ചെറുപ്പത്തിൽ കാലുകളെ വെറുത്തിരുന്നു, മാംസം കഴിക്കാറില്ല; ബോഡി പോസിറ്റിവിറ്റിയെയും ഭക്ഷണത്തെയും കുറിച്ച് സണ്ണിലിയോൺ

സണ്ണി ലിയോൺ/ ഇൻസ്റ്റഗ്രാം(sunnyleone)
സണ്ണി ലിയോൺ/ ഇൻസ്റ്റഗ്രാം(sunnyleone)

ഇന്ത്യയിൽ ഒരുപാട് ആരാധകരുള്ള നടിയാണ് സണ്ണി ലിയോൺ. ശരീരത്തെക്കുറിച്ചുള്ള ആത്മവിശ്വാസം നേടിയെടുക്കുക എളുപ്പമല്ലെന്ന് സമ്മതിക്കുന്ന ചുരുക്കം ചിലരിൽ ഒരാളാണ് സണ്ണി ലിയോൺ. ഒരുകാലത്ത് മറച്ചുവെക്കാൻ ശ്രമിച്ചതും പിന്നീട് സ്വയം സ്നേഹിക്കാൻ പഠിച്ചതുമായ  അപകർഷതാബോധങ്ങളെ ക്കുറിച്ച്  അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ സണ്ണി ലിയോൺ തുറന്നുപറഞ്ഞു.

‘ചെറുപ്പത്തിൽ ഞാൻ എന്റെ കാലുകളെ വെറുത്തിരുന്നു. ഭൂരിഭാഗവും വെള്ളക്കാർ പഠിക്കുന്ന സ്കൂളിൽ പോയിരുന്ന ഞാൻ, എന്റെ കാലുകൾ കാണിക്കുന്നത് വെറുത്തിരുന്നു. ഇരുനിറമുള്ള ഒരു ഇന്ത്യൻ പെൺകുട്ടിയായിരുന്നത് കൊണ്ടാണതെന്ന് ഞാൻ കരുതുന്നു. എനിക്ക് ഇരുണ്ട, കട്ടിയുള്ള പഞ്ചാബി മുടിയായിരുന്നു.’ 

കാലവും അനുഭവവും തന്റെ കാഴ്ചപ്പാടിനെ മാറ്റിയെന്നും പ്രായമായപ്പോൾ അത് അത്ര മോശമല്ലെന്ന് താൻ തിരിച്ചറിഞ്ഞുവെന്നും താരം കൂട്ടിച്ചേർത്തു.

‘പ്രായം കൂടിയപ്പോൾ എനിക്ക് മനസ്സിലായി, 'ഹേയ്, ഇത് അത്ര മോശമൊന്നുമല്ല' എന്ന്. ഷോർട്ട്സും ചെറിയ പാവാടയുമൊക്കെ ധരിക്കുന്നത് ഞാനിപ്പോൾ ശരിക്കും ആസ്വദിക്കുന്നുണ്ട്. അതായിരുന്നു ഞാൻ തീർച്ചയായും മറച്ചുവെച്ചിരുന്ന ഒരു കാര്യം. എന്നാൽ ഇപ്പോൾ അങ്ങനെയല്ല. എന്റെ ശരീരത്തെക്കുറിച്ച് എനിക്കിപ്പോൾ നല്ല ആത്മവിശ്വാസമുണ്ട്’. തന്റെ പ്രശസ്ത ഗാനങ്ങളായ 'ബേബി ഡോൾ', 'പിങ്ക് ലിപ്‌സ്' എന്നിവയിൽ തന്റെ കാലുകൾ സണ്ണി ആത്മവിശ്വാസത്തോടെ പ്രദർശിപ്പിച്ചിരുന്നു. 

ചർമ്മത്തിന്റെ ആരോഗ്യവും ആത്മവിശ്വാസവും നിലനിർത്താൻ കോസ്മെറ്റിക് ചികിത്സകൾ ഉപയോഗിക്കുന്നതിനെക്കുറിച്ചും സണ്ണി തുറന്നുപറയുകയുണ്ടായി.

‘പ്രായത്തെ ചെറുക്കുന്ന കാര്യത്തിൽ, മിക്ക ആളുകളും എപ്പോഴും കാലവുമായി മത്സരിക്കാനാണ് ശ്രമിക്കുന്നത്. പ്രായമാകുമ്പോൾ നിങ്ങൾ കണ്ണാടിയിൽ നോക്കുമ്പോൾ, കാണുന്ന രൂപം നിങ്ങൾക്ക് ഇഷ്ടപ്പെടുന്നുണ്ടോ എന്നതാണ് കാര്യം. നിങ്ങൾക്ക് എന്തെങ്കിലും മാറ്റണമെന്നുണ്ടെങ്കിൽ, അത് മാറ്റണമെന്നാണ് ഞാൻ കരുതുന്നത്. നിങ്ങൾക്ക് സന്തോഷം നൽകുന്ന എന്തെങ്കിലും ആണെങ്കിൽ - അത് കുത്തിവയ്പ്പുകളോ, ഫില്ലറുകളോ, ലേസറുകളോ,  മുറിക്കുന്നതോ, തുന്നിച്ചേർക്കുന്നതോ ആകട്ടെ, നിങ്ങൾക്ക് സന്തോഷം നൽകുന്നതെന്താണോ അത് തീർച്ചയായും ചെയ്യണം.’

ശരിയായ ഡോക്ടറുടെ അടുത്ത് നിന്ന് ചികിത്സ തേടിയില്ലെങ്കില്‍ പരിണിതഫലം ഭയാനകമാകുമെന്നും അത് ശരിയാക്കാൻ ഒരുപാട് സമയമെടുക്കുമെന്ന് സ്വന്തം അനുഭവത്തില്‍ നിന്ന് പഠിച്ചിട്ടുണ്ടെന്നും സണ്ണി ലിയോൺ വ്യക്തമാക്കി

തന്റെ നാല്പത്തിനാലാം വയസ്സിലും ആരോഗ്യകരമായ ഭക്ഷണക്രമവും ചർമ്മസംരക്ഷണ ശീലങ്ങളും കൊണ്ട് സണ്ണി ചർമ്മസൗന്ദര്യം പരിപാലിക്കുന്നുണ്ട്. മാംസ ഉൽപ്പന്നങ്ങളിലടങ്ങിയ ഹോർമോണുകളുടെയും പ്രിസർവേറ്റീവുകളുടെയും അളവ് തനിക്ക് നല്ലതല്ലെന്നും മാംസം കഴിക്കാറില്ലെന്നും സണ്ണി തുറന്നുപറഞ്ഞിരുന്നു. പീപ്പിൾ ഫോർ എത്തിക്കൾ ട്രീറ്റ്മെന്റ് ഓഫ് ആനിമൽസിന്റെ (PETA) പിന്തുണയ്ക്കുന്ന താരം കൂടിയാണ് സണ്ണി ലിയോൺ.

‘വൃത്തിയുള്ളതും ആരോഗ്യകരവുമായ ഭക്ഷണം കഴിക്കാൻ ഞാൻ പരമാവധി ശ്രമിക്കുന്നു. നിങ്ങൾ ശരീരത്തിനുള്ളിലേക്ക് എടുക്കുന്ന ചില കാര്യങ്ങൾ തീർച്ചയായും പുറമേ പ്രകടമാകും. നല്ല ഭക്ഷണം കഴിക്കുന്നതും വ്യായാമം ചെയ്യുന്നതും നിങ്ങൾക്ക് നല്ല അനുഭവം നൽകുന്ന മാർഗമാണ്.’- അവർ കൂട്ടിച്ചേർത്തു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: Sunny Leone opens up about her journey to self-love, cosmetic treatments, and healthy lifestyle choices.