അതിവേഗം വളരുകയാണ് നാഷണല്‍ ക്രഷ് രശ്മിക മന്ദാന. കഴിഞ്ഞ മൂന്നുവര്‍ഷത്തെ ഹിന്ദിയില്‍ ഏറ്റവുമധികം നേട്ടമുണ്ടാക്കിയ സിനിമകളില്‍ ലീഡ് സ്ത്രീകഥാപാത്രത്തെ അവതരിപ്പിച്ച രശ്മിക ബോക്സോഫീസില്‍ താരരാജ്ഞികളായ ദീപികാ പദുകോണിനെയും പ്രിയങ്കാ ചോപ്രയേയും മറികടന്നിരിക്കുകയാണ്.
കഴിഞ്ഞ 16 മാസത്തിനിടെ, രശ്മികയുടെ മൂന്നു ചിത്രങ്ങളാണ് ബ്ലോക്ക്ബസ്റ്ററുകളായത്. ആനിമല്‍, പുഷ്പ-2, ഛാവ. ഇതിനകം തന്നെ ബോക്സ് ഓഫീസില്‍ 3300 കോടിയിലധികം ഈ മൂന്നു ചിത്രങ്ങളും നേടി, 'ഛാവ' 700 കോടി പിന്നിട്ടു. കന്നഡ, തെലുങ്ക് ചിത്രങ്ങളുടെ പശ്ചാത്തലമുള്ള രശ്മിക ഹിന്ദി ബെല്‍റ്റില്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. മൂന്ന് ചിത്രങ്ങളും ഹിന്ദിയിലും കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തു. 'പുഷ്പ 2' ഹിന്ദിയില്‍ 812 കോടി നേടി, 'ആനിമല്‍' 503 കോടിയും. 'ഛാവ' ഇതിനകം 532 കോടിയുടെ നേട്ടമുണ്ടാക്കി. മൊത്തം 1850 കോടിയുടെ കളക്ഷന്‍. ഇതോടെ രശ്മിക സമീപകാലത്ത് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ബോളിവുഡ് നായികയായി.
ദീപിക പദുക്കോണ്‍ ആയിരുന്നു ബോളിവുഡ് ബോക്സ് ഓഫീസിലെ രാജ്ഞിയായി തൊട്ടുമുമ്പുവരെ അറിയപ്പെട്ടിരുന്നത്. പ്രിയങ്ക ചോപ്ര യുഎസിലേക്ക് താമസം മാറിയതിനുശേഷം വര്‍ഷങ്ങളോളം ദീപിക ഇത് കാത്തുസൂക്ഷിച്ചു. കത്രീന കൈഫും കങ്കണ റണാവത്തും ഉള്‍പ്പെടെയുള്ളവര്‍ മത്സരിച്ചെങ്കിലും ദീപികയോട് പിടിച്ചുനില്‍ക്കാനായില്ല. ആലിയ ഭട്ടും മികച്ച നേട്ടങ്ങളുണ്ടാക്കി. എന്നാൽ, കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഈ താരങ്ങള്‍ക്കൊന്നും രശ്മികയുടെ ബോക്സ് ഓഫീസിലെ വേഗതയെ മറികടക്കാനായില്ല. അതേസമയം, 2023 മുതല്‍ ഹിന്ദിയില്‍ 1800 കോടിയിലധികം വരുമാനം നേടിയ അഞ്ച് ചിത്രങ്ങളുമായി ദീപിക രശ്മികയുടെ അടുത്തുതന്നെയുണ്ട്. ഈ കാലയളവില്‍, ആലിയയുടെ സിനിമകള്‍ ഇന്ത്യയില്‍ 300 കോടിയാണ് നേടിയത്.
പുരുഷ നായകന്മാരുടെ താരമൂല്യമാണ് രശ്മികയുടെ ചിത്രങ്ങളുടെ മികച്ച വിജയത്തിന് കാരണമെന്നും ഇതൊന്നും രശ്മികയുടെ മേന്മയായി കാണാന്‍ കഴിയില്ലെന്നുമാണ് പലരും വാദിക്കുന്നത്. എന്നാല്‍ ദീപികയുടെയും കരീനയുടെയും മിക്കവാറും എല്ലാ ചിത്രങ്ങള്‍ക്കും ഇത് ബാധകമാണെന്നാണ് മറുവാദം. രശ്മികയും പ്രധാനകഥാപാത്രമാവുന്ന സല്മാന് ഖാന്റെ 'സിക്കന്ദര്‍' എന്ന ചിത്രം ഇപ്പോള്‍ റിലീസിനൊരുങ്ങുകയാണ്. ഇത് രശ്മികയുടെ ബോക്സ് ഓഫീസ് കളക്ഷന്‍ കൂടുതല്‍ വര്‍ധിപ്പിക്കുമെന്നാണ് കരുതുന്നത്. 28-കാരിയായ രശ്മികയ്ക്ക് വേറെയും കൈനിറയെ ചിത്രങ്ങളുണ്ട്.
Content Highlights: bollywood's box office queen rashmika mandanna beat deepika padukone
Published: 13 Mar 2025, 02:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented