പ്രവീണ്‍ ആണ് സിനിമയുടെ ഛായാഗ്രാഹണം. എഡിറ്റര്‍ ലിജോ പോള്‍. സംഗീത സതീഷ് രാമചന്ദ്രനാണ് സംവിധായകൻ, പശ്ചാത്തല സംഗീതം നിർവഹിക്കുന്നത് റോണി റാഫേല്‍, റിയാസ് വയനാട് എന്നിവരാണ്. ഷഹബാസ് അമന്‍, കപില്‍കപിലന്‍, ലക്ഷ്മി, ഹരിചരണ്‍, ചിന്മയി എന്നിവരാണ് ഗാനങ്ങള്‍ ആലപിക്കുന്നത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Bollywood star Sunny Leone stars in Vista Village, a Malayalam film directed by National Award winner Pampally. The film boasts a large ensemble cast.