സൗജന്യമായി ഐറ്റംഡാന്‍സ് ചെയ്ത ഷാരൂഖ്; ഐറ്റംഡാന്‍സിന് കോടികള്‍ വാങ്ങുന്നവരും

'പുഷ്പ 1' ഇറങ്ങിയപ്പോള്‍ ഏറ്റവും കൂടുതല്‍ വാര്‍ത്തയായത് ഒരു ഐറ്റം ഡാന്‍സും അതിനുകിട്ടിയ പ്രതിഫലവുമാണ്. സിനിമയിലെ 'ഊ അണ്ടവ ഊ ഊ അണ്ടവ' എന്ന ഈ ഗാനത്തിന് നൃത്തം ചെയ്തത് തെന്നിന്ത്യന്‍ നടി സാമന്തയാണ്. ഏകദേശം നാലുമിനിറ്റ് മാത്രമുള്ള ആ ഐറ്റംഡാന്‍സിന് അവര്‍ക്ക് ലഭിച്ചത് അഞ്ചുകോടി രൂപ. സിനിമ റിലീസാവുന്നതിന് വെറും ആറുദിവസം മുമ്പാണ് ഈ പാട്ടിന്റെ വീഡിയോ പുറത്തിറങ്ങിയത്. നിമിഷനേരം കൊണ്ട് അത് ഹിറ്റായിമാറി. നേരത്തെ ഈ പാട്ടിന് നൃത്തം ചെയ്യാനെത്തുന്നത് നോറ ഫത്തേഹിയായിരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതെല്ലാം കാറ്റില്‍പ്പറത്തിയാണ് സാമന്ത വരുന്നത്.
'പുഷ്പ 2'-വിലുമുണ്ട് ഒരു ഐറ്റംഡാന്‍സ്. പാട്ടിതുവരെ റിലീസായിട്ടില്ല. അതില്‍ പ്രത്യക്ഷപ്പെട്ടത് തെലുഗുനടിയായ ശ്രീലീലയാണ്. 'ദ ഡാന്‍സിങ് ക്വീന്‍' എന്നെഴുതിയ ശ്രീലീലയുടെ പോസ്റ്ററിലൂടെയാണ് ടീം ഇക്കാര്യം പുറത്തുവിട്ടത്. 2 കോടി രൂപയാണ് ആ പാട്ടില്‍ മാത്രം പ്രത്യക്ഷപ്പെട്ടതിന് അവര്‍ക്ക് കിട്ടിയത്. ബോളിവുഡ് അഭിനേത്രി ശ്രദ്ധ കപൂറിനെയാണ് ആദ്യം സമീപിച്ചതെന്നും, അവര്‍ അഞ്ചുകോടി ആവശ്യപ്പെട്ടതിനാല്‍ അതൊഴിവാക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു.
മാസ് സിനിമകളുടെയെല്ലാം ഭാഗമായ ഐറ്റംഡാന്‍സ്, പലപ്പോഴും സിനിമയിലെ മറ്റ് പാട്ടുകളേക്കാള്‍ ശ്രദ്ധിക്കപ്പെടുന്നതും ഇതുതന്നെയായിരിക്കും. പണ്ടത്തെ കാബറെയാണിപ്പോള്‍ ഐറ്റംഡാന്‍സായെത്തുന്നത്. അന്ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും നര്‍ത്തകിമാരുമാണ് അധികവും ഐറ്റംഡാന്‍സ് ചെയ്തിരുന്നത്. എന്നാലിപ്പോള്‍ സ്ഥിതി മാറി. നായികമാരും നായകന്‍മാരും ഐറ്റം ഡാന്‍സ് അവതരിപ്പിക്കുന്നു. അതിനവര്‍ക്ക് ലഭിക്കുന്നത് വമ്പന്‍ പ്രതിഫലവും. സ്ത്രീയെയും പുരുഷനെയും വെറും ശരീരം മാത്രമായി കാണുന്നതിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ടെങ്കിലും, പലപ്പോഴും ഐറ്റം ഡാന്‍സ് സിനിമയുടെ വിജയത്തെ വരെ സ്വാധീനിക്കുന്നുണ്ടെന്ന് നിരൂപകര്‍ പറയുന്നു. അഭിനയത്തിനൊപ്പം നൃത്തത്തിലൂടെയും പ്രശസ്തരായവര്‍ ഏറെയുണ്ട് ഇന്ത്യന്‍സിനിമയില്‍.
സിനിമയിലെ റബ്ബര്‍ ഗേള്‍
40-കളിലെ പ്രശസ്തയായ ആംഗ്ലോ-ഇന്ത്യന്‍ നര്‍ത്തകിയും നടിയുമായിരുന്നു കുക്കു. അനായാസമായ നൃത്തച്ചുവടുകള്‍ കാരണം അവര്‍ക്കൊരു പേരും ലഭിച്ചു, ഇന്ത്യന്‍ സിനിമയുടെ 'റബ്ബര്‍ ഗേള്‍'. 'അനോഖി അദാ' (1948) എന്ന സിനിമയിലൂടെയാണ് നര്‍ത്തകിയെന്ന നിലയില്‍ കുക്കുവിന്റെ കരിയര്‍ തുടങ്ങുന്നത്. പതുക്കെ ബോളിവുഡ് സിനിമകളില്‍ ഐറ്റംഡാന്‍സ് (അന്നത്തെ കാബറെ ഡാന്‍സ്) അനിഷേധ്യഘടകമാക്കി മാറ്റാനും കുക്കുവിന് കഴിഞ്ഞു. ഒരു നൃത്തത്തിന് മാത്രം 6000 രൂപയായിരുന്നു അവരുടെ പ്രതിഫലം. 74 വര്‍ഷം മുമ്പാണ് ഈ തുകയെന്നോര്‍ക്കണം. പതിനഞ്ച് വര്‍ഷത്തോളം അവര്‍ മേഖല അടക്കിഭരിച്ചു.
മറ്റൊരു ഡാന്‍സ് സെന്‍സേഷനായ ഹെലനെ സിനിമയിലേക്ക് കൊണ്ടുവന്നതും കുക്കു തന്നെ. അന്ന് 13 വയസ്സേയുള്ളൂ ഹെലന്. 'ആവാര' എന്ന സിനിമയില്‍ നര്‍ത്തകിമാരിലൊരാളായിട്ടായിരുന്നു വരവ്. മികച്ച നര്‍ത്തകിയും നടിയുമായി ഹെലന്‍ മാറുന്നതാണ് പിന്നീട് ബോളിവുഡ് കണ്ടത്. നൃത്തസംഘത്തിലെ ഒരംഗം എന്നതില്‍നിന്ന് മാറി സോളോ ഡാന്‍സിനുള്ള അവസരം ഹെലനെ തേടിയെത്തി. 'മേരാ നാം ചിന്‍ ചിന്‍ ചു' (ഹൗറ ബ്രിഡ്ജ്-1958) എന്ന പാട്ടിലൂടെയാണ് അവര്‍ പ്രശസ്തിയിലേക്കുയര്‍ന്നത്.
പിന്നീട് 60-കളിലും 70-കളിലുമായി നൂറുകണക്കിന് സിനിമകളില്‍ നൃത്തം ചെയ്തു. പിയാ തൂ അബ്‌തോ ആജാ, യേ മേരാ ദില്‍, മെഹബൂബ മെഹബൂബ, യെമ്മ യെമ്മ, ഒ ഹസീന സുള്‍ഫോംവാലി തുടങ്ങിയവയാണ് അവയില്‍ പ്രധാനപ്പെട്ടത്. അതേസമയത്തുതന്നെ ചില ബി-ഗ്രേഡ് സിനിമകളിലും, ലോ ബജറ്റ് സിനിമകളിലും നൃത്തച്ചുവടുമായി എത്തിയവരാണ് ബെല ബോസ്, ലക്ഷ്മി ഛായ, സുജാത ബക്ഷി എന്നിവര്‍. അവര്‍ക്കൊന്നും ഹെലന്റെ കോട്ടയ്ക്ക് ഇളക്കം തട്ടിക്കാന്‍ കഴിഞ്ഞില്ല.
സിനിമയിലെ ഒരുകാലത്തെ ഗ്ലാമര്‍ ഗേളായിരുന്നു സീനത്ത് അമന്‍. അവരുടെ കരിയറിലെ എന്നും ഓര്‍മിക്കപ്പെടുന്ന ഐറ്റം സോങ്ങുകളാണ് ആപ് ജൈസാ കോയി, ലൈല ഓ ലൈല എന്നിവ. ഇതുരണ്ടും 'ഖുര്‍ബാനി' (1980) എന്ന സിനിമയിലേതാണ്. സിനിമയില്‍ ഡിസ്‌കോ ഡാന്‍സറായാണ് സീനത്ത് അഭിനയിച്ചതും. ''സിനിമയില്‍ കൊറിയോഗ്രാഫര്‍ ഇല്ലായിരുന്നു. അതുകൊണ്ട് എന്റെ ഇഷ്ടത്തിനാണ് അതില്‍ നൃത്തച്ചുവടുകള്‍ വെച്ചത്'', 'ഖുര്‍ബാനി'യിലെ ആ പ്രശസ്തമായ പാട്ടുകളെക്കുറിച്ച് സീനത്ത് ഓര്‍ക്കുന്നു.
1980-കളുടെ തുടക്കത്തില്‍ സിനിമയിലെത്തിയ താരമാണ് സില്‍ക്ക് സ്മിത. ഇന്ത്യന്‍ സിനിമയുടെ സെക്‌സ് സിംബലെന്നാണ് ഇന്നും അവര്‍ അറിയപ്പെടുന്നത്. മലയാളം, തമിഴ്, കന്നഡ, തെലുഗു, ഹിന്ദി സിനിമകളില്‍ അഭിനയിക്കുകയും നൃത്തമാടുകയും ചെയ്തു സില്‍ക്ക് സ്മിത. 'വണ്ടിച്ചക്രം' എന്ന സിനിമയിലെ സില്‍ക്ക് എന്ന ബാര്‍ ഗേളുടെ കഥാപാത്രമാണ് സ്മിതയ്ക്ക് പ്രശസ്തി നേടിക്കൊടുത്തത്. അതിനുപിന്നാലെ കൊമേഷ്സ്യല്‍ സിനിമകളിലെല്ലാം അവരുടെ നൃത്തം അവിഭാജ്യഘടകമായി മാറി. നായികമാരേക്കാള്‍ പ്രതിഫലം സ്മിതയുടെ കൈകളിലേക്കെത്തി. ഒരു പാട്ടുസീനില്‍ മാത്രം വന്നുപോകുന്നതിന് 50,000 രൂപയായിരുന്നു അവര്‍ക്ക് കിട്ടിക്കൊണ്ടിരുന്നത്.
ആളുകളെ ആകര്‍ഷിക്കാനായി ഒരു സില്‍ക്ക് സ്മിത നൃത്തസീനെങ്കിലും സിനിമയിലുണ്ടെന്ന് നിര്‍മാതാക്കള്‍ ഉറപ്പുവരുത്തി. അവരുടെ നാലോ അഞ്ചോ മിനിറ്റ് നീളുന്ന സാന്നിധ്യം തിയേറ്ററുകള്‍ നിറയ്ക്കുമെന്ന് സിനിമാക്കാര്‍ക്കറിയാമായിരുന്നു. അതേ സമയത്തുതന്നെ അനുരാധ, ഡിസ്‌കോ ശാന്തി തുടങ്ങിയവരും സിനിമയില്‍ നൃത്തംചെയ്തു. പഴയ മലയാളംസിനിമകളില്‍ ഒരഭിവാജ്യഘടകമായിരുന്നു ഇത്തരം നൃത്തങ്ങള്‍. രാകേന്ദു കിരണങ്ങള്‍ ഒളിവീശിയില്ല (അവളുടെ രാവുകള്‍), ഇന്നീ തീരം തേടും പുഴയുടെ പാട്ടില്‍ (പ്രഭു) എന്നിവ നടി സീമയുടെ കരിയറിലെ എന്നും ഓര്‍മിക്കുന്ന പാട്ടുകളാണ്. അതില്‍ നൃത്തംചെയ്തതും സീമ തന്നെ.
1984-ല്‍ 'അബോധി'ലൂടെ സിനിമയിലെത്തിയ മാധുരി ദീക്ഷിത്ത്. അതിനുശേഷം ഒട്ടേറെ സിനിമകള്‍ ചെയ്‌തെങ്കിലും, അവര്‍ക്ക് ജനപ്രീതി നേടിക്കൊടുക്കുന്നത് 'തേസാബ്' എന്ന സിനിമയാണ്. അതില്‍ മാധുരിയുടെ 'ഏക് ദോ തീന്‍' എന്ന പാട്ടും അവരുടെ നൃത്തവും ഏറെ ശ്രദ്ധിക്കപ്പെട്ടു. വര്‍ഷങ്ങള്‍ക്കുശേഷം പുറത്തിറങ്ങിയ 'ചോളി കെ പീഛേ ക്യാ ഹെ' എന്ന പാട്ട് പെട്ടെന്നുതന്നെ ഹിറ്റായി. അതിലെ മാധുരിയുടെ നൃത്തം കാണാന്‍ വേണ്ടി മാത്രം ആളുകള്‍ 'ഖല്‍നായക്' എന്ന സിനിമ ഒരുപാട് തവണ കണ്ടുവെന്ന് അക്കാലത്ത് വാര്‍ത്തകളുണ്ടായിരുന്നു. 1999-ല്‍ പുറത്തിറങ്ങിയ 'ഷൂല്‍' എന്ന സിനിമയില്‍ മനോജ് ബാജ്‌പേയും രവീണ ഠണ്ടനുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എന്നാല്‍, അവരേക്കാള്‍ ശ്രദ്ധ പിടിച്ചുപറ്റിയത് ഒറ്റ പാട്ടുസീനില്‍ മാത്രം വന്നുപോയ ശില്‍പ ഷെട്ടിയാണ്. 'മേം ആയി ഹൂം യു.പി ബിഹാര്‍ ലൂട്‌നെ' എന്ന പാട്ടിലൂടെ ഐറ്റം ഗേള്‍ എന്ന് പേരു വീണു ശില്‍പയ്ക്ക്.
ഗ്ലാമര്‍ പരിവേഷത്തോടെ സിനിമയിലേക്ക് കടന്നുവന്ന താരമാണ് മല്ലിക ഷെരാവത്ത്. 'ഖ്വാഹിഷ്', 'മര്‍ഡര്‍' എന്ന സിനിമകളിലൂടെ ബോളിവുഡിലെ ബോള്‍ഡ് താരമായി മാറി മല്ലിക. അഭിനയത്തിനൊപ്പം ഐറ്റം നമ്പറുകളിലും പ്രത്യക്ഷപ്പെട്ടു. ഒരുകോടി രൂപയായിരുന്നു പ്രതിഫലം. 'ബിന്‍ ബുലായേ ബാരാതി' എന്ന സിനിമയുടെ ആകെ ബജറ്റ് ആറുകോടിയായിരുന്നു. മല്ലികയ്ക്ക് ഒരു പാട്ടുസീനില്‍ മാത്രം ലഭിച്ചത് ഒന്നര കോടിയും. 'താങ്ക്യൂ', 'ഗുരു', 'തേസ്' തുടങ്ങിയ സിനിമകളിലും ഐറ്റം നമ്പറുമായി മല്ലിക ശ്രദ്ധിക്കപ്പെട്ടു. ശക്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നതിനൊപ്പം, ഐറ്റം ഡാന്‍സുകളിലും തിളങ്ങിയ മറ്റൊരു താരമാണ് ഊര്‍മിള മധോണ്‍കര്‍. 'ചമ്മ ചമ്മ' (ചൈന ഗേറ്റ്), 'ആയേ ആജായിയേ (ലജ്ജ), 'എ ഷോട്ട് ഓഫ് കമ്പനി' (കമ്പനി) തുടങ്ങിയവയാണ് ഊര്‍മിളയുടെ പ്രശസ്തമായ ഐറ്റംനമ്പറുകള്‍.
മലൈകയുടെ കരിയറിലെ വഴിത്തിരിവ്
മലൈക അറോറയുടെ കരിയര്‍ ബൂസ്റ്റര്‍ എന്ന് നിസ്സംശയം പറയാന്‍ പറ്റുന്ന പാട്ടാണ് 'ഛയ്യ ഛയ്യ'. 'ദില്‍ സെ'യിലെ ഈ പാട്ടില്‍ ഒരു ട്രെയിനിനുമുകളില്‍നിന്നാണ് മലൈകയും ഷാരൂഖ് ഖാനും നൃത്തം ചെയ്യുന്നത്. സുഖ്‌വീന്ദര്‍ സിങ്ങിന്റെ ശബ്ദവും ബീറ്റുകളുമെല്ലാം ആ പാട്ടിനെ ജനകീയമാക്കി. മലൈക അറോറ ആയിരുന്നില്ല ഈ പാട്ടിനായുള്ള ആദ്യത്തെ ചോയ്‌സ്. ശില്‍പ ഷെട്ടി, ശില്‍പ ഷിരോദ്കര്‍, രവീണ ഠണ്ടന്‍ തുടങ്ങി പല നടിമാരെയും സമീപിച്ചു. തടി കൂടുതലാണെന്ന് പറഞ്ഞാണ് തന്നെ ഒഴിവാക്കിയതെന്ന് ശില്‍പ ഷിരോദ്കര്‍ പിന്നീട് തുറന്നുപറഞ്ഞിട്ടുണ്ട്.
ഇതിനെക്കുറിച്ച് ഫിലിംമേക്കറും കൊറിയോഗ്രാഫറുമായ ഫറാ ഖാന്‍ പിന്നീട് പറഞ്ഞതിങ്ങനെ, ''അന്നത്തെ അഞ്ച് നായികമാരെയെങ്കിലും ഞങ്ങള്‍ ഇതിനായി സമീപിച്ചു. പക്ഷേ പലര്‍ക്കും തീവണ്ടിയുടെ മുകളില്‍ കയറാന്‍ പേടിയായിരുന്നു. അന്നൊന്നും മലൈക സീനിലേ ഉണ്ടായിരുന്നില്ല. എല്ലാവരും ഈ റോള്‍ വേണ്ടെന്നുവെച്ചപ്പോഴാണ് മലൈകയെ സമീപിച്ചത്''. അതിനുശേഷം തുടര്‍ച്ചയായി ഇങ്ങനെയുള്ള അവസരങ്ങള്‍ മാത്രം മലൈകയെ തേടിയെത്തി. കാല്‍, പ്യാര്‍ കെ ഗീത്, ഹെയ് ബേബി, ദബങ്, ആക്ഷന്‍ ഹീറോ തുടങ്ങിയ സിനിമകളിലും മലൈക ഐറ്റം ഡാന്‍സ് അവതരിപ്പിച്ചു. സിനിമയിലെ ഐറ്റം ഡാന്‍സിന് മാത്രം ഒന്നേമുക്കാല്‍ കോടിയാണ് മലൈകയ്ക്ക് ലഭിച്ചിരുന്നത്.
2012-ല്‍ പുറത്തിറങ്ങിയ സല്‍മാന്‍ ഖാന്‍ സിനിമയാണ് 'ദബങ് 2'. അതില്‍ ഐറ്റംഡാന്‍സുമായ് വന്നത് കരീന കപൂറാണ്. 'ഫെവികോള്‍ സെ' എന്ന ആ പാട്ട് സൂപ്പര്‍ഹിറ്റായി. പക്ഷേ, സല്‍മാനുമായുള്ള സൗഹൃദത്തിന്റെ പേരില്‍ സൗജന്യമായാണ് കരീന അതില്‍ അഭിനയിച്ചത്.
കത്രീന കൈഫിന്റെ കരിയറിലെ ഏറ്റവും ഹിറ്റായ ഐറ്റംനമ്പറുകളാണ് 'ഷീല കി ജവാനി', (തീസ് മാര്‍ ഖാന്‍), ചിക്‌നി ചമേലി (അഗ്നീപഥ്), ബോഡിഗാര്‍ഡ് (ബോഡിഗാര്‍ഡ്) എന്നീ പാട്ടുകള്‍. 'അഗ്നീപഥി'ലെ ആ പാട്ടുസീനില്‍ കത്രീന അഭിനയിച്ചത് കരണ്‍ ജോഹറുമായുള്ള സൗഹൃദത്തിന്റെ പേരിലാണ്. അതിന് പ്രതിഫലം വാങ്ങിയതുമില്ല. ബോഡിഗാര്‍ഡിലെ പാട്ടുസീനിന് 50 ലക്ഷമായിരുന്നു കത്രീനയുടെ പ്രതിഫലം.
'ലൈല' (ഷൂട്ടൗട്ട് അറ്റ് വഡാല) എന്ന പാട്ടിലൂടെയാണ് സണ്ണി ലിയോണ്‍ ഐറ്റംനമ്പറുകള്‍ ചെയ്യാന്‍ തുടങ്ങിയത്. പുറകെ ഹേറ്റ് സ്റ്റോറി 2, ലവ് യു ആലിയ, വടകറി എന്നീ സിനിമകളിലെ പാട്ടുസീനുകളിലും സണ്ണി പ്രത്യക്ഷപ്പെട്ടു. 'റയീസി'ലെ 'ലൈല മേ ലൈല' എന്ന പാട്ട് വെറും നാലുമിനിറ്റ് ദൈര്‍ഘ്യമേയുള്ളൂ. പക്ഷേ അതിന് സണ്ണിക്ക് ലഭിച്ചത് മൂന്നുകോടിയാണ്. മലയാളത്തിലുമുണ്ട് സണ്ണിയുടെ ഐറ്റംഡാന്‍സ്. 'മധുരരാജ'യിലെ 'മോഹമുന്തിരി വാറ്റിയ രാവ്' എന്ന പാട്ടില്‍ സണ്ണി മനോഹരമായി നൃത്തമാടി.
അഭിനയത്തിലൂടെയാണ് സിനിമയിലെത്തിയതെങ്കിലും, നൃത്തത്തിലൂടെയും ഐറ്റംസോങ്ങുകളിലൂടെയും ശ്രദ്ധേയയായ താരമാണ് നോറ ഫത്തേഹി. മനോഹരി (ബാഹുബലി 1), ദില്‍ബര്‍ (സത്യമേവ ജയതേ), ഓ സാകി ഓ സാകി (ബട്‌ല ഹൗസ്), നൃത്തഗീതികളെങ്ങും (കായംകുളം കൊച്ചുണ്ണി) തുടങ്ങിയ പാട്ടുകളാണ് ഏറ്റവും പ്രശസ്തമായത്. ദില്‍ബര്‍ എന്ന പാട്ടിന്റെ വീഡിയോ ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ടാണ് നൂറുകോടി കടന്നത്. നോറയുടെ ബെല്ലി ഡാന്‍സായിരുന്നു അതിലെ ഹൈലൈറ്റ്. നോറ ഫത്തേഹി ആദ്യമായി മലയാളത്തില്‍ നൃത്തംചെയ്തത് 'കായംകുളം കൊച്ചുണ്ണി'ക്കുവേണ്ടിയായിരുന്നു. രണ്ടുകോടി രൂപയാണ് ഐറ്റംഡാന്‍സിന് അവര്‍ക്ക് പ്രതിഫലം.
സാമന്ത കരിയറിലാദ്യമായി ചെയ്ത ഐറ്റംഡാന്‍സാണ് 'ഊ അണ്ടവ'. അതിന് റെക്കോര്‍ഡ് പ്രതിഫലവും ലഭിച്ചു. സാമന്തയോട് ഇക്കാര്യത്തെക്കുറിച്ച് ചോദിക്കാന്‍ ആദ്യം മടിയായിരുന്നുവെന്ന് അല്ലു അര്‍ജുനും പറഞ്ഞിട്ടുണ്ട്. ''നാഗചൈതന്യയും ഞാനും വിവാഹമോചിതരാവുന്ന സമയത്താണ് എനിക്ക് ഈ ഓഫര്‍ കിട്ടുന്നത്. അന്ന് പലരുമെന്നോട് അതുചെയ്യേണ്ടെന്ന് പറഞ്ഞു. എന്റെ അടുത്ത കൂട്ടുകാര്‍ വരെ പറഞ്ഞു, ഐറ്റംഡാന്‍സ് ചെയ്യരുതെന്ന്. ഞാന്‍ തെറ്റൊന്നും ചെയ്യുന്നില്ല. പിന്നെന്തിനാണ് ഒളിക്കുന്നതെന്നാണ് അവരോടൊക്കെ ഞാന്‍ തിരിച്ചുചോദിച്ചത്'', സാമന്ത പിന്നീട് പറഞ്ഞു. 2023-ല്‍ 'ജയിലര്‍' സിനിമ ഇറങ്ങിയതോടെ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് 'കാവാലയ്യ' എന്ന പാട്ടും അതിലെ തമന്നയുടെ ഐറ്റംഡാന്‍സുമാണ്. അതിനുശേഷം ആജ് കി രാത് (സ്ത്രീ 2) എന്ന പാട്ടിനുവേണ്ടിയും തമന്ന നൃത്തംചെയ്തു. ഒരുകോടിയാണ് സിനിമയിലെ നൃത്തത്തിനുമാത്രം തമന്നയ്ക്ക് ലഭിക്കുന്നത്. ''ഗ്ലാമറിനുമാത്രമായി ഒരു പാട്ട് മാറ്റിവെക്കുന്നത് നല്ല കാര്യമാണ്'', തമന്ന അഭിപ്രായപ്പെടുന്നു.
ഷാരൂഖ് മുതല്‍ ഋത്വിക് വരെ
2005-ലാണ് ബോളിവുഡില്‍ ആദ്യമായൊരു നായകന്‍ ഐറ്റംഡാന്‍സറാവുന്നത്. അത് ഷാരൂഖ് ഖാനാണ്. 2005-ല്‍ 'കാല്‍ ധമാല്‍' (കാല്‍) എന്ന പാട്ടിനുവേണ്ടിയാണ് ഷാരൂഖ് നൃത്തംചെയ്തത്. കരണ്‍ ജോഹറുമായുള്ള അടുപ്പത്തിന്റെ പേരില്‍ പ്രതിഫലം വാങ്ങാതെയാണ് ഈ നൃത്തരംഗത്തില്‍ ഷാരൂഖ് പ്രത്യക്ഷപ്പെട്ടത്. ഒപ്പം മലൈക അറോറയും. സംഭവം എന്തായാലും ഹിറ്റായി. അതിനുശേഷമാണ് പല നായകന്‍മാരും ഐറ്റംഡാന്‍സ് ചെയ്യാന്‍ തുടങ്ങിയതും. ഷാരൂഖ് തന്നെയാണ് സിനിമ നിര്‍മിച്ചതും.
പിന്നീട് ക്രേസി 4, ഷാരൂഖിന്റെ തന്നെ സിനിമയായ ഓം ശാന്തി ഓം, എന്നിവയിലും ഐറ്റംഡാന്‍സ് അവതരിപ്പിച്ചു. ഫറാ ഖാന്‍ ആണ് 'ഓം ശാന്തി ഓമി'ന്റെ സംവിധായിക. അതിലെ 'ദര്‍ദ്-ഇ-ഡിസ്‌കോ' എന്ന പാട്ടിനായി ഷകീറയെ വരെ ഫറ ആലോചിച്ചിരുന്നുവത്രെ. പക്ഷേ, അവസാനമായപ്പോഴേക്കും എല്ലാം മാറിമറിഞ്ഞു. അതിനെക്കുറിച്ച് ഫറ പറയുന്നതിങ്ങനെ, ''സോറി ഡാര്‍ലിങ്, നീയാണെന്റെ ഷകീറ എന്നു ഞാന്‍ ഷാരൂഖിനോട് പറഞ്ഞു. ആ പാട്ടിനുവേണ്ടി മാത്ര ഷാരൂഖ് ശരീരഭാരം കുറച്ചു''.
2012-ല്‍ പുറത്തിറങ്ങിയ 'ഡെല്‍ഹി ബെല്ലി' എന്ന സിനിമയില്‍ നൃത്തംചെയ്തത് ആമിര്‍ ഖാനാണ്. സിനിമയുടെ നിര്‍മാതാവായ ആമിര്‍ ആ പാട്ടില്‍ നൃത്തംചെയ്യുകയുമായിരുന്നു. 'തീസ് മാര്‍ ഖാന്‍' എന്ന അക്ഷയ് കുമാര്‍-കത്രീന കൈഫ് ചിത്രത്തില്‍ ഐറ്റംഡാന്‍സില്‍ സല്‍മാന്‍ ഖാനുമുണ്ട്. ഇവരിലേറെയും നൃത്തരംഗത്തില്‍ പ്രത്യക്ഷപ്പെട്ടത് സൗഹൃദത്തിനുപുറത്താണ്. റണ്‍ബീര്‍ കപൂര്‍, അഭിഷേക് ബച്ചന്‍ എന്നിവരും ഓരോ സിനിമകളില്‍ ഐറ്റംഡാന്‍സ് അവതരിപ്പിച്ചു.
Content Highlights: shah rukh khan to sunny leone- who did item dance in indian cinema