മോഹന്‍ലാല്‍ മുമ്പില്‍നില്‍ക്കുക വിദ്യാര്‍ഥിയെപ്പോലെ, സൂപ്പര്‍താരമെന്ന് തോന്നില്ല: പീറ്റര്‍ ഹെയ്ന്‍

പീറ്റര്‍ ഹെയ്ന്‍ / ഫോട്ടോ: വി.പി.പ്രവീണ്‍കുമാര്‍
പീറ്റര്‍ ഹെയ്ന്‍ / ഫോട്ടോ: വി.പി.പ്രവീണ്‍കുമാര്‍

'പുലിമുരുകനി'ലെ ഇടിയാണ് ഹീറ്റര്‍ ഹെയ്‌നെ മലയാളക്കരയുടെ ഹീറോ ആക്കിയത്. ദേശീയ പുരസ്‌കാരത്തിന്റെ തിളക്കമാര്‍ന്ന വെടിക്കെട്ടൊരുക്കിയ ആക്ഷന്‍ കൊറിയോഗ്രാഫറെ പ്രേക്ഷകര്‍ക്ക് നന്നേ ബോധിച്ചു. തമിഴ് സിനിമയിലെ സംഘട്ടന സഹായിയായ അച്ഛന്‍ പെരുമാളിന്റെ പാത പിന്തുടര്‍ന്ന് സിനിമയിലെത്തിയതായിരുന്നു പീറ്റര്‍. സൂപ്പര്‍താരങ്ങളുടെ ഡ്യൂപ്പായും ത്യാഗരാജന്‍, കനല്‍ക്കണ്ണന്‍ തുടങ്ങിയ സ്റ്റണ്ട് മാസ്റ്റര്‍മാരുടെ സഹായിയായും സിനിമയുടെ ഭാഗമായി. 

'മിന്നലേ' എന്ന ചിത്രത്തിലൂടെ ആക്ഷന്‍ കൊറിയോഗ്രാഫറായി കരിയര്‍ ആരംഭിച്ച പീറ്റര്‍ ഹെയ്ന്‍ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി അനവധി ചിത്രങ്ങളുടെ സംഘട്ടന രംഗങ്ങള്‍ക്ക് മിഴിവേകി. രാംഗോപാല്‍ വര്‍മയാണ് പീറ്റര്‍ ഹെയ്നെ ബോളിവുഡിന് പരിചയപ്പെടുത്തുന്നത്. ജെയിംസ് എന്ന ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ മണിരത്‌നം സിനിമയിലേക്ക് വഴിതുറന്നു. തുടര്‍ന്ന് 'രാവണനി'ലേക്ക്. ഗജനി, അന്യന്‍, മഗധീര, ശിവാജി, യന്തിരന്‍, ബാഹുബലി... തുടങ്ങി സംഘട്ടനത്തില്‍ പീറ്റര്‍ കൈയൊപ്പ് ചാര്‍ത്തിയ ചിത്രങ്ങളേറെയാണ്.

''കേരളത്തില്‍നിന്ന് എനിക്ക് ലഭിക്കുന്ന സ്‌നേഹം അളവറ്റതാണ്. ഒരുപാട് ആരാധകരുണ്ടെനിക്കിവിടെ. പുറത്തിറങ്ങുമ്പോള്‍ എന്നെ തിരിച്ചറിയുന്നു. സെല്‍ഫിയെടുക്കുന്നു. ദേഹത്ത് എന്റെ പേര് ടാറ്റൂ ചെയ്യുന്നു. വാഹനങ്ങളില്‍ എന്റെ ചിത്രം വരച്ചുവെച്ചിരിക്കുന്നു. ഇതിനെല്ലാമപ്പുറം എന്റെപേരില്‍ ഇവിടെ പലരും രക്തം ദാനംചെയ്യുന്നു. സമൂഹത്തിന് നന്മയുള്ള എത്ര നല്ല പ്രവൃത്തിയാണെന്ന് നോക്കൂ. അതെല്ലാം എനിക്ക് വലിയ അദ്ഭുതമാണ്. ഈ സ്‌നേഹം എനിക്ക് എവിടെനിന്നും ലഭിച്ചിട്ടില്ല.'' മലയാളത്തോട് നന്ദി പ്രകടിപ്പിച്ചുകൊണ്ടാണ് ആക്ഷന്‍ മാസ്റ്റര്‍ സംസാരിച്ചുതുടങ്ങിയത്.

'പുലിമുരുകനു'ശേഷമല്ലേ താങ്കള്‍ മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയനാകുന്നത്?
മോഹന്‍ലാല്‍സാറിന് നന്ദിപറഞ്ഞേപറ്റൂ. അദ്ദേഹത്തോടൊപ്പം ജോലിചെയ്യുന്നത് വളരെ അനായാസമായിരുന്നു. ഒരു വിദ്യാര്‍ഥിയെപ്പോലെയാണ് ലാല്‍സാര്‍ നമുക്ക് മുന്നില്‍ നില്‍ക്കുക. സൂപ്പര്‍താരമാണെന്ന് തോന്നുകയില്ല. നമ്മള്‍ പറയുന്ന ഓരോ നിര്‍ദേശവും ശ്രദ്ധയോടെ കേള്‍ക്കും. ആക്ഷന്‍ പറഞ്ഞാല്‍, നമ്മള്‍ മനസ്സില്‍ വിചാരിച്ചതിനെക്കാള്‍ പതിന്മടങ്ങ് നന്നായി ചെയ്യും. അദ്ദേഹം ലെജന്‍ഡാണ്.

'പുലിമുരുകന്‍' ലൊക്കേഷനില്‍ പീറ്റര്‍ ഹെയ്‌നും മോഹന്‍ലാലും

ഷങ്കറിന്റെ സിനിമകളാണ് പീറ്റര്‍ ഹെയ്ന്റെ കരിയറില്‍ നിര്‍ണായകമായിത്തീര്‍ന്നത്. ആ അനുഭവങ്ങള്‍ പങ്കുവയ്ക്കാമോ?
സിനിമയോടുള്ള ഷങ്കര്‍സാറിന്റെ സമീപനം വളരെ വ്യത്യസ്തമാണ്. അദ്ദേഹത്തിന്റെ ഒട്ടുമിക്ക സിനിമകള്‍ക്കും സംഘട്ടനമൊരുക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു. സിനിമയുടെ എല്ലാ മേഖലകളെക്കുറിച്ചും അദ്ദേഹത്തിന് നല്ല ധാരണയുണ്ട്. അദ്ദേഹം നമ്മള്‍ വിചാരിക്കുന്ന പോലെ സ്ട്രിക്റ്റല്ല. ഫൈറ്റ്രംഗങ്ങളില്‍ പലപ്പോഴും ഞാന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കാറുണ്ട്. അദ്ദേഹം അത് ശ്രദ്ധയോടെ കേട്ട് എന്നോട് ചെയ്തുകാണിക്കാന്‍ പറയും. എന്നിട്ട് മാറിനിന്ന് നിരീക്ഷിക്കും. അഭിനേതാക്കളില്‍നിന്നും ടെക്നീഷ്യന്‍മാരില്‍നിന്നും ഏറ്റവും മികച്ച ഔട്ട്പുട്ട് കൊണ്ടുവരാന്‍ അദ്ദേഹത്തിനുള്ള മികവ് എടുത്തുപറയേണ്ടതാണ്. ഷങ്കര്‍സാര്‍ അവിടെ ഇല്ലെങ്കില്‍പോലും എന്നോട് ഫൈറ്റ്രംഗങ്ങള്‍ ചെയ്‌തോളാന്‍പറയും. അത്രമാത്രം അദ്ദേഹത്തിന് എന്നില്‍ വിശ്വാസമുണ്ട്. 'അന്യനു'ശേഷമാണ് ഞങ്ങള്‍ തമ്മിലുള്ള ആത്മബന്ധം ദൃഢമായത്.

ഒരുപാട് അപകടങ്ങളും പരിക്കും നേരിടേണ്ടിവരുന്ന ദുര്‍ഘടമായ ഈ സാഹചര്യങ്ങളെ എങ്ങനെയാണ് കൈകാര്യംചെയ്യുന്നത്?
അപകടങ്ങള്‍ ഈ ജോലിയുടെ ഭാഗമാണ്. മരണത്തോട് മുഖാമുഖം കാണുന്ന പല അവസരങ്ങളും ഉണ്ടായിട്ടുണ്ട്. ഇപ്പോഴത്തെക്കാലത്ത് പണ്ടത്തെക്കാള്‍ നന്നായി സുരക്ഷാമാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് സിനിമ ചിത്രീകരിക്കുന്നതെങ്കിലും ചില അവസരങ്ങളില്‍ കൈവിട്ടുപോകും. അന്യന്‍ ചിത്രീകരിക്കുമ്പോഴുണ്ടായ അപകടത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും വലിയ ഞെട്ടലാണ്. അതിലെ പ്രശസ്തമായ കരാട്ടെരംഗം ചിത്രീകരിക്കുമ്പോഴുണ്ടായ അപകടത്തില്‍ ഒട്ടേറെയാളുകള്‍ക്ക് പരിക്കുപറ്റി. ആ അവസരത്തില്‍ കരഞ്ഞുപോയിട്ടുണ്ട്. നമ്മളെ വിശ്വസിച്ച് ജോലിചെയ്യുന്നവര്‍ക്ക് എന്തെങ്കിലും സംഭവിക്കുമ്പോഴാണ് ഞാന്‍ ഏറ്റവും കൂടുതല്‍ വിഷമിക്കുന്നത്. എന്റെ എല്ലുകള്‍ ഒരുപാടുതവണ പൊട്ടിയിട്ടുണ്ട്, വീല്‍ചെയറിലായിട്ടുണ്ട്. പക്ഷേ, അതൊന്നും എന്റെ മുന്നോട്ടുള്ള യാത്രയെ ബാധിച്ചിട്ടേയില്ല.

സ്വതന്ത്രസംവിധായകനെന്നനിലയില്‍ ഇരുപത്തിയഞ്ചുവര്‍ഷമായി, ഈ യാത്രയെ എങ്ങനെ നോക്കിക്കാണുന്നു?
ദൈവാനുഗ്രഹം എന്നേ പറയാനുള്ളൂ. സിനിമയില്‍ പലപ്പോഴും സംഘട്ടനസംവിധായകര്‍ക്ക് ക്രെഡിറ്റ് ലഭിക്കാറേയില്ല. എനിക്കുമുന്‍പ് ഇന്ത്യന്‍ സിനിമയില്‍ ഒരുപാട് മികച്ച സ്റ്റണ്ട് മാസ്റ്റര്‍മാര്‍ വന്നുപോയിട്ടുണ്ട്. പക്ഷേ, അവരില്‍ പലരും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയില്ല. എന്നെ സംബന്ധിച്ചാണെങ്കില്‍ ആ ഒരു അവസ്ഥ വന്നില്ല. ഒരുപാട് അംഗീകാരങ്ങള്‍ ലഭിച്ചു. പേരും പ്രശസ്തിയും വന്നുചേര്‍ന്നു. ഇന്ത്യയിലെ അതിപ്രശസ്തരായ ഒട്ടുമിക്ക സംവിധായകര്‍ക്കൊപ്പവും താരങ്ങള്‍ക്കൊപ്പവും പ്രവര്‍ത്തിച്ചു. 

പീറ്റര്‍ ഹെയ്‌നും മമ്മൂട്ടിയും

ഷങ്കര്‍, മണിരത്‌നം പോലുള്ള സംവിധായകര്‍ക്കൊപ്പം ജോലിചെയ്യാന്‍ സാധിച്ചു. ഭാഷകളുടെ അതിര്‍വരമ്പുകളില്ലാതെ എല്ലാവരും എന്നെ സ്വീകരിച്ചു. സ്റ്റണ്ട് അസിസ്റ്റന്റായി തുടങ്ങിയകാലത്തുതന്നെ എല്ലാവരും എന്നെ തിരിച്ചറിയണമെന്ന് സ്വപ്‌നംകണ്ടിരുന്നു. പക്ഷേ, അത് സാധ്യമാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. സ്‌ക്രീനില്‍ കാണുന്നതേ പ്രേക്ഷകര്‍ക്ക് അറിയൂ. അതിനു പിറകില്‍ ഒരുപാട് കാര്യങ്ങള്‍ സംഭവിക്കും. സംഘട്ടനം ചെയ്യുന്നത് എന്നെ സംബന്ധിച്ച് ഒരു കവിതയെഴുതുന്നതുപോലെയാണ്. സീനിനെക്കുറിച്ച് സംവിധായകന്‍ പറഞ്ഞുതരുമ്പോള്‍തന്നെ നമ്മുടെ മനസ്സില്‍ ഒരു കണ്‍സെപ്റ്റ് ഉണ്ടായിരിക്കും. അതിനുമുകളിലാണ് നമ്മള്‍ വര്‍ക്ക്‌ചെയ്യുന്നത്. ഒരു വ്യക്തിയുടെ മാത്രം അധ്വാനമല്ല. 

പീറ്റര്‍ ഹെയ്ന്‍ എന്ന പേര് മാത്രമായിരിക്കും നിങ്ങള്‍ കാണുക. പക്ഷേ, സഹായികളില്ലാതെ ഒന്നും ചെയ്യാന്‍ എനിക്ക് സാധിക്കില്ല. അവരുടെ അധ്വാനംകൂടി ചേരുമ്പോഴാണ് ഫൈറ്റ് രംഗങ്ങള്‍ പ്രേക്ഷകര്‍ക്ക് ആസ്വാദ്യകരമായി തോന്നുന്നത്. ഞാനും ഒരുകാലത്ത് അസിസ്റ്റന്റായി ജോലിചെയ്ത വ്യക്തിയാണ്. സ്വതന്ത്രസംഘട്ടനസംവിധായകനാകുക എന്നത് ഈ മേഖലയില്‍ ജോലിചെയ്യുന്ന എല്ലാവരുടെയും സ്വപ്‌നമാണ്. പക്ഷേ, പലര്‍ക്കും അത് സാധിക്കാറില്ല. ആയിരക്കണക്കിനാളുകളാണ് സിനിമയില്‍ അഭിനയമോഹവുമായെത്തുന്നത്. പക്ഷേ, എല്ലാവര്‍ക്കും അഭിനേതാവാകാന്‍ സാധിക്കാറില്ല. അതിന് സമാനംതന്നെയാണ് ഇതും.  ഭാഗ്യം വലിയ ഘടകമാണ്.

ബിഗ് ബജറ്റ് സിനിമകള്‍ക്കൊപ്പം കേള്‍ക്കുന്ന പേരാണ് താങ്കളുടെത്. എന്നാല്‍ ഇടിയന്‍ചന്തുവില്‍ എത്തിയത് എങ്ങനെയായിരുന്നു?
ഞാന്‍ ബിഗ് ബജറ്റ് സിനിമകള്‍ മാത്രമേ ചെയ്യൂ എന്ന് പലര്‍ക്കും തെറ്റിദ്ധാരണയുണ്ട്. അത് സത്യമല്ല. ചെറിയ സിനിമകള്‍ ചെയ്യാന്‍ എന്നെ പലരും വിളിക്കാറില്ല. പീറ്റര്‍ ഹെയ്നെ കിട്ടില്ല എന്ന് ആദ്യമേ അവര്‍ തീരുമാനിക്കും. തിരക്കഥയാണ് എന്നെ ആകര്‍ഷിക്കുന്നത്. പിന്നെ സംഘട്ടനസംവിധാനത്തില്‍ എനിക്കെന്തെങ്കിലും ചെയ്യാനുണ്ടോ എന്നും പരിശോധിക്കും. ഇടിയന്‍ ചന്തു ഞാന്‍ ഏറ്റെടുക്കാന്‍ കാരണം ഈ രണ്ട് ഘടകങ്ങളാണ്. വലുപ്പച്ചെറുപ്പമില്ലാതെയാണ് ഞാന്‍ സിനിമയെ സമീപിക്കുന്നത്. 

കല്‍ക്കി 2898 എഡി, ഇന്ത്യന്‍ 2, രായന്‍ എന്ന സിനിമകള്‍ ചെയ്യുമ്പോഴാണ് ഇടിയന്‍ചന്തുവിലേക്ക് എന്നെ ക്ഷണിക്കുന്നത്. ഞാന്‍ ഈ സിനിമയ്ക്കാണ് മുന്‍തൂക്കം നല്‍കിയത്. നാഗ് അശ്വിനോടും ഷങ്കര്‍സാറിനോടും ധനുഷിനോടും പറഞ്ഞു, ഞാന്‍ മലയാളത്തില്‍ ഒരു സിനിമകൂടി ചെയ്യുന്നുണ്ട്. ഇടയ്ക്ക് ഒരു ബ്രേക്ക് തരണമെന്ന്. അവര്‍ പൂര്‍ണമായും സഹകരിച്ചു. ഒന്നോ രണ്ടോ ദിവസമാണെങ്കില്‍ക്കൂടി ഞാന്‍ കേരളത്തിലേക്ക് പറന്നുവരും. അതിശയോക്തി തോന്നുന്ന ആക്ഷന്‍രംഗങ്ങള്‍ ഞാന്‍ ഒരുപാട് ചെയ്തിട്ടുണ്ട്. അതില്‍നിന്ന് വ്യത്യസ്തമായി റിയലിസ്റ്റിക്കാണ് ഈ സിനിമ. സംഘട്ടനരംഗങ്ങളിലും റിയലിസം കൊണ്ടുവരാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. 

'ജാക്ക് ആന്‍ഡ് ഡാനിയേലി'ന്റെ ലൊക്കേഷനില്‍ ദിലീപിനൊപ്പം

സമ്മര്‍ദമേറെയുള്ള ഒരു മേഖലയാണ് താങ്കളുടെത്, എങ്ങനെയാണതിനെ സമീപിക്കുന്നത്?
ജോലിയെ ആത്മാര്‍ഥതയോടെ സമീപിക്കുക എന്നതിനപ്പുറം എനിക്കൊരു ഫോര്‍മുലയുമില്ല. നമ്മുടെ പാഷന്‍തന്നെ ഉപജീവനമാര്‍ഗമായിമാറുന്നത് വലിയ ഭാഗ്യമാണ്. ഓരോ സിനിമ ഏറ്റെടുക്കുമ്പോഴും സംവിധായകരുമായി ചര്‍ച്ചചെയ്ത് അവര്‍ക്ക് വേണ്ടതിലേക്കെത്താന്‍ ആത്മാര്‍ഥമായി പരിശ്രമിക്കും. ആരോടും ദേഷ്യപ്പെടുന്നതും ഒച്ചയിടുന്നതും ഇഷ്ടമല്ല. അഹങ്കാരവും താനെന്ന ഭാവവും കലാകാരന്മാരെ വളര്‍ത്തില്ലെന്ന് വിശ്വസിക്കുന്നു. വിമര്‍ശനങ്ങളെ ശ്രദ്ധയോടെ കേള്‍ക്കുകയും തിരുത്താന്‍ശ്രമിക്കുകയും ചെയ്യാറുണ്ട്. നിങ്ങള്‍ നന്നാകണമെന്ന് ആഗ്രഹിക്കുന്നവരാണ് നിങ്ങളുടെ തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നത്. അവരെ മാനിക്കണം.

Content Highlights: stunt master peter hein talking about his life and movies