രജനീകാന്ത്-ജൂഹി ചൗള സിനിമ പരാജയപ്പെട്ടു;കടം വീട്ടാൻ ബി-ഗ്രേഡ് സിനിമയിലഭിനയിച്ച സംവിധായകൻ

രജനീകാന്ത്, രവിചന്ദ്രൻ, ജൂഹി ചൗള, നാഗാർജുന
രജനീകാന്ത്, രവിചന്ദ്രൻ, ജൂഹി ചൗള, നാഗാർജുന

പാൻ ഇന്ത്യൻ സിനിമകൾ ചർച്ച ചെയ്യപ്പെടുന്നതിനുമുന്നേ നിർമിക്കപ്പെട്ട ഒരു പാൻ ഇന്ത്യൻ സിനിമയാണ് 'ശാന്തി ക്രാന്തി' (1991). കന്നഡ, തെലുഗു, തമിഴ്, ഹിന്ദി ഭാഷകളിലാണ് സിനിമ ഒരേസമയം പുറത്തിറങ്ങിയത്. രവിചന്ദ്രൻ, ജൂഹി ചൗള, നാഗാർജുന, രജനീകാന്ത്, അനന്ത് നാഗ്, ഖുഷ്ബു തുടങ്ങിയ വൻ താരനിരയും സിനിമയുടെ ഭാഗമായി. 

സിനിമ സംവിധാനം ചെയ്തതും രവിചന്ദ്രൻ. അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും കൂടുതൽ മുതൽമുടക്കിൽ നിർമിച്ച സിനിമയും അതുതന്നെ. ഒട്ടേറെ പ്രശ്‌നങ്ങളിലൂടെയാണ് സിനിമ പൂർത്തിയാക്കിയത്. ഷൂട്ടിങ് തുടങ്ങി കുറച്ചുദിവസം കഴിഞ്ഞപ്പോൾ തന്നെ സിനിമയുടെ കാര്യത്തിൽ രവിചന്ദ്രന് സംശയമായി. അങ്ങനെ അദ്ദേഹം അതിൽനിന്ന് പിൻവാങ്ങാൻ തീരുമാനിച്ചു. അച്ഛനും സിനിമയുടെ നിർമാതാവുമായ വീരസ്വാമിയുടെ നിർബന്ധത്തിൽ വീണ്ടും തുടർന്നു. 

കുറച്ചുനാൾ കഴിഞ്ഞപ്പോൾ വീണ്ടും പ്രശ്‌നങ്ങൾ കൂടി. താരങ്ങളുടെ കോൾഷീറ്റും അവരുടെ ഷെഡ്യൂളുമെല്ലാം കടമ്പയായി മാറി. അതിനിടയിൽ ബാംഗ്ലൂരിലെ എം.ജി.റോഡിൽ സിനിമയുടെ വലിയ സെറ്റുകളുണ്ടാക്കി. നാലു ഭാഷകൾക്കായി നാലു ടീമിനെയുണ്ടാക്കി. അതിനായി കുറേ കാറുകളും വണ്ടികളും വാടകയ്‌ക്കെടുത്തു. 10 കോടി രൂപയോളം ചെലവായി നിർമാണത്തിന്. രണ്ടുവർഷം കൊണ്ടാണ് ഷൂട്ടിങ് പൂർത്തിയാക്കിയത്. വമ്പൻ പ്രതീക്ഷയോടെയാണ് സിനിമ തിയേറ്ററിലെത്തിയതും. 

പക്ഷേ അത് തിയേറ്ററിൽ പരാജയപ്പെടുന്നതാണ് കണ്ടത്. എട്ടു കോടി പോലും തിരിച്ചുപിടിക്കാൻ കഴിഞ്ഞില്ല. സിനിമയുടെ ഷൂട്ടിങ്ങിനായി മാത്രം 50 ഏക്കർ സ്ഥലം അദ്ദേഹം വാങ്ങിയിരുന്നു. ക്ലൈമാക്‌സ് അവിടെവെച്ചാണ് ചിത്രീകരിച്ചതും. അതും കൂറ്റൻ സെറ്റുകൾ നിർമിച്ചതുമെല്ലാം ചേർത്ത് അദ്ദേഹത്തിന് വമ്പൻനഷ്ടമായി. 10 കോടി രൂപയാണ് ഈ സിനിമ നിർമാണത്തിൽ തനിക്കുണ്ടായ നഷ്ടമെന്ന് പിന്നീട് രവിചന്ദ്രൻ പറഞ്ഞിട്ടുണ്ട്. സിനിമ കഴിഞ്ഞതോടെ സാമ്പത്തികമായി തകർന്നു രവിചന്ദ്രൻ. അതിൽനിന്ന് പുറത്തുകടക്കാൻ അദ്ദേഹം കണ്ട വഴി ബി-ഗ്രേഡ് സിനിമകളിൽ അഭിനയിക്കുകയെന്നതാണ്. തമിഴ്-തെലുഗു റീമേക്കുകളിലെല്ലാം രവിചന്ദ്രൻ അഭിനയിച്ചു. ഇതാണ് പിന്നീട് അദ്ദേഹത്തിന്റെ കരിയർ തന്നെ ഇല്ലാതാക്കിയതും.
 

Content Highlights: shanti kranti movie ended actor ravichandrans career