‘തമിഴ്നാട്ടിലെ ശക്തരായ ആ പുരുഷന്മാർ’ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നുവെന്ന് ചിന്മയി

ചെന്നൈ: മീ ടൂ ആരോപണങ്ങളുടെ തുടക്കകാലത്ത്, 2018-ൽ തമിഴ് ഗാനരചയിതാവ് വൈരമുത്തുവിനെതിരെ രംഗത്തുവന്ന വ്യക്തിയാണ് ഗായിക ചിന്മയി ശ്രീപാദ. 2005-ൽ സംഗീതപരിപാടിക്കായി സ്വിറ്റ്സർലൻഡിലെത്തിയപ്പോൾ അവിടെവെച്ച് വൈരമുത്തു തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്ന് ചിന്മയി അന്ന് വെളിപ്പെടുത്തി. തമിഴ് സിനിമാലോകത്തെ ഞെട്ടിച്ച വെളിപ്പെടുത്തൽ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. പിന്നാലെ ആരോപണങ്ങളിൽ കഴമ്പില്ലെന്നും താൻ തെറ്റുകാരനല്ലെന്നും അവകാശപ്പെട്ട് വൈരമുത്തു രംഗത്തെത്തുകയും ചെയ്തു.
എന്നാലിപ്പോൾ വൈരമുത്തുവിന്റെ ഏറ്റവും പുതിയ പുസ്തകമായ 'മഹാകവിതൈ'യുടെ പ്രകാശന ചടങ്ങിന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, നടൻ കമൽഹാസൻ, കോൺഗ്രസ് നേതാവ് പി. ചിദംബരം എന്നിവരെത്തിയത് വിവാദമായിരിക്കുകയാണ്. ചടങ്ങിന്റെ വീഡിയോ സ്റ്റാലിൻ കഴിഞ്ഞദിവസം പങ്കിടുകയും ചെയ്തിരുന്നു.
ഇതിനെതിരേ വിമർശനവുമായെത്തിയിരിക്കുകയാണ് ചിന്മയി ശ്രീപാദ. വൈരമുത്തുവിനൊപ്പം മൂന്നുപേരും വേദിയിൽ നിൽക്കുന്ന ചിത്രം എക്സിൽ പങ്കുവെച്ചുകൊണ്ടായിരുന്നു ഗായികയുടെ വിമർശനം. ‘തമിഴ്നാട്ടിലെ ശക്തരായ ചില പുരുഷന്മാർ തന്നെ പീഡിപ്പിച്ചയാളെ ഉയർത്തിക്കാട്ടുന്നു’വെന്ന് ചിന്മയി ആരോപിച്ചു.
'വിലക്കുകൾ മൂലം കരിയറിൽ തനിക്ക് വർഷങ്ങൾ നഷ്ടമായി. കാര്യങ്ങൾ തുറന്നുപറയുന്ന സത്യസന്ധരായ ആളുകളെ തടവിലാക്കുകയും ലൈംഗിക കുറ്റവാളികളെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന മുഴുവൻ സംവിധാനങ്ങളും ഈ നിമിഷം മുതൽ നശിക്കട്ടെ, എന്റെ ആഗ്രഹം സഫലമാകുന്നതുവരെ ഞാൻ പ്രാർഥിക്കും, അതല്ലാതെ എനിക്ക് മറ്റൊന്നും ചെയ്യാൻ കഴിയില്ല’-ചിന്മയി എക്സിൽ കുറിച്ചു.
Content Highlights: tamil singer chinmayi sripaada vairamuthu stalin kamal haasan