ആറ് ദിവസം കൊണ്ട് നൂറ് കോടി കടന്ന് ഡ്യൂഡ്; വിജയം തുടർന്ന് പ്രദീപും മമിതയും

ഡ്യൂഡ്
ഡ്യൂഡ്

ബോക്സ് ഓഫീസിൽ വിജയകരമായി മുന്നേറുന്ന ചിത്രമാണ്, പ്രദീപ് രംഗനാഥൻ - മമിത ബൈജു കൂട്ടുകെട്ടിൽ ദീപാവലി റിലീസിനെത്തിയ 'ഡ്യൂഡ്'. ആറ് ദിവസം കൊണ്ടാണ് ചിത്രം  100 കോടി ക്ലബ്ബിൽ ഇടം നേടിയത്. ഇതോടെ നായകനായെത്തിയ മൂന്ന് സിനിമകളും 100 ക്ലബ്ബിൽ കയറി ഹാട്രിക്ക് അടിച്ചിരിക്കുകയാണ് പ്രദീപ് രംഗനാഥൻ. ആദ്യ ദിനം വേൾഡ് വൈഡ് കളക്ഷൻ 22 കോടിയാണ് ചിത്രം നേടിയത്. തിയേറ്ററുകൾതോറും പ്രായഭേദമന്യേ പ്രേക്ഷകര്‍ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

മമിത ബൈജു നായികയായെത്തിയ ഈ റൊമാന്റിക് ആക്ഷൻ എന്റർടെയ്നർ, ഇന്ത്യയിലുടനീളം ഏഴ് ദിവസം കൊണ്ട് 56.5 കോടി രൂപ നേടിയെന്ന് സാക്നിൽക്ക് റിപ്പോർട്ട് ചെയ്തിരുന്നു. ആഗോളതലത്തിൽ, ചിത്രം നിർമ്മാതാക്കൾക്ക് വലിയ ലാഭം നേടിക്കൊടുത്തു. ചിത്രത്തിന്റെ നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് 'ഡ്യൂഡി'ന്റെ വിജയം ആഘോഷിക്കാൻ അടുത്തിടെ ഒരു വലിയ പരിപാടി തന്നെ സംഘടിപ്പിച്ചിരുന്നു.

ദീപാവലിയോടനുബന്ധിച്ച് ഒക്ടോബർ 17-നാണ്  ചിത്രം റിലീസ് ചെയ്തത്. മാരി സെൽവരാജ്-ധ്രുവ് വിക്രമിന്റെ 'ബൈസൺ', ഹരീഷ് കല്യാണിന്റെ 'ഡീസൽ' എന്നീ സിനിമകളുമായാണ് ഡ്യൂഡ് മത്സരിക്കാനെത്തിയത്. 100 കോടിയിലധികം വരുമാനം നേടി പ്രദീപിന്റെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിങ്ങായി ചിത്രം മാറി. പ്രദീപിന്റെ 'ലവ് ടുഡേ', 'ഡ്രാഗൺ' എന്നീ ചിത്രങ്ങളെയാണ് ഇതോടെ ഡ്യൂഡ് മറികടന്നത്.

മികച്ച അഭിപ്രായം നിലനിൽക്കുന്നതിനാൽ രണ്ടാം വാരത്തിലും മികച്ച കളക്ഷൻ നേടുമെന്നാണ് പ്രതീക്ഷ. ശരത്കുമാർ, രോഹിണി, നേഹ ഷെട്ടി, ഹൃദു ഹറൂൺ തുടങ്ങിയവരും ചിത്രത്തില‍ പ്രധാന വേഷം കെെകാര്യം ചെയ്യുന്നുണ്ട്. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിൽ നവീൻ യെർനേനിയും വൈ രവിശങ്കറും നിർമ്മിച്ച ഈ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് സായ് അഭ്യങ്കറാണ്. 

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: Pradeep-Ranganathan's the-Dude box-office-collections-after-a-successful-first-week.