ധുരന്ധറിനെ കടത്തിവെട്ടി; 50 ലക്ഷത്തിന് നിർമിച്ച ഈ സിനിമ വാരിക്കൂട്ടിയത് 120 കോടി

മുഖ്യധാരാ സിനിമകൾ ചരിത്രം കുറിക്കുകയും അത് ചർച്ചയാവുകയും ചെയ്യുന്ന ഘട്ടത്തിൽ, പ്രത്യേകതകളൊന്നുമില്ലാതെ, മാർക്കറ്റിങ് തീരെയില്ലാതെ കടന്നുവന്നൊരു കുഞ്ഞുസിനിമയുണ്ട്. അവകാശവാദങ്ങളൊന്നുമില്ലാതെ എത്തിയ സിനിമ നേടിയത് വമ്പൻലാഭമാണ്. അത് സിനിമാനിരൂപകരെയും പ്രേക്ഷകരെയും ഞെട്ടിക്കുകയും ചെയ്യുന്നു. പറഞ്ഞുവരുന്നത് 'ലാലോ-ശ്രീ കൃഷ്ണ സദാ സഹായതേ' എന്ന ഗുജറാത്തി സിനിമയെക്കുറിച്ചാണ്. 50 ലക്ഷം രൂപയ്ക്കാണ് ചിത്രം നിർമിച്ചത്. കഴിഞ്ഞവർഷം ഒക്ടോബറിൽ റിലീസാവുകയും ചെയ്തു.
ആദ്യദിവസങ്ങളിൽ ബോക്‌സോഫീസിൽ പിടിച്ചുനിൽക്കാനാവാതെ ഉലഞ്ഞു ആ സിനിമ. ആദ്യത്തെ ആഴ്ച 33 ലക്ഷവും രണ്ടാമത്തെ ആഴ്ച 27 ലക്ഷവുമാണ് സിനിമ നേടിയത്. എന്നാൽ, പിന്നീട് ഉയിർത്തെഴുന്നേൽക്കുന്നതാണ് കണ്ടത്. സിനിമ കണ്ടവർ മറ്റുള്ളവരോട് പറഞ്ഞും കേട്ടും തിയേറ്ററിൽ ആളുകൾ കയറാൻ തുടങ്ങി.
മൂന്നാമത്തെ ആഴ്ചയായപ്പോഴേക്കും കുതിച്ചുകയറുന്ന കാഴ്ചയാണ് കണ്ടത്. ഒരൊറ്റ ആഴ്ചകൊണ്ട് ഒരുകോടി നേടി. അവിടുന്നങ്ങോട്ട് സ്വപ്‌നതുല്യമായ ലാഭവും. ആഗോളതലത്തിൽ സിനിമ കളക്ട് ചെയ്തത് 120 കോടി രൂപയാണ്. ഇന്ത്യയിൽ നിന്നു മാത്രം 100 കോടിയും. അങ്ങനെ 100 കോടി കടക്കുന്ന ആദ്യ ഗുജറാത്തി സിനിമയായി മാറി 'ലാലോ'. മാത്രമല്ല ഏറ്റവും കൂടുതൽ പണംവാരിയ ഗുജറാത്തി സിനിമയെന്ന ക്രെഡിറ്റും സ്വന്തമാക്കി.
ഒരു ഗുജറാത്തി സിനിമയെ സംബന്ധിച്ചിടത്തോളം തികച്ചും അസാധാരണമായ മുന്നേറ്റമാണ് ചിത്രം നടത്തിയത്. സൂപ്പർതാരങ്ങളൊന്നുമില്ലാതെ തന്നെ ഇത്രയും മികച്ച നേട്ടം സ്വന്തമാക്കിയെന്നതാണ് അതിന്റെ പ്രത്യേകത. കഴിഞ്ഞവർഷത്തെ ബ്ലോക്ബസ്റ്ററുകളായി കണക്കാക്കപ്പെടുന്ന സൈയാര, കാന്താര: ചാപ്റ്റർ 1, ധുരന്ധർ തുടങ്ങിയ സിനിമകളെയെല്ലാം ലാഭത്തിന്റെ കാര്യത്തിൽ ഇത് കടത്തിവെട്ടി. 24,000 ശതമാനം ലാഭമാണ് സിനിമയുണ്ടാക്കിയത്.
സിനിമ ചെറുതായി തിയേറ്ററിൽ ആളെ കൂട്ടിത്തുടങ്ങിയപ്പോൾ തന്നെ അണിയറപ്രവർത്തകർ അത് ഹിന്ദിയിലേക്ക് മൊഴിമാറ്റം നടത്താൻ തീരുമാനിച്ചു. ഇക്കഴിഞ്ഞ ദിവസമാണ് സിനിമയുടെ ഹിന്ദി പതിപ്പ് റിലീസായത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Discover how Lalo-Shree Krishna Sada Sahaayate, a small Gujarati film made on ₹50 Lakhs, stunned critics and audiences by earning ₹120 Crores globally, outperforming major blockbusters