എനിക്ക് ഷൂട്ട് ഉണ്ടെങ്കില്‍ ഗോപിക അവിടേക്ക് വരും, തിരിച്ച് ഞാനും, ഒഴിവുസമയങ്ങളില്‍ യാത്രകളും

ഒരു ഫ്‌ളാഷ്ബാക്കില്‍നിന്ന് തുടങ്ങാം. 1999 ഓഗസ്റ്റ് ലക്കം ഗൃഹലക്ഷ്മി. കവര്‍ച്ചിത്രം തെങ്ങോലകള്‍ക്ക് മുമ്പില്‍ ചുവന്ന സാരി ധരിച്ച് നില്‍ക്കുന്ന ഒരു സുന്ദരിയുടേതായിരുന്നു. കോഴിക്കോട് സ്വദേശിനി ബീന. കാല്‍നൂറ്റാണ്ട് കടന്നുപോയി. കൊച്ചിയില്‍ ഗൃഹലക്ഷ്മിയുടെ കവര്‍ഷൂട്ട് നടക്കുന്നു. ഫ്രെയ്മില്‍ അന്നത്തെ കവര്‍ഗേള്‍ ബീനയുടെ മകള്‍ ഗോപിക. കൂടെ ഒരാള്‍ കൂടിയുണ്ട്. മലയാളികളുടെ പ്രിയതാരം ജി.പി. എന്ന ഗോവിന്ദ് പത്മസൂര്യ. ജി&ജി കപ്പിള്‍ എന്നാണ് ഈ ജോടികള്‍ക്ക് മലയാളികള്‍ നല്‍കിയ ചെല്ലപ്പേര്. ഈ ജനുവരിയില്‍ അവര്‍ ദാമ്പത്യത്തിന്റെ ഒന്നാംവാര്‍ഷികം ആഘോഷിച്ചു.
ഗൃഹലക്ഷ്മി എന്ന് കേള്‍ക്കുമ്പോള്‍ ആ കവര്‍ച്ചിത്രമാണ് ഓര്‍മ്മവരികയെന്ന് ഗോപിക. ''അമ്മയുടെയും അച്ഛന്റെയും കല്യാണം ഉറപ്പിച്ച സമയത്താണ് അമ്മ ഗൃഹലക്ഷ്മിയുടെ മുഖച്ചിത്രമാകുന്നത്. അന്നൊക്കെ അച്ഛന്‍ ആ ഫോട്ടോയില്‍ നോക്കി യാത്ര പറഞ്ഞിട്ടായിരുന്നുപോലും ഓഫീസിലേക്ക് ഇറങ്ങിയിരുന്നത്. '' അച്ഛനമ്മമാരുടെ പ്രണയകാലത്തില്‍ നിന്ന് ഗോപികയും ജി.പിയും തങ്ങളുടെ പ്രണയ വര്‍ത്തമാനത്തിലേക്ക് കടന്നു.
വിവാഹവുമായി ബന്ധപ്പെട്ട് ഇതുപോലുള്ള ഓര്‍മ്മകള്‍ നിങ്ങള്‍ക്കും ഉണ്ടാകുമല്ലോ...
ഗോവിന്ദ് പത്മസൂര്യ : ജീവിതം സന്തോഷത്തോടെ മുന്നോട്ടുപോകുകയായിരുന്നു. വിവാഹത്തിലൂടെ ഒരാളെ ജീവിതത്തിലേക്ക് കൂട്ടേണ്ടതുണ്ടോ എന്ന ചിന്തയിലായിരുന്നു. പക്ഷെ, വീട്ടുകാര്‍ നിരന്തരം നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. ഞാന്‍ വളരെ ബഹുമാനത്തോടെ കാണുന്ന മേമയ്ക്കായിരുന്നു കൂടുതല്‍ നിര്‍ബന്ധം. ഒടുവില്‍ കോവിഡ് സമയത്ത് ഞാന്‍ വിവാഹാലോചനകള്‍ക്ക് സമ്മതംമൂളി. കുറേ ആലോചനകള്‍ വന്നു. ഒന്നിലും തീരുമാനം എടുക്കാന്‍ കഴിഞ്ഞില്ല. കല്യാണം ആലോചിക്കാന്‍ പറഞ്ഞത് അബദ്ധമായോ എന്നുപോലും തോന്നി.
ഗോപിക : ഷൂട്ടിന്റെ തിരക്കിലായതുകൊണ്ട് വീട്ടിലെ കല്യാണച്ചര്‍ച്ചയൊന്നും ഞാന്‍ കേട്ടിരുന്നില്ല. വീട്ടിലുള്ള ദിവസങ്ങള്‍ വളരെ കുറവായിരുന്നു. എന്റെ വല്യമ്മയും ജി.പി.യുടെ മേമയും നല്ല സുഹൃത്തുക്കളാണ്. ഒരു യാത്രയ്ക്കിടെ പരിചയപ്പെട്ടതാണ് അവര്‍. ആ പരിചയത്തിലാണ് ഈ ആലോചന വരുന്നത്. ഷൂട്ടിന്റെ ബ്രേക്കില്‍ ഒരിക്കല്‍ വീട്ടില്‍ വന്നപ്പോള്‍ അവര്‍ ഇക്കാര്യം പറഞ്ഞു. ആള്‍ ജി.പി.യാണെന്നറിഞ്ഞു. ഞാന്‍ വേണ്ടെന്ന് പറഞ്ഞ് മുങ്ങി. ആ സമയം എന്റെ അനിയത്തി ചെന്നൈയിലാണ്. ഞാന്‍ അവളുടെ അടുത്തേക്ക് പോയി. കല്യാണക്കാര്യം കേള്‍ക്കണ്ടല്ലോ എന്ന് വിചാരിച്ചായിരുന്നു ആ യാത്ര. പക്ഷേ, അവിടെവെച്ച് എല്ലാം മാറിമറിഞ്ഞു.
ആദ്യത്തെ കണ്ടുമുട്ടല്‍ ഇപ്പോഴും ഓര്‍മ്മയിലുണ്ടോ?
ജി.പി. : ഗോപികയുടെ വീട് കോഴിക്കോടാണ്. പക്ഷെ, സീരിയല്‍ ഷൂട്ടിന്റെ ഭാഗമായി അവള്‍ മിക്കവാറും തിരുവനന്തപുരത്തായിരിക്കും. അവിടെ ചെന്ന് കാണാനാണ് മേമ എന്നോട് പറഞ്ഞത്. തിരുവനന്തപുരത്ത് എവിടെയിരുന്ന് സംസാരിച്ചാലും ആളുകള്‍ ശ്രദ്ധിക്കുമെന്ന് തോന്നി. എന്റെ കല്യാണത്തെ പറ്റി ഗോസിപ്പുകള്‍ വരുന്ന കാലവുമാണ്. പിന്നെ തിരുവനന്തപുരം വരെ ഡ്രൈവ് ചെയ്യാനുള്ള മടിയും. അപ്പോഴാണ് അവള്‍ ചെന്നൈയിലുണ്ടെന്ന് അറിയുന്നത്. നേരെ ചെന്നൈയിലേക്ക് പോയി. എന്റെ പ്രിയപ്പെട്ട നഗരമാണ് ചെന്നൈ. അവിടുത്തെ കപാലീശ്വര ക്ഷേത്രം എനിക്കേറെ ഇഷ്ടമാണ്. അവിടെയെത്തി ഫോണ്‍ വിളിച്ചപ്പോള്‍ എവിടെവെച്ച് കാണുമെന്നായി ചോദ്യം. ഞാന്‍ കപാലീശ്വര ക്ഷേത്രത്തിലേക്ക് പോകുന്നുണ്ടെന്നും അതിനടുത്തുളള ഏതെങ്കിലും റെസ്റ്റോറന്റില്‍വെച്ച് കാണാമെന്നും പറഞ്ഞു. അപ്പോള്‍ ഗോപികയും ക്ഷേത്രത്തില്‍ വരുന്നുണ്ടെന്ന് പറഞ്ഞു.
ഗോപിക : വല്യമ്മയുടെയൊക്കെ നിര്‍ബന്ധത്തിലാണ് കാണാന്‍ തീരുമാനിക്കുന്നത് തന്നെ. ജി.പി.യോട് സംസാരിച്ചിട്ടും കല്യാണം എന്ന തീരുമാനത്തിലേക്ക് എത്തിച്ചേര്‍ന്നിരുന്നില്ല.
ജി.പി. : കാണുന്നതുവരെ ഈ ബന്ധം മുന്നോട്ടുകൊണ്ടുപോകണമെന്നുണ്ടായിരുന്നില്ല. വളരെ പ്രാക്ടിക്കലാണ് ഞാന്‍. ഒരേ ഇന്‍ഡസ്ട്രിയില്‍നിന്ന് ഒരാളെ വേണ്ട എന്നായിരുന്നു. പക്ഷേ, പരസ്പരം കണ്ടതിനുശേഷം പതിയെ തീരുമാനം മാറി. ഇതൊന്ന് ശ്രമിച്ചുനോക്കാം, എനിക്ക് ഓക്കെയാകുമെന്ന് തോന്നുന്നുവെന്ന് മേമയോട് പറഞ്ഞു. പിന്നെ ഗോപിക വളരെ സ്‌ട്രെയ്റ്റ് ഫോര്‍വേഡ് ആയ ആളാണ്. മനസ്സിലാക്കാനും വലിയ ബുദ്ധിമുട്ടുണ്ടായില്ല.
ഗോപിക : 'ഡി ഫോര്‍ ഡാന്‍സി'ന്റെ ഫാന്‍ ആയിരുന്നു ഞാന്‍. പക്ഷേ, അതിന്റെ പേരില്‍ മാത്രം ഇഷ്ടം തോന്നരുത് എന്നുണ്ടായിരുന്നു. അതുകൊണ്ട് ക്യാരക്ടര്‍ മനസിലാക്കിയിട്ട് 'ഓക്കെ' പറഞ്ഞാല്‍ മതിയെന്ന് തീരുമാനിച്ചു.
ഒരു 'യെസ് ' കിട്ടാന്‍ ഒരുപാട് കാത്തിരിക്കേണ്ടി വന്നോ ?
ജിപി : എല്ലാ ദിവസവും ഞങ്ങള്‍ സംസാരിക്കും. പക്ഷേ, ഇത് നടക്കുമോ എന്ന് ഒരുറപ്പുമില്ല. തീരുമാനമാകാന്‍ ഒരു വര്‍ഷത്തിലേറെ സമയമെടുത്തു. തുടക്കത്തില്‍ ഞാന്‍ വളരെ പോസിറ്റീവ് ആയിരുന്നു. പക്ഷേ ഗോപിക ഓക്കെയായില്ല. പിന്നെ എനിക്കും ബുദ്ധിമുട്ടായി. ഒരുകാര്യം എത്ര ശ്രമിച്ചിട്ടും നടന്നില്ലെങ്കില്‍ അടുത്തതിലേക്ക് മാറുക എന്നതാണ് എന്റെ രീതി.
അങ്ങനെ ഏതാണ്ട് ഇത് അവസാനിപ്പിക്കാന്‍ തീരുമാനിച്ച ഘട്ടമെത്തിയപ്പോള്‍ ഗോപിക ഓക്കെ പറഞ്ഞു. അപ്പോഴേക്കും ഞാന്‍ ഏറെക്കുറെ പിന്മാറിയതുപോലായിരുന്നു. പിന്നെ കുറേക്കാലം ഗോപികയുടെ ഭാഗത്തുനിന്നായി ശ്രമം. ആ പഴയ മനോനിലയിലേക്ക് എനിക്ക് അപ്പോള്‍ എത്താനായില്ല. ഇത് മുന്നോട്ടുപോകുമോ എന്ന് ഉറപ്പുണ്ടായിരുന്നില്ല. അതുകൊണ്ടാണ് ആരോടും പറയാതിരുന്നത്. പിന്നെ എപ്പോഴോ ഞാനും ഓക്കെ പറഞ്ഞു.
ഡ്രൈവ് ചെയ്യാന്‍ മടിയുള്ള എനിക്ക് ഒരുസമയത്ത് ഡ്രൈവിങ് തന്നെയായിരുന്നു പണി. പട്ടാമ്പിയില്‍നിന്ന് തിരുവനന്തപുരത്ത് പോയി ഇവളെ കൂട്ടി കോഴിക്കോടേക്ക് വരും. പിന്നെ തിരികെ ഞാന്‍ വീണ്ടും പട്ടാമ്പിയിലേക്ക്. ആ സമയത്ത് കല്യാണം എപ്പോഴാണെന്ന ചോദ്യങ്ങളായിരുന്നു ഓണ്‍ലൈന്‍ മീഡിയകളില്‍. ഏതെങ്കിലും പെണ്‍കുട്ടിക്കൊപ്പം പരസ്യത്തിലെങ്ങാനും കണ്ടാല്‍ ആ പെണ്‍കുട്ടിയുമായി ഡേറ്റിങ്ങില്‍ ആണെന്ന റൂമര്‍ ഉടന്‍വരും.
എവിടെയങ്കിലും സ്വസ്ഥമായിരുന്ന് സംസാരിക്കുക ഞങ്ങള്‍ക്ക് ബുദ്ധിമുട്ടായിരുന്നു. വണ്ടിയില്‍ വെച്ച് മാത്രമായിരുന്നു കൂടിക്കാഴ്ചകള്‍. ഒരുമിച്ച് റെസ്റ്റോറന്റില്‍ കയറി ഭക്ഷണം കഴിക്കാനുള്ള ആത്മവിശ്വാസം പോലും ഉണ്ടായിരുന്നില്ല.
ഗോപിക : അതുകൊണ്ടെന്താ ഞാന്‍ പട്ടിണിയായിരുന്നു (ചിരിക്കുന്നു). എന്തിലെങ്കിലും മുഴുകിയാല്‍ ജി.പി. മറ്റെല്ലാം മറക്കും. ഒരുദിവസം ഞാന്‍ വിശക്കുന്നു എന്നുപറഞ്ഞപ്പോഴാണ് ഭക്ഷണം കഴിക്കണമല്ലേ എന്ന് ചോദിച്ചത്. പിന്നീടുള്ള യാത്രകളില്‍ ഞാന്‍ നട്‌സ്, ഫ്രൂട്‌സ് അങ്ങനെ എന്തെങ്കിലും കരുതാന്‍ തുടങ്ങി.
ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു. എന്തെല്ലാം മാറ്റങ്ങളുണ്ടായി?
ജിപി. : കല്യാണം കഴിഞ്ഞശേഷം ഞങ്ങള്‍ കൂടുതല്‍ പ്രണയിക്കാന്‍ തുടങ്ങി. കല്യാണത്തിന്റെ അന്നുവരെ വളരെ പ്രാക്ടിക്കലായാണ് കാര്യങ്ങള്‍ പോയത്. വീട്ടുകാരുടെ നിര്‍ബന്ധത്തില്‍ നടന്ന കല്യാണമായിരുന്നല്ലോ.
ഗോപിക : ജി.പി. എല്ലാ കാര്യങ്ങളും വളരെ കൃത്യമായി സെറ്റ് ചെയ്തുവെക്കുന്ന ആളാണ്. അതിലേക്ക് എത്തിച്ചേരാനുള്ള ശ്രമത്തിലാണ് ഞാന്‍.
ജിപി : കല്യാണം കഴിഞ്ഞ ശേഷം ഒട്ടുമിക്ക ദിവസങ്ങളിലും ഞങ്ങള്‍ ഒരുമിച്ചുണ്ട്. പരസ്പരം കൂടുതല്‍ മനസ്സിലാക്കാനായി. എനിക്ക് ഷൂട്ട് ഉണ്ടെങ്കില്‍ ഗോപിക അവിടേക്ക് വരും, തിരിച്ച് ഞാനും. പിന്നെ ഒഴിവുസമയങ്ങളില്‍ യാത്രകള്‍ ചെയ്തു. ഓസ്‌ട്രേലിയ, മലേഷ്യ, ഹോങ്കോങ്, യു.എ.ഇ., നേപ്പാള്‍ അടക്കമുളള രാജ്യങ്ങളില്‍ കറങ്ങി. ഇനിയും യാത്രകള്‍ പ്ലാന്‍ ചെയ്തിട്ടുണ്ട്. ഫെബ്രുവരിയില്‍ ഞങ്ങള്‍ അന്റാര്‍ട്ടിക്കയില്‍ പോകുകയാണ്. 24 ദിവസത്തെ യാത്ര.
അതിനിടെ പുതിയ ഫ്‌ളാറ്റ് സ്വന്തമാക്കിയല്ലോ?
ജി.പി : 'ഗോപുര' എന്നാണ് ഫ്‌ളാറ്റിന്റെ പേര്. അച്ഛനിട്ട പേരാണ്. ഞങ്ങളുടെ രണ്ടുപേരുടെയും പേരിന്റെ ആദ്യത്തെ അക്ഷരങ്ങള്‍വെച്ച്. ഞങ്ങളുടെ ഫ്‌ളാറ്റ് 27-ാം നിലയിലാണ്. ഒരു ഗോപുരാകൃതിയിലാണവിടം. അതൊക്കെ പരിഗണിച്ച് നല്‍കിയ പേര്. കൊച്ചിയില്‍ ജീവിതം ഉറപ്പിക്കുന്നതിനോട് എനിക്കത്ര താത്പര്യമുണ്ടായിരുന്നില്ല. എന്നാല്‍, എന്റെ അടിച്ചുപൊളി ജീവിതം കണ്ട് അച്ഛന്‍ ഒരു വില്ല വാങ്ങാന്‍ ആവശ്യപ്പെട്ടു. അങ്ങനെ ഗോപുര സ്വന്തമാക്കി.
തെലുഗുവിലാണല്ലോ ജി.പി. കൂടുതല്‍ സമയം ?
ജിപി : തെലുഗുവില്‍ നിന്നാണ് കൂടുതല്‍ അവസരങ്ങള്‍ വരുന്നത്. അവിടെ ആദ്യത്തെ സിനിമ ബണ്ണിക്കൊപ്പം (അല്ലു അര്‍ജുന്‍) 'അങ്ങ് വൈകുണ്ഠപുരത്ത്' ആയിരുന്നു. അത് വന്‍ ഹിറ്റായി. 'കീ' എന്ന തമിഴ് സിനിമ കണ്ടിട്ടാണ് സംവിധായകന്‍ ത്രിവിക്രമന്‍ സാര്‍ എന്നെ ആ സിനിമയിലേക്ക് വിളിക്കുന്നത്. അതിനുശേഷം 'ബംഗരാജു'. അതും ഹിറ്റായി. പിന്നാലെ വലിയ സിനിമകളില്‍നിന്ന് വിളി വന്നു. ഒരുപാട് ഓഫറുകള്‍ വരുന്നതുകൊണ്ടാണ് തെലുഗുവില്‍ തുടരുന്നത്. തമിഴിലും തെലുഗുവിലും വ്യത്യസ്ത വേഷങ്ങള്‍ കിട്ടി. മലയാളത്തില്‍ നിന്ന് വന്നാല്‍ തീര്‍ച്ചയായും ചെയ്യും. ഇവിടെ അവസരങ്ങള്‍ കുറവാണ്. 'പ്രേതം' നല്ല ബ്രേക്ക് തന്നെങ്കിലും പിന്നീട് വന്നത് ആ ടൈപ്പ് വേഷങ്ങള്‍ തന്നെയായിരുന്നു. എന്റെ തിരഞ്ഞെടുപ്പുകള്‍ അസാധാരണമായിരിക്കാം. പക്ഷേ ഞാനതില്‍ ഖേദിക്കാറില്ല.
കൊച്ചിയില്‍ വന്നപ്പോള്‍ അല്ലു അര്‍ജുന്‍ ജി.പി.യെ കണ്ടിരുന്നല്ലോ?
ജി.പി.: 'പുഷ്പ 2'-ന്റെ പ്രൊമോഷന് വേണ്ടി കൊച്ചിയില്‍ വന്നപ്പോഴായിരുന്നു കണ്ടുമുട്ടല്‍. ഗ്രാന്‍ഡ് ഹയാത്തില്‍ വെച്ച്. ആ ദിവസം എന്നേക്കാള്‍ നന്നായി ഗോപികയ്ക്കാണ് ഓര്‍മ്മ.
ഗോപിക: ചേട്ടന്‍ അല്ലു അര്‍ജുനെപ്പറ്റി പറ്റി ഒരുപാട് പറയാറുണ്ട്. എനിക്ക് അദ്ദേഹത്തിന്റെ സിനിമകളും ഇഷ്ടമാണ്. ഇവിടെ വരുന്നുണ്ട് കണ്ടാലോ എന്ന് ചേട്ടന്‍ ചോദിച്ചു. എങ്കില്‍ കാണാമെന്ന് ഞാനും. നല്ല തിരക്കുള്ള ദിവസമായിരുന്നു അന്ന്. വേണമെങ്കില്‍ അദ്ദേഹത്തിന് ജസ്റ്റ് ഞങ്ങളെ കണ്ട് ഹായ് തന്നാലും മതിയായിരുന്നു. പക്ഷേ പ്രൊമോഷന്‍ പരിപാടി കഴിഞ്ഞ് ഞങ്ങളെ മുറിയിലേക്ക് ക്ഷണിച്ചു. ഒരുപാടുനേരം സംസാരിച്ചു. ഒത്തിരി തിരക്കിലായിട്ടും സമയം കണ്ടെത്തിയത് ശരിക്കും അദ്ഭുതപ്പെടുത്തി.
ആ കണ്ടുമുട്ടലിന് പേളി നല്‍കിയ മറുപടിയും വൈറലായല്ലോ ?
ജി.പി.: അത് മുമ്പുണ്ടായ സംഭവത്തിനുള്ള മറുപടിയാണ്. ഒരിക്കല്‍ ഞാന്‍ പേളിയുടെ ചാറ്റ് ഷോയില്‍ അതിഥിയായി പോയി. അന്ന് അവള്‍ പറഞ്ഞു. നിന്റെ കൈയില്‍ അല്ലു അര്‍ജുന്റെ നമ്പറൊന്നുമില്ല. നീ ഗോപികയുടെ പേര് അല്ലു അര്‍ജുന്‍ എന്ന് സേവ് ചെയ്തിരിക്കുകയാണെന്ന്. ഞാനും ഗോപികയും അല്ലുവിനെ കണ്ട് ഫോട്ടോ പോസ്റ്റ് ചെയ്തപ്പോള്‍ പലരും പേളിക്ക് അത് അയച്ചുകൊടുത്തു. അതിനു മറുപടിയായി അവള്‍ ഫോട്ടോഷോപ്പ് ചെയ്ത് ഒരു ഫോട്ടോ ഇട്ടു. അല്ലു അര്‍ജുനൊപ്പം ഫ്‌ളൈറ്റില്‍ പോകുന്നതിന്റെ ഫോട്ടോ. അതാണ് വൈറലായത്.
ഞങ്ങളുടെ കല്യാണസമയത്ത് പേളി ഇറക്കിയ ട്രോളും രസകരമായിരുന്നു. ആ സമയത്ത് അവളുടെ രണ്ടാമത്തെ കുഞ്ഞിന്റെ ഡെലിവറി സമയമാണ്. ഞങ്ങളുടെ കല്യാണഫോട്ടോയില്‍ പേളി അവളുടെ ഫോട്ടോ എഡിറ്റ് ചെയ്ത് കേറ്റി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തു. ഫോട്ടോ എഡിറ്റിങ്ങില്‍ പേളി പുലിയാണ്.
വ്‌ളോഗിങ്ങ്, ആങ്കറിങ്... പലമേഖലകളിലുമുണ്ടല്ലോ ?
ജിപി. : എല്ലാം ഞാന്‍ ആസ്വദിച്ച് ചെയ്യാറുണ്ട്. എന്നാല്‍ സിനിമയോടാണ് കൂടുതലിഷ്ടം. അവസരങ്ങളും കൂടുതലവിടെയാണല്ലോ. ഈയടുത്ത് 'അമ്മ കുടുംബസംഗമം' ഞാനും മിഥുനും ചേര്‍ന്നാണ് ആങ്കറിങ് ചെയ്തത്.
വ്‌ളോഗിങ് ഹോബിയാണ്. ഒരു ടൈംപാസ്. ഇപ്പോള്‍ സമയം കുറവാണ്. പലരും പരസ്യം അപ്‌ലോഡ് ചെയ്യാനാണോ ഈ ചാനലെന്ന് ചോദിച്ച് ചീത്തവിളിക്കുന്നുണ്ട്. അപ്പോസമയമുണ്ടാക്കി വീഡിയോസ് ചെയ്യും. എഡിറ്റിങ്ങും വീഡിയോ എടുക്കലുമൊക്കെ ഞാന്‍ തന്നെയാണ് ചെയ്യുക.
ഗോപിക : 'സാന്ത്വന'ത്തിനുശേഷം ഒരുപാട് സീരിയലുകളിലേക്ക് അവസരം വന്നു. അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചത് സിനിമയിലാണ്. 'ശിവം' എന്ന സിനിമയില്‍ ബിജുമേനോന്റെ മകളായി. പിന്നീട് 'ബാലേട്ട'നില്‍ ബാലതാരമായി. അന്ന് നാലാം ക്ലാസ്സിലാണ് പഠിക്കുന്നത്. കോളേജില്‍ പഠിക്കുമ്പോള്‍ 'വസന്തത്തിന്റെ കനല്‍വഴികള്‍' എന്ന ഓഫ്ബീറ്റ് ചിത്രവും ചെയ്തു. 'സുമതി വളവ്' ആണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന സിനിമ. അത്യാവശ്യം നല്ല കഥാപാത്രമാണ് അതില്‍.
'ഗോപുര'ത്തിന്റെ ബാല്‍ക്കണിയിലേക്ക് ഇളംതണുപ്പുള്ള ഒരു കാറ്റ് കടന്നുവന്നു. കഥകേള്‍ക്കാനെന്നപോലെ കാറ്റ് ഒരു കൊച്ചുചെടിയുടെ ചില്ലയില്‍ കയറി ഇരിപ്പായി. കഥയേക്കാള്‍ രസമുള്ള ജീവിതം കണ്ട് കാറ്റൊന്ന് ചിരിച്ചു. ഒപ്പം ചെടിയും.
Content Highlights: south indian actor govind padmasoorya gopika interview