ടേബിള്‍ മാനേഴ്സ് അറിയില്ലായിരുന്നെന്ന് സുസ്മിത സെന്‍, മിസ് യൂണിവേഴ്സ് വിരുന്നില്‍ കുഴങ്ങിയെന്നും

വ്യക്തിപരവും തൊഴില്‍പരവുമായ യാഥാര്‍ഥ്യങ്ങള്‍ തുറന്നുപറയാന്‍ മടിയില്ലാത്തയാളാണ് മുന്‍ മിസ് യൂണിവേഴ്സ് സുസ്മിത സെന്‍. തന്റെ ഹൃദ്രോഗത്തെപ്പറ്റിയും മറവിരോഗത്തെപ്പറ്റിയും പലപ്പോഴായി അവര്‍ തുറന്നുപറഞ്ഞിട്ടുണ്ട്. കേളി ടെയ്ല്സിന് നല്കിയ അഭിമുഖത്തില്‍ 29 വര്‍ഷം മുമ്പ് താന്‍ കടന്നുപോയൊരു കടമ്പയെപ്പറ്റി വെളിപ്പെടുത്തിയിരിക്കുകയാണ് അവരിപ്പോള്‍. ടേബിള്‍ മാനേഴ്സിനെക്കുറിച്ച് വേണ്ടത്ര വശമില്ലാത്തത് മിസ് യൂണിവേഴ്സ് വിരുന്നില്‍ തന്നെ കുഴക്കിയെന്നാണവര് തുറന്നുപറഞ്ഞത്. 1994-ലാണ് മിസ് യൂണിവേഴ്സ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയായി സുസ്മിത ചരിത്രം കുറിച്ചത്.
മിസ് യൂണിവേഴ്സ് പട്ടം കിട്ടുന്നതിനുമുമ്പ് താന്‍ ടേബിള്‍ മാനേഴ്സ് പഠിച്ചിരുന്നില്ലെന്ന് സുസ്മിത പറയുന്നു. 'വിജയിയായശേഷം അവരെന്നെ മെക്സിക്കോ സിറ്റിയില്‍ വിരുന്നിനയച്ചു. എനിക്കന്ന് 18 വയസ്സാണ്, ഇംഗ്ലീഷ് സംസാരിക്കാന്‍ ഇത്തിരി പ്രയാസം. രണ്ടും കൂടി വല്ലാത്തൊരു അവസ്ഥയിലായിരുന്നു ഞാന്‍. വിരുന്നിന് വലതുവശത്തിരുന്നത് എന്റെ ട്രാവല്‍ മാനേജര്‍ ബാര്‍ബറയാണ്, ബാര്ബറയൊഴിച്ചാല് മേശയ്ക്കുചുറ്റുമിരിക്കുന്ന 20 പേരും പുരുഷന്മാരും. എനിക്ക് നന്നായി വിശക്കുന്നുണ്ടായിരുന്നു. ഞാനത് ബാര്ബറയോടു പറഞ്ഞു, നിങ്ങളാണ് മുഖ്യാതിഥിയെന്നും നിങ്ങളാണ് തുടങ്ങേണ്ടതെന്നും ബാര്‍ബറ എന്നോടു മറുപടി പറഞ്ഞു.'
'എനിക്ക് സ്വയം വളരെ മോശമായി തോന്നി, അങ്ങനെയൊന്ന് ജീവിതത്തില്‍ വീണ്ടും അനുഭവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. മെക്സിക്കോയിലെ ടൂറിസം മന്ത്രിയായിരുന്നു തന്റെ ഇടതുവശത്ത്. അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദേശത്തിലാണ് പിന്നീട് സെവന് കോഴ്സ് ഡിന്നറിലേക്ക് കടന്നതെ'ന്നും അവര്‍ പറയുന്നു. 'ഞാന്‍ പഠിച്ച ഒരു കാര്യമിതാണ്, വീട്ടില്‍ നിന്ന് നന്നായി ഭക്ഷണം കഴിച്ചശേഷമേ ഔദ്യോഗിക അത്താഴത്തിന് പോകാവൂ, അങ്ങനെയാണെങ്കില്‍ അവിടെ നിന്ന് ഭക്ഷണം കഴിക്കണമെന്ന് നിങ്ങള്‍ക്ക് തോന്നില്ല, 'ഇനി വേണ്ട, നന്ദി' എന്ന് തലയുയര്‍ത്തി പറയുകയും ചെയ്യാം. നിങ്ങള്‍ കര്‍ശനമായ ഭക്ഷണക്രമം പിന്തുടരുന്നുവെന്ന് അവര്‍ അനുമാനിച്ചുകൊള്ളും'.
മധ്യവര്‍ഗകുടുംബമായിരുന്നു തന്റേതെന്നും ഫിനാലെയ്ക്കുവേണ്ടി നാല് വ്യത്യസ്ത ഡിസൈനര്‍ വസ്ത്രങ്ങള്‍ വാങ്ങാന്‍ പണമില്ലാത്തതിനാല്‍ ഒരു പ്രാദേശിക തയ്യല്ക്കാരന് തുന്നിത്തന്നതായിരുന്നു തന്റെ വസ്ത്രമെന്നും അവര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
Content Highlights: sushmita sen on not knowing table manners at miss universe dinner