കത്രീന കൈഫ് ആരെയും മുഷിപ്പിച്ചില്ല; ഷൂട്ടിങ് ഇടവേളകളിൽ അവർ ഫോട്ടോയ്ക്ക് പോസ് ചെയ്തു

കത്രീന കൈഫ്
കത്രീന കൈഫ്

1991-ല്‍ ഇറങ്ങിയ ഹിറ്റ് ചിത്രം ഇന്‍സ്പെക്ടര്‍ ബൽറാമിന്റെ രണ്ടാ ഭാഗം ബല്‍റാം VS താരാദാസിന്റെ ഷൂട്ടിങ് സമയം. 2005-ല്‍ തുടങ്ങിയ പടം 2006-ല്‍ റിലീസായി. തലശ്ശേരിയായിരുന്നു പ്രധാന ലൊക്കേഷന്‍. മാതൃഭൂമിയുടെ ചിത്രഭൂമിക്ക് വേണ്ടി രണ്ടുമൂന്ന് തവണ ലൊക്കേഷനില്‍ പോയി. 

സിനിമയെക്കുറിച്ച് ജനങ്ങളുടെ പ്രതീക്ഷ വളരെ വലുതായിരുന്നു. ഐ വി ശശി- ടി. ദാമോദരന്‍ കൂടുകെട്ടിലുള്ള പടം. മമ്മുട്ടിയാണ് നായകന്‍. അന്ന് ബോളിവുഡില്‍ വന്‍ താരമൂല്യമുള്ള, മുന്‍നിര നടി കത്രീന കൈഫ് നായിക. കൂടാതെ മലയാളത്തിലെ താരമൂല്യമുള്ള അഭിനേതാക്കളുടെ നിര വേറെയും. ലിബര്‍ട്ടി ബഷീറാണ് നിര്‍മാതാവ്. 

അന്നത്തെക്കാലത്ത് കണ്ണൂര്‍ ഭാഗത്ത് സിനിമാ ലൊക്കേഷന്‍ വിരളമാണ്. കത്രീന കൈഫും മമ്മുക്കയും ആയതുകൊണ്ട് ഒരു വിധം മാധ്യമങ്ങളെല്ലാം അവിടെത്തും. അതുകൊണ്ടുതന്നെ ആദ്യ ഫോട്ടോ ചിത്രഭൂമിക്ക് എന്ന് മനസ്സില്‍ പറഞ്ഞിരുന്നു. 

ഹിന്ദിയില്‍ നമ്പര്‍ വണ്‍ ആയി തിളങ്ങുന്ന കത്രീന കൈഫിന്റെ പെരുമാറ്റം എങ്ങനെയാവുമെന്ന് ആദ്യമെല്ലാം ആശങ്കയായിരുന്നു. അവരെ സംബന്ധിച്ച് ഇത് വലിയ കപ്പലില്‍ നിന്നിറങ്ങി ചെറിയ ബോട്ടില്‍ കേറിയ പോലുള്ള അവസ്ഥയാണ്. ബോളിവുഡിലെ പ്രശസ്ത സെലിബ്രിട്ടി ഫോട്ടോഗ്രാഫര്‍മാര്‍ക്ക് മുന്നില്‍ പോസ് ചെയ്ത് ശീലമുള്ള കത്രീന നമുക്കുവേണ്ടി പോസ് ചെയ്യുമോ, സമ്മതിക്കുമോ തുടങ്ങിയ കുറെയധികം ചോദ്യങ്ങള്‍ മനസ്സില്‍ വന്നു. ചിത്രഭൂമിക്ക് വേണ്ടി ഫോട്ടോ എടുത്തേ മതിയാവൂതാനും. നായകന്‍ മമ്മുക്കയാണെന്നതായിരുന്നു സമാധാനം.

ലൊക്കേഷനില്‍ എത്തി. അവിടെ ഷൂട്ടിങ്ങ് നടന്നുകൊണ്ടിരിക്കുന്നു. പതിവുപോലെ ഫോട്ടോ എടുക്കുന്നുണ്ട്. എന്നാല്‍ എനിക്ക് അതുമാത്രം പോരല്ലോ. ആ താരത്തിന്റെ പോസ് ചെയ്തുള്ള ഫോട്ടോ വേണമെന്ന് മനസ്സില്‍ ആഗ്രഹമുണ്ടായിരുന്നു. കിട്ടിയാല്‍ എനിക്ക് ഒരു ക്രെഡിറ്റാണ്. 

വലിയ താരങ്ങളുടെ ഫോട്ടോ എടുക്കണമെങ്കില്‍ മാനേജരോട് ചോദിക്കണം. പക്ഷെ ഞാന്‍ രണ്ടും കല്‍പിച്ച് നേരിട്ട് കത്രീനയോട് ചോദിച്ചു. ഷൂട്ടിങ് ഇല്ലാത്തപ്പോള്‍ ഫോട്ടോ എടുക്കാന്‍ അവര്‍ സമ്മതിച്ചു. ഭാഷ ഹിന്ദി ആയതുകൊണ്ട് അതിന്റെ ബുദ്ധിമുട്ട് ഒഴിച്ചാല്‍ താരത്തിന് വളരെ നല്ല സൗമ്യമായ പെരുമാറ്റമായിരുന്നു. 

ഫാട്ടോ എടുക്കാന്‍ മുകളില്‍ ലൈറ്റപ്പ് ഒക്കെ ചെയ്തു റെഡിയായി നിന്നു. എപ്പോഴാണ് ഫോട്ടോ എടുക്കാന്‍ പറ്റുക എന്ന് അറിയില്ലല്ലോ. താഴെ ഔട്ട്‌ഡോര്‍ ഷൂട്ടിങ്ങ് നടക്കുന്നു. വൈകുന്നേരമായി. ഇടയ്ക്ക് ഒരു ചെറിയ സമയം കിട്ടിയപ്പോള്‍ അവരുടെ അടുത്തുചെന്നു നിന്നു. അപ്പോഴേക്കും പല മീഡിയക്കാരും ഫോട്ടോ എടുക്കാന്‍ റെഡിയായി നില്‍ക്കുന്നുണ്ടായിരുന്നു. ചോദിച്ചപ്പോള്‍ ഒരു മടിയുംകൂടാതെ ഫോട്ടോ എടുക്കാന്‍ തയ്യാറായി കത്രീന വന്നു. 
അന്ന് ഔഡോര്‍ ഫോട്ടോ എടുക്കാന്‍ മെയിന്‍ ലൈറ്റ് തെര്‍മോക്കോള്‍ റിഫ്‌ളക്റ്റ് ചെയ്യുകയാണ് പതിവ്. അതൊക്കെക്കണ്ട് അവര്‍ എന്ത് വിചാരിച്ചു എന്ന് അറിയില്ല. അവിടെയൊക്കെ വന്‍ സെറ്റപ്പില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ആള്‍ ആണെല്ലോ. 
സമയം ഏഴുമണിയായി. മറ്റുള്ള ഫോട്ടോഗ്രാഫേഴ്‌സിനും ഫോട്ടോ എടുക്കണം. ഷൂട്ടിങ് നീളുമെന്ന് ഉറപ്പായി. ഇന്നിനി രക്ഷയില്ലെന്ന്  എല്ലാവരും പറഞ്ഞു. പക്ഷേ അവര്‍ ഓരോ ഷൂട്ടിങ്ങ് ഇടവേളയിലും ഓരോരുത്തര്‍ക്കും വേണ്ടി പോസ് ചെയ്തു. ഞാന്‍ വീണ്ടും കുറച്ച് ഫോട്ടോ കൂടി എടുത്തു.
ഷൂട്ട് കഴിയുമ്പോള്‍ 11 മണിയായി.  എന്നാലും കത്രീന ആരെയും മുഷിപ്പിച്ചില്ല. മുഴുവന്‍ ആളുകള്‍ക്കും ഫോട്ടോ നല്‍കിയിട്ടേ അവര്‍ മടങ്ങിയുള്ളൂ.

Content Highlights: katrina kaif, indian actress, bollywood actress, retro reel