തെലുങ്കർ സ്വന്തം ശത്രുക്കളെന്ന് ശോഭിത, നട്ടെല്ല് വളർത്തിയെടുക്കണമെന്ന് ആശംസയും

ആന്ധ്രാപ്രദേശിലെ തെനാലിയിൽ ജനിച്ചുവളർന്ന ശോഭിത ധൂലിപാലയ്ക്ക് സൗന്ദര്യമത്സരങ്ങളാണ് സിനിമയിലേക്കുള്ള ചവിട്ടുപടിയായത്. വിവിധഭാഷകളിൽ നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ച് തന്റേതായ ഒരു ഇടംകണ്ടെത്താൻ അവർക്കായിട്ടുണ്ട്. ഇപ്പോഴിതാ തെലുങ്ക് സമൂഹം സ്വയം ശത്രുക്കളാണെന്ന് വിശേഷിപ്പിക്കുന്ന ഒരു ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറുടെ അഭിപ്രായത്തോട് യോജിച്ചിരിക്കുകയാണവർ. തെലുങ്കർ വളരെയധികം ജഡ്ജ്മെന്റൽ സ്വഭാവമുള്ളവരാണെന്നാണ് ശോഭിത പറയുന്നത്. താൻ 16-ാം വയസ്സിൽ വീടുവിട്ടുപോയതിനെക്കുറിച്ചും അവർ സംസാരിച്ചു.
ഹൈദരാബാദിൽ നിന്നുള്ള അഹല്യ എന്ന ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ അടുത്തിടെ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. “തെലുങ്ക് വ്യക്തിയുടെ ഒരേയൊരു ശത്രു മറ്റൊരു തെലുങ്കൻ തന്നെയാണ്. ഗൗരവമായി പറയുകയാണ്, ഇത് കേൾക്കൂ, സത്യത്തിലിത് സങ്കടകരമാണ്. സ്വന്തം ആളുകളെ പിന്തുണയ്ക്കുന്ന കാര്യത്തിൽ നമ്മളേറെ പിന്നിലാണ്. ആരെങ്കിലും ഒരു പുതിയ ബിസിനസ്സ് തുടങ്ങുമ്പോഴോ, ഒരു റെസ്റ്റോറന്റ് തുറക്കുമ്പോഴോ, വ്യത്യസ്തമായി എന്തെങ്കിലും ചെയ്യുമ്പോഴോ, 'എനിക്ക് എങ്ങനെ ഇതിനെ പിന്തുണയ്ക്കാം?' എന്നതിനു പകരം, 'അതിൽ എന്താണ് ഇത്ര വലിയ കാര്യം?' എന്ന മട്ടിലായിരിക്കും ആദ്യപ്രതികരണം.” സിനിമയെക്കുറിച്ചും അഭിമാനത്തെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും തെലുങ്കർ സംസാരിക്കാറുണ്ടെങ്കിലും, അവർ പരസ്പരം വിജയം കാത്തിരിക്കാറില്ലെന്നും അഹല്യ ചൂണ്ടിക്കാണിച്ചു.
അഹല്യയുടെ പോസ്റ്റിന് താഴെ '100' എന്ന ഇമോജി നൽകിക്കൊണ്ട് ശോഭിത അവരുമായി യോജിച്ചു. ഒപ്പം അവർ കൂട്ടിച്ചേർത്തു, “വിജയം ഉറപ്പില്ലാതിരുന്നിട്ടും ഞാൻ എന്റെ ബാഗ് പാക്ക് ചെയ്ത് 16-ാം വയസ്സിൽ മുംബൈയിലേക്ക് പോയി. കാരണം, സ്വപ്നം കാണാൻ ധൈര്യപ്പെടുന്നവരോട്, പ്രത്യേകിച്ച് നിങ്ങൾ കടന്നുവരാനാഗ്രഹിക്കുന്ന മേഖലയുടെ പുറത്തുനിന്നുള്ളയാളാണെങ്കിൽ, ഇവിടുത്തെ അന്തരീക്ഷം കടുത്ത എതിർപ്പു കാട്ടും, ജഡ്ജ്മെന്റലുമാണ്. ഇക്കാര്യം എനിക്ക് വ്യക്തമായിരുന്നു. ഒരു സ്ത്രീ കൂടിയാണെങ്കിൽ ഇത് ഇരട്ടിയാവും.” കാര്യങ്ങൾ ഇപ്പോൾ മാറിയിട്ടുണ്ടെന്നും അവർ സൂചിപ്പിച്ചു. “ഇത് കുറച്ചു കാലം മുമ്പാണ്, ഇപ്പോൾ കാര്യങ്ങൾ വ്യത്യസ്തമാണെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നമ്മുടെ സമൂഹത്തിലെ എല്ലാവർക്കും ചിറകുകളും (ഒരു നട്ടെല്ലും) വളർത്താനാവട്ടേയെന്ന് എന്ന് ആശംസിക്കുന്നു.”-അവർ പറഞ്ഞു.
മർച്ചന്റ് നേവി എൻജിനീയറായ വേണുഗോപാല റാവുവിന്റെയും പ്രൈമറി സ്കൂൾ അധ്യാപികയായ ശാന്ത കാമാക്ഷിയുടെയും മകളായാണ് ശോഭിത ജനിച്ചത്. വിശാഖപട്ടണത്ത് വളർന്ന അവർ 16-ാം വയസ്സിൽ മുംബൈയിലേക്ക് താമസം മാറ്റി. കോർപ്പറേറ്റ് ലോ പഠിച്ചു. മിസ് എർത്ത് 2013 മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. അനുരാഗ് കശ്യപിന്റെ 'രാമൻ രാഘവ് 2.0' എന്ന ചിത്രത്തിലൂടെ 2016-ൽ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Sobhita Dhulipala agreed with an influencer that Telugu people are unsupportive of each other., The actor shared her experience of leaving home at 16 due to a judgemental environment in Telugu states., Sobhita hopes the community can grow a spine and support its members better.