‘കഥാപാത്രത്തിന്റെ ആവേശം നിലനിർത്താൻ അദ്ദേഹം ഇളനീരിൽ അല്പം വോഡ്ക കലർത്തി കുടിച്ചിരുന്നു’

ചിത്രത്തിൽ അമിതാഭ് ബച്ചൻ, ധർമ്മേന്ദ്ര (AFP)
ചിത്രത്തിൽ അമിതാഭ് ബച്ചൻ, ധർമ്മേന്ദ്ര (AFP)

ഷോലെ എന്ന സിനിമ റിലീസായി 50 വർഷം പിന്നിട്ടു. 1975 ഓഗസ്റ്റ് 15 ന് പുറത്തിറങ്ങിയ ചിത്രം ഭാഷാഭേദമില്ലാതെ പ്രേക്ഷകരെ ഇന്നും ആവേശം കൊള്ളിക്കുന്നു. ചിത്രത്തിന്റെ അൻപതാം വാർഷികത്തോടനുബന്ധിച്ച് നടന്ന മാഗസിൻ കവർ ലോഞ്ചിൽ, ചിത്രത്തിന്റെ സെറ്റിലെ രസകരമായ ഓർമ്മകൾ പങ്കുവെയ്ക്കുകയാണ് സംവിധായകൻ രമേശ് സിപ്പിയും നടി ഹേമ മാലിനിയും.

"ഒരു ദിവസം ഹോട്ടലിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയുള്ള ഷൂട്ടിങ് സ്ഥലത്തേക്ക് നടന്നുപോകാൻ ധർമ്മേന്ദ്ര തീരുമാനിച്ചു. പുലർച്ചെ മൂന്ന് മണിയോടെ അദ്ദേഹം നടത്തം ആരംഭിച്ചു. ഇടയ്ക്ക് കുറച്ചുനേരം മാത്രം വിശ്രമിച്ച് ഏഴ് മണിയോടെ അദ്ദേഹം ലൊക്കേഷനിൽ എത്തി. ഒരു മണിക്കൂർ വിശ്രമിച്ച ശേഷം അദ്ദേഹം ഷൂട്ടിങ്ങിന് തയ്യാറായി വന്നു. അത് അവിശ്വസനീയമായിരുന്നു, അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യം അത്രത്തോളമായിരുന്നു" ഐഎഎൻഎസിനോട് സംസാരിക്കവെ രമേശ് സിപ്പി ഓർത്തെടുത്തു.

"അദ്ദേഹം മൈലുകളോളം നടക്കുമായിരുന്നു," എന്ന് ഹേമ മാലിനിയും കൂട്ടിച്ചേർത്തു. ധർമ്മേന്ദ്രയുടെ സ്വഭാവത്തെക്കുറിച്ച് സിപ്പി പറഞ്ഞത് ഇങ്ങനെ: "അദ്ദേഹത്തിന്റെ മറ്റൊരു വശം തമാശ നിറഞ്ഞതായിരുന്നു. ചിലപ്പോഴൊക്കെ ഇളനീരിൽ അല്പം വോഡ്ക കലർത്തുമായിരുന്നു. ഒരു കണ്ണിറുക്കലിലൂടെ ആ സന്ദേശം എല്ലാവരിലേക്കും എത്തും. അത് അദ്ദേഹത്തിന് ഒരു പ്രത്യേക ഉന്മേഷം നൽകിയിരുന്നു."

"കുട്ടികളെപ്പോലെയുള്ള നിഷ്കളങ്കത അദ്ദേഹത്തിൽ എപ്പോഴും ഉണ്ടായിരുന്നു, എന്നാൽ പെട്ടെന്ന് തന്നെ അദ്ദേഹം ഗൗരവക്കാരനായ മനുഷ്യനായി മാറും. ആ സ്വഭാവം എല്ലാവരെയും ആകർഷിക്കുന്നതായിരുന്നു. അദ്ദേഹം പെട്ടെന്ന് ദേഷ്യപ്പെടുമായിരുന്നു, എന്നാൽ നിമിഷങ്ങൾക്കുള്ളിൽ തന്നെ അത് മാറുകയും ചെയ്യും."

1975-ൽ പുറത്തിറങ്ങിയ ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളിലൊന്നായ 'ഷോലെ'യിൽ വീരു എന്ന കഥാപാത്രത്തെയാണ് ധർമ്മേന്ദ്ര അവതരിപ്പിച്ചത്. ധർമ്മേന്ദ്രയെ കൂടാതെ അമിതാഭ് ബച്ചൻ, ജയ ബച്ചൻ, ഹേമ മാലിനി, സഞ്ജീവ് കുമാർ, അംജദ് ഖാൻ, എ.കെ. ഹംഗൽ, സച്ചിൻ പിൽഗോങ്കർ തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Celebrate Sholay`s 50th anniversary! Director Ramesh Sippy & Hema Malini share Dharmendra`s incredible dedication and funny on-set memories from the iconic film.