പ്രണയപ്പകയില്‍ സഞ്ജയ് ദത്ത് ഋഷി കപൂറിനെ തല്ലാന്‍ ചെന്നു, നീതു ഇടപെട്ടു, കഥാനായിക പിന്മാറി

താരപ്പൊലിമയ്ക്കപ്പുറം, പ്രണയവും പകയും ബോളിവുഡിനെ എക്കാലവും വാര്‍ത്തകളില്‍ നിറച്ചിട്ടുണ്ട്. ആരാധകര്‍ സ്‌നേഹത്തോടെ ബാബ എന്നു വിളിച്ചിരുന്ന സഞ്ജയ് ദത്ത് നടനായി രംഗപ്രവേശം നടത്തിയതുതൊട്ട് വിവാദങ്ങളുടെ തോഴനായിരുന്നു. ലഹരിക്ക് അടിമപ്പെട്ടതും ചികിത്സയിലൂടെ വിമുക്തി നേടിയതുമായിരുന്നു അതിലൊന്ന്. അധോലോകവുമായി സഞ്ജയ് ബന്ധം സൂക്ഷിച്ചിരുന്നെന്ന് പരക്കെ കരുതപ്പെട്ടു. മുംബൈ ബോംബാക്രമണക്കേസുമായി ബന്ധമുണ്ടെന്ന ആരോപണത്തില്‍ അറസ്റ്റും കേസുമെല്ലാമുണ്ടായി. ഇതിനെല്ലാം പുറമെയായിരുന്നു സഞ്ജയ് ദത്തിന്റെ പ്രണയവിവാദങ്ങള്‍.
പ്രണയം തലയ്ക്കുപിടിച്ച് ഒരിക്കല്‍ സഞ്ജയ് ദത്ത് തന്നെ തല്ലാന്‍ വന്ന ഒരു സംഭവത്തെപ്പറ്റി ഋഷി കപൂര്‍ തന്റെ ആത്മകഥയില്‍ പറയുന്നുണ്ട്. അനില്‍ അംബാനിയുടെ ഭാര്യയും നടിയുമായ ടിന അംബാനിയെന്ന ടിന മുനിം ആണ് കഥയിലെ നായിക. 1981-ല്‍ 'റോക്കി' എന്ന ചിത്രത്തിലൂടെയാണ് സഞ്ജയ് സിനിമയിലെത്തുന്നത്. ടിന മുനിമുമൊത്തുള്ള സഞ്ജയ് ദത്തിന്റെ കെമിസ്ട്രിക്ക് വന്‍സ്വീകാര്യത ലഭിച്ചിരുന്നു അന്ന്. ഇതിനിടെ ടിനയെ സഞ്ജയ് ദത്ത് രഹസ്യമായി പ്രണയിക്കാന്‍ തുടങ്ങി. ഇരുവരും പരസ്പരം ഇഷ്ടത്തിലുമായി. പക്ഷേ, സഞ്ജയ് ദത്തിന്റെ ലഹരി ഉപയോഗം കമിതാക്കള്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടാക്കി.
എപ്പോഴൊക്കെയോ ഇവര്‍ക്കിടയില്‍ ഋഷി കപൂറിന്റെ പേരും ഉയര്‍ന്നുകേട്ടിരുന്നു. ഇരുവരും പ്രണയത്തോടെ അടുത്തിടപഴകുന്നുണ്ടെന്ന അഭ്യൂഹം പ്രചരിച്ചത് അക്ഷരാര്‍ഥത്തില്‍ സഞ്ജയ് ദത്തിനെ ചൊടിപ്പിച്ചു. പ്രണയവും സ്വാര്‍ഥതയും തലയ്ക്കുപിടിച്ചിരുന്ന സമയത്ത് ഋഷി കപൂറിനെ തല്ലാന്‍ സഞ്ജയ് ദത്ത് തീരുമാനിച്ചു.
ഋഷിയെ തല്ലാനായി സഞ്ജയ് ദത്ത് ഗുല്‍ഷന്‍ ഗ്രോവറിനെക്കൂട്ടി അദ്ദേഹത്തിന്റെ വീട്ടിലെത്തി. ദത്തും ഗ്രോവറും വളരെ ദേഷ്യത്തിലാണ് വീട്ടിലെത്തിയതെന്ന് ഋഷി കപൂര്‍ ആത്മകഥയില്‍ പറയുന്നു. ഇതോടെ ഋഷി കപൂറിന്റെ ഭാര്യ നീതു കപൂര്‍ വിഷയത്തിലിടപെട്ടു. ടീനയുമായി ഋഷിക്ക് ബന്ധമില്ലെന്ന് ഇരുവരെയും ബോധ്യപ്പെടുത്തി. അങ്ങനെ ദത്തിന്റെ കോപമടക്കി ഇരുവര്‍ക്കുമിടയിലെ പ്രശ്‌നം പരിഹരിക്കുകയായിരുന്നത്രേ.
പക്ഷേ, ടിനയും സഞ്ജയും വൈകാതെ അകന്നു. ലഹരി തന്നെയാണ് വില്ലനായതെന്ന് കരുതുന്നു. ടിന പിന്നീട് രാജേഷ് ഖന്നയുമായി അടുപ്പത്തിലായി. ആ ബന്ധവും അധികകാലം മുന്നോട്ടു പോയിരുന്നില്ല. അതിനുശേഷമാണ് 1991-ല്‍ വ്യവസായി അനില്‍ അംബാനിയെ ടിന വിവാഹം ചെയ്തത്.
പ്രണയത്തില്‍ പൊതുവെ ഭാഗ്യമില്ലാതെ പോയ വ്യക്തിയെന്നാണ് സഞ്ജയ് ദത്തിനെ പറയാറ്. 1987-ല്‍ സഞ്ജയ് റിച്ച ശര്‍മയെ വിവാഹം ചെയ്തു. 1996-ല്‍ അവര്‍ ബ്രയിന്‍ട്യൂമര്‍ ബാധിച്ച് മരിക്കുകയായിരുന്നു. 90-കളുടെ പകുതിയില്‍ മാധുരി ദീക്ഷിതിനൊപ്പവും സഞ്ജയ് ദത്തിന്റെ പേര് ഉയര്‍ന്നുകേട്ടു. ഭാര്യ രോഗശയ്യയില്‍ കിടക്കുമ്പോള്‍ സഞ്ജയ് ദത്ത് മാധുരിയുമായി അടുപ്പത്തിലായതിനെതിരേ വ്യാപകമായ വിമര്‍ശനങ്ങളുണ്ടായിരുന്നു. 1998-ല്‍ ദത്ത് റിയ പിള്ളയെ വിവാഹം ചെയ്തു, 2008-ല്‍ വിവാഹമോചിതരുമായി. അതേവര്‍ഷം തന്നെയാണ് ദത്ത് മാന്യത (ദില്‍നവാസ് ഷെയ്ഖ്)യെ പരിചയപ്പെടുന്നതും വിവാഹം ചെയ്യുന്നതും. ആ ബന്ധത്തില്‍ ദത്തിന് ഇരട്ടക്കുട്ടികള്‍ പിറന്നു. ഷഹ്‌റാനും ഇഖ്‌റയും.
Content Highlights: sanjay dutt wanted to beat rishi kapoor for an actress