പ്രിയ രാമനുമായി പിരിഞ്ഞ രഞ്ജിത് രാഗസുധയെ വിവാഹം ചെയ്തു, ശേഷമാണ് വീണ്ടും ഒന്നിക്കുന്നത്

തമിഴ് ബിഗ് ബോസ് ഹൗസിനുള്ളില്‍ നിന്ന് ഇറങ്ങിയ വന്ന രഞ്ജിത്തിന്റെയും കാണികള്‍ക്കിടയിലിരുന്ന പ്രിയാ രാമന്റേയും കണ്ണുകള്‍ പ്രണയത്തിലുടക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിക്കഴിഞ്ഞു. ഒരിക്കല്‍ നഷ്ടപ്പെട്ടുപോയ ദാമ്പത്യജീവിതം തിരികെപ്പിടിച്ച് മനോഹരമായി ജീവിക്കുന്ന ദമ്പതികളെ ആശീര്‍വദിക്കുകയാണ് സോഷ്യല്‍ മീഡിയ.
ഷോയില്‍നിന്ന് പുറത്തിറങ്ങിയ രഞ്ജിത് അവിചാരിതമായിട്ടാണ് പ്രിയാ രാമനെ കണ്ടത്. കണ്ടപാടേ പരിസരംപോലും മറന്ന് രഞ്ജിത് പ്രിയയെ നോക്കിനിന്നു. ഇരുവരും കണ്ണൂകള്‍ കൊണ്ട് പരസ്പരം സംസാരിച്ചു. അവതാരകനായ വിജയ് സേതുപതിക്ക് ഹസ്തദാനം നല്കാന് പോലും മറന്നുകൊണ്ടായിരുന്നു രഞ്ജിത്തിന്റെ പ്രകടനം.
വീഡിയോ വൈറലായതോടെ പ്രിയാ രാമന്റെയും രഞ്ജിത്തിന്റെയും പ്രണയവും വിവാഹവും വിവാഹമോചനവുമെല്ലാം വീണ്ടും ചര്‍ച്ചയാവുകയാണ്. പ്രിയാ രാമനെപ്പറ്റി പറയുമ്പോള്‍ മലയാളികള്‍ക്ക് ആദ്യം മനസ്സിലേക്ക് വരുന്നത് ബാഗ്ഗി ജീന്‍സും ഷൂസുമണിഞ്ഞ് 'ടൗണില്‍ ചെത്തി നടക്കാം' എന്ന 'സൈന്യ'ത്തിലെ പാട്ടായിരിക്കും. പ്രിയയുടെ നക്ഷത്രക്കണ്ണുകളെ ഒരുകാലത്ത് യുവാക്കള്‍ ഏറെ ആരാധിച്ചിരുന്നു. 'നമ്പര്‍ വണ്‍ സ്നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത്', 'ആറാം തമ്പുരാന്', 'മാന്ത്രികം', 'കാശ്മീരം' തുടങ്ങിയ സിനിമകളിലും മികച്ച കഥാപാത്രങ്ങളില്‍ പ്രിയയെത്തി. 'നാട്ടുരാജാവ്', 'രാജമാണിക്യം' തുടങ്ങിയ സിനിമകളിലെ വില്ലന്‍ കഥാപാത്രമായ രഞ്ജിത്തും മലയാളികള്‍ക്ക് പരിചിതനാണ്.
'നേസം പുതുസ്' എന്ന തമിഴ് സിനിമയുടെ സെറ്റില്‍ വെച്ചാണ് പ്രിയയും രഞ്ജിത്തും ആദ്യമായി കാണുന്നത്. ഇരുവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയായിരുന്നു അത്. അവിടെവെച്ച് രണ്ടുപേരും പ്രണയത്തിലായി. വീട്ടുകാരുടെ സമ്മതത്തോടെ അക്കൊല്ലം തന്നെ വിവാഹിതരാവുകയും ചെയ്തു. വിവാഹത്തോടെ പ്രിയ അഭിനയം നിര്‍ത്തി കുടുംബത്തില്‍ ശ്രദ്ധിച്ചു. രഞ്ജിത് അഭിനയം തുടരുകയും ചെയ്തു. ഇതിനിടെ ദമ്പതിമാര്‍ക്ക് രണ്ട് കുഞ്ഞുങ്ങളും പിറന്നു.
15 വര്‍ഷത്തോളം ഒന്നിച്ചുജീവിച്ചശേഷം ഇരുവരും പിരിയാന്‍ തീരുമാനിച്ച വാര്‍ത്ത ഏറെ ഞെട്ടിക്കുന്നതായിരുന്നു. രഞ്ജിത്തിന്റെ മറ്റൊരു പ്രണയം ഇരുവരുടെയും വിവാഹജീവിതത്തെ ഉലയ്ക്കുകയായിരുന്നെന്ന് അഭ്യൂഹങ്ങളുണ്ടായി. തമിഴ്-കന്നഡ നടിയായ രാഗസുധയുമായി പ്രണയത്തിലായ രഞ്ജിത് വിവാഹമോചനം നടന്ന വര്‍ഷം തന്നെ രാഗസുധയെ വിവാഹം ചെയ്തു.
കുട്ടികളുടെ സംരക്ഷണം പ്രിയ ഏറ്റെടുക്കുകയായിരുന്നു. വിവാഹമോചനത്തിനുശേഷം തമിഴ് സീരിയലുകളിലേക്ക് പ്രിയാ രാമന് ചുടവുമാറ്റി. അവിടെ കരിയര്‍ കെട്ടിപ്പടുത്ത താരം ആരാധകരെ സമ്പാദിച്ചു. അഭിനയത്തിനുപുറമെ സീരിയല്‍ നിര്‍മാണത്തിലും പ്രിയ കൈവെച്ചു. വീട്ടുകാര്‍ നിര്ബന്ധിക്കുന്നുണ്ടായിരുന്നെങ്കിലും മറ്റൊരു വിവാഹത്തിന് പ്രിയ തയ്യാറായില്ല.
വിവാഹം കഴിഞ്ഞ് ഒരുവര്‍ഷം കഴിയും മുമ്പ് രഞ്ജിത്തും രാഗസുധയും വേര്‍പിരിയുകയാണുണ്ടായത്. തുടര്‍ന്ന് മൂന്നുകൊല്ലത്തോളം ഒറ്റയ്ക്കായിരുന്നു രഞ്ജിത്തിന്റെ താമസം. ഇടയ്ക്ക് ചില ആരോഗ്യപ്രശ്നങ്ങളുമുണ്ടായി. ഈ സമയത്ത് പ്രിയ രഞ്ജിത്തിനെ ശുശ്രൂഷിക്കാന്‍ തയ്യാറായെന്നും പറയപ്പെടുന്നു. ഇതിനിടെ, ഇന്‍സ്റ്റഗ്രാമില്‍ ഭര്‍ത്താവ് എന്ന് പരിചയപ്പെടുത്തിക്കൊണ്ട് രഞ്ജിത്തിനൊപ്പമുള്ള ചിത്രം പ്രിയ പങ്കിട്ടത് വലിയ ചര്‍ച്ചയായി. ഇരുവരും വീണ്ടും ഒന്നിക്കുകയാണെന്ന് അന്നേ പലരും കരുതി. കുറച്ചുകാലത്തിനുശേഷം തങ്ങള്‍ ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചെന്ന വിവരം പ്രിയ സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിച്ചു. അങ്ങനെ വിവാഹമോചനം കഴിഞ്ഞ് ഏഴുവര്‍ഷത്തിനുശേഷം ഇരുവരും വീണ്ടും ഒന്നിക്കുകയും ചെയ്തു.
Content Highlights: south indian actor priya raman ranjith love story divorce