''വീട്ടില്‍ ചെല്ലുമ്പോള്‍ ചൂടുദോശയും ചട്ണിയും സുശീലാമ്മ എനിക്ക് വിളമ്പിത്തരും''

#തയ്യാറാക്കിയത്: എസ്. മനോഹരന്‍
പി.സുശീല
പി.സുശീല

ആലാപനത്തില്‍ എന്നും എന്നെ വിസ്മയിപ്പിച്ചിട്ടുള്ള എന്റെ സംഗീതദേവതയാണ് പി. സുശീല എന്ന സുശീലാമ്മ. എന്റെ കുട്ടിക്കാലവും ഇരിങ്ങാലക്കുടയിലെ ബാല്യകാലവും അവിടത്തെ സിനിമാതിയേറ്ററിനടുത്തുള്ള താമസവും തമിഴ് സിനിമകളും തമിഴ് ഗാനങ്ങളും നിരന്തരമറിയുന്നതിന് എന്നെയേറെ സഹായിച്ചു. മലയാളചിത്രങ്ങളും ഗാനങ്ങളും അന്ന് താരതമ്യേന കുറവായിരുന്നു. അതുകൊണ്ടുതന്നെ, അന്ന് കൂടുതലായി കണ്ടതും കേട്ടതും തമിഴ് സിനിമകളും ഗാനങ്ങളുമായിരുന്നു. അങ്ങനെ അന്ന് കേട്ട ഗാനങ്ങളില്‍ എന്നെയേറെ ആകര്‍ഷിച്ച ഒരു താരാട്ടുപാട്ടുണ്ട്:
''ചിന്നംചിരു കണ്‍മലര്‍
സെമ്പവള വായ്മലര്‍
സിന്തിടും മലരേ ആരാരോ...''

'പതിഭക്തി' (1958) എന്ന ചിത്രത്തില്‍ സുശീലാമ്മ പാടിയ ഗാനം. എന്റെ മറ്റൊരു ദൗര്‍ബല്യമായ മഹാസംഗീതവിദ്വാന്‍ (എം.എസ്.വി.), രാമമൂര്‍ത്തിയുമൊത്ത് സംഗീതം നല്‍കിയ ഗാനം. ആ നാളുകളില്‍ എന്റെ മനസ്സില്‍ ചേക്കേറിയതാണ് ഈ അപൂര്‍വസ്വരം. രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍, 1960-ല്‍ മറ്റൊരു താരാട്ടുമായി സുശീലാമ്മ മലയാളത്തിലുമെത്തി. 'സീത' (1960) എന്ന ചിത്രത്തില്‍:
''പാട്ടുപാടി ഉറക്കാം ഞാന്‍
താമരപ്പൂമ്പൈതലേ...''

ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ സംഗീതത്തില്‍ പിറന്ന ഗാനം. ഒരിക്കലും മറക്കാനാകാത്ത ഒരു ഗാനം. 1950-ല്‍ തുടങ്ങിയ സുശീലാമ്മയുടെ ഗാനസപര്യയില്‍ എനിക്ക് സുശീലാമ്മയുമൊത്ത് ഒരു ഗാനം പാടാന്‍ അവസരം ലഭിച്ചത് 1968-ല്‍ 'വെളുത്ത കത്രീന' എന്ന ചിത്രത്തിലാണ്:
''മകരം പോയിട്ടും മാടമുണര്‍ന്നിട്ടും
മാറത്തെ കുളിരൊട്ടും പോയില്ലേ...''

ശ്രീകുമാരന്‍ തമ്പിയെഴുതി എന്റെ ഗുരുനാഥന്‍ ദേവരാജന്‍ മാസ്റ്റര്‍ ഈണംനല്‍കിയ ഗാനം. മലയാളത്തിന്റെ മഹാനടന്‍ സത്യന്‍ മാസ്റ്ററും മാദകഭംഗിയും അഭിനയവും സമന്വയിച്ച നടി ഷീലയും അഭിനയിക്കുന്ന ഒരു ഗാനരംഗം.

ഇതേ ജോഡിക്കുവേണ്ടി അപൂര്‍വചാരുതയാര്‍ന്ന മറ്റൊരു ഗാനവും സുശീലാമ്മയും ഞാനും ചേര്‍ന്ന് പാടിയിട്ടുണ്ട്; ദേവരാജന്‍ മാസ്റ്ററുടെ സംഗീതത്തില്‍:
''സീതാദേവി സ്വയംവരംചെയ്തൊരു
ത്രേതായുഗത്തിലെ ശ്രീരാമന്‍
കാല്‍വിരല്‍കൊണ്ടൊന്നു തൊട്ടപ്പോള്‍ പണ്ട്
കാട്ടിലെ കല്ലൊരു മോഹിനിയായ്.''

'വാഴ്‌വേ മായം' (1970) എന്ന ചിത്രത്തില്‍, വയലാറിന്റെ തൂലികയില്‍നിന്ന് വന്ന വരികള്‍. സുശീലാമ്മ പാടിയ എല്ലാ ഗാനങ്ങളും എനിക്കിഷ്ടമാണ്.

എന്നാലും മലയാളത്തില്‍ എന്നെ അത്യധികമാകര്‍ഷിച്ച ചില പാട്ടുകളെപ്പറ്റി പറയാതിരിക്കാന്‍ കഴിയില്ല. 'കൊടുങ്ങല്ലൂരമ്മ' (1968) എന്ന ചിത്രത്തില്‍ ആരും അധികം ശ്രദ്ധിക്കാതെപോയ ഒരു ഗാനമുണ്ട്:
''ഋതുകന്യകയുടെ ലതാഗൃഹത്തിലെ ഋഷികുമാരാ,
പാതിയടഞ്ഞ നിന്‍ നയനദലങ്ങളില്‍
ഭക്തിയോ സ്വപ്നമോ
പരമഹംസപദനിര്‍വൃതിയോ.''

വയലാറിന്റെ വരികളെ രാഘവന്‍ മാസ്റ്റര്‍ സ്വരപ്പെടുത്തി സുശീലാമ്മയുടെ നാദത്തിലൂടെ നമുക്ക് കാട്ടിത്തരുന്ന ആ ചിത്രം, അത് നമുക്ക് തരുന്ന ഒരു പ്രത്യേക സുഖം അനിര്‍വചനീയമാണ്. 'മിടുമിടുക്കി' (1968) എന്ന ചിത്രത്തിലെ
''കനകപ്രതീക്ഷതന്‍ കണിമലര്‍ത്താലത്തില്‍
കല്യാണപ്പൂവുമായ് നിന്നവളേ,
കതിരണിച്ചിറകറ്റു മോഹങ്ങള്‍ വീഴുമ്പോള്‍
കരയാന്‍പോലും മറന്നവളേ...''

ശ്രീകുമാരന്‍ തമ്പിയുടെ വരികളും ബാബുക്കയുടെ ഈണവും സുശീലാമ്മയുടെ ആലാപനവും ഒന്നിനൊന്ന് മെച്ചം. 'വാഴ് വേ മായം' എന്ന ചിത്രത്തിലെ ദേവരാജന്‍ മാസ്റ്ററുടെ വളരെ വ്യത്യസ്തമായ ഒരു ഗാനമാണ്,
''കല്യാണസൗഗന്ധികപ്പൂങ്കാവനത്തിലൊരു
കസ്തൂരിമാനിനെ കണ്ടൂ.''
ഇനിയും ധാരാളം പാട്ടുകളെക്കുറിച്ച് പറയാനുണ്ട്...

പി.സുശീലയും പി.ജയചന്ദ്രനും

അമ്മയുടെ വാത്സല്യം
ഞാന്‍ മദിരാശിയില്‍ ജോലിതേടിച്ചെന്നെങ്കിലും ഒരു പിന്നണിഗായകനാവുകയെന്നതായിരുന്നു എന്റെ നിയോഗം. അവിടെ എന്റെ പാട്ടുപാടിക്കഴിഞ്ഞാല്‍, ഓരോ സ്റ്റുഡിയോയിലുമെത്തി റെക്കോഡിങ്ങുകള്‍ കാണുകയും എല്ലാ പാട്ടുകാരെയും സംഗീതസംവിധായകരെയും അറിയുകയും ചെയ്യുക, ആദ്യകാലങ്ങളില്‍ എന്റെ ഒരു പതിവായിരുന്നു. അത്തരമൊരു സന്ദര്‍ഭത്തിലാണ് എന്റെ ആരാധനാദേവതയായ സുശീലാമ്മയെയും ഞാന്‍ പരിചയപ്പെടുന്നത്. കൂടുതല്‍ക്കൂടുതല്‍ അടുത്തിടപഴകുന്തോറും അവരുടെ സാമീപ്യത്തില്‍ ഒരമ്മയുടെ വാത്സല്യം ഞാനനുഭവിക്കാന്‍ തുടങ്ങി. 

കുറെ നല്ല ഗാനങ്ങള്‍ മലയാളം, തമിഴ്, തെലുഗു, കന്നഡ ഭാഷകളില്‍ ഞങ്ങളൊരുമിച്ച് പാടി. അതില്‍ തെലുഗുവില്‍ 'എവരൂ വീരു എവരൂ വീരു' (1982) എന്ന ചിത്രത്തില്‍ രമേശ് നായിഡുവിന്റെ സംഗീതത്തില്‍ സുശീലാമ്മയും ഞാനും ചേര്‍ന്ന് പാടിയ ''കലലു വച്ചേ വേളാനീ'' എന്ന ഗാനം വളരെ ജനപ്രീതി നേടി. തെലുഗുവില്‍ പാടിത്തുടങ്ങുമ്പോള്‍ അതിലെ ഉച്ചാരണം എനിക്ക് പറഞ്ഞുതന്നതും സുശീലാമ്മയാണ്. അതുപോലെ, തമിഴിലും എന്റെ ആദ്യത്തെ ഹിറ്റ് ഗാനം 'ഒരു കൊടിയില്‍ ഇരുമലര്‍കള്‍' എന്ന ചിത്രത്തില്‍ സുശീലാമ്മയുമൊത്ത് പാടിയ ''കണ്ണനിന്‍ സന്നതിയില്‍'' ആണ്.

അതുപോലെ, വളരെ വളരെ ഹിറ്റായ ''രാസാത്തി ഒന്നേ കാണാത നെഞ്ച്, കാത്താടിപോലാട്ത്'' എന്ന ഗാനം സുശീലാമ്മയുടെ ശബ്ദത്തിലും വന്നിട്ടുണ്ട്. എന്നാല്‍, ഞാന്‍ പാടിയ വേര്‍ഷനാണ് അമ്മയ്ക്കേറെ ഇഷ്ടമായതെന്ന് എന്നോട് പറയാറുണ്ട്.
മദിരാശിയിലുണ്ടായിരുന്ന കാലത്ത് എന്നും മാതൃവാത്സല്യം മനസ്സിലിറ്റുതരുന്ന അമ്മയെക്കാണാന്‍ ഞാന്‍ വീട്ടിലേക്ക് ചെല്ലും. ഞാനവിടെ ചെല്ലുന്നതറിഞ്ഞാല്‍, ചൂടുദോശയും ചട്ണിയും എനിക്കുവേണ്ടി തയ്യാറാക്കിയിട്ടുണ്ടാവും. അമ്മ അതെനിക്ക് വിളമ്പിത്തരും. എന്തൊരാനന്ദമാണത്! എന്നിട്ട്, അമ്മയെ സാഷ്ടാംഗപ്രണാമം ചെയ്തുമടങ്ങും. ഒരിക്കലും മറക്കാനാവാത്ത ഓര്‍മ്മകള്‍. ഇപ്പൊ ഞാന്‍ കേരളത്തിലായത് കാരണം ഫോണ്‍വിളികള്‍മാത്രമാണ് ശരണം. ആഴ്ചയിലൊരിക്കലെങ്കിലും ഞങ്ങള്‍ സംസാരിക്കും. മുതിര്‍ന്ന തലമുറയിലും ഇപ്പോഴത്തെ തലമുറയിലുമുള്ള എല്ലാ ആളുകളെക്കുറിച്ചും അമ്മയന്വേഷിക്കും. 2012-ല്‍ അമ്മയുടെ പേരിലുള്ള 'പി. സുശീല ട്രസ്റ്റ് അവാര്‍ഡ്' നല്‍കി സുശീലാമ്മ എന്നോടുള്ള സ്നേഹം അടയാളപ്പെടുത്തുകയും ചെയ്തു.

ഈ അവസരത്തില്‍ ഞങ്ങളൊന്നിച്ച് പാടിയ ഒരു ഗാനംകൂടി ഓര്‍മ്മിക്കുന്നു. കല്യാണവസന്തം രാഗത്തില്‍ 'ശ്രീമദ് ഭഗവത്ഗീത' (1977) എന്ന ചിത്രത്തിലെ ഭാസ്‌കരന്‍ മാസ്റ്റര്‍ ഗാനം; ''വിലാസലോലുപയായി വസന്തകൗമുദി വന്നൂ...'' ഇളയരാജ എന്നെക്കൊണ്ട് ഈ പാട്ട് കൂടക്കൂടെ പാടിക്കുമായിരുന്നു. ഇതിന്റെ സ്വാധീനത്തില്‍ അദ്ദേഹം തമിഴില്‍ ഒരു പാട്ട് ചെയ്തത് ഞാന്‍ പാടിയിട്ടുമുണ്ട്. അതുപോലെ, സുശീലാമ്മ പാടിയ ''മലര്ക്ക് തെന്‍ട്രല്‍ പകയാനാല്‍'' എന്ന ഗാനം ദേവരാജന്‍ മാസ്റ്ററുടെ ഇഷ്ടഗാനമാണ്. അദ്ദേഹം പലപ്രാവശ്യം എന്നെക്കൊണ്ട് ആ പാട്ട് പാടിച്ചിട്ടുണ്ട്.

എം.എസ്.വി.യെയും രാമമൂര്‍ത്തിയെയും ആദരിക്കാന്‍ മദിരാശിയില്‍ മുഖ്യമന്ത്രിയായിരുന്ന ജയലളിത ഒരു വലിയ പ്രോഗ്രാം സംഘടിപ്പിച്ചു. അതില്‍ ഞാനും പങ്കെടുത്തിരുന്നു. അന്ന് ജയലളിത പറഞ്ഞു: ''എന്റെ ഇഷ്ടഗാനം, ഈ ലോകത്തില്‍ ഏറ്റവും നല്ല ഗാനങ്ങളിലൊന്ന്, സുശീലാമ്മ പാടിയ സൊന്നത് നീ താനാ ആണ്.'' ഞാന്‍ എന്റെ ഇരിപ്പിടത്തില്‍നിന്ന് എഴുന്നേറ്റ് സന്തോഷംകൊണ്ട് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: ''ഞാന്‍ ഏറ്റവുമിഷ്ടപ്പെടുന്നതും ഈ ഗാനംതന്നെ...''
 

Content Highlights: singer p.jayachandran talking about legendary singer p. susheela