‘നായകനാണ് നായികയെ തീരുമാനിക്കുന്നത്; നിലപാടുകൾകൊണ്ട് അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടാകാം’

ഹിന്ദി സിനിമയിലെ ജനപ്രിയ താരങ്ങളിലൊരാളാണ് താപ്സി പന്നു. സ്വന്തം നിലപാടുകൾ തുറന്നു പറയുന്നതിൽ അവർക്ക് യാതൊരു മടിയുമില്ല. എന്നാൽ, ഈ തുറന്നുപറച്ചിൽ കാരണം താപ്സിക്ക് എപ്പോഴെങ്കിലും സിനിമാ അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടോ? 'ദി റൈറ്റ് ആംഗിൾ വിത്ത് സോണൽ കാൽറ' എന്ന പരിപാടിയുടെ പുതിയ എപ്പിസോഡിൽ താപ്സി ഇതിനെക്കുറിച്ച് മനസ്സ് തുറന്നു സംസാരിക്കുകയുണ്ടായി.
നിങ്ങൾ വളരെ തുറന്നു സംസാരിക്കുന്ന ആളായതുകൊണ്ട് എപ്പോഴെങ്കിലും അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടോ? എന്ന ചോദ്യത്തിന് താപ്സി നൽകിയ മറുപടി ഇങ്ങനെയായിരുന്നു: "എനിക്ക് നേരിട്ടൊരിക്കലും ഇതിനെക്കുറിച്ച് അറിവ് ലഭിച്ചിട്ടില്ല. ചിലപ്പോൾ സംഭവിച്ചിട്ടുണ്ടാകാം, പക്ഷെ അത് എന്നിലേക്ക് എത്തിയിട്ടുണ്ടാവില്ല. 'അവളുടെ കൂടെ ജോലി ചെയ്യാൻ താല്പര്യമില്ല' എന്ന് ആരെങ്കിലും തീരുമാനിച്ചാൽ അത് എന്നെ അറിയിക്കണമെന്നില്ലല്ലോ."
നായകൻമാർക്ക് സിനിമയിലെ കാസ്റ്റിങ്ങിലുള്ള സ്വാധീനത്തെക്കുറിച്ചും താരം തുറന്നു പറഞ്ഞു. "മിക്ക സിനിമകളിലും നായകനാണ് നായികയെ തീരുമാനിക്കുന്നത്. വലിയ സ്റ്റാർ ഡയറക്ടർമാർക്ക് മാത്രമേ സ്വന്തം ഇഷ്ടപ്രകാരം ആളെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പലപ്പോഴും ലഭിക്കാറുള്ളൂ. ഉദാഹരണത്തിന്, രാജു സാർ (രാജ്കുമാർ ഹിറാനി) എന്നെ 'ഡങ്കി'യിൽ കാസ്റ്റ് ചെയ്യാൻ ആഗ്രഹിച്ചതുകൊണ്ടാണ് ഞാൻ ആ സിനിമയുടെ ഭാഗമായത്. സാധാരണയായി ഷാരൂഖ് ഖാന്റെ നായികയായി എന്നെ ആരും പ്രതീക്ഷിക്കാത്തതുകൊണ്ട് അത് പലർക്കും വലിയൊരു അത്ഭുതമായിരുന്നു. പക്ഷെ, സംവിധായകന് എന്നെ വേണമെന്നുണ്ടായിരുന്നു, അതുകൊണ്ട് അത് നടന്നു."
താൻ കൂടെ ജോലി ചെയ്യാൻ ബുദ്ധിമുട്ടുള്ള ആളാണെന്നുള്ള പ്രചാരണത്തെ താപ്സി നിഷേധിച്ചു. "ഞാൻ സെറ്റിൽ പെരുമാറാൻ ബുദ്ധിമുട്ടുള്ള ഒരാളാണെന്ന് ചിലപ്പോൾ കേൾക്കാറുണ്ട്. എന്നാൽ എന്റെ ഫിലിമോഗ്രഫി നോക്കിയാൽ മനസ്സിലാകും, എന്നോടൊപ്പം ജോലി ചെയ്ത സംവിധായകർ തന്നെ എന്നെ വീണ്ടും സിനിമകളിൽ വിളിക്കാറുണ്ട്. ജോലിസ്ഥലത്ത് പ്രശ്നമുണ്ടാക്കുന്ന ഒരാളെ ആരും വീണ്ടും വിളിക്കില്ലല്ലോ. എന്നെ നേരിട്ട് അറിയാത്തവരാണ് ഇത്തരം കാര്യങ്ങൾ പറയുന്നത്. ഞാൻ അത്ര സാമൂഹികമായി ഇടപെടുന്ന ആളല്ലാത്തതുകൊണ്ട്, എന്റെ ജോലി തന്നെ സംസാരിക്കട്ടെ എന്ന് ഞാൻ വിചാരിക്കുന്നു. കുറച്ചുകൂടി കടുപ്പമുള്ള വഴിയാണെങ്കിലും, അതാണ് എനിക്ക് കൂടുതൽ സമാധാനം നൽകുന്നത്" അവർ കൂട്ടിച്ചേർത്തു.
അനുഭവ് സിൻഹ സംവിധാനം ചെയ്ത താപ്സിയുടെ പുതിയ കോർട്ട്റൂം ഡ്രാമ ചിത്രം 'അസി' (Assi) ഫെബ്രുവരി 20-ന് തീയറ്ററുകളിൽ എത്തിക്കഴിഞ്ഞു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Taapsee Pannu discusses the significant influence male actors have on casting female leads., She addresses whether her outspoken nature has led to lost film opportunities., Her casting in 'Dunki' is cited as an exception due to director Rajkumar Hirani's choice., Taapsee refutes rumors of being 'difficult to work with' by highlighting repeat collaborations with directors.