ടിവി താരമെന്ന നിലയിൽ ഷാരൂഖ് സന്തുഷ്ടനായിരുന്നു, അമ്മയ്ക്കായിരുന്നു സിനിമയെന്ന ആഗ്രഹം

ഷാരൂഖ് ഖാൻ
ഷാരൂഖ് ഖാൻ

സിനിമാ താരമായി അറിയപ്പെടുന്നതിനു മുമ്പ്, 1980-കളുടെ അവസാനത്തിൽ ഷാരൂഖ് ഖാൻ ഒരു ടെലിവിഷൻ താരമായിരുന്നു. 90-കളുടെ തുടക്കത്തിൽ മാത്രമാണ് അദ്ദേഹം സിനിമയിലേക്കെത്തിയത്. 1989-ലെ 'സർക്കസ്' എന്ന ടിവി ഷോയിൽ ഷാരൂഖിനൊപ്പം അഭിനയിച്ച രേണുക ഷഹാനെ അദ്ദേഹത്തെപ്പറ്റി ചില കാര്യങ്ങൾ തുറന്നുപറയുകയാണിപ്പോൾ. ഷാരൂഖിന്റെ അമ്മ ലത്തീഫ് ഫാത്തിമ മകനൊരു സിനിമാ താരമാകണമെന്ന് ആഗ്രഹിച്ചിരുന്നു, അപ്പോഴും ടിവി താരമായിരിക്കുന്നതിൽ അദ്ദേഹം സംതൃപ്തനായിരുന്നുവെന്നാണ് അവർ പറഞ്ഞത്.

"ഫൗജി സീരിയലിനു ശേഷം അദ്ദേഹത്തിന് ലഭിച്ച ആരാധകപിന്തുണ എത്രയാണെന്ന് ഞാനറിഞ്ഞത് സർക്കസിൻ്റെ ചിത്രീകരണ സമയത്താണ്. ഞങ്ങൾ അത്ഭുതപ്പെട്ടുപോയി. ആ സമയത്ത് സിനിമാ രംഗത്തേക്ക് വരാൻ പോലും അദ്ദേഹമാഗ്രഹിച്ചില്ല. ടെലിവിഷൻ ചെയ്യുന്നതിൽ അദ്ദേഹം സന്തുഷ്ടനായിരുന്നു."

നാടകവും ടിവിയുമാണ് തൻ്റെ ഇടമെന്ന് അദ്ദേഹം കരുതി, എന്നെങ്കിലും അദ്ദേഹമൊരു സിനിമാ താരമാകുമെന്ന് പ്രതീക്ഷിച്ചത് അമ്മയായിരുന്നുവെന്നും അവർ ഓർത്തു. "ഷാരൂഖ് സിനിമാതാരമാകണമെന്ന് ആളുകളെല്ലാം പറയുമായിരുന്നു, പക്ഷേ നാടകം, ടെലിവിഷൻ, ഇതാണ് തൻ്റെ ഇടമെന്ന് ഷാരൂഖ് ഖാൻ അവരോട് പറഞ്ഞു. പിന്നീടാണ് സിനിമയിലേക്ക് വരുന്നത്. ഒരുപക്ഷേ, അമ്മയ്ക്ക് വലിയ ആഗ്രഹമുണ്ടായിരുന്നതുകൊണ്ടാകാം. ദൈവമേ, അദ്ദേഹം വലിയൊരു സിനിമാതാരമായി മാറി,"-സ്ക്രീനിന് നൽകിയ അഭിമുഖത്തിൽ രേണുക പറഞ്ഞു.

1988-ലെ 'ദിൽ ദരിയ' എന്ന ടിവി ഷോയിലാണ് ഷാരൂഖിന്റെ ആദ്യ പ്രധാന വേഷം. നിർമാണത്തിലെ കാലതാമസം കാരണം, 'ഫൗജി' അദ്ദേഹത്തിന്റെ അഭിനയരംഗത്തെ അരങ്ങേറ്റമായി. ആർമി കേഡറ്റുകളെ അടിസ്ഥാനമാക്കിയുള്ള പരമ്പര അദ്ദേഹത്തെ പ്രശസ്തനാക്കി. ശേഷം 'സർക്കസ്', 'ഇഡിയറ്റ്', 'ഉമീദ്', തുടങ്ങി ഒട്ടേറെ ടിവി ഷോകളിലും അഭിനയിച്ചു.

1990-ൽ അമ്മയുടെ മരണശേഷമാണ് അദ്ദേഹം മനസ്സ് മാറ്റി, ബോളിവുഡിൽ കരിയർ കെട്ടിപ്പടുക്കാൻ ഡൽഹിയിൽ നിന്ന് മുംബൈയിലേക്ക് മാറിയത്. 1992-ൽ 'ദീവാന' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തി.

അതിനിടെ, ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഷാരൂഖ് ചിത്രം 'കിങ്ങി'ന്റെ ടീസർ അദ്ദേഹത്തിന്റെ പിറന്നാൾ ദിനമായ ഞായറാഴ്ച പുറത്തിറങ്ങി. ഒരുകാലത്ത് ബോളിവുഡിലെ റൊമാൻസ് കിങ് ആയിരുന്ന എസ്ആർകെ, വെളുത്ത മുടിയും മൂക്കിൽ നിന്ന് രക്തമൊലിക്കുന്ന തരത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത രൂപത്തിലാണ് ടീസറിലെത്തുന്നത്. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ‘കിങ്’, റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റും മാർഫ്ലിക്സ് പിക്ചേഴ്സും ചേർന്നാണ് നിർമിക്കുന്നത്. ചിത്രം 2026-ൽ റിലീസ് ചെയ്യും.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: Discover when Shah Rukh Khan was content as a TV sensation, even as his mother dreamt of him becoming a Bollywood movie star. Renuka Shahane shares insights.