സ്പൈഡർമാൻ താരം മദ്യമുപേക്ഷിച്ചതിങ്ങനെ, ‘മദ്യത്തെ അമിതമായി ആശ്രയിച്ചെന്ന് മനസ്സിലായത് അപ്പോൾ’

ടോം ഹോളണ്ട് | AFP
ടോം ഹോളണ്ട് | AFP

2022 ജനുവരിയിൽ ‘ഡ്രൈ ജനുവരി’ ചലഞ്ചിന്റെ ഭാഗമായാണ് ഹോളിവു‍ഡ് നടൻ ടോം ഹോളണ്ട് മദ്യപാനം ഉപേക്ഷിച്ചത്. പിന്നീടദ്ദേഹം തിരിഞ്ഞുനോക്കിയില്ല. ഒരു മാസത്തേക്കാണ് മദ്യം ഉപേക്ഷിച്ചതെങ്കിലും ക്രമേണ അതൊരു ദീർഘകാല ജീവിതശൈലിയായി മാറുകയായിരുന്നു. ആ തീരുമാനത്തെപ്പറ്റിയും ലഹരിമുക്ത ജീവിതം ഇത്ര ശക്തമായി എങ്ങനെ മുന്നോട്ടു കൊണ്ടുപോയി എന്നും തുറന്നുപറയുകയാണ് നടൻ.

യുഎസ്എ ടുഡേയോട് സംസാരിക്കുകയായിരുന്നു സ്‌പൈഡർമാൻ താരം. മദ്യം കരിയറിന് തടസ്സമുണ്ടാക്കാൻ തുടങ്ങിയിരുന്നുവെന്നും ആരോഗ്യത്തിന് ഗുരുതരമായ അപകടങ്ങൾ വരുത്തിവെച്ചുവെന്നും അദ്ദേഹം സമ്മതിച്ചു. പൊതുരംഗത്ത് ജീവിതം നയിക്കുമ്പോൾ മദ്യപാനം ആ സമ്മർദ്ദം ലഘൂകരിക്കുന്നതിനു പകരം വർധിപ്പിക്കുക മാത്രമാണ് ചെയ്തത്. മദ്യമുപേക്ഷിച്ചതിന്റെ ആദ്യ മാസം പ്രതീക്ഷിച്ചതിലും ബുദ്ധിമുട്ടായിരുന്നു, നിരന്തരമായ ലഹരിയോടുള്ള ആഗ്രഹം മദ്യത്തെ അമിതമായി ആശ്രയിച്ചിരുന്നുവെന്ന തിരിച്ചറിവുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

"മദ്യപാനം എന്റെ തൊഴിൽ ജീവിതത്തിന് തടസ്സമുണ്ടാക്കുന്ന കാര്യമായിരുന്നു. ഒരു നടനായി വലിയ വേദികളിൽ ജീവിക്കുന്നത് സമ്മർദ്ദമുണ്ടാക്കുന്ന ഒന്നാണ്. വ്യക്തിപരമായി, മദ്യം ഈ പ്രശ്നം കൂടുതൽ വഷളാക്കുകയായിരുന്നു എന്ന് ഞാൻ കരുതുന്നു. മദ്യം ഒഴിവാക്കിയതിന് ശേഷം, സ്വയം  കൂടുതൽ തിരിച്ചറിഞ്ഞതായും ഓരോ ദിവസവും രാവിലെ വ്യക്തമായ മനസ്സോടെ തുടങ്ങാൻ കഴിയുന്നുണ്ടെന്നും തോന്നുന്നു. എന്റെ വ്യക്തിത്വത്തിൽ തന്നെ ഞാൻ കൂടുതൽ ആത്മവിശ്വാസം നേടിയിരിക്കുന്നു. മദ്യം ഒരു അത്ഭുതകരമായ കാര്യമാകാം, എന്നാൽ അത് അപകടകരമായ ഒന്നുകൂടിയാണ്."-അദ്ദേഹം പറഞ്ഞു.

ചെറുപ്പക്കാർ മദ്യത്തിൽ നിന്ന് മാറുന്നതിൽ അദ്ദേഹം സന്തോഷവും പ്രകടിപ്പിച്ചു. മദ്യത്തിന് ബദലെന്ന ആശയമാണ് തന്റെ നോൺ-ആൽക്കഹോളിക് ബ്രാൻഡായ BERO ആരംഭിക്കാൻ പ്രചോദിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തന്റെ ലഹരിമുക്ത ജീവിതം സുഹൃത്തുക്കളെപ്പോലും മദ്യപാനം കുറയ്ക്കാൻ  പ്രേരിപ്പിച്ചിട്ടുണ്ട്, തലവേദനയോടെയും ഹാങ്ഓവറോടെയും ഉണരുന്നതിനു പകരം വ്യക്തമായ മനസ്സോടെയാണ് ഇപ്പോൾ ഉണരുന്നത്. മൊത്തത്തിലുള്ള ജീവിത നിലവാരം ഇത് മെച്ചപ്പെടുത്തിയെന്നും അദ്ദേഹം പറയുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Tom Holland quit alcohol in 2022 and maintains a long-term sober lifestyle., Sobriety has significantly improved his mental clarity and professional performance., Holland launched his own non-alcoholic lifestyle brand, BERO., He aims to set a positive example for young fans by promoting mindful drinking., Sobriety has positively influenced his social circle and personal well-being.