അമ്മയ്ക്ക് എന്തുകൊണ്ടാണ് ദേശീയ അവാര്‍ഡ് കിട്ടാത്തതെന്ന് മനസ്സിലാകുന്നില്ല- ശ്വേത മോഹന്‍

ശ്വേതാ മോഹനും സുജാതാ മോഹനും- ഫോട്ടോ: പ്രണവ് രാജ്
ശ്വേതാ മോഹനും സുജാതാ മോഹനും- ഫോട്ടോ: പ്രണവ് രാജ്

പാട്ടിന്റെ മധുരശബ്ദം സുജാത മോഹന്‍ പാടിത്തുടങ്ങിയിട്ട് 50 വര്‍ഷമായി. 1975-ല്‍ ടൂറിസ്റ്റ് ബംഗ്ലാവ് എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു സുജാതയുടെ ആദ്യത്തെ ഗാനം. കഴിഞ്ഞ അരനൂറ്റാണ്ടിനിടെ തമിഴിലും മലയാളത്തിലും നിരവധി തവണ സംസ്ഥാന അവാര്‍ഡ് കിട്ടിയെങ്കിലും ഇതുവരെ ദേശീയ പുരസ്‌കാരം സുജാതയ്ക്ക് ലഭിച്ചിട്ടില്ല.

എന്തുകൊണ്ടാണ് സുജാതയ്ക്ക് ദേശീയ പുരസ്‌കാരം ലഭിക്കാത്തതെന്ന് മനസ്സിലാകുന്നില്ലെന്ന് വെളിപ്പെടുത്തിയിരിക്കുയാണ് മകള്‍ ശ്വേത മോഹന്‍. കഴിഞ്ഞദിവസം തമിഴ്‌നാട് സര്‍ക്കാറിന്റെ കലൈമാമണി പുരസ്‌കാരം സ്വീകരിച്ച ശേഷമാണ് ശ്വേതയുടെ പ്രതികരണം.

' നാല് വര്‍ഷം മുമ്പ് അമ്മ കലൈമാമണി പുരസ്‌കാരം സ്വന്തമാക്കി. കലയ്ക്ക് വേണ്ടിയാണ് അവര്‍ സ്വന്തം ജീവിതം സമര്‍പ്പിച്ചിരിക്കുന്നത്, എണ്ണമറ്റ പാട്ടുകളും പാടി. പക്ഷെ, എന്തുകൊണ്ടാണ് അമ്മയ്ക്ക് ഒരു ദേശീയ പുരസ്‌കാരം ലഭിക്കാത്തതെന്ന് മനസ്സിലാകുന്നില്ല'- ശ്വേത പറഞ്ഞു.

എന്തുകൊണ്ടാണ് അമ്മയുടെ പാട്ടുകള്‍ അവാര്‍ഡിനുള്ള പട്ടികയില്‍ ഉള്‍പ്പെടാത്തതെന്ന് അറിയില്ലെന്ന് പറഞ്ഞ ശ്വേത ഉടനെ അവര്‍ക്ക് അവാര്‍ഡ് കിട്ടുമെന്ന പ്രതീക്ഷയും പങ്കുവെച്ചു.

2023-ലെ കലൈമാമണി പുരസ്‌കാരമാണ് ശ്വേതയ്ക്ക് ലഭിച്ചിരിക്കുന്നത്. കല, സാഹിത്യം, സംഗീതം എന്നീ മേഖലകളിലെ മികവിനാണ് തമിഴ്‌നാട് സര്‍ക്കാര്‍ കലൈമാമണി പുരസ്‌കാരം നല്‍കുന്നത്. 2019-ലാണ് സുജാതയ്ക്ക് കലൈമാമണി പുരസ്‌കാരം ലഭിക്കുന്നത്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: Singer Shweta Mohan expresses bewilderment over her mother Sujata Mohan`s lack of a National Award, despite decades of acclaimed musical contributions and state awards.