കത്രീനയെ സഹനടന്‍ പ്രശംസിച്ചത് കേട്ട് ഞെട്ടിയ വിക്കി കൗശല്‍; ഐസ് മാത്രം കഴിച്ച ഷൂട്ട് ചെയ്ത നൃത്തരംഗം

കത്രീന കൈഫ്, സിദ്ധാർഥ് മൽഹോത്ര/PTI
കത്രീന കൈഫ്, സിദ്ധാർഥ് മൽഹോത്ര/PTI

ബോളിവുഡിന്റെ ബാര്‍ബിഡോള്‍ എന്നറിയപ്പെടുന്ന കത്രീന കൈഫ് സിനിമയിലെത്തിയിട്ട് 22 വര്‍ഷമായി. ആരാധകരുടെ എണ്ണത്തിലും കൈപ്പറ്റുന്ന പ്രതിഫലത്തിന്റെ കാര്യത്തിലും കത്രീന മുന്‍നിരയിലുണ്ട്. ബോളിവുഡിലെ ഏറ്റവും നല്ല ഡാന്‍സര്‍ എന്നൊരു വിളിപ്പേരുമുണ്ട് കത്രീനയ്ക്ക്. ഷീല കി ജവാനി, കമലി, ചിക്കിനി ചമേലി, ഇഷ്ഖ് ഷവ... കത്രീന ചുവടുവെച്ച പാട്ടുകളെല്ലാം ഹിറ്റാണ്. 

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ കത്രീന നല്ലൊരു മാതൃകയാണ്. കോഫീ വിത് കരണ്‍ ടോക്ഷോയില്‍ അതിഥിയായെത്തി പരിണീതി ചോപ്ര പറഞ്ഞത് ഇങ്ങനെ- ജിമ്മില്‍ കത്രീന കയറിവരുന്നത് കണ്ടപ്പോള്‍ തന്നെ ട്രെഡ്മില്ലില്‍ എന്റെ വേഗം കൂടി.....ഇന്നും ഫിറ്റ്‌നസ്സുമായി ബന്ധപ്പെട്ട എന്ത് സംശയമുണ്ടെങ്കിലും ഞാന്‍ കത്രീനയ്ക്ക് മെസേജ് ചെയ്യും. അങ്ങേയറ്റം പരിഗണനയോടെ, സ്‌നേഹത്തോടെ കാതറീന നമുക്ക് പറയാനുള്ളത് കേള്‍ക്കും. ശരീരഭാരം കുറയ്ക്കാനുള്ള തന്റെ യാത്രയില്‍ തുണയായത് കത്രീന ആണെന്നും പരിണീതി പറഞ്ഞിരുന്നു.

കത്രീന കൈഫ്/PTI

ഡയറ്റിന്റെ കാര്യത്തിലും കത്രീന കണിശക്കാരിയാണ്. ചിട്ടകള്‍ മുടക്കമില്ലാതെ പാലിക്കും. കത്രീനയുടെ അച്ചടക്കത്തെ ആരാധനയോടെയും അല്പം അസൂയയോടെയുമാണ് ബോളിവുഡിലെ മറ്റുള്ളവര്‍ നോക്കിക്കാണുന്നത്. ബോളിവുഡിലെ ബെസ്റ്റ് ബോഡി എന്ന ടാഗും കാതറീനയ്ക്ക് സഹതാരങ്ങള്‍ ചാര്‍ത്തിക്കൊടുത്തിട്ടുണ്ട്.

'ബാര്‍ ബാര്‍ ദേഖോ' എന്ന ചിത്രത്തിലെ 'കാലാ ചഷ്മ' ഗാനം വലിയ ഹിറ്റായിരുന്നു. ഗാനത്തിലെ കത്രീനയുടെ ലുക്കും ഹിറ്റായി. കത്രീനയുടെ ആകാരവടിവ് ഏറെ പ്രശംസിക്കപ്പെട്ടു. സിനിമയിലെ നായകനായ സിദ്ധാര്‍ത്ഥ് മല്‍ഹോത്ര കോഫി വിത് കരണില്‍ അതിഥിയായെത്തിയപ്പോള്‍ കത്രീനയുടെ കഠിനാധ്വാനത്തെക്കുറിച്ച് പുകഴ്ത്തിയിരുന്നു.

സിദ്ധാര്‍ത്ഥിനൊപ്പം കത്രീനയുടെ ഭര്‍ത്താവായ വിക്കി കൗശലുമുണ്ടായിരുന്നു. കത്രീനയുടെ കൃത്യനിഷ്ഠതയും സമര്‍പ്പണവും തന്നെ അത്ഭുതപ്പെടുത്താറുണ്ടെന്ന് വിക്കി പറഞ്ഞതില്‍ നിന്നാണ് അഭിമുഖം കത്രിനയിലേക്ക് വഴി തിരിയുന്നത്. വിക്കി പറഞ്ഞതിന് തുടര്‍ച്ചയായിട്ടാണ് സിദ്ധാര്‍ഥ് സിനിമാസെറ്റില്‍ നിന്നുള്ള ഓര്‍മ പങ്കുവെച്ചത്. 

വിക്കി കൗശൽ/AFP

'കാലാ ചഷ്മ' ഗാനത്തിന്റെ ചിത്രീകരണത്തിനിടെ കത്രീന ഐസ് മാത്രമാണത്രെ കഴിച്ചത്. നീണ്ട ഷൂട്ടിങ് സമയത്ത് ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും ചര്‍മത്തിന് തിളക്കമുണ്ടാകാനുമായിരുന്നു അത്. മാത്രമല്ല അല്പം പോലും തടി തോന്നിക്കാത്ത വിധം  ആകാരവടിവ് നിലനിര്‍ത്താനുമാകും.

സിദ്ധാര്‍ത്ഥിന്റെ വെളിപ്പെടുത്തലിനോട് 'വാട്ട്' എന്ന ഞെട്ടലായിരുന്നു വിക്കിയുടെ പ്രതികരണം. കത്രീന എന്ത് കഴിച്ചാലെന്താ ആ ഡാന്‍സ് രംഗത്തില്‍ അവര്‍ എന്ത് സുന്ദരിയാണ് എന്നായിരുന്നു കരണ്‍ ജോഹറിന്റെ ചോദ്യം.


 

Content Highlights: sidharth malhotra reveals how katrina kaif only ate ice during shooting