രാത്രി മുഴുവൻ പുത്തഞ്ചേരി വരികൾ തിരുത്തി, ആ വരികൾക്കൊപ്പം വിദ്യാസാഗർ സ്വന്തം ട്യൂണ്‍തന്നെ മാറ്റി

പാതിരായ്ക്കൊരു ഫോണ്‍കോള്‍. ടി.എ. റസാക്കാണ്. കൂട്ടുകാരുടെ പ്രിയപ്പെട്ട കുഞ്ഞാപ്പു. കാലത്ത് പത്രത്തില്‍ അച്ചടിച്ചുവന്ന ഗിരീഷ് പുത്തഞ്ചേരി അനുസ്മരണം വായിച്ചു വിളിക്കുകയാണ് അദ്ദേഹം. ഉറക്കച്ചടവും വികാരാധിക്യവും പ്രണയവും ലഹരിയും ഇടകലര്‍ന്ന ശബ്ദത്തില്‍ ഫോണിലൂടെ കുഞ്ഞാപ്പു പാടുന്നു: 'പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടികടന്നെത്തുന്ന പദനിസ്വനം...' എന്റെ പ്രണയത്തിനുവേണ്ടി പുത്തനെഴുതിയ പാട്ടാണ്. അവന്റെ ഏറ്റവും മികച്ച പാട്ട്...
അദ്ഭുതം തോന്നി. അതെങ്ങനെ? കമലിന്റെ 'കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്' (1997) എന്ന ചിത്രത്തിനുവേണ്ടി ഗിരീഷിനൊപ്പം ആ ഗാനം സൃഷ്ടിച്ച കഥ സംഗീതസംവിധായകന്‍ വിദ്യാസാഗര്‍ വിവരിച്ചുകേട്ടിട്ടുണ്ട്. ഈണത്തിനൊത്ത് പിറന്ന വരികളില്‍ തൃപ്തനാകാതെ ഗിരീഷ് പിന്നെയും പിന്നെയും പാട്ട് മാറ്റിയെഴുതിക്കൊണ്ടിരുന്ന അപൂര്‍വം രാവുകളിലൊന്ന്. ഒടുവില്‍ ഗിരീഷിന്റെ രചനാഭംഗിക്ക് പോറലേല്‍ക്കാതിരിക്കാന്‍വേണ്ടി സ്വന്തം ട്യൂണ്‍തന്നെ മാറ്റിക്കളയുന്നു വിദ്യ. അങ്ങനെ പിറന്നതാണ് മലയാളത്തിലെ എക്കാലത്തെയും ഉദാത്തമായ പ്രണയഗീതികളില്‍ ഒന്ന്.
''ശരിയാകാം... പക്ഷേ, ആ വരികള്‍ ആദ്യം കേട്ടതും ആസ്വദിച്ചതും ഞാനും എന്റെ കൂട്ടുകാരിയുമാണ്. സിനിമയില്‍ അത് പാട്ടായി വരുന്നതിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ്.'' റസാക്ക് പൊട്ടിച്ചിരിക്കുന്നു. ''കാലിക്കറ്റ് ടവര്‍ ഹോട്ടലില്‍ ഏതോ പടത്തിന്റെ എഴുത്തുജോലികളുമായി ഞാന്‍ താമസിക്കുന്ന സമയം. ഒരു നാള്‍ ഗിരീഷ് മുറിയില്‍ കയറിവന്നു. അപ്രതീക്ഷിതമായ ഒരു രംഗപ്രവേശം. വന്നതും മേശപ്പുറത്തെ കടലാസുകെട്ടില്‍നിന്ന് ഒരെണ്ണം വലിച്ചെടുത്ത്, കട്ടിലില്‍ കമിഴ്ന്നുകിടന്ന് എഴുതാന്‍ തുടങ്ങുന്നു അവന്‍. നിമിഷങ്ങള്‍ക്കുള്ളില്‍ എഴുതിത്തീര്‍ത്ത കവിത എന്റെ നേരെ നീട്ടി അവന്‍ പറഞ്ഞു: ''ഇത് നിനക്കല്ല, നിന്റെ പ്രണയിനിക്കുള്ളതാണ്...''
വായിച്ചുനോക്കി. അവിശ്വസനീയം. എത്ര കാല്പനികമായ വരികള്‍. ''പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടികടന്നെത്തുന്ന പദനിസ്വനം, പിന്നെയും പിന്നെയും ആരോ നിലാവത്ത് പൊന്‍വേണുവൂതുന്ന മൃദുമന്ത്രണം...'' പൊടുന്നനെ എന്റെ കൈയില്‍നിന്ന് കടലാസ് തട്ടിപ്പറിച്ചുവാങ്ങി ഗിരീഷ് പറഞ്ഞു: ''ഫോണില്‍ ഷാഹിദയെ വിളിച്ചുതാ. അവളെ കേള്‍പ്പിക്കട്ടെ ആദ്യം.'' കവിത മുഴുവന്‍ ഫോണിലൂടെ ഷാഹിദയെ പാടിക്കേള്‍പ്പിച്ച ശേഷമാണ് അവന്‍ യാത്രപറഞ്ഞത്. പിന്നീട്, ഏറെക്കാലത്തിനുശേഷം 'കൃഷ്ണഗുഡി'യുടെ കമ്പോസിങ് വേളയില്‍ അപ്രതീക്ഷിതമായി ഗിരീഷിന്റെ ഫോണ്‍: ''ഞാന്‍ ആ കവിത പുതിയ പടത്തില്‍ ഉപയോഗിക്കുകയാണ്. വിരോധമില്ലല്ലോ?'' എനിക്കെന്ത് വിരോധം.
ചെന്നൈയിലെ ഒരു ഹോട്ടല്‍മുറിയില്‍ ആ ഗാനം ജനിച്ചുവീണ നിമിഷങ്ങള്‍ കമലും ഹൃദയത്തോട് ചേര്‍ത്തുവെക്കുന്നു. ആ രാത്രി 'കൃഷ്ണഗുഡി'യുടെ കഥ വിവരിച്ചുകൊടുത്തപ്പോള്‍ ഒരു കടലാസെടുത്ത് രണ്ടു വരി എഴുതി എനിക്ക് നീട്ടി അവന്‍: ''ആരും കൊതിക്കുന്നൊരാള്‍ വന്നുചേരുമെന്നാരോ സ്വകാര്യം പറഞ്ഞതാണോ...'' അദ്ഭുതം. സിനിമയുടെ കഥ മുഴുവന്‍ ചിമിഴിലെന്നോണം ഒതുക്കിവെച്ചിരിക്കുന്നു ആ വരികളില്‍.
പക്ഷേ, ഗിരീഷിന് തൃപ്തി പോരാ. കടലാസ് തിരികെ വാങ്ങി അവന്‍ പറഞ്ഞു: ''വേണ്ട, ഇത് പാട്ടിന്റെ ചരണമാക്കാം. പല്ലവി മാറ്റിയെഴുതട്ടെ...'' പക്ഷേ, ഒരു പ്രശ്നം. എഴുതിയ വരികളൊന്നും വിദ്യയുടെ ഈണത്തിന്റെ സ്‌കെയിലില്‍ ഒതുങ്ങുന്നില്ല. ''ഇനി നമുക്കൊന്ന് മാറ്റിപ്പിടിച്ചുനോക്കിയാലോ?'' കഥ തുടര്‍ന്നുപോയപ്പോള്‍ വിദ്യാസാഗര്‍ പറഞ്ഞു. ''ആദ്യം കവിത വരട്ടെ. ട്യൂണിട്ട് നോക്കാം.'' അക്ഷരങ്ങളെ സ്നേഹിക്കുന്ന, നല്ലൊരു കവികൂടിയായ സംഗീതസംവിധായകന് അങ്ങനെയല്ലേ പറയാനാകൂ?
ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ വിദ്യാസാഗറിന്റെ ഹാര്‍മോണിയത്തെ സാക്ഷിയാക്കി ഗിരീഷ് പാട്ടെഴുതി പൂര്‍ത്തിയാക്കുന്നു. വിദ്യയുടെ ഈണം പിറകെ വന്നു. ഒരൊറ്റ മണിക്കൂറില്‍ പാട്ട് തയ്യാര്‍. ''വരികള്‍ വായിച്ചുകേട്ടപ്പോഴേ എന്റെ മനസ്സില്‍ ഈണവും പിറന്നിരുന്നു. പദനിസ്വനംപോലും കേള്‍പ്പിക്കാതെ കടന്നുവരികയായിരുന്നു അത്. ഇന്നും ആ പാട്ട് കേള്‍ക്കുമ്പോള്‍ ഗിരീഷിനെ ഓര്‍മവരും. എന്റെ കണ്ണുകള്‍ നിറയും.''- വിദ്യാസാഗര്‍.
''ഗാനസൃഷ്ടി കഴിഞ്ഞയുടന്‍ ഞാന്‍ ഗിരീഷിനോട് പറഞ്ഞിരുന്നു, ഈ പാട്ട് നിനക്ക് അവാര്‍ഡ് നേടിത്തരുമെന്ന്.'' വിദ്യാസാഗര്‍ ഓര്‍ക്കുന്നു. ''അതുപോലെതന്നെ സംഭവിച്ചു. ആ വര്‍ഷത്തെ മികച്ച ഗാനരചയിതാവിനുള്ള ബഹുമതി ഗിരീഷിന് നേടിക്കൊടുത്തത് ഈ പാട്ടായിരുന്നു.''
വാക്കുകളെ സംഗീതംകൊണ്ട് മുറിവേല്‍പ്പിക്കുന്നതിന് അന്നുമിന്നും എതിരാണ് വിദ്യാസാഗര്‍. ''മലയാളം അറിയില്ലെങ്കില്‍പോലും വരികള്‍ ഒരുതവണ വായിച്ചുകേട്ടാല്‍ എനിക്ക് അര്‍ഥം പിടികിട്ടും. അധികമാരും അറിയാത്ത മറ്റൊരു കാര്യംകൂടി പറയാം. തമിഴില്‍ ധാരാളം കവിതകള്‍ എഴുതിയിട്ടുണ്ട് ഞാന്‍. പഠിക്കുന്ന കാലത്ത് തമിഴ് ഭാഷാ പരീക്ഷയില്‍ സംസ്ഥാനത്ത് രണ്ടാം റാങ്ക് നേടിയിട്ടുമുണ്ട്. സാഹിത്യത്തോടുള്ള ഈ ആത്മബന്ധംതന്നെയാണ് ഭാഷയെ നിന്ദിക്കരുതെന്ന വിശ്വാസത്തിന് പിന്നിലും.''
കമലിന്റെതന്നെ 'അഴകിയ രാവണ'നിലൂടെയാണ് മലയാളത്തില്‍ വിദ്യാസാഗറിന്റെ അരങ്ങേറ്റം. കമ്പോസിങ് തുടങ്ങുംമുന്‍പ് സംഗീതസംവിധായകന്‍ സംവിധായകനോട് പറഞ്ഞു: ''സര്‍, ഞാന്‍ ഉണ്ടാക്കുന്ന ട്യൂണ്‍ നിങ്ങള്‍ക്ക് കേട്ടമാത്രയില്‍ത്തന്നെ ഇഷ്ടപ്പെടുകയാണെങ്കില്‍ അത് നിര്‍ദയം തള്ളിക്കളയുക. മറിച്ച്, ആദ്യം കേള്‍ക്കുമ്പോള്‍ ആശയക്കുഴപ്പം തോന്നുകയും പതുക്കെ മനസ്സില്‍ കയറിപ്പറ്റുകയും ചെയ്യുന്ന ട്യൂണ്‍ ആണെങ്കില്‍ മാത്രം അത് ഓക്കേ ചെയ്യുക.'' തലതിരിഞ്ഞ സിദ്ധാന്തമായി തോന്നിയിരിക്കണം കമലിന്.
''പക്ഷേ എന്റെ കാഴ്ചപ്പാട് വ്യത്യസ്തമായിരുന്നു. ട്യൂണ്‍ ആദ്യ കേള്‍വിയില്‍ത്തന്നെ ഇഷ്ടപ്പെടുകയാണെങ്കില്‍ അതിനര്‍ഥം നിങ്ങള്‍ മുന്‍പ് കേട്ട ഏതോ പാട്ടിന്റെ അംശം അതില്‍ മറഞ്ഞുകിടപ്പുണ്ട് എന്നാണ്. അത്തരം ഈണങ്ങള്‍ അല്പായുസ്സുകളാണ്. പതുക്കെ മനസ്സില്‍ പിടിച്ചുകയറുന്ന ഈണങ്ങളാണ് കാലത്തെ അതിജീവിക്കുക.''
മലയാളത്തില്‍ വിദ്യാസാഗര്‍ ഏറ്റവുമധികം ഗാനങ്ങള്‍ ഒരുക്കിയത് ഗിരീഷിനൊപ്പമാണ്. ''അപൂര്‍വമായ ഒരു രസതന്ത്രം ഉണ്ടായിരുന്നു ഞങ്ങള്‍ക്കിടയില്‍. എന്റെ മനസ്സിലുള്ളത് ഗിരീഷിനും ഗിരീഷിന്റെ മനസ്സിലുള്ളത് എനിക്കും എളുപ്പം പിടികിട്ടും. 'സമ്മര്‍ ഇന്‍ ബത്ലഹേമി'ല്‍ നേരത്തെ ചെയ്തുവെച്ച ഒരീണം അടിയന്തരമായി മാറ്റിച്ചെയ്യണമെന്ന് സംവിധായകന്‍ സിബി മലയില്‍ പറയുന്നു. പുതിയ സിറ്റുവേഷന്‍ ഹാസ്യപ്രധാനമാണ്. ഗിരീഷിനെ അങ്ങോട്ടയയ്ക്കുന്നുവെന്നും ഒന്നിച്ചിരുന്ന് ഉടന്‍ പാട്ടുണ്ടാക്കിക്കൊള്ളണം എന്നുമാണ് നിര്‍ദേശം.
ഗിരീഷ് എത്തിയിട്ടും മനസ്സിലെ ശൂന്യത നീങ്ങുന്നില്ല. എത്ര ശ്രമിച്ചിട്ടും ഈണങ്ങള്‍ വരാതായപ്പോള്‍ ഞാന്‍ ഇഷ്ടദേവനായ പരമശിവനെ മനസ്സില്‍ ധ്യാനിച്ച് അറിയാതെ 'ശംഭോ' എന്ന് ഉരുവിട്ടുപോയി. മന്ത്രണം മാത്രമായിരുന്നെങ്കിലും ഗിരീഷ് അത് ശ്രദ്ധിച്ചു. 'ശംഭോ' എന്ന വാക്കുവെച്ച് പാട്ടുണ്ടാക്കിയാലോ എന്ന ചിന്ത മിന്നായംപോലെ ഞങ്ങളുടെ രണ്ടുപേരുടെയും മനസ്സില്‍ കടന്നുവന്നത് ആ നിമിഷമാണ്. ഇരുന്ന ഇരിപ്പില്‍ 'കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ' എന്ന പാട്ട് കംപോസ് ചെയ്ത് ഫോണിലൂടെ പാടിക്കേള്‍പ്പിച്ചപ്പോള്‍ ആഹ്ലാദത്തോടെ സിബി പറഞ്ഞു: 'മതി, ഇതാണ് നമുക്ക് വേണ്ട പാട്ട്.'
ആഗ്രഹിച്ച ഗാനം കൈക്കുമ്പിളില്‍ ഒതുങ്ങിയതിന്റെ ആഹ്ലാദം മറച്ചുവെച്ചില്ല ഗിരീഷ്. ആഘോഷമായിരുന്നു പിന്നെ. മതിമറന്നുള്ള ആ ആഘോഷത്തിനിടെ അതേ ചിത്രത്തിലെ മറ്റൊരു ഗാനം കൂടി പിറന്നുവീഴുന്നു; 'ഒരു രാത്രി കൂടി വിടവാങ്ങവേ...' എന്ന വിരഹാര്‍ദ്ര പ്രണയഗീതം. 'പുലരാന്‍ തുടങ്ങുമൊരു രാത്രിയില്‍ തനിയേ കിടന്നു മിഴിവാര്‍ക്കവേ ഒരു നേര്‍ത്ത തെന്നലലിവോടെ വന്നു നെറുകില്‍ തലോടി മാഞ്ഞുവോ...?' ട്യൂണിനൊത്ത് ഗിരീഷ് കുറിച്ച വരികള്‍. നെറുകില്‍ തലോടി മാഞ്ഞുപോയ ആ ഇളംതെന്നലാണ് വിദ്യയുടെ ഓര്‍മയിലെ ഗിരീഷ്.
Content Highlights: The backstory of songs in the film summer in bethlehem