ആംസ്റ്റര്‍ഡാമില്‍ ഓസ്‌കര്‍ സന്തോഷത്തില്‍ ടൊവിനോ

''ഒരുപാട് സന്തോഷം... ഇതൊരു അഭിമാന നിമിഷമാണ്... എനിക്കും ജൂഡിനും ഞങ്ങള്‍ക്കെല്ലാവര്‍ക്കും...മലയാള സിനിമയ്ക്ക് അഭിമാനമാവുന്ന രീതിയിലേക്ക് ഞങ്ങളുടെ സിനിമ വളര്‍ന്നുവെന്നതില്‍ ഏറെ സന്തോഷമുണ്ട്. '' ആംസ്റ്റര്‍ഡാമില്‍ ഒരു പുരസ്‌കാരവേദിയില്‍ നിന്ന് ടൊവിനോ ഗൃഹലക്ഷ്മിയോട് ടെലിഫോണ്‍ അഭിമുഖത്തില്‍ പറഞ്ഞു. ഓരോ മലയാളിയുടെയും പൊതുസന്തോഷത്തിന്റെ ശബ്ദരൂപമായി ആ വാക്കുകള്‍ മാറി. താന്‍ നായക കഥാപാത്രത്തെ അവതരിപ്പിച്ച സിനിമ ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞടുക്കപ്പെട്ട വിവരം അറിയുമ്പോള്‍ ടൊവിനോ ആംസ്റ്റര്‍ഡാമിലാണ്. പ്രതിഭയ്ക്കുള്ള അംഗീകാരമായി സ്വര്‍ണനിറമുള്ളൊരു രാജശില്പം അയാളുടെ കൈയിലുണ്ട്. ഏഷ്യയിലെ മികച്ച നടനുള്ള സെപ്റ്റിമിയസ് പുരസ്‌കാരം നേടിയ ആദ്യ തെന്നിന്ത്യന്‍ താരം എന്ന വിശേഷണം സ്വന്തമാക്കി മണിക്കൂറുകള്‍ക്കകം 2018-ന്റെ ഓസ്‌കര്‍ വിശേഷം. ഒട്ടേറെ ബഹുമതികള്‍ നേടിയ ചിത്രം വന്‍നേട്ടങ്ങളിലേക്കുള്ള യാത്ര തുടരുമ്പോള്‍ അഭിമാനം ടൊവിനോയുടെ വാക്കുകളില്‍ പ്രകടം.
1957-ല്‍ മദര്‍ ഇന്ത്യ മുതല്‍ 2022-ല്‍ ചെല്ലോ ഷോ വരെയുള്ള ചിത്രങ്ങള്‍ ഇടം നേടിയ ഇന്ത്യന്‍ ഒസ്‌കര്‍ പട്ടിക. മലയാളത്തില്‍ നിന്ന് ഇക്കാലയളവിനിടെ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി ഓസ്‌കറില്‍ എത്തിയത് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട് മാത്രം. മൂന്നുവര്‍ഷങ്ങങ്ങള്‍ക്കിപ്പുറം 2018 മലയാളിക്ക് അഭിമാനിക്കാവുന്ന നേട്ടമായി മാറിയിരിക്കുന്നു. കേരളത്തെ ഉലച്ച പ്രളയകാലത്തിന്റെ ദൃശ്യാവിഷ്‌കാരമായ സിനിമ. പ്രളയം അഴിച്ചുവിട്ട ഭീതിയും ഭീകരതയും ഫ്രെയിമുകളില്‍ നിറച്ച ചിത്രത്തില്‍ അനൂപ് എന്ന കഥാപാത്രമായി ടൊവിനോ വെള്ളിത്തിര കൈയടക്കി. മഹാപ്രളയത്തിനു മുന്നില്‍ സ്തബ്ധനായ മനുഷ്യന്റെ വിഹ്വലതകളെ ടൊവിനോ തന്മയത്വത്തോടെ പകര്‍ന്നാടി. സിനിമ കളക്ഷന്‍ റെക്കോഡുകള്‍ തിരുത്തിക്കുറിച്ചു.
''വീഴാതിരിക്കുന്നതിലല്ല, ഓരോ വീഴ്ചയില്‍ നിന്നും ഉയിര്‍ക്കുന്നതിലാണ് മഹത്വം.'' 2018-ലെ പ്രളയകാലത്തെ വന്‍വീഴ്ചയില്‍ നിന്ന് കേരളം കരയകയറിയതിനെ ഉദ്ധരിച്ചുകൊണ്ട് സെപ്റ്റിമിയസ് പുരസ്‌കാര സന്തോഷം പങ്കുവച്ച് ടൊവിനോ ഫേസ്ബുക്കില്‍ കുറിച്ചു. അതേ പുരസ്‌കാരം ടൊവിനോ സമര്‍പ്പിച്ചത് കേരളത്തിനാണ്. വീഴ്ചയിൽ നിന്ന് അത്ഭുകരമായി കരകയറിയ തന്റെ ജന്മനാടിന്. ചെറിയ വീഴ്ചകളില്‍ നിന്ന് വന്‍വിജയങ്ങളിലേക്ക് പ്രതിഭയുടെ മാത്രം പിന്‍ബലത്തില്‍ നടന്നു കയറിയ പോരാളിയുടെ ഉശിര് ആ വാക്കുകളില്‍ നിറയുന്നു. ഒരു ഓണക്കാലത്ത് ഗൃഹലക്ഷ്മിക്ക് അനുവദിച്ച അഭിമുഖത്തില്‍ ടൊവിനോ പങ്കുവച്ച വാക്കുകള്‍ ഓര്‍ത്തെടുക്കാം.
നടനാകണം എന്ന ആഗ്രഹം പങ്കുവച്ചുതുടങ്ങിയ കാലത്ത് പലരും കളിയാക്കിയിട്ടുണ്ട്. അതിന് അവരെ കുറ്റം പറയാന്‍ പറ്റില്ല. സിനിമയില്‍ വരണമെന്ന് ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. കലാപരമായി എടുത്തുപറയാന്‍തക്ക കഴിവുകളൊന്നുമില്ല. ഒരുപാട് പേര്‍ എത്തിച്ചേരാന്‍ ആഗ്രഹിക്കുന്ന, അങ്ങനെ എല്ലാവര്‍ക്കും എത്തിച്ചേരാന്‍ പറ്റാത്ത മേഖലയാണ് സിനിമ. അതുകൊണ്ടൊക്കെയാകാം, സിനിമയാണ് സ്വപ്‌നം എന്നു പറഞ്ഞപ്പോള്‍ പലരും കളിയാക്കി. ജോലി രാജി വച്ചപ്പോള്‍ മണ്ടത്തരമാണെന്ന് പറഞ്ഞു. മക്കളുടെ താളത്തിനൊത്ത് തുള്ളുന്നു എന്നൊക്കെ പറഞ്ഞ് അപ്പനെ കുറ്റം പറഞ്ഞവരുണ്ട്. പക്ഷേ, അതേ ആളുകളൊക്കെത്തന്നെ പിന്നീട് എന്റെ വീടിന്റെ മുന്നില്‍ ഫോട്ടോ എടുക്കാനൊക്കെ വന്നുനിന്നിട്ടുണ്ട്. വെറും ആഗ്രഹത്തിന്റെ മാത്രം ബലത്തില്‍ ഒരാളൊരു തീരുമാനം എടുക്കുമ്പോള്‍ അതില്‍ അയാള്‍ വിജയിക്കും എന്ന പ്രതീക്ഷ ആര്‍ക്കും ഉണ്ടായിരിക്കില്ല. കളിയാക്കലുകളുടെയും കുറ്റപ്പെടുത്തലുകളുടെയുമൊക്കെ കാരണം അതൊക്കെത്തന്നെയാവും...
ചെറിയ വീഴ്ചകളില്‍ തളര്‍ന്നു പോകുന്നവര്‍ക്ക് ടൊവിനോയുടെ വാക്കുകള്‍ മനസ്സിലോര്‍ക്കാം. ഒറ്റക്കെട്ടായി മഹാപ്രളയത്തെ ചെറുത്ത ജനതയുടെ പ്രതീക്ഷകളെ ഓസ്‌കര്‍ വേദിവരെ എത്തിച്ചതില്‍ അയാള്‍ക്ക് നന്ദി പറയാം.
Content Highlights: Tovinos reaction on 2018 making into India's official oscar entry