'പാറയുടെ പുറകില്‍ സാരിയൊക്കെ മറച്ച് വസ്ത്രം മാറും. അന്ന് മൊബൈല്‍ഫോണ്‍ ഇല്ലാത്തതുകൊണ്ട് രക്ഷപ്പെട്ടു'

ശാന്തി കൃഷ്ണ | ഫോട്ടോ: പി. ജയേഷ്‌
ശാന്തി കൃഷ്ണ | ഫോട്ടോ: പി. ജയേഷ്‌

വര്‍ഷം 1980. സംവിധായകന്‍ സുരേഷ് കൃഷ്ണ എല്‍.വി. പ്രസാദിന്റെ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റായി ജോലിചെയ്തിരുന്ന കാലം. പതിവിലും സന്തോഷത്തില്‍ അദ്ദേഹം വീട്ടിലേക്കുവിളിച്ച് തന്റെ കുഞ്ഞനുജത്തിയോട് ചോദിച്ചു: ''ഭരതന്‍ എന്ന വലിയൊരു സംവിധായകന്റെ സിനിമയിലേക്ക് അവസരം വേണോ?''

ഉടനേയെത്തി മറുപടി: ''ആ... വേണം.'' തെന്നിന്ത്യയുടെ പ്രിയനടി ശാന്തികൃഷ്ണയുടെ സിനിമാ അരങ്ങേറ്റം ഇപ്രകാരമായിരുന്നു. തുടര്‍ന്ന് മലയാളത്തിലും തമിഴിലും അവര്‍ നിറസാന്നിധ്യമായി. മുന്‍നിരനായികയായി. പക്ഷേ, പെട്ടെന്നായിരുന്നു ആ അപ്രത്യക്ഷമാകല്‍. ഏഴെട്ടുവര്‍ഷങ്ങള്‍ക്കുശേഷം സ്‌ക്രീനിലേക്ക് അവര്‍ മടങ്ങിവന്നു, പതിന്മടങ്ങ് ശക്തിയോടെ. രണ്ടാംവരവില്‍ മികച്ച നടിക്കുള്ള സംസ്ഥാനപുരസ്‌കാരം ശാന്തികൃഷ്ണയെ തേടിയെത്തി. 

ഒരുപിടി നല്ല കഥാപാത്രങ്ങളെ വെള്ളിത്തിരയ്ക്ക് സമ്മാനിച്ച് അവര്‍ വീണ്ടും തിരശ്ശീലയ്ക്കുപിന്നില്‍ മറഞ്ഞു. രണ്ടുപതിറ്റാണ്ടുകള്‍ക്കുശേഷം മൂന്നാം വരവ്.  അവരിലെ പ്രതിഭയ്ക്ക് മിഴിവേറുന്നതല്ലാതെ മങ്ങലേല്‍ക്കുന്നതേയില്ല. സിനിമ സമ്മാനിച്ച ഓര്‍മ്മകളുമായി ശാന്തികൃഷ്ണ ഗൃഹലക്ഷ്മിക്കൊപ്പം ചേരുന്നു. 

സിനിമയിലെത്തിച്ച ആ ഫോണ്‍ കോള്‍? 
പാലക്കാട്ടായിരുന്നു തറവാടെങ്കിലും ജനിച്ചതും വളര്‍ന്നതും ബോംബെയിലായിരുന്നു. കുട്ടിക്കാലത്തൊന്നും മലയാളസിനിമയുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. വല്ലപ്പോഴും അമ്മയ്ക്കും അച്ഛനുമൊപ്പം സിനിമയ്ക്ക് പോകും. ഒന്നും കാര്യമായി മനസ്സിലാവുകയുമില്ല. 'നിദ്ര'യില്‍ അഭിനയിക്കുമ്പോഴും എനിക്ക് കാര്യമായി മലയാളം അറിയില്ല. സിനിമയിലൂടെയായിരുന്നു കേരളവുമായി അടുക്കുന്നതുപോലും. മൂന്ന് സഹോദരങ്ങളാണെനിക്ക്, സതീഷ്, സുരേഷ്, ശ്രീറാം. ചേട്ടന്‍ സുരേഷ് കൃഷ്ണ സംവിധായകനും നിര്‍മാതാവുമൊക്കെയായിരുന്ന എല്‍.വി. പ്രസാദിന്റെ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റായിരുന്നു.  പ്രസാദ് പ്രൊഡക്ഷന്‍സ് നിര്‍മിച്ച 'ഏക് ദുജേ കേലിയേ'യുടെ ലൊക്കേഷന്‍ അസിസ്റ്റ് ചെയ്തിരുന്നത് സുരേഷേട്ടനായിരുന്നു. കമലഹാസനാണ് ആ സിനിമയിലെ നായകന്‍. അദ്ദേഹത്തിന്റെ മുന്‍ഭാര്യയും നര്‍ത്തകിയുമായ വാണി ഗണപതി എന്റെ സീനിയറായിരുന്നു. അവര്‍ പറഞ്ഞിട്ടാണ് ഭരതന്‍സാറിന്റെ സിനിമയില്‍ അവസരം വേണോ എന്നുചോദിച്ച് ചേട്ടന്‍ വിളിക്കുന്നത്. എനിക്കന്ന് പതിനാറ് വയസ്സാണ്. അവസരം വേണമെന്ന എന്റെ മറുപടി കേട്ട് അമ്മ ഞെട്ടി. അമ്മയ്ക്കതിനോട് തീരെ താത്പര്യം ഇല്ലായിരുന്നു. 

മകൾ മിഥാലിക്കും മകൻ മിഥുലിനുമൊപ്പം

''ഭരതേട്ടന്റെ സിനിമയില്‍ അവസരം ലഭിക്കുകയെന്നത് ഭാഗ്യമാണ്. സിനിമാമേഖലയെ പേടിക്കണ്ട. അവള്‍ക്ക് താത്പര്യമെങ്കില്‍ അഭിനയിക്കട്ടെ. അമ്മ അവളെയുംകൂട്ടി മദിരാശിയിലേക്ക് വരൂ...'' എന്നെല്ലാം സുരേഷേട്ടന്‍ പറഞ്ഞു.  അങ്ങനെ മനസ്സില്ലാമനസ്സോടെ അമ്മ കൂടെവന്നു. ചേട്ടന്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ഒരു തമിഴ് നാടകത്തില്‍ അഭിനയിച്ചിരുന്നുവെന്നതൊഴിച്ചാല്‍ എനിക്ക് ഒരഭിനയപരിചയവും ഉണ്ടായിരുന്നില്ല. 1981-ല്‍ 'നിദ്ര'യിലൂടെ നേരിട്ട് ഭരതേട്ടന്റെ സ്‌കൂളിലേക്കാണ് ഞാനെത്തുന്നത്. കെ.പി.എ.സി. ലളിതച്ചേച്ചി, പി.കെ. അബ്രഹാം തുടങ്ങിയ വലിയ അഭിനേതാക്കളില്‍നിന്ന് ഞാന്‍ അഭിനയം പഠിച്ചു. 'നിദ്ര'യില്‍ ലളിതച്ചേച്ചി എന്റെ അമ്മയായാണ് അഭിനയിക്കുന്നത്.''മോള്‍ ഈ രംഗം ഇങ്ങനെ ചെയ്യൂ, അപ്പോള്‍ കൂടുതല്‍ നല്ലതാവും'' എന്നെല്ലാം ചേച്ചി പറഞ്ഞുതന്നു. പിന്നെ ഗംഗൈ അമരന്‍ സാറിന്റെ 'പനീര്‍ പുഷ്പങ്ങള്‍' എന്ന സിനിമയിലേക്ക് നായികയയായി തമിഴില്‍ എത്തി. അതിനുശേഷം 'താരാട്ട്', 'കേള്‍ക്കാത്ത ശബ്ദം', 'മംഗളം നേരുന്നു'... സിനിമകള്‍ തേടിവന്നുകൊണ്ടിരുന്നു. അതിനിടെ ബിരുദവും പൂര്‍ത്തിയാക്കി.

നൃത്തത്തില്‍ ശോഭിക്കാനാണ് സിനിമയിലേക്കു വന്നതെന്ന് മുന്‍പ് പറഞ്ഞിരുന്നു...
അച്ഛനും അമ്മയും കുവൈത്തിലായിരുന്നതിനാല്‍ ഞങ്ങളും കുറച്ചുകാലം അവിടെയുണ്ടായിരുന്നു. എഴുപതുകളിലാണ്. അമ്മ നന്നായി പാട്ടുപാടും, വീണവായിക്കും. അച്ഛനും പാടും. എന്നെ ഡാന്‍സ് പഠിപ്പിക്കണമെന്ന് അമ്മയ്ക്ക് മോഹമുണ്ടായിരുന്നു. എന്നാല്‍, അന്ന് കുവൈത്തില്‍ ഡാന്‍സ് ക്ലാസുകള്‍ ഉണ്ടായിരുന്നില്ല. ആറാം വയസ്സില്‍ ബോംബെയില്‍ തിരിച്ചെത്തി. വീടിനടുത്തുള്ള അധ്യാപികയില്‍നിന്ന് നൃത്തമഭ്യസിക്കാന്‍ തുടങ്ങി. കോമളവല്ലിമാമി എന്നാണ് ഞാന്‍ അവരെ വിളിച്ചിരുന്നത്. അമ്മൂമ്മയായിരുന്നു ക്ലാസിന് കൊണ്ടുപോവുക. പത്തുരൂപയായിരുന്നു ഫീസ്. 

അതിനുശേഷം ബോംബെയില്‍ത്തന്നെ രാജരാജേശ്വരി ഭരതനാട്യകലാമന്ദിറില്‍ നൃത്തമഭ്യസിച്ചു. പതിനൊന്നാംവയസ്സില്‍ അരങ്ങേറ്റം. അവിടെനിന്നായിരുന്നു എല്ലാത്തിന്റെയും തുടക്കം. ജീവിതത്തില്‍ ഒരുപ്ലാനും എനിക്കുണ്ടായിരുന്നില്ല. ഒഴുക്കിനനുസരിച്ചുള്ള പോക്കായിരുന്നു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ നാടകങ്ങള്‍ കൊറിയോഗ്രഫി ചെയ്തു. ഇന്ത്യാഗവണ്‍മെന്റിന്റെ സ്‌കോളര്‍ഷിപ്പോടെയാണ് ഞാന്‍ തഞ്ചാവൂര്‍ സ്‌റ്റൈലിലുള്ള ഭരതനാട്യം അഭ്യസിക്കുന്നത്. 

പത്താംക്ലാസ് കഴിഞ്ഞ് സ്‌കൂളില്‍ നിന്ന് പോകുമ്പോള്‍ Make art, your career എന്ന് ഓട്ടോഗ്രാഫില്‍ പ്രിന്‍സിപ്പല്‍ എഴുതി. അദ്ദേഹം ആശംസിച്ചതുപോലെ കല കരിയറിന്റെ ഭാഗമായി. സിനിമയിലെത്തി, നര്‍ത്തകികൂടിയായതിനാല്‍ സ്റ്റേജ് പ്രോഗ്രാമുകള്‍ അവതരിപ്പിക്കാന്‍ അവസരങ്ങള്‍ കിട്ടി. നൃത്തത്തിനോട് എപ്പോഴും ഇഷ്ടക്കൂടുതല്‍ ഉണ്ടായിരുന്നു. ഗുരുവായൂരും മാരാരിക്കുളം ശിവക്ഷേത്രത്തിലുമൊക്കെ ഈ അടുത്തും നൃത്തം അവതരിപ്പിച്ചു. ഒരു അപകടത്തില്‍ പെട്ട് ചെറിയൊരു സര്‍ജറി വേണ്ടിവന്നു. കാലിന് അധികം ബലം കൊടുക്കാന്‍ പാടില്ലെന്ന് ഡോക്ടര്‍ പറഞ്ഞതോടെ നൃത്തം ചെയ്യാന്‍ പറ്റാതായി. തിരികെ സ്റ്റേജിലേക്കുപോകണമെന്നാണ് ആഗ്രഹം.

ആദ്യ തിരിച്ചുവരവിനെപ്പറ്റി?
1984-ലായിരുന്നു ആദ്യവിവാഹം. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ജീവിതത്തില്‍ ഒരുപാടുകാര്യങ്ങള്‍ സംഭവിച്ചു. ഉയര്‍ച്ചകളും താഴ്ചകളും ഉണ്ടായി. ഇനി അഭിനയിക്കുന്നില്ലെന്ന് ഉറപ്പിച്ചതായിരുന്നു ഞാനന്ന്. ജീവിതത്തിലെ തിരിച്ചടികള്‍ കാരണം നിരാശയിലൂടെ കടന്നുപോവുമ്പോഴാണ് 1991-ല്‍ 'നയം വ്യക്തമാക്കുന്നു' എന്ന സിനിമയിലേക്ക് അവസരം വരുന്നത്. ഏകദേശം ഏഴുവര്‍ഷത്തിന്റെ ഇടവേളയില്‍ ജീവിതത്തിന്റെ ഗ്രാഫ് തന്നെ മാറി. അഭിനയിക്കാന്‍ പോകുമ്പോള്‍ മനസ്സുനിറയെ ആശങ്കകളായിരുന്നു. ഡയലോഗുകള്‍ പറയാനോ അഭിനയിക്കാനോ എനിക്ക് കഴിയുമെന്ന് തോന്നിയില്ല. 

'ഒന്നു ശ്രമിച്ചുനോക്കെ'ന്ന് പറഞ്ഞ് മമ്മൂക്ക വിളിച്ചു. ബാലചന്ദ്രമേനോന്‍ ആണ് സംവിധായകന്‍. എന്റെ ആദ്യ രംഗം ഷൂട്ടുചെയ്തശേഷം അദ്ദേഹം പറഞ്ഞു: ''നീ അഭിനയിക്കുന്നതില്‍ എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് നോക്ക്. അഭിനയം ഉള്ളില്‍നിന്നു വരുന്നതാണ്. മറവിയില്‍പ്പെട്ടുപോവുന്നതല്ല. നിനക്കിത് ചെയ്യാനാവും.'' നഷ്ടപ്പെട്ട ആത്മവിശ്വാസം തിരികെക്കിട്ടി. പ്രേക്ഷകര്‍ ആ കഥാപാത്രത്തെ സ്വീകരിച്ചു. പിന്നീട് 'വിഷ്ണുലോകം', 'എന്നും നന്മകള്‍', സംസ്ഥാനപുരസ്‌കാരം നേടിത്തന്ന 'ചകോരം', 'സവിധം'... തുടങ്ങിയ സിനിമകളിലൂടെ മികച്ച കഥാപാത്രങ്ങള്‍ കൈയിലെത്തി. ശേഷം വീണ്ടും ഞാന്‍ അപ്രത്യക്ഷയായി. ഞാന്‍ വീണ്ടും വിവാഹിതയായി.

ആ ഇടവേളയെക്കുറിച്ച്...
20 വര്‍ഷത്തിനുശേഷമാണ് പിന്നെ ഞാന്‍ സിനിമയിലെത്തുന്നത്. 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള' എന്ന സിനിമയിലൂടെ. എന്റെ മക്കള്‍ കാരണമാണ് ഞാന്‍ അതില്‍ അഭിനയിച്ചത്. വിവാഹമോചനം നടക്കുന്ന സമയമായിരുന്നു അത്. വളരെ മോശം അവസ്ഥയിലൂടെയാണ് കടന്നുപൊയ്‌ക്കൊണ്ടിരുന്നത്. പലപ്പോഴും ഇത്തരം പ്രതിസന്ധികളില്‍നിന്ന് എന്നെ കരകയറ്റിയത് സിനിമയായിരുന്നു. ഞാനന്ന് അമേരിക്കയിലാണ്. സിനിമ തേടിവന്നു. മക്കള്‍ പിന്തുണച്ചു. 

അങ്ങനെ ഞാന്‍ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള'യില്‍ ഷീലാ ചാക്കോയായി. ആ സിനിമ ചെയ്യുമ്പോള്‍ ഞാന്‍ നേരിട്ടത് സാങ്കേതികവിദ്യയിലെ വ്യത്യാസങ്ങളെയാണ്. ആദ്യദിവസം ഷൂട്ടുചെയ്തത് അഹാനയും ഞാനുമൊന്നിച്ചുള്ള രംഗം. അഹാന കാരവനുണ്ടെന്നു പറഞ്ഞപ്പോള്‍, ഞാന്‍, ഇതെന്തുസാധനം എന്ന മട്ടിലായിരുന്നു. ഞാന്‍ സിനിമയിലുണ്ടായിരുന്ന കാലത്ത് ഇത്തരമൊരു സംവിധാനം ഇല്ലല്ലോ... അന്ന് കോസ്റ്റ്യൂം ചെയ്ഞ്ച് ഉണ്ടെങ്കില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വീട്ടില്‍പ്പോയാണ് വസ്ത്രം മാറുക. സിനിമാഗാനങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ ചിലപ്പോള്‍ പാറയുടെ പുറകില്‍ സാരിയൊക്കെ മറച്ച് വസ്ത്രം മാറും. അന്നൊന്നും മൊബൈല്‍ഫോണ്‍ ഇല്ലാത്തതുകൊണ്ട് രക്ഷപ്പെട്ടു. ആളുകള്‍ അഭിനയിക്കുന്ന രീതിയിലും മാറ്റം വന്നു. ഷൂട്ടിനുമുന്‍പേ, അല്‍ത്താഫ് സലീം ഒരു വര്‍ക്ക്‌ഷോപ്പിന് ക്ഷണിച്ചിരുന്നു. അവിടെവെച്ച് എല്ലാവരെയും പരിചയപ്പെട്ടു. ഓരോ കാര്യവും എനിക്ക് പുതുതായി തോന്നി. പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിനൊപ്പം ഉന്മേഷമുള്ള, യുവാക്കള്‍ക്കൊപ്പം ജോലി ചെയ്യാനുമായി. പിന്നെയും നല്ല കഥാപാത്രങ്ങള്‍ കിട്ടി. മലയാളികള്‍ സ്‌നേഹത്തോടെ എന്നെ വരവേറ്റു. ചെറിയ കുട്ടികള്‍പോലും എന്നെ തിരിച്ചറിയുന്നുവെന്നത് വലിയ നേട്ടമായിത്തോന്നുന്നു.

മുതിര്‍ന്ന നടി എന്നനിലയില്‍ കഥാപാത്രങ്ങള്‍ എണ്ണത്തില്‍ കുറവാണെന്ന് തോന്നിയിട്ടുണ്ടോ?
തീര്‍ച്ചയായും. ട്രെന്‍ഡുകള്‍ മാറിവരുന്നതിന്റെയായിരിക്കാം. 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള'യില്‍ അമ്മക്കഥാപാത്രമായിരുന്നു. പലതരം അമ്മക്കഥാപാത്രങ്ങള്‍ ഞാന്‍ ചെയ്തു. ക്യാരക്ടര്‍ റോളുകളും ചെയ്യാന്‍ താത്പര്യമുണ്ട്. വെറും രണ്ട് രംഗങ്ങളിലേ ഉള്ളൂവെങ്കിലും, സിനിമകണ്ടിറങ്ങുമ്പോഴും ആളുകളുടെ മനസ്സില്‍ നിന്ന് ഇറങ്ങിപ്പോകാത്ത കഥാപാത്രങ്ങള്‍ വേണം. സ്‌ക്രീന്‍ സ്‌പേസ് വിഷയമേയല്ല. 

2017-ല്‍ സിനിമയിലേക്ക് മടങ്ങിവന്ന ശേഷം 'കുട്ടനാടന്‍ മാര്‍പാപ്പ', 'അരവിന്ദന്റെ അതിഥികള്‍', 'വിജയ് സൂപ്പറും പൗര്‍ണമിയും', 'അതിരന്‍', 'മിഖായേല്‍'... തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. 'അരവിന്ദന്റെ അതിഥികളി'ല്‍ എനിക്ക് വളരെക്കുറച്ചു രംഗങ്ങളേയുള്ളൂ. പക്ഷേ, മനസ്സിലുടക്കുന്ന കഥാപാത്രമായിരുന്നു. ഇപ്പോള്‍ ലഭിക്കുന്ന എല്ലാ കഥാപാത്രങ്ങളിലും ഞാന്‍ പൂര്‍ണസംതൃപ്തയല്ല. ക്യാരക്ടര്‍ റോളുകള്‍ കുറവാണ്. അമ്മ വേഷങ്ങള്‍ മാത്രം സൃഷ്ടിക്കപ്പെടുന്നതുകൊണ്ടാവാം.

പ്രതിസന്ധികളെ നേരിടാന്‍ സിനിമ സഹായിച്ചോ?
സിനിമയും മനോബലവും സഹായിച്ചു. സിനിമയില്‍ അവസരം എന്നെ തേടിയെത്തി. ഞാനത് സ്വീകരിച്ചു. അന്നത്തെ സാഹചര്യങ്ങളെ മറികടക്കാന്‍ അത് സഹായിച്ചു. എന്റെ മാതാപിതാക്കളുടെയും ചുറ്റുമുള്ളവരുടെയും പിന്തുണയും സ്‌നേഹവും എപ്പോഴുമുണ്ടായിരുന്നു. ദൈവത്തിന്റെ കൈ എപ്പോഴും എനിക്കൊപ്പമുണ്ടെന്ന വിശ്വാസവുമുണ്ട്.

വെബ് സീരീസില്‍ അഭിനയിച്ചത് പുതിയ അനുഭവമായിരുന്നോ?
'മാസ്റ്റര്‍പീസ്' എന്ന വെബ് സീരീസ് രസകരമായ അനുഭവമായിരുന്നു. രണ്‍ജി പണിക്കര്‍, അശോകന്‍, നിത്യ മേനോന്‍, മാല പാര്‍വതി, ഷറഫുദ്ദീന്‍... അഭിനേതാക്കളെല്ലാം സിനിമയിലുള്ളവര്‍തന്നെ. ഒരുദിവസം നടക്കുന്ന സംഭവമാണത്. 30 ദിവസത്തെ ഷൂട്ടായിരുന്നു. ദിവസവും താമസസ്ഥലത്തുനിന്ന് ഒരേ വസ്ത്രമണിഞ്ഞ് ഷൂട്ടിങ്ങിനെത്തുന്നു. ചിരിയും കളിയുമായി നല്ലരസം. അവിടെത്തന്നെ ഭക്ഷണം പാകംചെയ്ത് തരും. ഞങ്ങളെല്ലാം ഒന്നിച്ച് മേശയ്ക്കുചുറ്റുമിരുന്ന് കഴിക്കും. അതെല്ലാം പണ്ടത്തെ ലൊക്കേഷനുകളെ ഓര്‍മ്മിപ്പിച്ചു.

മറ്റുഭാഷകളില്‍ നിന്ന് അവസരങ്ങള്‍ എത്തുന്നുണ്ടോ?
തമിഴിലെല്ലാവരും എന്നെ മറന്നെന്നു തോന്നുന്നു (ചിരിക്കുന്നു). ഒരു കാമിയോ റോള്‍ ചെയ്യാനായി വിളിച്ചിരുന്നു. പക്ഷേ, പോവാനായില്ല. എനിക്ക് തമിഴിലേക്കും തിരിച്ചുപോകണമെന്നുണ്ട്. മനസ്സിനിണങ്ങിയ കഥാപാത്രങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല.

എന്നും മനസ്സിനോട് ചേര്‍ത്തുവയ്ക്കുന്ന കഥാപാത്രം?
'ചകോര'വും, 'സവിധ'വും മുതല്‍ 'അരവിന്ദന്റെ അതിഥി'കള്‍ വരെയുള്ള സിനിമകളിലെ കഥാപാത്രങ്ങള്‍ എന്റെ മനസ്സിനോടുചേര്‍ന്നുനില്‍ക്കുന്നു. 'അരവിന്ദന്റെ അതിഥി'കളില്‍ അരവിന്ദനും അമ്മയും ആദ്യമായി കാണുന്ന രംഗത്തിന് റിഹേഴ്സലൊന്നും ഉണ്ടായിരുന്നില്ല. സംവിധായകന്‍ എം. മോഹനന്‍, ഒന്നും പ്ലാന്‍ ചെയ്യേണ്ട എന്നുപറഞ്ഞ് പാട്ട് പ്ലേചെയ്തു. ആ പാട്ടുകൂടിയായപ്പോള്‍ ക്ലൈമാക്‌സിന് ഭംഗിയേറി. ആ രംഗം ചിത്രീകരിച്ചശേഷം പൂര്‍ണനിശ്ശബ്ദതയായിരുന്നു. എല്ലാവരുടെയും കണ്ണുനിറഞ്ഞു. അത്തരം നിമിഷങ്ങള്‍ ഒരിക്കലും മറക്കാനാകില്ല. 

'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള' യില്‍ ഞാന്‍ കണ്ണാടിയില്‍ നോക്കുന്ന രംഗമുണ്ട്. ഒരൊറ്റ ഷോട്ടാണ്. ആ രംഗം സിനിമയുടെ കാതലാണ്. ഞാന്‍ ആദ്യമായി ശബ്ദം നല്‍കുന്ന സിനിമ അതാണ്. അതിനുശേഷമുള്ള സിനിമകള്‍ക്കും ഞാന്‍തന്നെ ശബ്ദം നല്‍കി.

ഇന്ദുലക്ഷ്മി സംവിധാനംചെയ്ത് 2023-ല്‍ റിലീസായ 'നിള' എന്ന സിനിമയും എനിക്ക് പ്രിയപ്പെട്ടതാണ്. സിനിമ വേണ്ടത്ര വിജയമായില്ല. എന്നാല്‍, എന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ നിളയിലെ ഡോ. മാലതിയും ഉണ്ടാവും. ഒരു വീഴ്ചയില്‍ തളര്‍ന്ന് കിടപ്പിലായ 75 വയസ്സുള്ള സ്ത്രീയാണ് മാലതി. കിടപ്പിലായ ആളുടെ ശബ്ദം അതുപോലെ കിട്ടാന്‍ ഒരു ചാരുകസേരയില്‍ ഇരുന്നുകൊണ്ടാണ് ഞാന്‍ ഡബ്ബ് ചെയ്തത്. സിനിമകണ്ടിറങ്ങിയ ഒരാള്‍ ആ കഥാപാത്രത്തിനോടുള്ള ഇഷ്ടത്താല്‍, ''ഒന്ന് കെട്ടിപ്പിടിച്ചോട്ടെ'' എന്ന് ചോദിച്ചു. അതെല്ലാം എനിക്ക് പുരസ്‌കാരം ലഭിക്കുന്നതിന് തുല്യമായിരുന്നു.

പുതിയ സിനിമകള്‍
'പാലും പഴവും' ആണ് ഒടുവില്‍ റിലീസായ ചിത്രം. കുറച്ച് തമാശയും കുസൃതിയുമുള്ള മീരാ ജാസ്മിന്റെ അമ്മക്കഥാപാത്രം. ജീവിതത്തിലും അങ്ങനെയാണ് ഞാന്‍. സൗബിനുമൊന്നിച്ചുള്ള 'മച്ചാന്റെ മാലാഖ' റിലീസിനൊരുങ്ങുന്നു. മുഹാഷിന്‍ സംവിധാനംചെയ്യുന്ന 'വള' എന്ന സിനിമയിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. വിജയരാഘവനും ഞാനും ജോഡികളായെത്തുന്നു.  ധ്യാനും ഈ സിനിമയുടെ ഭാഗമാണ്. ഇതില്‍ അമ്മക്കഥാപാത്രമല്ല.

കുടുംബം
മക്കള്‍ രണ്ടുപേരുമിപ്പോള്‍ അമേരിക്കയിലാണ്. മകന്‍ മിഥുല്‍ ജോലിചെയ്യുകയാണ്. മകള്‍ മിഥാലി ന്യൂ മീഡിയാ ഡിസൈനില്‍ മൂന്നാംവര്‍ഷ വിദ്യാര്‍ഥിയാണ്. മക്കളാണ് എന്റെ ബലം.  

Content Highlights: south indian actress shanthi krishna interview