പ്രതിഫലം വാങ്ങാതെ ആലിയ, വിക്കി, റൺബീർ; സിനിമയുടെ ബജറ്റ് കൈയിലൊതുങ്ങുന്നില്ല

സംവിധായകൻ സഞ്ജയ് ലീലാ ബൻസാലിയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമയാണ് 'Love & War'. 'ഗംഗുഭായ് കത്യാവാഡി'ക്കുശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന സിനിമയെന്ന പേരിൽ ഏറെ പ്രതീക്ഷകളാണ് പ്രേക്ഷകർക്കുള്ളത്. വിക്കി കൗശൽ, ആലിയ ഭട്ട്, റൺബീർ കപൂർ എന്നിവരാണ് പ്രധാനതാരങ്ങളെ അവതരിപ്പിക്കുന്നത്. ഇന്ത്യൻസിനിമയിലെ തന്നെ ഏറ്റവും വലിയ സിനിമകളിലൊന്നായി മാറുകയാണിത്.
റിപ്പോർട്ടുകൾ പ്രകാരം, സിനിമയുടെ ബജറ്റ് പ്രതീക്ഷിച്ചതിലും വളരെയധികം വർധിച്ചിരിക്കുകയാണ്. ഷൂട്ടിങ് ദിവസങ്ങളുടെ കാര്യത്തിലും ഈ വർധനവുണ്ട്. വെറൈറ്റി ഇന്ത്യയുടെ ഒരു റിപ്പോർട്ട് അനുസരിച്ച്, ലവ് & വാർ 350 കോടി രൂപ ബജറ്റിലാണ് ആരംഭിച്ചത്. 120 ദിവസത്തെ ഷൂട്ടിങ്ങായിട്ടാണ് പ്ലാൻ ചെയ്തിരുന്നത്.
എന്നാൽ, തുടങ്ങി കുറച്ചുകഴിഞ്ഞപ്പോൾ തന്നെ കാര്യങ്ങളെല്ലാം കൈവിട്ടുപോയി. ഷൂട്ടിങ്ങിന്റെ ദിവസങ്ങൾ പലതവണ മാറ്റി. 120 ദിവസം എന്നത് 175 ദിവസമായി മാറി. ഇതും മതിയാവാതെ ഇപ്പോൾ വീണ്ടും 50 ദിവസം കൂട്ടിയെന്നാണ് പറയപ്പെടുന്നത്.
ബജറ്റിന്റെ കാര്യമാണെങ്കിൽ, നിശ്ചയിച്ച ബജറ്റിൽനിന്ന് 75 കോടിയാണ് അധികമായി ഇപ്പോൾ വേണ്ടിവന്നത്. ''ബൻസാലി എപ്പോഴും പൂർണതയ്ക്കുവേണ്ടി പരിശ്രമിക്കുന്നയാളാണ്. ഓരോ ഫ്രെയിമും തന്റെ കാഴ്ചപ്പാടിനൊത്ത് വരുന്നതുവരെ അദ്ദേഹം ശ്രമിച്ചുകൊണ്ടേയിരിക്കും. എന്നാൽ, ആവർത്തിച്ചുള്ള റീഷൂട്ടുകൾ ബജറ്റ് വർധിപ്പിച്ചു'', ഇൻഡസ്ട്രിയുമായി അടുപ്പമുള്ളൊരാൾ പറയുന്നു.
ആലിയ, വിക്കി, റൺബീർ എന്നിവരുടെ പ്രതിഫലം ഉൾപ്പെടാതെയാണ് 425 കോടി വരുന്നത്. അതുകൊണ്ടുതന്നെ ചെലവുചുരുക്കലിന്റെ ഭാഗമായി, പ്രതിഫലം വാങ്ങാതെയാണ് അവർ സിനിമയിൽ അഭിനയിക്കുന്നത്. പകരം സിനിമയുടെ ലാഭവിഹിതം ഷെയർ ചെയ്യാമെന്നതാണ് അവരുടെ വ്യവസ്ഥ. സിനിമ 2026-ൽ റിലീസാവുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ, ഈ പ്രത്യേകസാഹചര്യത്തിൽ 2027 ആയേക്കാമെന്നും പറയപ്പെടുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: The budget for 'Love & War' has increased from ₹350 crore to ₹425 crore., The lead actors—Alia Bhatt, Ranbir Kapoor, and Vicky Kaushal—are not taking upfront salaries