അന്ന് അത് സംഭവിച്ചില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ, ഇപ്പോഴത്തെ ഞാന്‍ ഉണ്ടാകുമായിരുന്നില്ല-മീര ജാസ്മിന്‍

മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റിന്റെ പതിനൊന്നാം നിലയില്‍ ചില്ലുജാലകത്തിനപ്പുറം കായല്‍ക്കാഴ്ച കണ്ടിരിക്കവേ മുല്ലപ്പൂ വിടരുന്നതുപോലൊരു ചിരിയോടെ മീര സോഫയിലേക്ക് വന്നിരുന്നു. ''പുഴയും കായലുമൊക്കെ കണ്ടിരിക്കുന്നത് എന്ത് രസമാണല്ലേ. ഇവിടെയിരുന്ന് പുറത്തേക്ക് നോക്കുമ്പോള്‍ മനസ്സില്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്തൊരു സമാധാനം വന്ന് നിറയും. എത്രനേരം വേണമെങ്കിലും ഇവിടെ ഇങ്ങനെ നോക്കിയിരിക്കാന്‍ എനിക്കിഷ്ടമാണ്...'' മീര പറയുമ്പോള്‍ ഒരു പൂവിടരും പോലെ ചില ഓര്‍മ്മകളുടെയും അനുഭവങ്ങളുടെയും കഥകള്‍ ആ മിഴികളില്‍ തെളിയാന്‍ തുടങ്ങിയിരുന്നു. ഓര്‍മ്മകളുടെ സുഗന്ധത്തില്‍ മീര സംസാരിച്ചുതുടങ്ങുമ്പോള്‍ കാതോരമെത്തിയതെല്ലാം രസകരവും അതേസമയംതന്നെ ജീവിതത്തിന്റെ ആഴങ്ങള്‍ തൊട്ടതുമായ വിശേഷങ്ങള്‍.
അങ്ങനെ ഞാന്‍ ഈ ഞാനായി
''പൂത്തുലഞ്ഞ് നില്‍ക്കെ അപ്രതീക്ഷിതമായി മാഞ്ഞുപോയൊരു പൂമരംപോലെയായിരുന്നല്ലോ മീരാ ജാസ്മിന്‍...'' ചോദ്യം കേട്ട് മീര പുഞ്ചിരിച്ചു. പിന്നെ 'തേന്മാവിന്‍ കൊമ്പത്ത്' എന്ന സിനിമയിലെ പപ്പുവിനെപ്പോലെ ഒരു ഡയലോഗ് അടിച്ചു, ''ഞാന്‍ ആരാണെന്ന് എനിക്കറിയാമെങ്കില്‍ ഞാന്‍ ആരാകണമെന്നും എനിക്കറിയാനാകും...'' മറുപടി കേട്ട് മനസ്സിലാകാതെയിരിക്കുമ്പോള്‍ മീര ചിരിയോടെത്തന്നെ അത് പൂരിപ്പിച്ചു.
''അപ്രതീക്ഷിതമായി മാഞ്ഞുപോയെന്ന വിശേഷണം ഒരര്‍ഥത്തില്‍ ശരിയാണ്. പക്ഷേ, അത് ജീവിതത്തിലെ വലിയൊരു മാറ്റത്തിന് വേണ്ടിയായിരുന്നെന്ന് ഞാന്‍ ഇപ്പോള്‍ തിരിച്ചറിയുന്നുണ്ട്. സിനിമയില്‍നിന്ന് മാറിയപ്പോള്‍ എന്റെതായ തിരക്കുകളുടെ ലോകത്തായിരുന്നു. സിനിമയില്‍നിന്ന് അന്ന് മാറിനില്‍ക്കേണ്ടിയിരുന്നത് ജീവിതത്തിലെ അത്യാവശ്യമുള്ള കാര്യം തന്നെയായിരുന്നു. അന്ന് അത് സംഭവിച്ചില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ, ഇപ്പോഴത്തെ ഞാന്‍ ഉണ്ടാകുമായിരുന്നില്ല. അങ്ങനെ ഞാന്‍ ഈ ഞാനായി എന്നതാണ് സിനിമയിലെ ഇടവേളകൊണ്ട് സംഭവിച്ച കാര്യം.
സിനിമയില്‍ നമ്മളെ നോക്കാനും കാര്യങ്ങള്‍ ശരിയാക്കാനും ഒരുപാടാളുകളുണ്ട്. സിനിമയ്ക്കായി ഒരു യാത്ര ചെയ്യുമ്പോള്‍ വിമാനടിക്കറ്റിനെപ്പറ്റിയോ താമസസൗകര്യത്തെപ്പറ്റിയോ ഒന്നും ചിന്തിക്കേണ്ടതില്ല. യാത്രയില്‍ പലപ്പോഴും സ്വന്തം ബാഗുപോലും നമ്മള്‍ പിടിക്കേണ്ടിവരില്ല. സിനിമ അങ്ങനെ ഒരുപാട് ലാളനകളും പരിഗണനകളും തന്നുകൊണ്ടേയിരിക്കും. എന്നാല്‍ ജീവിതത്തിന്റെ റിയാലിറ്റിയിലേക്ക് മാറിയാല്‍ അത് മറ്റൊരു അനുഭവമാണ്. അത് അനുഭവിക്കുന്നുവെന്നതാണ് ഇപ്പോഴത്തെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം'' - മീര പുതിയ മീരയുടെ ജീവിതം വരച്ചിട്ടു.
ജീവിതം മാറ്റിയ യാത്ര
സിനിമയില്‍നിന്നുള്ള ഇടവേളയില്‍ മീരയുടെ ലോകം യാത്രകളുടെതായിരുന്നു. മീരയുടെ ഭാഷയില്‍ പറഞ്ഞാല്‍ തന്റെ ജീവിതം മാറ്റിയ യാത്രകള്‍. ''സിനിമയില്‍നിന്ന് ഇടവേളയെടുത്ത സമയത്ത് ഞാന്‍ കൂടുതലും ദുബായിയിലായിരുന്നു. അതിനിടയില്‍ യൂറോപ്പിലും ഓസ്ട്രേലിയയിലുമൊക്കെ യാത്രകള്‍ ചെയ്തു. പ്രതീക്ഷിച്ചതിലും കൂടുതല്‍ യാത്രകള്‍. അപ്പോഴെല്ലാം കണ്ടുമുട്ടിയ മനുഷ്യരാണ് ജീവിതത്തിലെ ഏറ്റവും രസകരവും അര്‍ഥവുമുള്ള കുറെ നിമിഷങ്ങള്‍ എനിക്ക് സമ്മാനിച്ചത്. അവരുമായുള്ള വൈബ് വേറൊരു ലെവല്‍ തന്നെയായിരുന്നു. ഞാന്‍ ഒരു സിനിമാനടി ആണെന്ന് അറിയാത്തവര്‍ വരെ അക്കൂട്ടത്തിലുണ്ടായിരുന്നു. സത്യത്തില്‍ അങ്ങനെയുള്ളവരുമായുള്ള സൗഹൃദമാണ് യഥാര്‍ഥ മനുഷ്യബന്ധങ്ങളുടെ ആഴങ്ങള്‍ മനസ്സിലാക്കിത്തന്നത്. നടി എന്നതിനപ്പുറമുള്ള വ്യക്തിത്വത്തിലൂടെ അവര്‍ എന്നെ കണ്ടപ്പോള്‍ എനിക്ക് ഞാനായിത്തന്നെ അവരുടെ മുന്നില്‍ നില്‍ക്കാനും കഴിഞ്ഞു''- മീര ജീവിതം മാറ്റിയ യാത്രകളെപ്പറ്റി പറഞ്ഞു.
പാചകംമുതല്‍ ഫിനാന്‍സുവരെ
സിനിമയുടെ ഇടവേളയില്‍ ബിസിനസിന്റെ ലോകത്തേക്കും മീര കടന്നുചെന്നിരുന്നു. സ്വന്തം ബിസിനസിന്റെ ഉത്തരവാദിത്വങ്ങള്‍, ജീവിതത്തിലും പുതിയ പാഠങ്ങളായെന്നാണ് മീരയുടെ അനുഭവസാക്ഷ്യം. ''സിനിമയില്‍നിന്നുള്ള ഇടവേളയിലെ യാത്രകളും ബിസിനസും എനിക്ക് സമ്മാനിച്ച ഏറ്റവും വലിയ കാര്യം മറ്റുള്ളവരെ അധികം ആശ്രയിക്കാതെ ജീവിക്കാന്‍ പഠിപ്പിച്ചു എന്നതാണ്. അതോടെ നമ്മുടെ ഉള്ളിലുള്ള ചിന്തകള്‍ മാറി പുതിയൊരു ആളായി അറിയാതെ നമ്മള്‍ സ്വയം രൂപപ്പെടും. പാചകംമുതല്‍ ഫിനാന്‍സുവരെ എത്രയോ കാര്യങ്ങളാണ് സിനിമയിലെ ഇടവേളയിലെ ജീവിതം എന്നെ പഠിപ്പിച്ചത്. ഫിനാന്‍ഷ്യല്‍ പ്ലാന്‍സ് ഒറ്റയ്ക്ക് ചെയ്യാന്‍ കഴിയുകയെന്നത് ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. നമ്മള്‍ അതുവരെ ജീവിച്ച ലോകത്തുനിന്ന് വലിയ മാറ്റങ്ങളും വ്യത്യസ്തതകളും സമ്മാനിക്കുന്നതായിരുന്നു പുതിയ ലോകം. നമ്മുടെ ലോകങ്ങള്‍ മാറിക്കൊണ്ടേയിരിക്കണമെന്ന് അടിവരയിട്ട് ഉറപ്പിക്കുന്നതായിരുന്നു എനിക്ക് കൈവന്ന പുതിയ ജീവിതം. അതുകൊണ്ടുതന്നെ എനിക്ക് ഉറപ്പിച്ച് പറയാനാകും, ആ യാത്രകളും ജീവിതവും ഉള്ളതുകൊണ്ടാണ് ഞാന്‍ ഇപ്പോഴത്തെ ഞാനായത്.'''
ഹാപ്പി സ്പേസില്‍ എത്തുമ്പോള്‍
യാത്രകളിലൂടെ എത്തിയ ഇടം, ജീവിതത്തിലെ ഹാപ്പി സ്പേസ് എന്നാണ് മീര അതിനെ വിളിക്കുന്നത്. ''ജീവിതത്തില്‍ ഹാപ്പി സ്പേസ് വേണമെങ്കില്‍ നിങ്ങള്‍ ഒരുപാട് യാത്രകള്‍ പോകണം. സോളോ യാത്രകളാണ് അതില്‍ ഏറ്റവും പ്രധാനം. സിനിമയില്‍നിന്നുള്ള ഇടവേളയില്‍ ഞാന്‍ എത്രയോ സോളോയാത്രകള്‍ നടത്തി. മമ്മിയടക്കമുള്ള ബന്ധുക്കളോടും സുഹൃത്തുക്കളോടുമൊക്കെ അധികം സംസാരിക്കുകപോലും ചെയ്യാതെ ഏറക്കുറെ ഏകാന്തമായ മനസ്സുമായി അതുവരെ അറിയാത്ത ലോകങ്ങളിലൂടെയുള്ള യാത്ര. അത്തരം സോളോയാത്രകള്‍ നടത്താന്‍ ധൈര്യം വേണം. ഒരു സ്ത്രീ എന്ന നിലയില്‍ ആ ധൈര്യം കാണിക്കുകയും മുന്നോട്ടുപോകുകയും ചെയ്തതാണ് എന്നെ ഇന്നത്തെ ഞാനാക്കി മാറ്റിയത്. ജീവിതത്തിന്റെ നിര്‍ണായക ഘട്ടങ്ങളില്‍ നമ്മള്‍ എടുക്കേണ്ട പല തീരുമാനങ്ങളും എടുക്കാന്‍ ധൈര്യം കാണിക്കാതെ പിന്തിരിഞ്ഞ് നില്‍ക്കുന്നതാണ് പലരുടെയും ജീവിതം ഇല്ലാതാക്കുന്നത്. അതിലേക്ക് വീണുപോകാതെ എനിക്ക് ഞാനാകാന്‍ കഴിഞ്ഞുവെന്നതുതന്നെയാണ് സോളോയാത്രകളുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. അങ്ങനെയാണ് ഞാന്‍ എന്റെ ഹാപ്പി സ്പേസില്‍ എത്തിയത്.'''
അച്ചുവില്‍നിന്ന് അമ്മയിലേക്ക്
'അച്ചുവിന്റെ അമ്മ' എന്ന സിനിമയിലെ മകളായി വേഷമിട്ട മീര വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം സിനിമയിലേക്ക് തിരിച്ചെത്തുന്നത് 'മകള്‍' എന്ന സിനിമയിലെ അമ്മയായിട്ടാണ്. ഇങ്ങനെയൊരു തിരിച്ചുവരവ് നിയോഗംതന്നെയായിട്ടാണ് മീര കാണുന്നത്. ''സത്യന്‍ അന്തിക്കാട് എന്ന സംവിധായകന്റെ സിനിമയായിരുന്നു 'മകള്‍' എന്നതുതന്നെയായിരുന്നു പ്രധാന ഘടകം. സത്യനങ്കിള്‍ വിളിച്ചതുകൊണ്ട് സിനിമയിലേക്കുള്ള തിരിച്ചുവരവില്‍ എനിക്ക് ഒരിക്കലും പേടി തോന്നിയിരുന്നില്ല. മകളുടെ അമ്മയായി അഭിനയിക്കുന്നത് ഇമേജിനെ ബാധിക്കുമെന്നൊന്നും തോന്നിയിട്ടേയില്ല. കാരണം സത്യനങ്കിള്‍ സൃഷ്ടിക്കുന്ന കഥാപാത്രങ്ങളുടെ കരുത്തും ആഴവും എനിക്ക് വിശ്വാസമുള്ള കാര്യമാണ്. അതുകൊണ്ടുതന്നെ 'മകള്‍' എന്ന സിനിമയില്‍ ജൂലിയറ്റ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഏറെ സന്തോഷത്തോടും ആത്മവിശ്വാസത്തോടുംകൂടിയാണ്. ഒരു പ്ലസ് ടു കുട്ടിയുടെ അമ്മ എന്ന വേഷത്തെ പ്രേക്ഷകര്‍ സ്വീകരിച്ചപ്പോള്‍ എന്റെ തീരുമാനം ശരിയായിരുന്നെന്നും ബോധ്യപ്പെട്ടു.''
കോവിഡ്കാലത്തെ വ്യായാമം
സിനിമയിലെ ഇടവേളയ്ക്കുശേഷം തിരിച്ചുവരുമ്പോള്‍ മീരയുടെ സൗന്ദര്യത്തിനും ആത്മവിശ്വാസത്തിനും ഒരു കുറവും സംഭവിച്ചിട്ടില്ല. അതിന് കാരണമായി മീര ചൂണ്ടിക്കാട്ടുന്നത് വ്യായാമംതന്ന ചില കാര്യങ്ങളാണ്. ''സിനിമയില്‍നിന്നുള്ള ഇടവേളയില്‍ ഹെല്‍ത്തി ആയി ജീവിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. ഭക്ഷണവും വ്യായാമവും കൃത്യമാക്കി. കോവിഡ്കാലത്ത് വീടിന് അകത്തുതന്നെ കൃത്യമായി വ്യായാമം ചെയ്തു. യോഗയും പിലാറ്റിസ് വര്‍ക്ക് ഔട്ടുമായിരുന്നു പ്രധാനം. മനസ്സും ശരീരവും സമന്വയിക്കുന്ന വര്‍ക്ക് ഔട്ട് ആണിത്. മൂഡൗട്ട് വരുന്ന ദിവസങ്ങളില്‍പോലും വ്യായാമം മുടക്കാതിരുന്നാല്‍ അതിവേഗം മാറ്റങ്ങളുണ്ടാകും. മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യവും സൗന്ദര്യവും ശ്രദ്ധിച്ചാല്‍ നമ്മളെല്ലാം എപ്പോഴും സുന്ദരന്‍മാരും സുന്ദരികളുമായിരിക്കും. ''
മൗനത്തിന്റെ അടയാളങ്ങള്‍
തിരിച്ചുവരവില്‍ മീര വല്ലാതെ മൗനംപാലിക്കുന്നതായി പലരും പറയുന്നുണ്ടല്ലോ...ചോദ്യംകേട്ട് പുഞ്ചിരിച്ച മീര അല്പനേരം മൗനമായിരുന്ന ശേഷമാണ് മറുപടി പറഞ്ഞത്. ''ജീവിതത്തില്‍ ചില സമയങ്ങളില്‍ നമുക്ക് മൗനം വേണം. എന്റെ ജീവിതം ഇപ്പോള്‍ നിശ്ചയിക്കുന്നത് ഞാനാണ്. എന്റെ ജീവിതം പൂര്‍ണമായും എന്റെ നിയന്ത്രണത്തിലാണ് എന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ അനുഭവം. നമ്മള്‍ നമ്മളായിരിക്കാന്‍ ഇത്തരം അവസ്ഥകള്‍ വളരെ പ്രധാനമാണ്.
സോഷ്യല്‍ മീഡിയയില്‍ ആക്ടീവായിരുന്ന ഒരാളായിരുന്നില്ല ഞാന്‍. 'മകള്‍' എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ് ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങുന്നത്. ഇപ്പോള്‍ അതിലൂടെ പ്രേക്ഷകരുടെ സ്‌നേഹം ഇന്‍സ്റ്റന്റ് ആയി കിട്ടുന്നു. എന്നുകരുതി അത് മാത്രമാണ് എനിക്കുള്ള സന്തോഷത്തിന്റെ വഴി എന്ന് അര്‍ഥമില്ല. ചില നേരത്ത് മൗനവും അതിന് ശേഷം ചില നേരത്ത് സംസാരവുമൊക്കെ ജീവിതത്തിന്റെ അര്‍ഥങ്ങള്‍ നിശ്ചയിക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങള്‍ തന്നെയാണ്.'' സംസാരത്തിനിടയില്‍ മീര വീണ്ടും ജാലകത്തിലൂടെ കായലിലേക്ക് നോക്കി.
പാഠം ഒന്ന് ; ഒരു വിലാപം
കരിയറില്‍ ഒരിക്കലും മറക്കാത്ത കഥാപാത്രങ്ങള്‍ ഏതൊക്കെയാണെന്ന ചോദ്യം പൂര്‍ത്തിയാകും മുന്‍പേ മീരയുടെ ഉത്തരമെത്തി. ''പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമയിലെ ഷാഹിന എന്ന കഥാപാത്രം നെഞ്ചുകീറുന്ന ഒരനുഭവമാണ്. 15 വയസ്സുകാരിയായ മുസ്ലിം പെണ്‍കുട്ടിയുടെ വേഷം ചെയ്യുമ്പോള്‍ എന്റെ പ്രായം 20 ആയിരുന്നു. ഞാന്‍ അഭിനയം തുടങ്ങിയ കാലത്തുതന്നെ അത്തരമൊരു കഥാപാത്രത്തെ ചെയ്യേണ്ടി വന്നപ്പോള്‍ വെല്ലുവിളികള്‍ ഏറെയായിരുന്നു. ടി.വി. ചന്ദ്രന്‍ സാര്‍ സംവിധാനം ചെയ്ത സിനിമയില്‍ അവസരം കിട്ടുന്നതുതന്നെ ഭാഗ്യമായിരുന്നു. ആ കഥാപാത്രം നായിക തന്നെയാകുന്നതും ഒടുവില്‍ അതിന് സംസ്ഥാന അവാര്‍ഡും ദേശീയ അവാര്‍ഡും ലഭിക്കുന്നതുമൊക്കെ എന്നെ സംബന്ധിച്ചിടത്തോളം സ്വപ്നസമാനമായ നേട്ടമായിരുന്നു.
അതിനെക്കാളൊക്കെ എന്നെ ത്രില്ലടിപ്പിച്ചതും അഭിമാനമുണ്ടാക്കിയതും ഇന്ത്യയുടെ പ്രസിഡന്റായ അബ്ദുള്‍ കലാം സാറില്‍നിന്ന് ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ കഴിഞ്ഞുവെന്നതാണ്. ഏതുതരത്തില്‍ നോക്കിയാലും 'പാഠം ഒന്ന്; ഒരു വിലാപം' എന്ന സിനിമയും ഷാഹിന എന്ന കഥാപാത്രവും എനിക്ക് എന്നും പ്രിയപ്പെട്ടതാണ്.'''മീര പറയുമ്പോള്‍ ഫ്‌ളാറ്റിന്റെ സ്വീകരണമുറിയില്‍ കലാമില്‍നിന്ന് മീര അവാര്‍ഡ് ഏറ്റുവാങ്ങുന്ന ചിത്രമുണ്ടായിരുന്നു.
ശിവാനിയും പ്രിയംവദയും
ആദ്യകാല സിനിമയുടെ വിശേഷങ്ങളിലേക്ക് സംസാരം കടന്നപ്പോള്‍ മീരയുടെ മുഖത്ത് സന്തോഷത്തിന്റെ പ്രസരിപ്പ്. 2000-ത്തിന്റെ തുടക്കത്തില്‍ മലയാളസിനിമയില്‍ ഹിറ്റായ കുറേ കഥാപാത്രങ്ങളുടെ അവകാശിയായിരുന്നതിന്റെ ഓര്‍മകള്‍ ആ മുഖത്ത് ആവേശമായി നിറഞ്ഞു.
''ലോഹിതദാസ് സാറിന്റെ 'സൂത്രധാരനും' 'കസ്തൂരിമാനു'മാണ് എന്റെ കരിയറിന്റെ തുടക്കം. 'സൂത്രധാരനി'ലെ ശിവാനിയും 'കസ്തൂരിമാനി'ലെ പ്രിയംവദയും എനിക്ക് ഒരുപാടിഷ്ടപ്പെട്ട കഥാപാത്രങ്ങളാണ്. പിന്നാലെയെത്തിയ 'ഗ്രാമഫോണി' ലെ ജെനിഫറും 'സ്വപ്‌നക്കൂടി'ലെ കമലയും മനോഹരമായ കഥാപാത്രങ്ങളായിരുന്നു. രണ്ടിലും കുസൃതിയും സങ്കടവും ഒരുപോലെ നിഴലിച്ചിരുന്നു. കമല്‍ സാറും എന്റെ കരിയറിന്റെ തുടക്കത്തില്‍ ശ്രദ്ധേയമായ കുറേ കഥാപാത്രങ്ങള്‍ തന്നയാളാണ്. ഗ്രാമഫോണും സ്വപ്നക്കൂടും പെരുമഴക്കാലവുമൊക്കെ കമല്‍സാറാണ് എനിക്ക് തന്നത്.
പിന്നീട് സത്യന്‍ അന്തിക്കാട് അങ്കിളിന്റെ കൂടെ കുറേ നല്ല സിനിമകള്‍ ചെയ്യാനായി. 'അച്ചുവിന്റെ അമ്മ'യും 'രസതന്ത്ര'വും 'വിനോദയാത്ര'യുമൊക്കെ ആസ്വദിച്ച് ചെയ്ത സിനിമകളാണ്. രണ്ടാം വരവില്‍ ചെയ്ത 'മകള്‍' എന്ന സിനിമയും 'ക്യൂന്‍ എലിസബത്ത്' എന്ന സിനിമയും മികച്ച പ്രതികരണം നേടിയതില്‍ സന്തോഷമുണ്ട്.'
സന്തോഷത്തിന്റെ പാലും പഴവും
''പാലും പഴവും എന്ന സിനിമ സത്യത്തില്‍ ഒരു നിയോഗം തന്നെയാണ്. എന്റെ കരിയറിന്റെ തുടക്കത്തില്‍തന്നെ നമുക്കൊരു സിനിമ ചെയ്യണമെന്ന് പറഞ്ഞയാളാണ് വി.കെ.പി. പക്ഷേ, പല കാരണങ്ങള്‍കൊണ്ട് നീണ്ടുപോയി. 'പാലും പഴവും' എന്ന സിനിമയുടെ കഥ കേട്ടപ്പോള്‍തന്നെ എനിക്കിഷ്ടമായി. വി.കെ.പി.യുടെ കൂടെയായതുകൊണ്ട് മികച്ചൊരു കലാസൃഷ്ടി ലഭിക്കുമെന്നതിലും സംശയവുമുണ്ടായിരുന്നില്ല...''
സംസാരം നിര്‍ത്തി മീര അല്പനേരം ജാലകത്തിനപ്പുറത്തെ കായലിലേക്ക് നോക്കിയിരുന്നു. പിന്നെ പുഞ്ചിരി മായാത്ത മുഖത്തോടെ തന്നെ പറഞ്ഞു, ''പുഴയും കായലുമൊക്കെ കണ്ടിരിക്കുന്നത് എന്തു രസമാണല്ലേ. എത്ര നേരം വേണമെങ്കിലും ഇവിടെ ഇങ്ങനെ നോക്കിയിരിക്കാന്‍ എനിക്കിഷ്ടമാണ്...''
Content Highlights: south indian actress meera jasmine interview