പണ്ട് ഓരോരുത്തര്‍ക്കും ഓരോ പേരിടുമായിരുന്നു, കാലം മാറിയപ്പോള്‍ അതും മാറി, ഇപ്പോള്‍ വെറും ഷീലയാണ്

ഷീല
ഷീല

''അഞ്ചുമാസം മുന്‍പ് കൊച്ചിയില്‍ ഒരു മലയാളസിനിമയുടെ ഷൂട്ടിങ്ങിന് വന്നു. സിനിമയില്‍ എന്റെ മകനായഭിനയിക്കുന്ന ജോണി ആന്റണിയുടെ പുറകില്‍ ബൈക്കില്‍ പോവുന്ന ഒരു സീനുണ്ടായിരുന്നു. ബൈക്ക് എന്തിലോ ചെന്നിടിച്ചു. ഞാന്‍ തെറിച്ച് താഴെവീണു. അപ്പോള്‍ ചെറിയ വേദനയുണ്ടായിരുന്നുവെന്നല്ലാതെ, വലിയ പ്രശ്‌നമൊന്നുമുണ്ടായിരുന്നില്ല. ഞാനുടന്‍ എഴുന്നേറ്റു. ഞാന്‍ കാരണം ഷൂട്ടിങ് മുടങ്ങരുതെന്ന തോന്നലായിരുന്നു. അവര്‍ ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തിരിച്ചുവന്ന് ഷൂട്ടിങ് പൂര്‍ത്തിയാക്കി. അതുകഴിഞ്ഞ് ചെന്നൈയിലെ വീട്ടില്‍ ചെന്നപ്പോള്‍, വേദനയുണ്ട്. അപ്പോളോ ഹോസ്പിറ്റലില്‍ കാണിച്ചു. സ്‌കാന്‍ ചെയ്തപ്പോള്‍ എല്ലില്‍ പൊട്ടലുണ്ട്. ഒരു മേജര്‍ സര്‍ജറി ചെയ്തു. ഈ പ്രായത്തില്‍ റിസ്‌കായിരുന്നു. പക്ഷേ, ചെയ്തില്ലെങ്കില്‍ വീല്‍ചെയറിലാവും. അതുകൊണ്ട്, സര്‍ജറി ചെയ്തു. വേദന ഇപ്പോഴും മാറിയിട്ടില്ല. എന്നുവെച്ച്, ഞാന്‍ സിനിമ നിര്‍ത്തില്ല. ശ്വാസമുള്ളിടത്തോളം അഭിനയിക്കും. കാരണം, സിനിമ എന്റെ ജീവശ്വാസമാണ്.''

ഡ്യൂപ്പില്ലാതെ പാറപ്പുറത്തേക്ക് ഓടിക്കയറിയ നായകനെക്കുറിച്ച് വീരസ്യം പറയുന്ന ആരാധകര്‍, മലയാളസിനിമയുടെ 'സ്വന്തം കറുത്തമ്മ'യുടെ വാക്കുകളാണിത്. കറുത്തമ്മയെ അനശ്വരയാക്കിയ മലയാളത്തിന്റെ ഈ നിത്യഹരിതനായികയ്ക്ക്, ഷീലയ്ക്കിപ്പോള്‍ വയസ്സ് എഴുപത്തേഴ് കഴിഞ്ഞെന്ന് അറിയുമ്പോള്‍, അദ്ഭുതമിരട്ടിക്കും. സിനിമയോട് അടങ്ങാത്ത പ്രണയവുമായി അഭ്രപാളിയില്‍ ഇന്നും തുടരുകയാണ് ഷീലാമ്മ. 

പതിമൂന്നാം വയസ്സില്‍ അഭിനയം തുടങ്ങി. ആറുപതിറ്റാണ്ടിലേറെയായിട്ടും വിശ്രമമില്ലാതെ ക്യാമറയ്ക്കുമുന്നിലെത്തുന്നു. മടുപ്പ് തോന്നിയിട്ടില്ലേ ?

സിനിമ ജീവശ്വാസംപോലെയാണ്. ശ്വാസം നിലച്ചാല്‍, ജീവന്‍ പോകില്ലേ? കൊല്ലത്തിലൊരു പടമായാലും മതി. ഞാനഭിനയിക്കും. ഏത് തൊഴിലായാലും നമ്മള്‍ റിട്ടയേഡാവരുത്. സിനിമ നിര്‍ത്തിയാല്‍, പിന്നെ ഞാനില്ല. സിനിമയോടുള്ള പ്രണയം ഇപ്പോഴും അവസാനിച്ചിട്ടില്ല.

ഒപ്പമഭിനയിച്ചിരുന്ന നായകന്മാരെക്കാളും പ്രതിഫലം കിട്ടിയിരുന്നുവെന്നത് സത്യമാണോ..?

ആദ്യസിനിമയില്‍ ഏകദേശം അറുപതിലധികം വര്‍ഷങ്ങള്‍ക്കുമുന്‍പ് ആറായിരം രൂപ പ്രതിഫലം ലഭിച്ച ആര്‍ട്ടിസ്റ്റാണ് ഞാന്‍. നിര്‍മാതാവ് തന്നതിന്റെ പകുതിയേ എനിക്ക് കിട്ടിയുള്ളൂ എന്നത് വേറെക്കാര്യം. പകുതി, ആ സിനിമാകമ്പനിക്കാര്‍ എടുത്തു. ഇന്നും മലയാളത്തിലാണ് പ്രതിഫലം പൊതുവേ, കുറവ്. തമിഴിലും മറ്റും ഇരട്ടി പ്രതിഫലം ലഭിക്കുന്നുണ്ട്. അതുകൊണ്ടാണ്, നമ്മുടെ താരങ്ങള്‍ പലരും അവിടെ ചെന്നഭിനയിക്കുന്നത്.

ഒരുകാലത്ത് മലയാളസിനിമയിലെ ഡ്രീം ഗേള്‍ എന്നാണ് വിശേഷിപ്പിച്ചിരുന്നത്...

(ഉറക്കെ ചിരിച്ചുകൊണ്ട്) നിത്യഹരിതനായിക എന്ന് എല്ലാവരും പറയുമായിരുന്നു. അഭിനയസരസ്വതി എന്ന പേരും കിട്ടി. ശാരദയ്ക്ക് ശോകപുത്രിയെന്നും. അങ്ങനെ, ഓരോരുത്തരെയും ഓരോ പേര് വിളിച്ചിരുന്നു. കാലം പോയപ്പോള്‍, അതെല്ലാം മാറി. ഇപ്പോള്‍ വെറും ഷീലയാണ്.

സിനിമയില്‍ സംഭവിച്ച ഒരുപാട് മാറ്റങ്ങള്‍ക്ക് സാക്ഷിയായ ആളുകൂടിയാണല്ലോ...

അതിനെക്കുറിച്ച് പറയാന്‍ തുടങ്ങിയാല്‍, ഒരുദിവസം വേണ്ടിവരും... സിനിമയുടെ സര്‍വഘടകങ്ങളിലും അത്രയ്ക്ക് വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. ഇപ്പോള്‍ ഗൃഹലക്ഷ്മിക്കുവേണ്ടി നടക്കുന്ന ഈ ഫോട്ടോ ഷൂട്ട് തന്നെയെടുക്കാം. ഇതിനൊക്കെയെടുക്കുന്ന പ്രയത്‌നം വളരെ വലുതാണ്. മേക്കപ്പ് ആര്‍ട്ടിസ്റ്റ്, കോസ്റ്റ്യൂം ഡിസൈനര്‍, സഹായികള്‍... അങ്ങനെ, എത്ര പേരാണ് ഇതിനുവേണ്ടി നില്‍ക്കുന്നത്? നാലോ അഞ്ചോ പടം പ്രസിദ്ധീകരിക്കുന്നതിനുള്ള പ്രയത്‌നമല്ലേയിത്? ഇങ്ങനെയൊന്നും മുന്‍പുണ്ടായിരുന്നില്ല. ആ രീതിയിലുള്ള മാറ്റങ്ങള്‍ സിനിമയുടെ സകലമേഖലയിലും ഉണ്ടായിട്ടുണ്ട്.

മലയാളസിനിമകളിലാണ് കൂടുതലുമഭിനയിച്ചത്. മലയാളത്തിന്റെ സ്വന്തം നടിയായിട്ടും എന്തുകൊണ്ടാണ് ചെന്നൈയില്‍ സ്ഥിരതാമസമാക്കിയത്?

അന്നത്തെ കാലത്ത് തമിഴ്, തെലുങ്ക്, മലയാളം തുടങ്ങി എല്ലാ ഭാഷയിലും അഭിനയിക്കുമായിരുന്നു. ഷൂട്ടിങ്ങാവട്ടെ, കൂടുതലും ചെന്നൈയിലായിരുന്നു. അതിനാല്‍, എല്ലാ ആര്‍ട്ടിസ്റ്റുകളും അവിടെയായിരുന്നു താമസം. ജയഭാരതി, ശാരദ, ടി.ആര്‍. ഓമന... അങ്ങനെ, എല്ലാവരും. എന്നാല്‍, നസീറും സത്യനുമെല്ലാം ഷൂട്ടിനുവരുമ്പോള്‍, ചെന്നൈയില്‍ ഹോട്ടല്‍ മുറികളിലായിരുന്നു താമസിച്ചിരുന്നത്. എനിക്ക് കേരളത്തില്‍ വന്ന് താമസിക്കണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, വേരുകളൊക്കെ തമിഴ്‌നാട്ടില്‍ ഉറച്ചുപോയി. പിഴുതെടുത്തുകൊണ്ടുവരാന്‍ കഴിയില്ല. ശാരദയും ടി.ആര്‍. ഓമനയുമായൊക്കെ ഇപ്പോഴും സംസാരിക്കാറുണ്ട്.

സിനിമാസംവിധാനത്തിലും കൈവെച്ച ആളാണ്...

സിനിമയിലഭിനയിച്ച് നല്ല ജീവിതസാഹചര്യമൊക്കെ ഉണ്ടായപ്പോള്‍, സിനിമ മതിയാക്കാമെന്ന ചിന്ത വന്നു. അപ്പോഴാണ്, സംവിധാനത്തിലേക്കിറങ്ങിയത്. അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് പെട്ടെന്ന് തിരിച്ചറിഞ്ഞു. 'യക്ഷഗാന'മാണ് ആദ്യം സംവിധാനംചെയ്ത സിനിമ. മധുവായിരുന്നു നായകന്‍. സിനിമകള്‍ക്ക് കഥയെഴുതുകയും ചെയ്തിട്ടുണ്ട്.

കൂടാതെ ഒരു നോവലും കുറച്ച് ചെറുകഥകളും എഴുതിയിരുന്നുവല്ലേ?

'കുയിലിന്റെ കൂട്' എന്ന പേരില്‍ ഒരു നോവലെഴുതി. അത് മാതൃഭൂമിയാണ് പ്രസിദ്ധീകരിച്ചത്. കുയില്‍ ഒരിക്കലും കൂട് കെട്ടാറില്ല. കാക്കക്കൂട്ടിലാണ് മുട്ടയിടാറ്. ആ ഒരു ചിന്തയെ ആധാരമാക്കി, അന്നെഴുതിയ നോവലാണത്. തമിഴില്‍ ചെറുകഥകളെഴുതിയിട്ടുണ്ട്. പണ്ട് ടി. വിയൊന്നും ഇത്ര പ്രചാരത്തിലില്ല. ഷൂട്ടിങ്ങിനിടയിലും മറ്റും കിട്ടുന്ന ഇടവേളകളില്‍ ചിത്രരചനയും കഥയെഴുത്തുമായിരുന്നു. അന്ന് വരച്ച ചിത്രങ്ങള്‍ വെച്ച് ഒരു പ്രദര്‍ശനവും നടത്തി. ചെറുകഥകളെല്ലാം തമിഴിലെ പ്രമുഖ ആനുകാലികങ്ങളായ 'ആനന്ദവികടന്‍', 'കുമുദം', പത്രമായ 'സ്വദേശമിത്രന്‍' എന്നിവയില്‍ അച്ചടിച്ചുവന്നു. മറ്റൊരു കാര്യമറിയുമോ, എന്റെ മിക്ക കഥകള്‍ക്കും ചിത്രം വരച്ചിരുന്നത് തമിഴ് നടന്‍ സൂര്യയുടെ അച്ഛന്‍ ശിവകുമാറായിരുന്നു. അദ്ദേഹം നല്ലൊരു ചിത്രകാരനാണ്.

പുതിയ സിനിമകളിലഭിനയിക്കുമ്പോള്‍ തോന്നിയിട്ടുള്ള മാറ്റങ്ങള്‍ എന്തെല്ലാമാണ്..?

പണ്ടൊക്കെ കൂടുതലും നോവലുകളായിരുന്നു സിനിമയാക്കിയിരുന്നത്. അതൊരു ഭാഗ്യമായിരുന്നു. 'ചെമ്മീന്‍' പോലുള്ള വലിയ സാഹിത്യസൃഷ്ടികള്‍. എന്നാല്‍, ഇന്ന് ഇതിനൊന്നും സമയമില്ല. ചെറിയൊരു കഥയെടുത്ത് വലുതാക്കിക്കാണിക്കുകയാണ്. ഇന്ന് തിരക്കഥയ്ക്കാണ് പ്രാധാന്യം. ഞാന്‍ ചിന്തിക്കാറുണ്ട്, വലിയ നടന്മാരെയൊക്കെ വെച്ച്, ഒരുപാട് പണം ചെലവഴിച്ച് സിനിമയെടുത്തിട്ട് വിജയം കാണാതെപോകുമ്പോള്‍, എത്ര പേരുടെ അധ്വാനമാണ് വിഫലമാകുന്നതെന്ന്.

കറുത്തമ്മയാവും പ്രേക്ഷകര്‍ പെട്ടെന്നോര്‍ക്കുന്ന ഷീലാമ്മയുടെ ഒരു കഥാപാത്രം. എറ്റവും ഇഷ്ടമുള്ള കഥാപാത്രം അതുതന്നെയാണോ ?

കറുത്തമ്മയെ വളരെ ഇഷ്ടമാണ്. എന്നാല്‍, 'ചെമ്മീന്‍' ഷീലയുടെമാത്രം സിനിമയായിരുന്നില്ല. കൊട്ടാരക്കര ശ്രീധരന്‍ നായര്‍, മധു, സത്യന്‍, എന്നിവരുടെയെല്ലാം സിനിമ. പക്ഷേ, അക്കാലത്ത് 'ചെമ്മീന്‍ ഷീല' എന്നാണ് തമിഴ്‌നാട്ടില്‍ ഞാനറിയപ്പെട്ടിരുന്നത്.
'കള്ളിച്ചെല്ലമ്മ', 'അനുഭവങ്ങള്‍ പാളിച്ചകള്‍', 'ഒരു പെണ്ണിന്റെ കഥ' തുടങ്ങിയ സിനിമകളിലെ എന്റെ കഥാപാത്രങ്ങള്‍ എനിക്ക് പ്രിയപ്പെട്ടവയാണ്. 'കള്ളിച്ചെല്ലമ്മ'യും 'കടത്തനാട്ട് മാക്ക'വും ഷീലയുടെ മാത്രം സിനിമകളാണെന്ന് പറയാം. എന്റെ കഥാപാത്രത്തിന്റെ പേരുതന്നെയാണ് സിനിമയ്ക്കും.

നസീറുമായി ഒരുപാട് സിനിമകളിലഭിനയിച്ചിട്ടുണ്ട്. അത്രയധികം സിനിമകളില്‍ പിന്നെ, മലയാളത്തിലെ ഒരു ജോഡിയും പ്രത്യക്ഷപ്പെട്ടിട്ടില്ല.

നൂറ്റിയേഴ് സിനിമകളില്‍ പ്രേം നസീറിന്റെ നായികയായി അഭിനയിച്ചു. അത് ലോക റെക്കോഡാണെന്നൊക്കെ പലരും പറയുന്നു. എനിക്കറിയില്ല. അന്നത്തെ പ്രേക്ഷകരുടെ പ്രിയജോഡിയായിരുന്നു ഞാനും നസീറും. ചിലര്‍ ചോദിക്കും നസീറുമായി ഒരു കെമിസ്ട്രിയുണ്ടായിരുന്നോയെന്ന്. അത് കേള്‍ക്കുമ്പോള്‍, ചിരിവരും. ഇത് സിനിമയല്ലേ, കെമിസ്ട്രി ലാബല്ലല്ലോ... (ഉറക്കെ ചിരിക്കുന്നു).

സത്യന്‍, മധു, നസീര്‍- ഇവരെ ഓരോ വാചകത്തില്‍ നിര്‍വചിക്കാന്‍ പറഞ്ഞാല്‍..?

സത്യന്‍ സ്‌കൂള്‍ ഹെഡ്മാസ്റ്ററെയോ പട്ടാളത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനെയോ പോലായിരുന്നു. മധുവാണെങ്കില്‍, ചിരിച്ചും കളിച്ചും നമ്മുടെ കൂടെ നടക്കാന്‍ പറ്റിയ കൂട്ടുകാരന്‍, നസീര്‍ വളരെ ശാന്തനും ഉപകാരിയുമായ പാവം മനുഷ്യന്‍.

ഒരു സിനിമയ്ക്കിടയില്‍ അപകടം പറ്റിയെന്ന് കേട്ടിട്ടുണ്ട്..?

'അനുരാഗം' എന്ന സിനിമയില്‍ ബൈക്കിന്റെ പുറകിലിരുന്നു പോകുന്ന സീനിനിടയിലായിരുന്നു അത്. ബൈക്കില്‍ നിന്ന് തെറിച്ച് ഞാന്‍ ചെളിവെള്ളത്തില്‍ വീണു. എല്ലാവരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. എക്‌സ്‌റേ എടുത്തുനോക്കിയപ്പോള്‍, പ്രശ്‌നമൊന്നും കണ്ടില്ല. തിരികെവന്ന് എന്റെ ഭാഗം അഭിനയിച്ചുതീര്‍ത്തു. അപ്പോഴേക്കും നല്ല വേദന തുടങ്ങി. എന്റെ ലാസ്റ്റ് ഡേ ഷൂട്ടിങ്ങായിരുന്നതിനാല്‍, എല്ലാവരും കൂടെ കേക്ക് വാങ്ങി മുറിച്ചു. എല്ലാം കഴിഞ്ഞ് ചെന്നൈയിലെ ആശുപത്രിയില്‍ കാണിച്ചപ്പോഴാണ്, ഉള്ളിലെ എല്ല് പൊട്ടിയിട്ടുണ്ട്, സര്‍ജറി വേണം എന്ന് പറഞ്ഞത്. അന്നുതന്നെ സര്‍ജറി നടത്തി. ഇപ്പോ, നാലുമാസമായി. ഇപ്പോഴും വേദന മാറിയിട്ടില്ല. എന്റെ ജീവിതത്തിലെ ആദ്യത്തെ ആക്‌സിഡന്റായിരുന്നു അത്.

അഭിനയിച്ച സിനിമകളെല്ലാം ഇപ്പോഴും കാണാറുണ്ടോ?

ഞാനഭിനയിച്ച സിനിമകളില്‍ പലതും ഇപ്പോഴാണ് ആദ്യമായി കാണുന്നത്. ചിലതൊക്കെ യൂട്യൂബില്‍ കാണുന്നു. മലയാളസിനിമകള്‍ക്ക് അന്ന് ചെന്നൈയില്‍ റിലീസില്ല. അതുകൊണ്ട്, അന്ന് കാണാനായില്ല. ആളുകള്‍ ഞാനഭിനയിച്ച ചില കഥാപാത്രങ്ങളെപ്പറ്റി പറയുമ്പോള്‍, എനിക്ക് ഓര്‍മപോലും കാണില്ല.

ഇനിയുമൊരു ജന്മമുണ്ടെങ്കില്‍..?

എന്റെ ജന്മം പൂര്‍ണമായി. എന്റെ ആശകളെല്ലാം തീര്‍ന്നു. ആശകള്‍ തീരാത്തവരാണ്, പുതുജന്മമാഗ്രഹിക്കുന്നത്. ദൈവം എനിക്കെല്ലാം തന്നു. തമിഴില്‍ ഒരു പ്രയോഗമുണ്ട്, 'പോതും എന്‍ട്ര മനമേ പൊന്‍ സെയ്യും മരുന്ത്'. മതി ദൈവമേ, എല്ലാം നിറഞ്ഞുവെന്നര്‍ഥം. ഞാന്‍ മരിച്ചാല്‍, എന്നെ ദഹിപ്പിച്ച്  ചാരം ഭാരതപ്പുഴയിലൊഴുക്കണമെന്ന് എഴുതിവെച്ചിട്ടുണ്ട്. അത് ഞാനെപ്പോഴും മകനോട് പറയാറുണ്ട്. അതാണെന്റെ അവസാനത്തെ ആഗ്രഹം. 

Content Highlights: veteran actress sheela interview life and movies