കരീനയെ കണ്ട് സിനിമ നന്നായിട്ടുണ്ടെന്ന് സ്റ്റീവന്‍ സ്പില്‍ബെര്‍ഗ്; തുറന്നുപറഞ്ഞ് താരം

കരീന, സ്റ്റീവന്‍ സ്പില്‍ബെര്‍ഗ് | PTI, AFP
കരീന, സ്റ്റീവന്‍ സ്പില്‍ബെര്‍ഗ് | PTI, AFP

ഇന്ത്യന്‍ സിനിമകള്‍ ലോകത്തെല്ലാവരും കാണുന്നുണ്ടെന്നും ഹോളിവുഡ് അതികായനായ സ്റ്റീവന്‍ സ്പില്‍ബര്‍ഗും അതിലുണ്ടെന്നും  പറയുകയാണ് ബോളിവുഡ് താരം കരീന കപൂര്‍. സ്പില്‍ബെര്‍ഗിനെ നേരിട്ടു കാണാനിടയായ സംഭവത്തെപ്പറ്റി വിശദീകരിക്കുകയായിരുന്നു താരം. 2009-ല്‍ ഇറങ്ങിയ, 'ത്രീ ഇഡിയറ്റ്‌സ്' എന്ന ചിത്രത്തെ അദ്ദേഹം അഭിനന്ദിച്ചുവെന്നാണ് താരം പറയുന്നത്. രാജ്കുമാര്‍ ഹിരാനി സംവിധാനം ചെയ്ത സിനിമയില്‍ കരീനയ്ക്കു പുറമെ ആമിര്‍ ഖാനും ആര്‍ മാധവനും ശര്‍മന്‍ ജോഷിയും പ്രധാനവേഷങ്ങളിലെത്തി. 

'ഇന്ന് സ്റ്റീവന്‍ സ്പില്‍ബെര്‍ഗ് പോലും നമ്മുടെ ഹിന്ദി സിനിമകള്‍ കാണുന്നുണ്ട്. ഞാന്‍ വിദേശത്ത് ഒരു യാത്രയ്ക്കിടെ ഒരു റസ്റ്റോറന്റില്‍ ഇരിക്കുകയായിരുന്നു, അദ്ദേഹവും അവിടെ ഉണ്ടായിരുന്നു. വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പാണത്, '3 ഇഡിയറ്റ്‌സ്' റിലീസ് ചെയ്തിട്ടേ ഉണ്ടായിരുന്നുള്ളൂ. അപ്പോള്‍ അദ്ദേഹം എന്റെ അടുത്ത് വന്ന് ചോദിച്ചു, 'മൂന്ന് വിദ്യാര്‍ത്ഥികള്‍ ഒരുമിച്ച് പഠിക്കുന്ന ആ പ്രശസ്ത ഇന്ത്യന്‍ സിനിമയിലെ അതേ പെണ്‍കുട്ടിയാണോ നിങ്ങള്‍?' ഞാന്‍ പറഞ്ഞു, 'അതേ, ആ പെണ്‍കുട്ടി തന്നെയാണ് ഞാന്‍' 

''ആ സിനിമ ഇഷ്ടപ്പെട്ടെന്ന് അദ്ദേഹം എന്നോടുപറഞ്ഞു, നോക്കൂ, അദ്ദേഹം എന്നെ കാണാന്‍ ഞാനൊരു ഇംഗ്ലീഷ് സിനിമയില്‍ അഭിനയിക്കേണ്ടിവന്നില്ല. അദ്ദേഹം ഈ ഹിന്ദി സിനിമ കണ്ടിരുന്നു. അതൊരു വല്ലാത്ത നിമിഷമായിരുന്നു.''

മുംബൈയില്‍ നടക്കുന്ന വേള്‍ഡ് ഓഡിയോ വിഷ്വല്‍ ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റ് സമ്മിറ്റില്‍ പങ്കെടുക്കുകയായിരുന്നു കരീന. തെലുഗുനടന്‍ വിജയ് ദേവരക്കൊണ്ടയും പങ്കെടുത്ത പരിപാടിയിലാണ് കരീന ഇക്കാര്യം പറഞ്ഞത്. കരണ്‍ ജോഹറായിരുന്നു ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയത്. 

ഹിന്ദി സിനിമയിലെ തന്റെ കരിയറില്‍ സന്തുഷ്ടയാണെന്നും പാശ്ചാത്യ സിനിമകളില്‍ ഒരു കൈ നോക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കരീന പറഞ്ഞു. 2023-ല്‍ ലണ്ടനില്‍ ഒരു ടാക്‌സിയില്‍ കയറിയപ്പോഴും മനോഹരമായ ഒരു അനുഭവമുണ്ടായി. ''ആ നാട്ടുകാരനായ ഡ്രൈവര്‍ എന്റെ മുത്തച്ഛന്റെ പാട്ട് എനിക്ക് പാടി തരാന്‍ തുടങ്ങി. രാജ് കപൂറിന്റെ എല്ലാ സിനിമകളും അദ്ദേഹം കണ്ടിരുന്നു''-കരീന പറഞ്ഞു.
 

Content Highlights: steven spielberg told me kareena kapoor, he loved 3 Idiots