പുഷ്പ തന്റെ സ്‌കൂളിലെ കുട്ടികളെ വഴിതെറ്റിച്ചുവെന്ന് അധ്യാപിക

പുഷ്പ 2 | PTI
പുഷ്പ 2 | PTI

അല്ലു അര്‍ജുന്‍ നായകനായ പുഷ്പ-2 ഇന്ത്യയില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രമെന്ന ചരിത്രം സൃഷ്ടിച്ചിരുന്നു. ഒട്ടേറെ ബോക്‌സോഫീസ് റെക്കോഡുകള്‍ മറികടക്കുകയും ചെയ്തു. ഏറ്റവും വേഗത്തില്‍ ലോകമെമ്പാടും 1000 കോടി നേടിയ ഇന്ത്യന്‍ ചിത്രം, ഏറ്റവും വേഗത്തില്‍ ഇന്ത്യയില്‍ 1000 കോടി നേടിയ ചിത്രം അങ്ങനെ നീളുന്നു റെക്കോഡുകള്‍. 

എന്നാല്‍ പുഷ്പ സിനിമകള്‍ കുട്ടികളെ മോശംരീതിയില്‍ ബാധിച്ചുവെന്ന പരാതിയുമായി എത്തിയിരിക്കുകയാണ് ഹൈദരാബാദിലെ യുസുഫ്ഗുഡയില്‍ നിന്നുള്ള സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപിക. വിദ്യാഭ്യാസകമ്മിഷനുമുമ്പിലാണ്‌ അവര്‍ ഇക്കാര്യം പറഞ്ഞത്.

സ്‌കൂളിലെ വിദ്യാര്‍ഥികള്‍ അശ്രദ്ധമായി പെരുമാറുന്നത് കാണുമ്പോള്‍ അഡ്മിനിസ്ട്രേറ്റര്‍ എന്ന നിലയില്‍ താന്‍ പരാജയപ്പെട്ടതായി തോന്നുന്നുവെന്ന് അധ്യാപിക പറഞ്ഞു. 'അവര്‍ സഹിക്കാന്‍ പറ്റാത്ത രീതിയിലുള്ള ഹെയര്‍സ്‌റ്റൈലുകള്‍ പരീക്ഷിക്കുന്നു. അസഭ്യമായി സംസാരിക്കുന്നു. നമ്മള്‍ വിദ്യാഭ്യാസത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ഇക്കാര്യം അവഗണിക്കുകയും ചെയ്യുന്നു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ മാത്രമല്ല, സ്വകാര്യ സ്‌കൂളുകളിലും ഇതാണ് സ്ഥിതി'-അവര്‍ പറഞ്ഞു.

അതേസമയം, അധ്യാപികയെന്ന നിലയില്‍, വിദ്യാര്‍ഥികളെ ശിക്ഷിക്കാനും തനിക്ക് തോന്നുന്നില്ലെന്ന് അവര്‍ പറയുന്നു. കാരണം അത് കുട്ടികളെ സമ്മര്‍ദ്ദത്തിലാക്കും, അവരുടെ പെരുമാറ്റത്തിന് മാസ് മീഡിയയാണ് കാരണക്കാര്‍. ഞങ്ങള്‍ ഈ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മാതാപിതാക്കളെ വിളിക്കുമ്പോഴും കുട്ടികള്‍ ശ്രദ്ധിക്കുന്നതായി തോന്നുന്നില്ല. അവരെ ശിക്ഷിക്കാന്‍ പോലും കഴിയില്ല, കാരണം അത് അവരെ ആത്മഹത്യയിലേക്ക് നയിച്ചേക്കാം. എന്റെ സ്‌കൂളിലെ പകുതി വിദ്യാര്‍ഥികളും പുഷ്പ കാരണം മോശമായി. ഇത്തരം ആശങ്കകള്‍ കണക്കിലെടുക്കാതെയാണ് ചിത്രത്തിന് സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്റര്‍നെറ്റില്‍ സമ്മിശ്രപ്രതികരണമാണ് അധ്യാപികയുടെ നിലപാടിനോട്.

Content Highlights: school teacher claims students are worse now due to allu arjun pushpa films