മെഗാസ്റ്റാറിനോട് മുട്ടാന്‍ ബേസിലും നസ്ലിനും; വിഷു ബമ്പര്‍ ആരടിക്കും?

തിയേറ്ററുകള്‍ വീണ്ടും പൂരപ്പറമ്പാക്കി മലയാളത്തിന്റെ കലക്ഷന്‍ റെക്കോര്‍ഡുകള്‍ മോഹന്ചിത്രം 'എമ്പുരാന്' തിരുത്തിക്കുറിച്ചു. ആ പൂരത്തിന് കൊടിയിറങ്ങും മുമ്പേയാണ് വിഷു ചിത്രങ്ങള്‍ ഏപ്രില്‍ രണ്ടാം വാരം തിയേറ്ററുകളിലേക്ക് എത്തുന്നത്. പ്രധാനമായും മൂന്ന് സിനിമകളാണ് ഇത്തവണ മലയാളത്തിന് വിഷു റിലീസായി എത്തുന്നത്, മമ്മൂട്ടി ചിത്രം 'ബസൂക്ക', ബേസില്‍ ജോസഫ് ചിത്രം 'മരണമാസ്', നസ്ലിന് ഗഫൂര്‍ ചിത്രം 'ആലപ്പുഴ ജിംഖാന' എന്നിവയാണ് അവ. മൂന്ന് വ്യത്യസ്ത പ്രമേയങ്ങളില്‍ വ്യത്യസ്ത ജോണറുകളില്‍ ഒരുങ്ങുന്ന ചിത്രങ്ങളാണ്. ഇതില്‍ വിഷു വിന്നര്‍ ആരായിരിക്കുമെന്ന ആകാംക്ഷയിലാണ് മലയാള സിനിമ പ്രേക്ഷകര്‍. വിഷു കളര്‍ഫുളാക്കാന്‍ കോളിവുഡില്‍ നിന്ന് അജിത്ത് ചിത്രം 'ഗുഡ് ബാഡ് അഗ്ലി'യും തിയേറ്ററിലേക്ക് എത്തുന്നുണ്ട്.
സ്റ്റൈലിഷ് 'ബസൂക്ക'
അടുത്ത കാലത്ത് ഇറങ്ങിയ മമ്മൂട്ടി ചിത്രങ്ങളില്‍ ഏറ്റവും സ്റ്റൈലിഷ് ഗെറ്റപ്പുമായാണ് ഡിനോ ഡെന്നീസ് തിരക്കഥ രചിച്ച 'ബസൂക്ക' തിയേറ്ററിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനം മുതല്‍ മമ്മൂട്ടിയുടെ ഗെറ്റപ്പ് സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. വിന്റേജ് കാറുകളും സ്റ്റൈലിഷ് ബൈക്കുകളും പോണിടെയ്ൽ മുടിയുമൊക്കെയായുള്ള മമ്മൂട്ടിയുടെ സ്റ്റൈലന്‍ എന്‍ട്രികള്‍ ഇതിനോടകം ചര്‍ച്ചയായി കഴിഞ്ഞു. തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസിന്റെ മകനായ ഡിനോ ഡെന്നീസ് ആദ്യമായി സംവിധാനംചെയ്യുന്ന ചിത്രം ഒരു ഗെയിം ത്രില്ലറാണ്. സംവിധായകനും നടനുമായ ഗൗതം മേനോനും ചിത്രത്തില്‍ ഒരുപ്രധാനവേഷത്തിലെത്തുന്നുണ്ട്.
തീയേറ്റര്‍ ഓഫ് ഡ്രീംസ് ഇന്‍ അസോസിയേഷൻ വിത്ത് സരിഗമയുടെ ബാനറില്‍ പ്രശസ്ത തിരക്കഥാകൃത്ത് ജിനു.വി. ഏബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ് എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. സിദ്ധാര്‍ഥ് ഭരതന്, ഷൈന്‍ ടോം ചാക്കോ, ഡീന്‍ ഡെന്നീസ്, സുമിത് നേവല്‍ (ബിഗ് ബി ഫെയിം), ദിവ്യാപിള്ള, ഐശ്വര്യമേനോന്, സ്ഫടികം ജോര്‍ജ്ജ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് സായ്ദ് അബ്ബാസാണ്. നിമേഷ് രവിയാണ് ഛായാഗ്രഹണം. ഏപ്രില്‍ പത്തിന് ചിത്രം തിയേറ്ററിലേക്ക് എത്തിക്കും.
മാസ് ചിരിയുമായി 'മരണമാസ്'
ടൊവിനോ തോമസ് നിര്‍മിച്ച് ബേസില്‍ ജോസഫ് നായകനാകുന്ന ചിത്രം. 'മരണമാസ്' എന്ന ചിത്രത്തില്‍ പ്രതീക്ഷ അര്‍പ്പിക്കാന്‍ ഇതില്‍ കൂടുതല്‍ കാരണങ്ങള്‍ ഒന്നുംവേണ്ട. ഡാര്‍ക്ക് ഹ്യൂമര്‍ ജോണറില്‍ കഥ പറയുന്ന ചിത്രം നവാഗതനായ ശിവപ്രസാദാണ് സംവിധാനം ചെയ്യുന്നത്. പൊന്മാന്റെ വിജയത്തിന് ശേഷം തിയേറ്ററുകളിലേക്ക് എത്തുന്ന ബേസില്‍ ജോസഫ് ചിത്രം എന്ന പ്രത്യേകത കൂടി 'മരണമാസി'നുണ്ട്. ചിത്രത്തിലെ ബേസിലിന്റെ പ്രത്യേക ഗെറ്റപ്പ് ഇതിനകം ചര്‍ച്ചയായി കഴിഞ്ഞു. കേരളത്തെ നടുക്കിയ റിപ്പര്‍ വധത്തിന്റെ നിഴലിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം. ബാബു ആന്റണി, സുരേഷ് കൃഷ്ണ, സിജു സണ്ണി, രാജേഷ് മാധവന്, പുലിയനം പൗലോസ് എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനിഷ്മ അനില്‍കുമാറാണ് നായിക. ടൊവിനോ തോമസ് പ്രൊഡക്ഷന്‍സ്, റാഫേല്‍ ഫിലിം പ്രൊഡക്ഷന്‍സ്, വേള്‍ഡ് വൈഡ് ഫിലിംസ് എന്നീ ബാനറുകളില്‍ ടൊവിനോ തോമസ്, റാഫേല്‍ പൊഴാലിപ്പറമ്പില്‍, തന്‍സീര്‍ സലാം, ടിങ്സ്റ്റണ്‍ തോമസ് എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
സിജു സണ്ണിയുടെ കഥക്ക് സിജു സണ്ണിയും, ശിവപ്രസാദും ചേര്‍ന്ന് തിരക്കഥ രചിച്ചിരിക്കുന്നു. മൊഹ്സിന്‍ പെരാരിയുടെ വരികള്‍ക്ക് ജയ് ഉണ്ണിത്താന് ഈണം പകര്‍ന്നിരിക്കുന്നു. നീരജ് രവി ഛായാഗ്രഹണവും, ചമനം ചാക്കോ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. വിഷു- ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്കു മുന്നോടിയായി ഏപ്രില്‍ പത്തിന് ചിത്രം പ്രദര്‍ശനത്തിനെത്തും.
ഇടിയും ചിരിയുമായി 'ആലപ്പുഴ ജിംഖാന'
'തല്ലുമാല'യ്ക്ക് ശേഷം ഖാലിദ് റഹ്മാന് സംവിധാനം ചെയ്യുന്ന ചിത്രം, പ്രേമലുവിവൂടെ ബമ്പര്‍ ഹിറ്റടിച്ച നസ്ലിന് ഗഫൂര്‍ നായകന്, 'ആലപ്പുഴ ജിംഖാന' തിയേറ്ററിലേക്ക് എത്തുമ്പോള്‍ ഏറെ പ്രതീക്ഷയിലാണ് മലയാളി പ്രേക്ഷകര്‍. ബോക്സിങ്ങിനെ അടിസ്ഥാനമാക്കി കഥ പറയുന്ന ചിത്രം സ്പോർട്ട് ജോണറിനൊപ്പം കോമഡി എന്റര്‍ടെയ്നറായിരിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ് തുടങ്ങി യുവതാരനിരതന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഇവര്‍ ചിത്രത്തിനായി നടത്തിയ മേക്കോവര്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനകം വൈറലായി കഴിഞ്ഞു.
അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നു. 'ആലപ്പുഴ ജിംഖാന' നിര്‍മ്മിക്കുന്നത് പ്ലാന്‍ ബി മോഷന്‍ പിക്ചേര്‍സിന്റെ ബാനറിലും റീലിസ്റ്റിക് സ്റ്റുഡിയോയുടെ ബാനറിലും ഖാലിദ് റഹ്മാന്, ജോബിന് ജോര്‍ജ്, സമീര്‍ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവര്‍ ചേര്‍ന്നാണ്. പ്ലാന്‍ ബി മോഷന്‍ പിക്ചേര്‍സിന്റെ ആദ്യ നിര്‍മ്മാണസംരംഭമാണിത്. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിനായ് സംഭാഷണങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്. ഛായാഗ്രഹണം: ജിംഷി ഖാലിദ്, ചിത്രസംയോജനം: നിഷാദ് യൂസഫ്, സംഗീതം: വിഷ്ണു വിജയ്, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, ലിറിക്സ്: മുഹ്സിന് പരാരി, വസ്ത്രാലങ്കാരം: മാഷര്‍ ഹംസ, വി എഫ് എക്സ്: ഡിജി ബ്രിക്സ്, മേക്കപ്പ്: റോണക്സ് സേവിയര്‍, ആക്ഷന്‍ കോറിയോഗ്രാഫി: ജോഫില്‍ ലാല്‍, കലൈ കിംഗ്സണ്, ആര്‍ട്ട് ഡയറക്ടര്‍: ആഷിക് എസ്, അസോസിയേറ്റ് ഡയറക്ടര്‍: ലിതിന് കെ ടി, ലൈന്‍ പ്രൊഡ്യൂസര്‍: വിഷാദ് കെ എല്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്: പ്രശാന്ത് നാരായണന്. വിതരണം: സെന്‍ട്രല്‍ പിക്ചര്‍സ്, ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ്.
തിരുമ്പി വരാന്‍ അജിത്ത്
ഏറെ പ്രതീക്ഷയോടെ എത്തിയ 'വിടാമുയിര്‍ച്ചി'ക്ക് തിയേറ്ററില്‍ നേരിട്ട പരാജയം മറികടന്ന് തന്റെ താരസിംഹാസനത്തിന്റെ തിളക്കം കൂട്ടാനാണ് 'ഗുഡ് ബാഗ് അഗ്ലി'യുമായി അജിത്ത് എത്തുന്നത്. 'മാര്‍ക്ക് ആന്റണി' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അധിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന 'ഗുഡ് ബാഡ് അഗ്ലി' മാസ് ആക്ഷന്‍ പടമായിരിക്കും എന്നാണ് ട്രെയിലർ നല്കുന്ന സൂചന. അജിത്തിന്റെ കരിയറിലെ വന്‍ ഹിറ്റുകളുടെ റഫറന്‍സുകള്‍ നിറഞ്ഞ ട്രെയിലര്‍ ഇതിനകം തന്നെ ട്രെന്റിംഗായി മാറിയിട്ടുണ്ട്. 'പുഷ്പ' നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സും ടീ സീരീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ പ്രധാന വില്ലനായി എത്തുന്നത് അര്ജുന് ദാസാണ് എന്നാണ് വിവരം. തെലുങ്ക് താരം സുനില്‍, ഷൈന്‍ ടോം ചാക്കോ, പ്രസന്ന, ജാക്കി ഷെറോഫ്, പ്രഭു, യോഗി ബാബു, തൃഷ, പ്രിയ വാര്യര്‍, സിമ്രാന് എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അഭിനന്ദന് രാമാനുജനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ജിവി പ്രകാശാണ് സംഗീതം. ഏപ്രില്‍ പത്തിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.
Content Highlights: vishu and easter release movies bazooka and marana mass