ആ സ്ത്രീക്കു വേണ്ടി ഞാൻ കുടുംബം ഉപേക്ഷിക്കുമെന്ന് കരുതി, ബലമായി ചുംബിച്ചത് ഇഷ്ടപ്പെട്ടില്ല

വരുണ്‍ ധവാന്‍ | ANI
വരുണ്‍ ധവാന്‍ | ANI

ഇന്ത്യയിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളാണ് വരുൺ ധവാൻ. 2014 മുതൽ ഫോബ്‌സ് മാസികയുടെ ഇന്ത്യയിലെ സെലിബ്രിറ്റികളുടെ പട്ടികയിൽ ഇടംപിടിക്കാറുണ്ട്. 'മൈ നേം ഈസ് ഖാൻ' എന്ന ചിത്രത്തിൽ കരൺ ജോഹറിന്റെ അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് സിനിമയിൽ രംഗപ്രവേശം നടത്തുന്നത്. 

ഏറ്റവും പുതിയ ചിത്രമായ ബേബി ജോണിന്റെ പ്രൊമോഷൻ തിരക്കിലാണ് ഇപ്പോഴദ്ദേഹം. ഒരിക്കൽ തന്റെ വീട്ടിൽ അതിക്രമിച്ചു കയറിവന്ന ആരാധികയെപ്പറ്റി അടുത്തിടെ വരുൺ മനസ്സുതുറന്നിരുന്നു. പേടിപ്പെടുത്തുന്ന സംഭവമായിരുന്നു അതെന്നും തനിക്ക് പോലീസിനെ വിളിക്കേണ്ടിവന്നെന്നും വരുൺ പറയുന്നു. ആരാധകരുടെ പ്രകടനം അതിരുകടന്നപ്പോഴുണ്ടായ അസ്വസ്ഥതയെപ്പറ്റിയും അദ്ദേഹം തുറന്നുപറഞ്ഞു. 

അനുമതിയില്ലാതെ ഒരു സ്ത്രീ ഒരിക്കൽ വീട്ടിൽ കയറിവന്നത് വരുൺ ഓർത്തു. 'ആ സ്ത്രീ വളരെ ശക്തനായ ഒരാളുടെ ഭാര്യയായിരുന്നു. ഏത് സ്ഥാനത്തുള്ളയാളാണെന്ന് പറയാനാവില്ല, പക്ഷേ വളരെ ശക്തനായ ഒരു മനുഷ്യൻ. എന്റെ പേര് ഉപയോഗിച്ച് ആരോ അവരോട്  സംസാരിക്കുന്നുണ്ടായിരുന്നു. എന്റെ വീടിനെക്കുറിച്ച് അവർക്കെല്ലാമറിയാമായിരുന്നു, ഞാൻ എന്റെ കുടുംബത്തെ ഉപേക്ഷിക്കാൻ പോകുകയാണെന്ന് അവർ കരുതി. മറ്റൊരാൾക്കൊപ്പമാണ് അവർ വന്നത്, അത് ഭയാനകമായിരുന്നു. അതിനുശേഷം പോലീസിനെ വിളിക്കേണ്ടിവന്നു. വനിതാ കോൺസ്റ്റബിൾമാരെത്തി അവരെ കൈകാര്യം ചെയ്തു'- അദ്ദേഹം പറഞ്ഞു.

ഒരു ആരാധകൻ തന്നെ ബലമായി ചുംബിച്ച അനുഭവവും വരുൺ ഓർത്തെടുത്തു. അതിനെക്കുറിച്ച് എന്താണ് തോന്നിയതെന്ന് ചോദിച്ചപ്പോൾ, തനിക്കത് ഇഷ്ടപ്പെട്ടില്ലെന്നും അതിക്രമമായിട്ടാണ് തോന്നിയതെന്നും വരുൺ പറഞ്ഞു. മുൻപ് ആളുകൾ എന്റെ നിതംബത്തിൽ നുള്ളിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ഇത്തരം അനുഭവങ്ങളുണ്ടാകുമ്പോൾ സ്ത്രീകൾക്ക് ഇത്തരം കാര്യങ്ങൾ എത്രത്തോളം മോശമായി ബാധിക്കുമെന്നാണ് ചിന്തിക്കാറെന്നും.

സംവിധായകൻ ഡേവിഡ് ധവാന്റെ മകനാണ് വരുൺ. 2012 മുതൽ 2018 വരെ വരുണിന്റെ 11 സിനിമകളാണ് ബോക്‌സോഫീസിൽ വിജയം നേടിയത്. ദീർഘകാല പ്രണയിനി നതാഷ ദലാലിനെയാണ് വിവാഹം ചെയ്തത്. ദമ്പതിമാർക്ക് ലാറ എന്നു പേരുള്ളൊരു മകളുണ്ട്. മികച്ച പുതുമുഖതാരത്തിനും മികച്ച നടനുമുള്ള ഫിലിംഫെയർ നോമിനേഷൻ ലഭിച്ചിരുന്നു.
 

Content Highlights: varun dhawan says a woman stalked him, broke into his house