ഷെഫാലി ആന്റി ഏജിങ് ചികിത്സ നടത്തി, ഗ്ലൂട്ടാത്തിയോണും ഉപയോഗിച്ചു, മരണകാരണം കുത്തിവെപ്പ്?

ബിഗ്ബോസ് താരവും നടിയും മോഡലുമായ ഷെഫാലി ജരിവാലയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. അപ്രതീക്ഷിത മരണത്തിൽ സംശയാസ്പദമായി ഒന്നുമില്ലെന്നും അതേസമയം, വൈദ്യപരമായ കാരണങ്ങളാവാനാണ് സാധ്യതയെന്നുമാണ് ഏറ്റവും പുതിയ വിവരങ്ങൾ കാണിക്കുന്നത്.
ഷെഫാലി വർഷങ്ങളായി വാർധക്യം തടയുന്നതിനുള്ള ചികിത്സകൾക്ക് വിധേയയായിരുന്നു എന്ന് പോലീസുകാർക്ക് സൂചന ലഭിച്ചിട്ടുണ്ട്. ചർമ്മം വെളുപ്പിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന ഗ്ലൂട്ടാത്തിയോൺ, വിറ്റാമിൻ സി എന്നിവ ഉപയോഗിച്ചുള്ള ചികിത്സയ്ക്കാണ് അവർ വിധേയയായത്.
ജൂൺ 27-ന്, വീട്ടിൽ നടന്ന മതപരമായ ഒരു ചടങ്ങിനായി ഷെഫാലി ഉപവാസം അനുഷ്ഠിച്ചിരുന്നു, ഉപവാസത്തിനിടയിലും ആന്റി ഏജിങ് ചികിത്സയുടെ ഭാഗമായി മാസത്തിലൊരിക്കലുള്ള കുത്തിവെപ്പ് അവരെടുത്തിരുന്നു. വൈകീട്ട് പതിവായി കഴിക്കുന്ന ഗുളികകളും. രാത്രിയായതോടെ രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞ് ശരീരം വിറയ്ക്കാൻ തുടങ്ങി.
രാത്രി 10നും 11നും ഇടയിലാണ് ആരോഗ്യനില അതിവേഗം മോശമായത്. ബോധം നഷ്ടപ്പെട്ടു. ഹൃദയാഘാതത്തിലേക്ക് നയിക്കുകയും ചെയ്തു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. സംഭവസമയം ഭർത്താവ് പരാഗ് ത്യാഗിയും അമ്മയും മറ്റ് ചിലരുമാണ് വീട്ടിലുണ്ടായിരുന്നത്.
അന്ധേരിയിലെ അവരുടെ അപ്പാർട്ട്മെന്റിൽ നടത്തിയ പരിശോധനയിൽ അന്വേഷണ ഉദ്യോഗസ്ഥർ ഏതാനും മരുന്നുകൾ കണ്ടെടുത്തിരുന്നു. ആന്റി ഏജിങ് മരുന്നടങ്ങിയ കുപ്പികൾ, വിറ്റാമിൻ സപ്ലിമെന്റുകൾ, ദഹന സംബന്ധമായ ഗുളികകൾ എന്നിവ ഇതിലുൾപ്പെടുന്നു. ഇതുവരെ കുടുംബാംഗങ്ങൾ, വീട്ടുജോലിക്കാർ, മെഡിക്കൽ പ്രൊഫഷണലുകൾ എന്നിവരിൽ നിന്നായി എട്ട് മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്.
നിലവിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനും പിടിച്ചെടുത്ത മരുന്നുകളുടെ ലബോറട്ടറി പരിശോധനയ്ക്കുമായി കാത്തിരിക്കുകയാണ് പോലീസ്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi