മമ്മൂട്ടി അന്ന് ഫോണിൽ വിളിച്ചുവെന്ന് സാന്ദ്ര; വീഡിയോ പുറത്തുവിട്ട് ലിസ്റ്റിൻ സ്റ്റീഫൻ

നിർമാതാക്കളായ ലിസ്റ്റൻ സ്റ്റീഫനും സാന്ദ്ര തോമസും തമ്മിലുള്ള പ്രശ്നങ്ങൾ കൂടുതൽ മാനങ്ങൾ തേടുകയാണ്. അസുഖം ബാധിച്ചുകിടന്നപ്പോൾ മമ്മൂട്ടിയും കുറേ നിർമാതാക്കളും തന്നെവിളിച്ച് കാര്യങ്ങൾ അന്വേഷിച്ചുവെന്നും അതിൽ നന്ദിയുണ്ടെന്നും പറഞ്ഞ് മുമ്പ് സാന്ദ്ര വീഡിയോ പങ്കുവെച്ചിരുന്നു. പഴയ ആ വീഡിയോയുമായി ലിസ്റ്റിൻ രംഗത്തെത്തിയതോടെ, പ്രശ്നം വീണ്ടും രൂക്ഷമാവുന്നു.
''അസുഖബാധിതയായി കിടന്നപ്പോൾ മമ്മൂക്കയെപ്പോലുള്ളവർ കൃത്യമായി വിവരങ്ങൾ അന്വേഷിച്ചിരുന്നു. അതെനിക്ക് വലിയ സന്തോഷമുണ്ടാക്കി. ഒരാഴ്ച ഐസിയുവിൽ കിടന്നിട്ടും സിനിമാമേഖലയിലെ സ്ത്രീകൾക്കുവേണ്ടി ഘോരഘോരം പ്രസംഗിക്കുന്ന ഡബ്ല്യുസിസിയോ ഒരു സ്ത്രീയോ പോലും തിരിഞ്ഞുനോക്കിയില്ല. അതേസമയം പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലുള്ള എല്ലാ പ്രൊഡ്യൂസർമാരും വിളിച്ച് അന്വേഷിച്ചു'', സാന്ദ്ര ആ വീഡിയോയിൽ പറയുന്നു. 'ഓൾഡ് ഈസ് ഗോൾഡ്' എന്നാണ് ലിസ്റ്റിൻ ഈ വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്.
അതിനിടെ സാന്ദ്രയ്ക്കെതിരെ ലിസ്റ്റിൻ ഫയൽ ചെയ്ത മാനനഷ്ടക്കേസ്, എറണാകുളം ചീഫ് ജ്യുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഫയലിൽ സ്വീകരിച്ചു. എറണാകുളം സബ് കോടതി മുമ്പാകെ രണ്ടുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് മറ്റൊരു മാനനഷ്ടക്കേസും ലിസ്റ്റിൻ നൽകിയിരുന്നു. അതിൽ സാന്ദ്ര തോമസിന് കോടതി സമൻസ് അയക്കുകയും ചെയ്തിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനകരമായ പോസ്റ്റുകളിട്ടുവെന്ന പരാതിയിലാണ് ആദ്യം ലിസ്റ്റിൻ കോടതിയെ സമീപിച്ചത്. കുറച്ചുനാൾ മുമ്പ് പേരെടുത്ത് പറയാതെ ഒരു പ്രമുഖതാരത്തിനെതിരെ ലിസ്റ്റിൻ പൊതുവേദിയിൽവെച്ച് സംസാരിച്ചിരുന്നു. ഇതിനെതിരെയാണ് സാന്ദ്ര പോസ്റ്റിട്ടത്. തമിഴ്നാട്ടിലെ വട്ടിപ്പലിശക്കാരന്റെ വഴിവിട്ട സാമ്പത്തികതാത്പര്യങ്ങൾക്ക് വഴിവെട്ടാൻ മലയാളസിനിമയെ ഒറ്റിക്കൊടുക്കുന്ന പാപം ലിസ്റ്റിൻ സ്റ്റീഫൻ ചെയ്യരുതെന്നായിരുന്നു പോസ്റ്റ്. ഇതിനെതിരെ ലിസ്റ്റിൻ ആദ്യം ജുഡീഷ്യൽ കോടതിയെ സമീപിച്ചു. പിന്നാലെ നൽകിയ അഭിമുഖങ്ങളിൽ സാന്ദ്ര കാര്യങ്ങൾ കൂടുതൽ വിശദീകരിച്ചു. അതിനെതിരെയാണ് വീണ്ടും മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. നിർമാതാക്കളുമായുള്ള സാന്ദ്രയുടെ തർക്കം നിലനിൽക്കെയാണ് ലിസ്റ്റിൻ വീഡിയോ പുറത്തുവിട്ടത്.
നേരത്തെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സംഘടനാ തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് സാന്ദ്ര നാമനിർദേശപത്രിക സമർപ്പിച്ചിരുന്നു. എന്നാൽ, നാമനിർദേശപത്രിക വരണാധികാരി തള്ളി. സ്ഥാനാർഥിയുടെ പേരിൽ കുറഞ്ഞത് മൂന്നുസിനിമകൾ സെൻസർ ചെയ്തിരിക്കണമെന്നതായിരുന്നു കാരണമായി പറഞ്ഞത്. സോളോ ബാനറിൽ രണ്ടുസെൻസർബോർഡ് സർട്ടിഫിക്കറ്റും പാർട്ണർഷിപ്പിലുണ്ടായിരുന്ന ഫ്രൈഡേ ഫിലിം ഹൗസിൽനിന്ന് ഒരു സർട്ടിഫിക്കറ്റുമാണ് അവർ സമർപ്പിച്ചത്. സാന്ദ്രയുടെ സ്വന്തം ബാനറിൽ രണ്ടുസിനിമകൾ മാത്രമേയുള്ളൂവെന്ന് പറഞ്ഞാണ് നാമനിർദേശപത്രിക തള്ളിയത്.
പിന്നാലെ സാന്ദ്രയെ പിന്തുണച്ചുകൊണ്ട് നേരത്തെ നടനും നിർമാതാവുമായ പ്രകാശ് ബാരെ എത്തിയിരുന്നു. സെൻസർ സർട്ടിഫിക്കറ്റിൽ സാന്ദ്രയുടെ പേരുൾപ്പെടുത്തിയ ഒമ്പത് സിനിമകൾ ഉണ്ടെന്നും അതുകൊണ്ട് മത്സരിക്കാൻ സാന്ദ്രയ്ക്ക് യോഗ്യതയുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. തന്റെ നാമനിർദേശപത്രിക തള്ളിയതിനെതിരെ കേസ് ഫയൽ ചെയ്തിരിക്കുകയാണിപ്പോൾ സാന്ദ്ര.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Producer Listin Stephen reignites feud with Sandra Thomas by sharing old video