പ്രമുഖ നടന്മാരുടെ മുറികളില്‍ നിന്ന് കരഞ്ഞുകൊണ്ട് ഇറങ്ങിവരുന്ന നിരവധി നടിമാരെ ഞാൻ കണ്ടിട്ടുണ്ട്

സോമി അലി/ ഇൻസ്റ്റഗ്രാം(realsomyali)
സോമി അലി/ ഇൻസ്റ്റഗ്രാം(realsomyali)

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമാമേഖലയിലെ മോശംഅനുഭവങ്ങള്‍ പങ്കുവെച്ച് നിരവധി താരങ്ങള്‍ രംഗത്തെത്തിയിരുന്നു. 1990 കളില്‍ ബോളിവുഡ് സിനിമകളില്‍ തിളങ്ങിയ സോമി അലിയുടെ മീടു പരാമര്‍ശം ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്. 

''ഇരകളാക്കപ്പെടുന്ന സ്ത്രീകളെയും പുരുഷന്മാരെയും സംരക്ഷിക്കുന്നതിനും ശാക്തീകരിക്കുന്നതിനും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഒരു കാരണമാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. സിനിമയില്‍ മികച്ച അവസരം ലഭിക്കണമെങ്കില്‍ മറ്റൊരു താരത്തിന്റെ മുറിയിൽ ചെല്ലണമെന്ന് എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്റെ അനുഭവം നൂറില്‍ ഒന്ന് മാത്രമാണ്. പല സ്ത്രീകളും ബോളിവുഡിലെ മുന്‍നിര നായകന്മാരുടെ ഹോട്ടല്‍മുറികളില്‍ നിന്നും ലെെംഗികാതിക്രമണം നേരിട്ട് കരഞ്ഞുകൊണ്ട് ഇറങ്ങിവരുന്നത് ഞാൻ കണ്ടിട്ടുണ്ട്. സമൂഹത്തോടും കുടുംബത്തോടും വലിയ പ്രതിബദ്ധതയുണ്ടെന്ന് പുറമേ നടിക്കുന്ന മുന്‍നിര താരങ്ങളാണ് ഇത്തരത്തില്‍ മറ്റുള്ളവരെ ചൂഷണം ചെയ്യുന്നതെന്നോര്‍ക്കണം.'' -സോമി അലി പറഞ്ഞു

ഗാര്‍ഹികപീഡനത്തെ അതിജീവിക്കുന്നവരെ സഹായിക്കുന്നതിനായുള്ള  'നോ മോര്‍ ടിയേഴ്‌സ്' എന്ന ഫൗണ്ടേഷന്റെ സ്ഥാപക കൂടിയാണ് സോമി അലി. ഗാര്‍ഹികപീഡനത്തിന്റെയും മനുഷ്യക്കടത്തിന്റെയും ഇരകളായ സ്ത്രീകള്‍, പുരുഷന്മാര്‍, കുട്ടികള്‍, എൽ.ജി.ബി.ടി.ക്യൂ അംഗങ്ങൾ എന്നിവരെ സഹായിക്കുക എന്നതാണ് ഈ ഫൗണ്ടേഷന്റെ ലക്ഷ്യം. 

ചലച്ചിത്ര നിര്‍മാതാവും മോഡലും ആക്ടിവിസ്റ്റുമായിരുന്ന സോമി അലി 90-കളിലെ ബോളിവുഡ് സിനിമകളിലെ നിറസാന്നിധ്യമായിരുന്നു. കൃഷന്‍ അവതാര്‍, യാര്‍ ഗദ്ദര്‍, ആവോ പ്യാര്‍ കരേന്‍, ആന്ദോളന്‍ തുടങ്ങിയ നിരവധി സിനിമകളില്‍ അവർ അഭിനയിച്ചിട്ടുണ്ട്. 1997-ല്‍ പുറത്തിറങ്ങിയ ചുപ്പ് എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്. സല്‍മാന്‍ഖാനുമായുള്ള പ്രണയത്തകർച്ചയ്ക്കുശേഷം സോമി അലി അമേരിക്കയിലേക്ക് പോവുകയായിരുന്നു.

Content Highlights: somy ali on hema committee report and sexual abuse in bollywood