‘സിനിമയിൽ കാഷ്വലായും തമാശയായും അവതരിപ്പിക്കുന്ന സ്ത്രീവിരുദ്ധത സമൂഹത്തെ സ്വാധീനിക്കുന്നുണ്ട്’

ഞാനും നീയുമെന്ന തീരങ്ങൾക്കിടയിൽ ആർത്തിരമ്പുന്നൊരു കടലുണ്ട്... എന്റെ, എന്റെ ഞാനെന്ന ഭാവം...
'ഒരേ കടലിൽ' ഒരു ഗാനരംഗത്തിൽ മമ്മൂട്ടിയുടെ ശബ്ദത്തിൽ ഇങ്ങനെയൊരു സംഭാഷണമുണ്ട്. ദൂരെനിന്നെങ്കിലും ആ സംഭാഷണം ശ്യാമപ്രസാദിന്റെ സിനിമാജീവിതത്തിലേക്ക് ദിശകാട്ടുന്നു. കറുപ്പിന്റെയും വെളുപ്പിന്റെയും ചതുരക്കളങ്ങളിൽ രേഖപ്പെടുത്തപ്പെട്ട ശരിതെറ്റുകൾക്കിടയിലെ മഹാസാഗരത്തെ ഒപ്പിയെടുക്കുന്നു അദ്ദേഹത്തിന്റെ സിനിമകൾ. നന്മതിന്മകൾക്കിടയിൽ അദൃശ്യമാക്കപ്പെടുന്ന മനുഷ്യസത്തയുടെ പെരുങ്കടൽ കാഴ്ചകൾ. പൊതുബോധം മുൻവിധികൊണ്ട് വിചാരണ ചെയ്ത് അസാധുവാക്കുന്ന ആ അദൃശ്യവർണത്തെ പ്രതിഫലിപ്പിക്കുന്ന സിനിമാ ഉദ്യമങ്ങൾ. മനസ്സിനെ പകർത്തുന്ന കലയാണ് സിനിമ എന്ന തോന്നൽ മലയാളിക്കുണ്ടായത് ശ്യാമപ്രസാദിലൂടെയാണ്. കാഴ്ചയുടെ ധാരാളിത്തം പരിമിതമായിരുന്ന കാലത്തെപ്പറ്റിയുള്ള ഗൃഹാതുരസ്മരണകളിൽ ശ്യാമപ്രസാദിന്റെ പേരുണ്ട്. ബഷീറിന്റെയും മാധവിക്കുട്ടിയുടെയും എൻ.മോഹനന്റെയും ചെക്കോവിന്റെയും കാമ്യുവിന്റെയും കൃതികളെ ദൂരദർശനിലൂടെ കണ്ടാസ്വദിക്കാൻ മലയാളിക്ക് അവസരമൊരുക്കിയത് അദ്ദേഹമാണ്. 'ശമനതാളം', 'മണൽനഗരം', 'മരണം ദുർബലം', 'ഉയിർത്തെഴുന്നേൽപ്പ്'... തിരഞ്ഞെടുക്കാൻ ദൃശ്യങ്ങളധികമൊന്നും കാത്തിരിപ്പില്ലാതിരുന്ന കാലത്തിന് കാഴ്ചയുടെ വിരുന്നൊരുക്കിയ ലഘുചിത്രങ്ങൾ. 'കല്ലുകൊണ്ടൊരു പെണ്ണി'ൽ തുടങ്ങി എം.ടിയുടെ കഥകളെ ആസ്പദമാക്കിയുള്ള മനോരഥങ്ങളിലെ 'കാഴ്ച' വരെയുള്ള സിനിമകൾ. 'ഒരേകടൽ', 'അഗ്നിസാക്ഷി', 'അകലെ'... മാസ്മരികമായ സിനിമാ അനുഭവങ്ങൾ.
സിനിമയ്‌ക്കൊപ്പം നാടകവും സംഗീതവും സാഹിത്യവും സമംചേർന്ന സർഗജീവിതം. മനുഷ്യാവസ്ഥയുടെ ഭാഗമായ ജീവിതവൈചിത്ര്യങ്ങളെ ശരിതെറ്റുകളുടെ വിലങ്ങുകളിൽ നിന്ന് മുക്തമാക്കി ഭാവാത്മകമായി അവതരിപ്പിച്ച ആ സിനിമാജീവിതത്തിന്റെ ചുറ്റുവട്ടങ്ങളിലേക്ക് അദ്ദേഹവുമൊത്തൊരു യാത്ര.
ജീവിതത്തിൽ നിർണായകമായിരുന്നല്ലോ ഡ്രാമാ സ്‌കൂൾകാലം. അതിലേക്ക് വഴിതെളിച്ച സംഭവത്തെ ഇപ്പോഴും ഓർക്കാറുണ്ടോ?
ജീവിതത്തിന്റെ യാദൃശ്ചികതകളാണ് അതൊക്കെയും. പ്രീഡിഗ്രി കഴിഞ്ഞ് പുണെയിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലോ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലോ ചേർന്ന് പഠിക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ അതിന് കാത്തു നിൽക്കാതെ തൃശ്ശൂരിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ നാടക പഠന കോഴ്സിൽ ചെന്നുചേരാൻ ഒരു കാരണം ഉണ്ടായിരുന്നു. വേദനാജനകമായ ഒരു ഓർമ്മ.
പാലക്കാട് വീടിനടുത്ത് എനിക്കൊരു കൂട്ടുകാരനുണ്ടായിരുന്നു. അനന്തകൃഷ്ണൻ. അവനും ഞാനും ഞങ്ങളുടെ കൂട്ടുകാരും ഒക്കെക്കൂടി ധോണി വെള്ളച്ചാട്ടം കാണാൻപോയി. അവിടെ ഒരു അരുവിയിൽ ഇറങ്ങി. നീന്തലൊന്നും വശമില്ലാത്തവരാണ്. പക്ഷേ, ഒത്തുകൂടിയതിന്റെ ആഹ്ലാദത്തിലും ആവേശത്തിലും അതൊന്നും ഓർത്തില്ല. ജലാശയത്തിന്റെ ആഴം ഞങ്ങളെ കീഴ്പ്പെടുത്തി. അനന്തകൃഷ്ണനും ഞാനും കയത്തിൽ മുങ്ങി. ജീവനുവേണ്ടി ഞങ്ങളൊന്നിച്ച് പിടഞ്ഞു. പക്ഷേ, എങ്ങനെയോ ഞാൻ രക്ഷപ്പെട്ടു. അവൻ മരിച്ചു. ആ സംഭവം മനസ്സിനെ വല്ലാതെ ബാധിച്ചു. അവന്റെ കുടുംബം ഞങ്ങളുടെ വീടിന്റെ തൊട്ടുമുമ്പിൽ തന്നെയാണ്. അവരെ കാണുമ്പോൾ വലിയ പ്രയാസമായിരുന്നു. പാലക്കാട് തുടർന്ന് നിൽക്കുന്നതിൽ എനിക്കൊരു വൈമനസ്യമുണ്ടായി. അതുകൊണ്ട് തൃശ്ശൂരിലെ ഡ്രാമാ സ്‌കൂളിൽ പഠിക്കണമെന്ന തീരുമാനം എടുക്കാൻ എളുപ്പമായിരുന്നു.
ജീവിതത്തിന്റെ ആ ഒരു ഘട്ടത്തിൽ സ്വാധീനിച്ച ദൃശ്യാനുഭവങ്ങൾ?
വിക്ടോറിയ കോളേജിൽ ദർശന ഫിലിം സൊസൈറ്റിയുടെ പ്രവർത്തനങ്ങളിൽ ഞാൻ സജീവമായിരുന്നു. അതുപോലെ തനത് നാടകവേദിയെപ്പറ്റിയുള്ള അറിവുകളുണ്ടാവുന്ന കാലംകൂടിയായിരുന്നു അത്. അക്കാലത്തെപ്പോഴോ 'അവനവൻ കടമ്പ' എന്ന നാടകം പാലക്കാട് എത്തി. വിക്ടോറിയ കോളേജ് മൈതാനത്തിലുള്ള വലിയ മരത്തിന്റെ ചുവട്ടിലിരുന്നാണ് ഞാനാ നാടകം കണ്ടത്. ഏറെ സ്വാധീനിച്ച ദൃശ്യാനുഭവമായിരുന്നു അത്. അന്നുവരെ നമ്മൾ പ്രൊസീനിയത്തിൽ മാത്രം കണ്ടുശീലിച്ച കാഴ്ചയെ തുറസ്സായ നാടകവേദിയിൽ കാണുന്നതിന്റെ പുതുമ. ആധുനിക നാടകത്തെ ഇങ്ങനെ ഒരു അന്തരീക്ഷത്തിൽ അവതരിപ്പിക്കാം എന്നുള്ള ചിന്തയുണ്ടായി. വളരെ ഊർജ്ജസ്വലമായിട്ടുള്ള തിയേറ്റർ അനുഭവമായിരുന്നു. കണ്ടുശീലിച്ച കപടമായിട്ടുള്ള രംഗവേദി അല്ല. താളവും സംഗീതവും വാദ്യങ്ങളും ഒക്കെ ചേർന്ന അനുഭവം. ഞാൻ ആ ശൈലിയിലൊന്നുമല്ല നാടകവേദിയിൽ ചില ശ്രമങ്ങൾ നടത്തിയത്. എങ്കിലും ആ രംഗാവതരണം പകർന്ന ഉണർവ് ഭയങ്കരമായിരുന്നു.
തൃശ്ശൂരിലെ പഠനകാലം?
വിക്ടോറിയ കോളേജിൽ അധ്യാപകനായിരുന്നു പി. എ. വാസുദേവൻ സാർ. ആനുകാലികങ്ങളിലൊക്കെ എഴുതുന്ന ഒരു സാമ്പത്തികാര്യ വിദഗ്ധനാണ് അദ്ദേഹം. അദ്ദേഹത്തോടുള്ള ഇഷ്ടംകൊണ്ടുകൂടിയാണ് ഞാനവിടെ ഇക്കണോമിക്സിന് ചേർന്നത്. ആധുനിക സാഹിത്യ ദൃശ്യകലാ പ്രസ്ഥാനങ്ങളോടൊക്കെ ആഭിമുഖ്യമുള്ള ആളായിരുന്നു അദ്ദേഹം. ആധുനിക കലാസാഹിത്യ സങ്കല്പത്തെക്കുറിച്ച് അദ്ദേഹത്തിൽനിന്നൊരു ദിശാബോധം ലഭിച്ചു. ആത്യന്തികമായി നാടകം പ്രവർത്തന രംഗമായി തിരഞ്ഞെടുക്കാം എന്ന് തീരുമാനിച്ചൊന്നുമല്ല തൃശ്ശൂരിലേക്ക് പോകുന്നത്. പക്ഷേ, അവിടുത്തെ അന്തരീക്ഷവും അധ്യാപകരും അവരുടെ അറിവും കാഴ്ചപ്പാടുകളുമൊക്കെ എന്നെ വല്ലാതെ മാറ്റിമറിച്ചു. അങ്ങനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരാൻ തുടർന്ന് ശ്രമിക്കാതെ ഞാൻ അവിടെത്തന്നെ തുടർന്നു. പി. ബാലചന്ദ്രൻ, ജോസ് ചിറമ്മൽ, ഒ. മാധവന്റെ മകൾ സന്ധ്യ, പിൽക്കാലത്ത് നിർമ്മാതാവായി മാറിയ വിന്ധ്യൻ അങ്ങനെ പലരും അന്നവിടെ പഠിക്കുന്നുണ്ട്.
നാടക പഠനത്തിനൊപ്പം ദൃശ്യകലയെ മുഴുവൻ വിലയിരുത്താനും ചരിത്രപരമായി അതിന്റെയൊക്കെ സ്വാധീനം നാടക വേദിയിൽ എങ്ങനെ വന്നു എന്ന് വിശകലനം ചെയ്യാനുമൊക്കെ സഹായിക്കുന്ന സിലബസ്. ജി. ശങ്കരപ്പിള്ള സാറിനെ പോലുള്ള ദീർഘദർശിയായ അധ്യാപകൻ ലോകത്തിലെ പല സർവകലാശാലകളിലെയും ഏറ്റവും നല്ല നാടക കോഴ്സുകളെ പറ്റി പഠിച്ച ശേഷം തയ്യാറാക്കിയ സിലബസാണ്.
അത് വേറൊരു ലോകമായിരുന്നു. സഹപാഠികൾക്കൊപ്പമുള്ള യാത്രകൾ, നാടകാവതരണങ്ങൾ. സംവിധാന വിദ്യാർഥിയായിരുന്നു ഞാൻ. കോസ്റ്റ്യൂം ഡിസൈൻ, ലൈറ്റിങ്, മ്യൂസിക്, ആർട്ട് ഡയറക്ഷൻ, സ്റ്റേജ് ഡിസൈനിനു വേണ്ടിയിട്ടുള്ള ആശാരിപ്പണി അടക്കം എല്ലാം പഠിക്കണം. മനോധർമ്മ നാടകാവതരണം എന്നുള്ള സമ്പ്രദായം ഉള്ളതുകൊണ്ട് തൽസമയം നാടകം എഴുതി ഉണ്ടാക്കിയെടുക്കേണ്ടിയും വരും.
വിഷ്വൽ ഡയറക്ഷന്റെ അടിസ്ഥാന പാഠങ്ങൾ പഠിപ്പിച്ചു തന്ന രാമാനുജം സാർ ഉൾപ്പെടെയുള്ളവർ അവിടെ ഉണ്ടായിരുന്നു. പിന്നെ ധാരാളം വിസിറ്റിങ് തിയേറ്റർ പ്രാക്ടീഷനേഴ്സും അഭിനേതാക്കളും സംവിധായകരും ഡിസൈനേഴ്സും എഴുത്തുകാരും ഒക്കെ വരും. അവരിലൂടെയൊക്കെ കലാകാരനെക്കുറിച്ചും കലാസൃഷ്ടിയെക്കുറിച്ചുമൊക്കെ അന്താരാഷ്ട്ര സങ്കല്പം ഉണ്ടാക്കിയെടുക്കാനായി.
സിനിമ സമാന്തരമായി വികസിക്കുന്ന കാലമായിരുന്നില്ലേ അത്?
അതെ. സിനിമയുടേത് വേറൊരു ഭാഷയാണല്ലോ. സ്‌കൂൾ ഓഫ് ഡ്രാമയിൽ ശങ്കരപ്പിള്ള സാർ സിനിമയെയും നാടകത്തെയുമൊന്നും അകറ്റി നിർത്തിയിട്ടില്ല. അദ്ദേഹം ഫിലിം അപ്രീസിയേഷൻ കോഴ്സുകൾ നടത്തിയിരുന്നു. ഷോട്ടുകളുടെയും ഡിസൈനിന്റെയും വിനിമയരീതി, ക്യാമറയുടെ സാങ്കേതികത, സൂചകങ്ങളുടെ ഉപയോഗം... എല്ലാത്തിനെപ്പറ്റിയും ആഴത്തിലറിയാൻ കഴിഞ്ഞു. അന്ന് പ്രോജക്ടുകളുടെ ഭാഗമായി ഞാൻ തിരഞ്ഞെടുത്ത കഥകളും എന്റെ നാടകങ്ങളും അതിന്റെ അവതരണവുമൊക്കെ നാടക വേദിയുടേതിൽ നിന്നും വിഭിന്നമായി സിനിമാറ്റിക് ആയിട്ടുള്ള ഒരു സെൻസിബിലിറ്റിയോട് ചേർന്നുനിൽക്കുന്നതായിരുന്നെന്ന് സഹപാഠികൾ പറയാറുണ്ടായിരുന്നു.
'അവനവൻ കടമ്പ'യുടെ കാര്യം പറഞ്ഞല്ലോ. അതുപോലെ ഒരു അനുഭവം സിനിമയിൽ ഉണ്ടായിരുന്നോ അക്കാലത്ത്?
വലിയ ഫിലിം മേക്കേഴ്സിന്റെ വർക്കുകളാണ് അവിടെ കണ്ടിട്ടുള്ളത്. 'പഥേർ പാഞ്ജലി'യും 'അപരാജിതോ'യുമൊക്കെ തീവ്രമായി മനസ്സിനെ പിടിച്ചുകുലുക്കി. അതോടൊപ്പം തന്നെ ബെർഗ്മാനെയും കുറസോവയെയും പോലെയുള്ളവരുടെ സിനിമകളും എലിവേറ്റിങ് എക്സ്പീരിയൻസ് ആയിരുന്നു. ഷേക്സ്പീരിയൻ നാടകമായ 'മാക്ബെത്തി'നെ അധികരിച്ചുള്ള കുറസോവയുടെ 'ത്രോൺ ഓഫ് ബ്ലഡ്' പോലെയുള്ള സിനിമകൾ 'അവനവൻ കടമ്പ' പോലെയോ അതിനേക്കാളുമുയരത്തിലോ സ്വാധീനിച്ചിട്ടുണ്ട്.
അന്നത്തെ വായനാരീതി എത്തരത്തിലുള്ളതായിരുന്നു?
അവിടുത്തെ ലൈബ്രറി ഏറ്റവും കൂടുതൽ ഉപയോഗിച്ച വിദ്യാർഥികളിലൊരാൾ ഞാനായിരിക്കും. മൂന്നാം വർഷമായപ്പോഴേക്കും യൂറോപ്യൻ/ അമേരിക്കൻ നാടക വേദികളുടെ ചരിത്രം നാടക കൃതികളിലൂടെ പഠിക്കാൻ സാധിച്ചു. ഗ്രീക്ക് ക്ലാസിക്കുകളിൽ തുടങ്ങി ഷേക്സ്പിയറിലൂടെ സഞ്ചരിച്ച് ആധുനിക നാടകവേദിയുടെ പിതാവ് എന്നറിയപ്പെടുന്ന ഇബ്സണിലേക്കും സ്ട്രിൻബർഗിലേക്കും ഹാരോൾഡ് പിന്ററിലേക്കുമൊക്കെ നീളുന്ന വായന. പല പല ശൈലീ ഭേദങ്ങളുള്ള രചനകളിലൂടെ നാടക സാഹിത്യത്തെ ആഴത്തിലറിഞ്ഞു. ഒപ്പം ഫിലിം മേക്കിങ്ങിനെപ്പറ്റി പരാമർശിക്കുന്ന പ്രഗത്ഭരുടെ അഭിമുഖങ്ങളുടെ വലിയ ശേഖരവും അവിടുത്തെ ലൈബ്രറിയിൽ ഉണ്ടായിരുന്നു. ശങ്കരപ്പിള്ള സാർ അതിലൊക്കെ വളരെ ശ്രദ്ധിച്ചു. സാഹിത്യത്തിൽ ആധുനികതയുടെ പിതാവ് എന്ന് പറയാവുന്ന ആന്റൺ ചെക്കോവിനെയൊക്കെ ഞാൻ പരിചയപ്പെടുന്നത് ഒരു നാടകകൃത്ത് എന്നുള്ള രീതിയിൽ അന്നാണ്.
വായനയിലൂടെയും കാഴ്ചയിലൂടെയുമൊക്കെ ഉറച്ചുകിട്ടിയ ബോധ്യങ്ങൾ എന്തൊക്കെയാണ്?
കറുപ്പായും വെളുപ്പായും മാത്രം ജീവിതത്തെ കാണാൻ ശീലിക്കപ്പെട്ട സമൂഹത്തിന് ജീവിതത്തിന്റെ 'ഗ്രേ' കാഴ്ചകൾ കാണിച്ചുകൊടുത്തതിൽ പ്രധാനിയാണ് ചെക്കോവ്. അതൊരു തുടക്കമായിരുന്നു. ഒരു ഉദാഹരണം പറയാം. റേയുടെ 'പഥേർ പാഞ്ജലി'യിലെ സർവ്വജയ എന്ന കഥാപാത്രമൊക്കെ മേൽ സൂചിപ്പിച്ച പോലെ കറുപ്പും വെളുപ്പും ആയി ഗണിക്കാൻ പറ്റാത്ത ഒന്നാണ്. ഒരു സാധാരണ ഫിലിം മേക്കർ ആയിരുന്നു ആ സിനിമ എടുത്തിരുന്നതെങ്കിൽ സർവ്വജയ പൊതുവേ സിനിമാ മേഖലയിൽ അലസമായി ചാർത്തപ്പെടുന്ന 'നെഗറ്റീവ് ക്യാരക്ടർ' ആയേനേ. ബന്ധുവായ വൃദ്ധയെ ഉപദ്രവിക്കുന്ന, കുട്ടികളെ വഴക്ക് പറയുന്ന, കർക്കശമായ നിലപാടുകളുള്ള ഒരു സ്ത്രീയെ അങ്ങനെയാകുമല്ലോ കാണിക്കുന്നത്. പക്ഷേ, അങ്ങനെയല്ലാത്ത ഒരു മാനുഷിക വശം ആ കഥാപാത്രത്തിനുണ്ട്. കറുപ്പിനും വെളുപ്പിനുമിടയിലെ സ്പെക്ട്രത്തിലെ ഗ്രേയിലേക്കാണ് റേ ക്യാമറ തിരിച്ചത്. ആർക്കും മനസ്സിലാക്കാൻ സാധിക്കുന്ന മാനുഷിക ഭാവങ്ങളായാണ് അവിടെ ആവിഷ്‌കരിക്കപ്പെട്ടത്.
ജീവിതത്തെപ്പറ്റി വളരെ ബാലിശമായ കാഴ്ചപ്പാടാണ് കലയുടെ മുഖ്യധാര പലപ്പോഴും മുന്നോട്ടുവച്ചത്. നന്മ ജയിക്കുന്നതിലും തിന്മ പരാജയപ്പെടുന്നതിലും തൃപ്തിപ്പെടുന്ന അതിഭാവുകത്വമാണത്. നന്മ, തിന്മ, വില്ലൻ, നായകൻ എന്നൊക്കെയുള്ള മുൻവിധികളിൽ കെട്ടിയിടപ്പെടേണ്ടതല്ല കല.
നന്മ തിന്മകളെ നമുക്ക് കൃത്യമായി വേർതിരിച്ചു മാറ്റി നിർത്താൻ പറ്റില്ല എന്നുള്ളതാണ് ആധുനിക കലയുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു ലക്ഷണം. എന്നെ സംബന്ധിച്ചിടത്തോളം നല്ല സിനിമയും ചീത്ത സിനിമയും തമ്മിൽ വേർതിരിച്ചറിയാനുള്ള ലിറ്റ്മസ് ടെസ്റ്റ് ആ സൃഷ്ടിയിൽ വില്ലനെ എങ്ങനെ അവതരിപ്പിക്കുന്നു എന്നതാണ്. ആ മനുഷ്യനെ വെറും ഒരു വില്ലനായാണ് അവതരിപ്പിച്ചതെങ്കിൽ ആ സിനിമ എന്റെ അഭിരുചിക്ക് ചേർന്നതല്ല. മറ്റൊരാളെ മനസ്സിലാക്കാനുള്ള ആർദ്രത ഉണ്ടാക്കുന്നതാണ് കലയുടെ ജോലി എന്ന് ഞാൻ വിശ്വസിക്കുന്നു.
എന്തിലും പൊളിറ്റിക്കൽ കറക്റ്റ്നെസ് ആവശ്യപ്പെടുന്ന കാലമല്ലേ ഇത്?
കല ഓരോ കാലത്തിന്റെയും പ്രതിഫലനംകൂടിയാണ്. എമ്പതി അഥവാ സഹാനുഭൂതി എല്ലാ കലയിലും അടിസ്ഥാനപരമായി ഉണ്ടാകേണ്ടതുണ്ട്. പൊളിറ്റിക്കൽ കറക്റ്റ്നെസ്സ് നമ്മുടെ സൃഷ്ടിയുടെ ആത്മാവിൽ ഉണ്ടായിരിക്കുക എന്നത് പ്രധാനമാണ്. പൊളിറ്റിക്കലി കറക്റ്റ് അല്ലാതെ പെരുമാറുന്ന ആളുകളും സമൂഹത്തിലുണ്ട്. പക്ഷേ, കല ആ പെരുമാറ്റ രീതിയെ ന്യായീകരിക്കുകയാണോ അതോ അതിനെ വിമർശനാത്മകമായി സമീപിക്കുകയാണോ ചെയ്യുന്നതെന്നതാണ് പ്രധാനം.
സ്വന്തം ചിത്രങ്ങളിൽ വലിയ താരങ്ങളിൽ നിന്നുള്ള സ്ത്രീവിരുദ്ധമായ നിലപാടുകൾ ഒരു വലിയ സമൂഹത്തെ സ്വാധീനിക്കുന്നുണ്ട്. സിനിമയിൽ വളരെ കാഷ്വൽ ആയിട്ടും തമാശയ്ക്കു വേണ്ടിയും അവതരിപ്പിക്കപ്പെടുന്ന സ്ത്രീവിരുദ്ധത സമൂഹത്തെ സ്വാധീനിക്കുന്നുണ്ട്. അതെല്ലാം അനുവദനീയമാണെന്ന തോന്നൽ ഉണ്ടാക്കുന്നുണ്ട്. സാമൂഹികമായ ഒരു ഉത്തരവാദിത്വം കലയ്ക്കും കലാകാരന്മാർക്കുമുണ്ട്. ശ്രദ്ധക്കുറവ് എന്റെ ഭാഗത്ത് നിന്നൊക്കെ ഉണ്ടായിട്ടുണ്ടാവാം. പക്ഷേ, ഇക്കാര്യങ്ങളിൽ ശ്രദ്ധ വേണം എന്ന നിലപാട് പിൻപറ്റുന്നവരുടെ കൂടെയാണ് ഞാൻ നിൽക്കുന്നത്.
ദൂരദർശൻ കാലം?
എന്റെ ടെലിവിഷൻകാലം തുടങ്ങുന്നത് ദൂരദർശനിലാണ്. ഡ്രാമാ സ്‌കൂൾ കാലത്തെ വായനയിൽ നിന്നും അവിടെ കണ്ട കാഴ്ചകളിൽ നിന്നും സിനിമകളിൽ നിന്നും നാടകവേദിയിൽ നിന്നും അതിന്റെ ഭാഗമായ മ്യൂസിക്, വിഷ്വൽ ഡിസൈൻ, ആക്റ്റിങ് തുടങ്ങിയ എല്ലാ ഘടകങ്ങളിൽ നിന്നുമൊക്കെ ഊറിക്കൂടിയ ദൃശ്യസംസ്‌കാരം ഉള്ളിൽ ഉണ്ടായിരുന്നു. എന്റെ അഭിരുചിക്കിണങ്ങിയ ടെലിഫിലിമുകളും സീരീസുകളുമൊക്കെയാണ് ഞാൻ ഉണ്ടാക്കിയത്. അവ പൊതു കലാ അഭിരുചിയുടെ തലത്തിൽ എങ്ങനെ സ്വീകരിക്കപ്പെടുമെന്ന് ഒരിക്കൽപോലും ആശങ്കപ്പെട്ടിട്ടില്ല. ഉദാഹരണത്തിന് മാധവിക്കുട്ടിയുടെ 'വേനലിന്റെ ഒഴിവ്' എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ട കഥയാണ്. എനിക്കറിയാവുന്ന കുറേപ്പേര് ഈ കഥയെ എന്നെപ്പോലെതന്നെ ഹൃദയത്തോട് ചേർത്തുവെച്ചിട്ടുണ്ട്. അവർക്കുവേണ്ടിയാണ് ഞാനാ കഥയെ ടെലിവിഷനിലേക്ക് കൊണ്ടുവന്നത്.
പൂർണ്ണമായും എന്റെ സെൻസിബിലിറ്റിയോട് സത്യസന്ധത പുലർത്തിയാൽ കുറച്ചു പേരിലേക്കെങ്കിലും അതേ ആഴത്തിൽ അത് എത്തിച്ചേരുമെന്ന ഉറപ്പ് ഉണ്ടായിരുന്നു. അതല്ലാതെ എല്ലാവർക്കും വേണ്ടി സർവ്വാണിയാക്കി അതിനെ നേർപ്പിച്ചുനേർപ്പിച്ച് ഒന്നുമല്ലാതാക്കുന്നതിൽ താത്പര്യമുണ്ടായിരുന്നില്ല. എക്കാലത്തും എന്റെ കാഴ്ചപ്പാട് അതാണ്.
ടെലിവിഷൻ രംഗത്ത് അന്ന് മത്സരം ഉണ്ടായിരുന്നോ?
ഭാഗ്യവശാൽ ഞാൻ ടെലിഫിലിമുകളും സീരീസുകളുമൊക്കെ ചെയ്തകാലത്ത് ഇത്രയധികം ചാനലുകൾ ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഇന്നത്തേതുപോലുള്ള മത്സരത്തെയൊന്നും അഭിമുഖീകരിക്കേണ്ടിവന്നില്ല. പിൽക്കാലത്ത് അമൃത ടെലിവിഷനിൽ പ്രോഗ്രാം ഹെഡ് ആയിരിക്കുമ്പോഴേക്കും സ്ഥിതി മാറിയിരുന്നു.
അപ്പോഴും ഞാനതിനെ വേറൊരു രീതിയിലാണ് കണ്ടത്. പതിവ് ഫോർമാറ്റുകളുടെ ഇടയിൽ വിട്ടുവീഴ്ചകൾക്ക് നിന്നുകൊടുക്കാതെ നമ്മുടെ ആശയങ്ങൾ പിന്തുടർന്നും പ്രേക്ഷകരിലേക്ക് എത്തിക്കാമെന്ന ബോധ്യമുണ്ടായിരുന്നു. അതിനുവേണ്ടി കുറച്ചധികം അധ്വാനിക്കേണ്ടിവന്നിട്ടുമുണ്ട്. 'സമാഗമ'വും 'സൂപ്പർസ്റ്റാറും' പോലുള്ള കുറേ പരിപാടികൾ അങ്ങനെ ആവിഷ്‌കരിക്കാനായി. കലയെപ്പറ്റിയുള്ള ബോധ്യങ്ങളിൽ മായം ചേർക്കാതെ ആകർഷണീയത കൊണ്ടുവരാനാണ് ശ്രമിച്ചത്.
വിദേശത്തെ പഠനകാലം?
ദൂരദർശനിൽ പ്രവർത്തിക്കുമ്പോൾ കോമൺവെൽത്ത് സ്‌കോളർഷിപ്പ് കിട്ടി ഇംഗ്ലണ്ടിലേക്ക് പോയി. ഹൾ യൂണിവേഴ്സിറ്റിയിൽ എം.എ. ചെയ്തു. പരിശീലനത്തിന്റെ ഭാഗമായി ബിബിസിയിൽ നിന്നും മറ്റുമായി പഠിച്ച കുറെ കാര്യങ്ങൾ തിരിച്ചുവരവിൽ ഞാൻ ദൂരദർശനിൽ പ്രാവർത്തികമാക്കി. സാങ്കേതികതമായ ഒരുപാട് അറിവുകൾ നേടിയെടുക്കാൻ അക്കാലത്ത് കഴിഞ്ഞു.
ഇവിടെ നമ്മൾ ഒരുപാട് പിന്നിലാണെന്നൊരു തോന്നൽ അക്കാലത്തുണ്ടായോ?
നമ്മൾ പിന്നിലാകുന്നത് വേറെ ചില മേഖലകളിലാണ്. ഉദാഹരണത്തിന്, ദൂരദർശനെസംബന്ധിച്ച് - അതൊരു ഗവൺമെന്റ് സിസ്റ്റത്തിന്റെ ഭാഗമാണ്. ഓൾ ഇന്ത്യാ റേഡിയോയും ദൂരദർശനും കൂടി ഒന്നിച്ചുള്ള ഒരു സർവീസ് സ്ട്രക്ച്ചർ. ഇതൊരു ദൃശ്യമാധ്യമം ആണെന്നും അതിന് തനതായിട്ടുള്ള നേതൃത്വവും മറ്റും ആവശ്യമാണെന്നൊരു ബോധ്യം ആർക്കും ഉണ്ടായിരുന്നില്ല. അവിടെ ഉയർന്ന തലത്തിലെ ഉദ്യോഗസ്ഥർ മിക്കവരും ഓൾ ഇന്ത്യ റേഡിയോയിൽ നിന്ന് വന്നവരാണ്. അവർക്ക് ഒരു രീതിയിലുമുള്ള വിഷ്വൽ സെൻസിബിലിറ്റിയും ഉണ്ടാകില്ല. വിഷ്വൽ മീഡിയ എന്താണെന്നതിനെപ്പറ്റി യാതൊരറിവും ഇല്ലാത്ത കുറേപ്പേർ. അക്കാരണത്താലൊക്കെ ധാരാളം കലഹിക്കേണ്ടി വന്നിട്ടുണ്ട്. അതൊന്നുമല്ലാതെ നമുക്ക് ഇവിടെ സാങ്കേതികമായോ മാധ്യമപരമായോ കുറവുകളൊന്നും ഉണ്ടായിരുന്നില്ല. അടിസ്ഥാനപരമായി ഒരു ബ്യൂറോക്രാറ്റിക് ഗവൺമെന്റ് ആറ്റിട്യൂഡ് ഉണ്ടായിരുന്നു. പിന്നെ അന്ന് ആളുകൾക്ക് കാണാൻ ദൂരദർശൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് ആ മേഖലയിൽ ഒരു തരം അലംഭാവം ആണ് ഉണ്ടാക്കിയത് . എല്ലാം ഇങ്ങനെ മതി എന്ന തരത്തിൽ 'സ' മട്ടിൽ ഒരു തോന്നൽ നിറഞ്ഞുനിന്നിരുന്നു.
പിന്നീട് ദൂരദർശൻ വിടേണ്ടിവന്നതെങ്ങനെയാണ്?
ദൂരദർശൻ വിടുന്നത് ദുഖകരമായ രീതിയിലാണ്. പക്ഷേ, അത് ഒരു അനിവാര്യതകൂടിയായിരുന്നു. വാസ്തവത്തിൽ ദൂരദർശനോട് വളരെയധികം കടപ്പെട്ട ഒരാളാണ് ഞാൻ. വിഷ്വൽ മീഡിയയെപ്പറ്റി പഠിക്കാൻ കഴിഞ്ഞതും ആളുകളുടെ ദൃശ്യ പ്രതികരണ രീതി സർക്കാർ ചെലവിൽ മനസ്സിലാക്കാൻ സാധിച്ചതും അവിടെവച്ചാണ്. പക്ഷേ, ഒരു ഘട്ടം കഴിഞ്ഞപ്പോൾ ദൂരദർശനിൽ എനിക്കിനി കൂടുതൽ യാത്ര ചെയ്യാനില്ല എന്ന് തിരിച്ചറിഞ്ഞു.
'ഉയിർത്തെഴുന്നേൽപ്പ്' എന്ന ടെലിഫിലിമിന് സംസ്ഥാന സർക്കാരിന്റെ ഒരു പുരസ്‌കാരം എനിക്കന്ന് ലഭിച്ചിരുന്നു. ഡ്രാമാ സ്‌കൂളിൽ ഉള്ള സമയത്ത് വായിച്ച ആൽബർട്ട് കാമ്യുവിന്റെ ഒരു നാടകത്തെ അധികരിച്ചുള്ള ടെലിഫിലിം. പുരസ്‌കാരം വാങ്ങരുതെന്നൊരു നിർദ്ദേശം ദൂരദർശനിൽ നിന്നുണ്ടായി. ഞാനത് അനുസരിച്ചില്ല. ആത്മാഭിമാനം മുൻനിർത്തി അവിടെനിന്ന് പോരുകയായിരുന്നു. ക്യാമറാമാനും സുഹൃത്തുമായ അളകപ്പനും ഞാനും ഒന്നിച്ചാണ് അവിടെനിന്ന് ഇറങ്ങുന്നത്. സിനിമ എന്ന പ്രേരണയൊന്നുമായിരുന്നില്ല അതിനുപിന്നിൽ. ടെലിവിഷനിൽ സ്വതന്ത്രമായി എന്തെങ്കിലും ചെയ്യാം എന്നുള്ള മൂഢവിശ്വാസം ഉണ്ടായിരുന്നു. പക്ഷേ, അപ്പോഴേക്കും സിനിമ ചെയ്യാനായി നിർമ്മാതാക്കളും അഭിനേതാക്കളുമൊക്കെ സമീപിച്ചിരുന്നു. 'അഗ്നിസാക്ഷി'യുടെ തിരക്കഥയിലേക്കും 'കല്ലുകൊണ്ട് ഒരു പെണ്ണി'ന്റെ വർക്കിലേക്കും കടന്നു.
താങ്കളുടെ സിനിമകളിലൊക്കെയും സാഹിത്യത്തിന്റെ സ്പർശമുണ്ടല്ലോ?
ഡ്രാമാ സ്‌കൂൾ കാലത്തെ വായനയാണ് അതിനൊക്കെ പ്രേരകമായതെന്ന് പറയാം. ടെന്നസി വില്യംസിന്റെ 'ഗ്ലാസ് മെനാജറി'യിൽ നിന്നാണ് 'അകലെ' ഉണ്ടാകുന്നത്. സുനിൽ ഗംഗോപാധ്യായുടെ നോവലുകളിൽ നിന്നാണ് 'ഒരേ കടലും' 'അരികെ'യും ഉണ്ടാകുന്നത്. പതിതോഷ് ഉത്തമിന്റെ 'ഡ്രീംസ് പ്രഷ്യൻ ബ്ലൂ'വാണ് 'ആർട്ടിസ്റ്റ്' എന്ന സിനിമയ്ക്ക് ആധാരം. 'അഗ്‌നിസാക്ഷി'യും 'ഇലക്ട്ര'യുമൊക്കെ അങ്ങനെ സംഭവിച്ചതാണ്. പക്ഷേ, സിനിമയാക്കിയ കൃതികളൊന്നും സിനിമയ്ക്കു വേണ്ടി എന്ന രീതിയിൽ വായിച്ചതുമല്ല. ഇഷ്ടപ്പെട്ട് വായിച്ചുപോയതാണ്. പിന്നെയെപ്പോഴോ വായനയ്ക്ക് പുസ്തകം തിരയുമ്പോൾ സിനിമ എന്ന ദുരുദ്ദേശം ഉണ്ടായി.
'ഖസാക്കിന്റെ ഇതിഹാസം' സിനിമയാക്കാൻ ശ്രമം നടത്തിയിരുന്നില്ലേ?
അങ്ങനെ ഒരു ഐഡിയ ഉണ്ടായിരുന്നു. പക്ഷേ, നിർഭാഗ്യവശാൽ, സാങ്കേതികമായ ചില കാരണങ്ങളാൽ അത് നടന്നില്ല. ഒ.വി. വിജയന്റെ മരണശേഷം പുസ്തകത്തിന്റെ അവകാശവുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളായിരുന്നു അതിന് കാരണം. പക്ഷേ, വർഷങ്ങൾക്കു ശേഷം ആലോചിച്ചു നോക്കുമ്പോൾ അന്ന് അത് ചെയ്യാതിരുന്നത് നന്നായി എന്നുകൂടി തോന്നുന്നുണ്ട്. ഫിലിം മേക്കിങ്ങിന്റെ സാധ്യതകളൊക്കെ ഒരുപാട് മാറി. ഞാൻ തന്നെ ഇപ്പോൾ ഖസാക്കിനെ കാണുന്നത് മറ്റൊരു കോണിലാണ്.
വിക്ടോറിയ കോളേജിൽ എന്റെ അച്ഛന്റെ സമകാലികനും കുടുംബ സുഹൃത്തും ആയിരുന്നു ഒ.വി.വിജയൻ. ഖസാക്കിന്റെ പാലക്കാടൻ ഭൂമികയും അതിലെ മനുഷ്യരുടെ സംസാരഭാഷയുമൊക്കെ എനിക്ക് അത്രയധികം അടുത്തറിയാവുന്നതാണ്.
സ്‌കൂൾ ഓഫ് ഡ്രാമയിലെ സഹപാഠിയായിരുന്ന വിന്ധ്യൻ പിന്നീട് താങ്കളുടെ സിനിമകളുടെ നിർമ്മാതാവായതിനെപ്പറ്റി?
സൗഹൃദം അങ്ങനെ ഒരു രൂപത്തിലേക്ക് എത്തിച്ചേരുമെന്നൊന്നും ചിന്തിച്ചിരുന്നില്ല. വിന്ധ്യൻ അതിനുമുമ്പ് നിർമ്മിച്ചിട്ടുള്ളതെല്ലാം മുഖ്യധാരാ സിനിമകളായിരുന്നു. പക്ഷേ, അയാളുടെ ഉള്ളിൽ ഒരു നല്ല സഹൃദയൻ ഉണ്ടെന്ന് എനിക്കറിയാമായിരുന്നു. പത്മരാജനുമായിട്ട് വളരെ അടുത്ത ബന്ധമുള്ള ആളായിരുന്നു വിന്ധ്യൻ. 'ഒരിടത്തൊരു ഫയൽവാൻ' ഷൂട്ട് ചെയ്യുന്ന സമയത്ത് ഞങ്ങളൊക്കെ ഡ്രാമാ സ്‌കൂളിൽ അവസാനവർഷ വിദ്യാർഥികളാണ്. ആ സിനിമയുടെ സ്റ്റിൽസ് വിന്ധ്യൻ കൊണ്ടുവന്ന് കാണിച്ചിട്ടുണ്ട്. 'ശാലിനി എന്റെ കൂട്ടുകാരി'യാണ് വിന്ധ്യൻ ആദ്യമായി നിർമ്മിക്കുന്ന സിനിമ. നല്ല സിനിമയോട് അടുത്ത് നിൽക്കുന്ന ഒരാളായിരുന്നു വിന്ധ്യൻ. 'അകലെ' കണ്ടിട്ടാണ് വിന്ധ്യൻ എന്നെ സമീപിക്കുന്നത്. അങ്ങനെ 'ഒരേ കടലി'ലേക്കെത്തി.
മലയാളിയുടെ ശരാശരി സദാചാരബോധത്തിന് 'ഒരേ കടൽ' ഉൾക്കൊള്ളാനാവുമോയെന്ന ആശങ്ക ഉണ്ടായിരുന്നോ?
നേരത്തെ പറഞ്ഞതുപോലെ ബ്ലാക്ക് ആൻഡ് വൈറ്റ് ആയ കാഴ്ചകളുടെ പ്രശ്നമാണ് ഇത് ഒക്കെയും. ആരുടെയും സദാചാര ബോധത്തെക്കുറിച്ചൊന്നും വ്യാകുലപ്പെട്ടിട്ട് കാര്യമില്ല. സദാചാരത്തിന്റെ ഉദ്ബോധനത്തിന് വേണ്ടി എഴുതിയിട്ടുള്ള ഉപദേശ ലേഖനം ഒന്നുമല്ലല്ലോ. ഇത് മനുഷ്യ കഥയാണ്. മനുഷ്യരിൽ സ്വഭാവ വൈചിത്ര്യങ്ങളുണ്ട്. നമുക്ക് വിശദീകരിക്കാനോ ന്യായീകരിക്കാനോ കഴിയാത്ത കാര്യങ്ങൾ ചെയ്യുന്ന മനുഷ്യരുണ്ട്. മറ്റ് സാഹിത്യങ്ങളിലേക്കും സിനിമകളിലേക്കും പോകാൻ സാധിച്ചതുകൊണ്ട് അതിനപ്പുറത്തുള്ള ലോകത്തെ എനിക്ക് അറിയാം. അതുകൊണ്ട് എനിക്ക് അതിനെക്കുറിച്ച് വലിയ സംശയങ്ങൾ ഒന്നുമില്ലായിരുന്നു. മനുഷ്യരുടെ യാതനകളെ അടുത്തുനിന്ന് കാണാൻ സാധിച്ചാൽ എല്ലാത്തിന്റെയും ഗ്രേ സൈഡ് നമുക്ക് മനസ്സിലാക്കാനാകും. അവരിൽ നമുക്ക് നമ്മെ കണ്ടെത്താൻ സാധിക്കും.
ദൃശ്യങ്ങൾ അധികമൊന്നുമില്ലാത്ത ഒരു കാലത്താണ് ദൃശ്യലോകത്തേക്ക് താങ്കൾ വരുന്നത്. ഇപ്പോൾ റീൽസുകളുടെയും ഷോർട്സുകളുടെയും പ്രളയകാലത്ത് സിനിമയ്ക്ക് മാറ്റം സംഭവിച്ചതായി തോന്നുന്നുണ്ടോ?
തീർച്ചയായും ഉണ്ട്. നമ്മുടെ ദൃശ്യവിനിമയരീതി കുറെയധികം മാറിയിട്ടുണ്ട്. പക്ഷേ, ഈ പറഞ്ഞ രണ്ടോ മൂന്നോ മിനിറ്റുള്ള റീലുകളുടെ അനുഭവമല്ല ഫിലിം മേക്കർ കൊടുക്കാൻ ശ്രമിക്കുന്നത്. അതിന്റെ വ്യാകരണം തികച്ചും വ്യത്യസ്തമാണ്. പ്രേക്ഷകർ അത് തിരിച്ചറിഞ്ഞ് അനുഭവിക്കുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. സഹൃദയരായ പ്രേക്ഷകർക്ക് വിവേചനശേഷിയുണ്ട്. ഇതെല്ലാം കണ്ട് ചില ഫിലിം മേക്കേഴ്സ് ആശയക്കുഴപ്പത്തിലാവുന്നുമുണ്ട്.
ആസ്വാദകർ ദൃശ്യസാക്ഷരത നേടിക്കഴിഞ്ഞു. അപ്പോൾ അത്തരത്തിലൊരു സൂക്ഷ്മതയും അതീവ ശ്രദ്ധയും വേണം. ഈ സാക്ഷരത വളരെയധികം സൗകര്യങ്ങളും തരുന്നു. കാരണം പല പരിമിതികളെയും നമുക്കിന്ന് വളരെ എളുപ്പത്തിൽ മറികടക്കാൻ പറ്റും. പണ്ടൊക്കെ ഫ്ളാഷ്ബാക്ക് വരുന്നതിനു മുമ്പ് സ്‌ക്രീനിൽ വട്ടത്തിൽ ഒരു ഒരു ഗ്രാഫിക്സ് ചുറ്റിക്കറങ്ങും. അത് ഫ്ളാഷ്ബാക്ക് ആണെന്ന് പ്രേക്ഷകരെ ബോധ്യപ്പെടുത്താനാണ്. അതുപോലുള്ള ട്യൂഷൻ ക്ലാസ് ഇന്ന് പ്രേക്ഷകർക്ക് ആവശ്യമില്ല. മനുഷ്യരെ നന്മ തിന്മകളുടെ സങ്കലനമായി ഇന്ന് അവതരിപ്പിക്കാൻ സാധിക്കുന്നതും ഈ ദൃശ്യ സാക്ഷരതയിൽ നിന്നുണ്ടായ ബൗദ്ധികമായ ഉണർവിന്റെ ഭാഗമായാണ്.
ഞാൻ സിനിമ ചെയ്യാൻ തുടങ്ങിയ കാലഘട്ടത്തിലെ ഒരു ഫിലിം മേക്കറുടെ റോൾ അല്ല ഇന്ന് ഇൻഡസ്ട്രിയിൽ ഉള്ളത്. ഇന്നൊരു ഫിലിം മേക്കർ ഒരു സെല്ലറും പ്രോജക്റ്റ് ഡിസൈനറും പ്രോജക്റ്റ് മാനേജറും ആർട്ടിസ്റ്റ് കോർഡിനേറും ഒക്കെയാണ്. പഴയപോലെ സർഗസൃഷ്ടി മാത്രം ചെയ്യുന്ന ഒരാളല്ല. യു ആർ ഓൾസോ എ ബിസിനസ് മാൻ. അതിന്റെതായ സമ്മർദങ്ങൾ ഒഴിവാക്കാൻ അരാജകത്വമൊക്കെമാറ്റിവച്ച് അച്ചടക്കം പിന്തുടരേണ്ടിവരും.
ഈ അടുത്ത് മലയാളത്തിൽ പ്രതീക്ഷയോടെ കണ്ട ഒരു സിനിമ ഏതാണ്?
'ഉള്ളൊഴുക്ക്'. ആ സിനിമ നേരത്തെ പറഞ്ഞപോലെ നന്മതിന്മകളുടെ ഇടയിൽ നിൽക്കുന്നതാണ്. മൂർച്ചയുള്ള വാൾത്തലയ്ക്ക് മേലിലൂടെ പോയിക്കൊണ്ടിരിക്കുന്ന കഥ. എങ്ങനെയൊക്കെയാണ് സാമൂഹികവും വൈകാരികവും സാംസ്‌കാരികവുമായ ഘടകങ്ങൾ മനുഷ്യജീവിതത്തെ സ്വാധീനിക്കുന്നതെന്നെന്ന് ആ സിനിമ കാണിച്ചുതരുന്നുണ്ട്. ഒരുതരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും നിൽക്കാതെ ശക്തമായി അതിനെ ദൃശ്യവൽക്കരിക്കാൻ സാധിച്ചു എന്നുള്ളതാണ് സംവിധായകന്റെ വിജയം.
അരവിന്ദനെയും അടൂർ ഗോപാലകൃഷ്ണനെയും പോലുള്ളവരിൽ നിന്നുണ്ടായ സ്വാധീനം?
പ്രേം നസീർ, സോമൻ, സുകുമാരൻ ടൈപ്പ് ഓഫ് സിനിമകൾ നിറഞ്ഞാടിയ സമയത്താണ് 'സ്വയംവര'വും 'കൊടിയേറ്റ'വും 'ഉത്തരായന'വും 'തമ്പും' ഒക്കെ ഉണ്ടാകുന്നത്. അതൊരു ധീരമായ ചുവടായിരുന്നു. എനിക്ക് ഇവരോടൊക്കെ ഭയങ്കരമായിട്ടുള്ള ആദരവാണുള്ളത്. അടൂർ സാറിന്റെ കലാവ്യക്തിത്വവും കലാപരമായിട്ടുള്ള നിഷ്ഠയുമെല്ലാം എന്നെ സ്വാധീനിച്ചിട്ടുണ്ട്. അങ്ങനെയുള്ള ആർട്ടിസ്റ്റുകൾ ഇന്നില്ല.
സർഗാത്മക ജീവിതത്തിൽ കുടുംബത്തിന്റെ പങ്ക്?
'അഗ്നിസാക്ഷി'യുടെ പ്രീ പ്രൊഡക്ഷൻ വർക്ക് നടന്നുകൊണ്ടിരിക്കുമ്പോഴാണ് അമ്മ മരിച്ചത്. അമ്മ ഡോക്ടറായിരുന്നു. സംഗീതപ്രിയയായിരുന്നു. പണ്ട് ഫിഡിൽ വായിക്കുമായിരുന്നു. മദ്രാസിലാണ് അമ്മ പഠിച്ചതൊക്കെ. അതുകൊണ്ട് 'പൊന്നിയിൽ സെൽവൻ' ഉൾപ്പെടെയുള്ള തമിഴ് കഥകളാണ് കുട്ടിക്കാലത്ത് പറഞ്ഞുതന്നതൊക്കെ. തമിഴ് സിനിമകളോടായിരുന്നു അമ്മയ്ക്ക് ഇഷ്ടം.
അച്ഛൻ വക്കീലായിരുന്നെങ്കിലും പൊതുപ്രവർത്തനത്തിന്റെ തിരക്കിലായിരുന്നു എപ്പോഴും. സാഹിത്യത്തെക്കുറിച്ചോ കലാസാംസ്‌കാരികമായിട്ടുള്ള കാര്യങ്ങളെക്കുറിച്ചോ ഉള്ള ചർച്ചകൾ അച്ഛനും എനിക്കും ഇടയിൽ ഉണ്ടാകാറില്ല. അടിയന്തിരാവസ്ഥക്കാലത്തൊക്കെ അച്ഛൻ ജയിലിലായിരുന്നു. അമ്മയുടെ ചുമലിലായിരുന്നു ഏറിയപങ്കും വീട്. എനിക്കൊരു സഹോദരനുണ്ട്. അദ്ദേഹം പാലക്കാടാണുള്ളത്. കലയുടെ വഴിയിലല്ല അദ്ദേഹത്തിന്റെ യാത്ര.
ദൂരദർശൻകാലത്താണ് ഷീബയെ പരിചയപ്പെടുന്നത്. അവിടെ പാർട് ടൈം അനൗൺസർ ആയിരുന്നു ഷീബ. ആ ബന്ധം വിവാഹത്തിൽ കലാശിച്ചു. പിന്നീട് അവൾക്ക് ബാങ്കിൽ ജോലി ലഭിച്ചു. സിനിമകളൊക്കെ കാണുമായിരുന്നു. സിനിമ എന്ന സൃഷ്ടിക്കുപിന്നിലെ ഓരോ ഘട്ടങ്ങളും അറിയാവുന്നതുകൊണ്ട് സിനിമയെ സിനിമയായി മാത്രമായല്ല ഷീബ കണ്ടത്. അതിനകത്തുള്ള പരിശ്രമങ്ങളും എന്റെ കാഴ്ചപ്പാടുകളും ഒക്കെ അറിയുന്നതുകൊണ്ട് അതിനോടൊക്കെയുള്ള ബന്ധം വേറെയാണ്. ഇഷ്ടമുള്ളതും ഇഷ്ടമില്ലാത്തതുമായ സിനിമകളുണ്ട്. വിമർശിക്കാറുമുണ്ടായിരുന്നു. നൃത്തത്തിലായിരുന്നു അഭിരുചി. കാൻസർബാധിതയായി മൂന്നുവർഷം മുമ്പ് മരിച്ചു. നമ്മുടെ കൂടെ ഉണ്ടായിരുന്ന ഒരാൾ പെട്ടെന്ന് ഇല്ലാതാവുക എന്ന് വെച്ചാൽ ഇറ്റ്സ് ആൻ എക്സ്ട്രീംലി ഹോറിഫൈയിങ് തിങ്. പക്ഷേ, അതാണ് യാഥാർഥ്യം. അതിനെ ഉൾക്കൊള്ളുക എന്നേയുള്ളൂ.
ഞങ്ങൾക്ക് രണ്ട് മക്കളാണ്. മകൻ വിഷ്ണു ദുബായിൽ അഡ്വർട്ടൈസിങ് ഫിലിം ഇൻഡസ്ട്രിയിൽ ഒരു കമ്പനിയുടെ ഹെഡ് ആണ്. മകൾ ശിവകാമി അഭിനേത്രികൂടിയാണ്.
ഒ.രാജഗോപാലിന്റെ മകൻ എന്ന മേൽവിലാസം മുൻനിർത്തി താങ്കളുടെ സിനിമകൾ വിമർശിക്കപ്പെട്ടിട്ടുണ്ടോ?
അങ്ങനെയൊക്കെ ഉണ്ടായിട്ടുണ്ട്. 'അഗ്നിസാക്ഷി'യെപ്പറ്റി അങ്ങനെയൊരു പരാമർശം ഉണ്ടായിരുന്നു. 'അഗ്നിസാക്ഷി' എന്ന പുസ്തകത്തിന്റെ ഹിന്ദുത്വ വ്യാഖ്യാനമാണ് ആ സിനിമ എന്നുപറഞ്ഞത് മറ്റാരുമല്ല, ഞാൻ ഏറെ ആദരിക്കുന്ന ചിന്തകൻ പി. ഗോവിന്ദപ്പിള്ളയാണ്. പി.ജിയെ പോലൊരാൾ ഇത് പറയുമ്പോൾ സ്വാഭാവികമായിട്ടും ഇറ്റ് വിൽ ഹാവ് ഇറ്റ്സ് ഓൺ വെയിറ്റ്. പിന്നെ ഞങ്ങൾ ഒരു പൊതു വേദിയിൽ വെച്ച് തുറന്ന സംവാദം ഉണ്ടായി. ഇത്തരം കാര്യങ്ങൾ നിരന്തരമായി സംഭവിക്കാറുണ്ട്. 'അഗ്‌നിസാക്ഷി' പോലുള്ള പ്രമേയങ്ങളൊക്കെ വരുമ്പോൾ പ്രത്യേകിച്ചും.
'അഗ്നിസാക്ഷി' എന്നുള്ള നോവൽ പ്രധാനമായും നമ്മുടെ സ്വാതന്ത്ര്യ കാലഘട്ടത്തിലുള്ള സാമൂഹിക നവോത്ഥാനത്തിന്റെ കഥയാണെന്നും സ്ത്രീ സ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനമാണെന്നുമൊക്കെ മാത്രം വിചാരിക്കുന്ന വലിയ വിഭാഗം വായനക്കാരും നിരൂപകരും ഒക്കെ ഉണ്ട്. ആ നോവൽ അതൊക്കെയാണ്. പക്ഷേ, അതിനപ്പുറമുള്ള ഒരു വ്യാപ്തിയും ആഴവും അതിനുണ്ടെന്ന് വിചാരിക്കുന്ന ആളാണ് ഞാൻ. അത് അടിസ്ഥാന മനുഷ്യാവസ്ഥയെക്കുറിച്ചുള്ള കഥയാണ്. മനുഷ്യബന്ധങ്ങളിലെ വിള്ളലുകളെയും വേദനകളെയും കുറിച്ചാണത് സംസാരിക്കുന്നത്. മറിച്ചുള്ളതൊക്കെയും പ്രത്യയശാസ്ത്ര കണ്ണടയിലൂടെ മാത്രം കാണുന്നതിൽനിന്നും ഉയരുന്ന വാദമാണ്. 'രാഷ്ട്രീയത' എന്ന് പറയുന്നത് ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ അജണ്ടയിലുള്ള വിശ്വാസം അല്ലെങ്കിൽ ഒരു പൊളിറ്റിക്കൽ ഡോഗ്മയോടുള്ള കടപ്പാട് മാത്രമല്ലല്ലോ.
ശ്യാമപ്രസാദ് എന്ന ഫിലിംമേക്കറിൽ നിന്ന് ഇനിയെന്താണ് പ്രതീക്ഷിക്കേണ്ടത്?
അതേപ്പറ്റി എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല. ഞാനിങ്ങനെ പല കഥകളിൽ ആകൃഷ്ടനാണ്, മനുഷ്യ ജീവിതത്തിന്റെ പ്രഹേളികകളിൽ മനസ്സ് ഊന്നുന്ന ആളാണ്. മനുഷ്യർ തിരിച്ചറിവും സഹാനുഭൂതിയും അർഹിക്കുന്ന ഒരുപാട് മുഹൂർത്തങ്ങൾ ഇനിയും ചർച്ച ചെയ്യപ്പെടാനുണ്ട്. ഒരുപാട് വായനകൾ മനസ്സിനെ പ്രചോദിപ്പിക്കുന്നുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Examination of how casual misogyny in films influences societal norms., Insight into the transition from theater and literature to cinematic storytelling., The importance of empathy and political correctness in modern art., Reflections on the evolving landscape of Malayalam cinema and digital media.