‘ശർമിളയ്ക്ക് ബിക്കിനി ധരിക്കാനായിരുന്നു താൽപ്പര്യം, എന്റെ അച്ഛനാണ് സ്വിംസ്യൂട്ട് നിർദ്ദേശിച്ചത്’

ഹിന്ദി സിനിമയിലെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളായ ആൻ ഈവനിങ് ഇൻ പാരീസ്, ആരാധന, അമർ പ്രേം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ശക്തി സാമന്ത. അദ്ദേഹവും നടി ശർമിള ടാഗോറും ഒന്നിച്ച ചിത്രങ്ങൾ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു.
അടുത്തിടെ റേഡിയോ നാഷയ്ക്ക് നൽകിയ അഭിമുഖത്തിൽ, ശക്തി സാമന്തയുടെ മകൻ അഷിം സാമന്ത ‘ആൻ ഈവനിംഗ് ഇൻ പാരീസ്’ എന്ന ചിത്രത്തിന്റെ ലൊക്കേഷൻ വിശേഷങ്ങൾ പങ്കുവെച്ചു. ഷമ്മി കപൂറും ശർമിള ടാഗോറും തകർത്തഭിനയിച്ച ഈ ചിത്രത്തിലെ 'ആസ്മാൻ സേ ആയാ ഫരിഷ്താ' എന്ന ഗാനം ഇന്നും സംഗീതപ്രേമികളുടെ ഇഷ്ടഗാനമാണ്.
അക്കാലത്ത് വലിയ ചർച്ചയായ ഒന്നായിരുന്നു ശർമിള ടാഗോറിന്റെ സ്വിംസ്യൂട്ട് വേഷം. ആ വേഷം ധരിക്കാൻ അവർക്ക് മടിയുണ്ടായിരുന്നോ എന്ന ചോദ്യത്തിന് അഷിം നൽകിയ മറുപടി ഇങ്ങനെയായിരുന്നു: "യഥാർത്ഥത്തിൽ അവർക്ക് ബിക്കിനി ധരിക്കാനായിരുന്നു താൽപ്പര്യം. എന്നാൽ എന്റെ അച്ഛനാണ് 'വൺ പീസ്' സ്വിംസ്യൂട്ട് മതി എന്ന് നിർദ്ദേശിച്ചത്. അവർക്ക് അതിൽ യാതൊരു മടിയും ഉണ്ടായിരുന്നില്ല. നല്ല ശരീരസൗന്ദര്യമുള്ള, ആധുനിക ചിന്താഗതിയുള്ള പെൺകുട്ടിയായിരുന്നു അവർ."
ചിത്രത്തിലെ ഷമ്മി കപൂറിന്റെ ഹെലികോപ്റ്ററിലുള്ള എൻട്രി സീൻ അദ്ദേഹത്തിന്റെ തന്നെ നിർദ്ദേശമായിരുന്നു. "ഒരു ഹെലികോപ്റ്ററിൽ തൂങ്ങിക്കിടന്ന് വന്നാൽ എങ്ങനെയുണ്ടാകും?" എന്ന് ഷമ്മി കപൂർ ചോദിച്ചപ്പോൾ അത് ഗംഭീരമായിരിക്കും എന്ന് ശക്തി സാമന്ത മറുപടി നൽകി.
എന്നാൽ ഉയരത്തെ പേടിയുള്ള ഷമ്മി കപൂർ, ബെയ്‌റൂട്ടിൽ വെച്ച് പെട്ടെന്ന് ഒരു ഹെലികോപ്റ്റർ സംഘടിപ്പിക്കാൻ കഴിയില്ലല്ലോ എന്ന സമാധാനത്തിൽ ഉറങ്ങാൻ പോയി. പക്ഷേ പിറ്റേന്ന് രാവിലെ തന്നെ ശക്തി സാമന്ത ഹെലികോപ്റ്റർ റെഡിയാക്കി അദ്ദേഹത്തെ വിളിച്ചുണർത്തി. ഇതുകേട്ട് താൻ ആകെ പേടിച്ചുപോയെങ്കിലും "ഞാൻ ഷമ്മി കപൂറാണ്, പേടിക്ക് കീഴടങ്ങില്ല" എന്ന് തീരുമാനിച്ചതായി ഷമ്മി പിന്നീട് അഷിമിനോട് പറഞ്ഞിട്ടുണ്ട്.
ഷൂട്ടിങ്ങിന് തൊട്ടുമുമ്പ് തന്റെ ഭയം മാറ്റാൻ ഷമ്മി കപൂർ നേരെ ഹോട്ടലിലെ ബാറിലേക്ക് പോയി. രാവിലെ 10 മണിക്ക് ബാർ തുറക്കാൻ ആവശ്യപ്പെട്ട അദ്ദേഹം, രണ്ട് പെഗ് ബ്രാൻഡി കഴിച്ച ശേഷമാണ് "എവിടെ ഹെലികോപ്റ്റർ? നമുക്ക് പോകാം ശക്തി!" എന്ന് പറഞ്ഞ് ഷൂട്ടിങ്ങിന് തയ്യാറായത്.
ശക്തി സാമന്ത മുൻപൊരു അഭിമുഖത്തിൽ ശർമിള ടാഗോറിനെക്കുറിച്ച് പറഞ്ഞത് അവർ അതീവ പ്രതിഭയുള്ളവളാണെങ്കിലും കടുത്ത വാശിക്കാരി കൂടിയാണെന്നാണ്. ബിക്കിനി ധരിക്കണമെന്ന് ശർമിള വാശിപിടിച്ചപ്പോൾ, സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കില്ലെന്ന് പറഞ്ഞ് താനാണ് അവരെ ഒരുവിധം പിന്തിരിപ്പിച്ചത് എന്നും അദ്ദേഹം ഓർത്തെടുത്തിരുന്നു. സിനിമ പുറത്തിറങ്ങിയ ശേഷം തന്റെ വേഷം നന്നായിട്ടുണ്ടെന്ന് ശർമിള സമ്മതിക്കുകയും ചെയ്തു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Discover the truth behind Sharmila Tagore`s iconic swimsuit scene in `An Evening in Paris`, as revealed by Shakti Samanta`s son. Was it a bikini or a one-piece?