ഇത്രയും കാലം പാഡഡ് ബ്രാകളും, ബം പാഡുകളും, കളേഡ് ലെൻസുകളുമാണ് ധരിച്ചിരുന്നത്

ബോഡിഷേമിങ്ങിനെതിരേ എപ്പോഴും ശബ്ദമുയർത്തുന്ന വ്യക്തിയാണ് ബോളിവുഡ് നടി സമീറ റെഡ്ഡി. തന്റെ ജീവിതത്തിലെ പല അനുഭവങ്ങളും അവർ തുറന്നുപറഞ്ഞിട്ടുണ്ട്. 2002-ലെ 'മേനേ ദിൽ തുജ്കോ ദിയ' എന്ന ചിത്രത്തിലൂടെയാണ് സമീറ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ ചിത്രത്തിൽ താൻ ചില സൗന്ദര്യ മാനദണ്ഡങ്ങൾക്ക് കീഴ്പ്പെടേണ്ടി വന്നിരുന്നുവെന്ന് തുറന്നുപറയുകയാണ് രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം നടി. ചിത്രത്തിനായി, നന്നായി മേക്കപ്പ് ഉപയോഗിച്ചിരുന്നു. രണ്ട് മുതൽ മൂന്ന് ഷേഡ് വരെ വെളുപ്പിച്ചു. പാഡഡ് ബ്രാ ധരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു-സമീറ പറഞ്ഞു. മുഖത്തിന്റെ നിറത്തിനനുസരിച്ച് ശരീരം മാറ്റാൻ ഫുൾ ബോഡി മേക്കപ്പ് (full body makeup) ഉപയോഗിക്കുമായിരുന്നെന്നും ഒരു അഭിമുഖത്തിൽ സമീറ പറഞ്ഞു.

"എത്ര സ്ത്രീകൾക്ക് സ്വന്തം കുടുംബങ്ങളിൽ ഇത് അനുഭവിക്കേണ്ടി വരുന്നുണ്ടെന്ന് നിങ്ങൾക്കറിയാമോ? സ്വന്തം മാതാപിതാക്കളും ഭർതൃവീട്ടിലുള്ളവരും 'നീ കറുത്തതാണ്, തടിച്ചതാണ്' എന്നൊക്കെ പറയും. എന്തൊരു മണ്ടത്തരം! സൗന്ദര്യത്തിന് ആരാണ് നിർവചനം നൽകിയത്? ഞാനെന്തിനെ പ്രതിനിധീകരിക്കണം, ഞാനാര് എന്നതിലെയെല്ലാം ആശയക്കുഴപ്പം 40-കളിലാണ് മറികടന്നത്. അതിലേക്കെത്താൻ 20 വർഷമെടുത്തു, ഇത്രയും കാലം ഞാൻ പാഡഡ് ബ്രാകളും, ബം പാഡുകളും, കളേഡ് ലെൻസുകളും മാത്രമാണ് ധരിച്ചിരുന്നത്" നടി തുടർന്നു.

ചെറുപ്പം മുതലേ വണ്ണമുള്ള പ്രകൃതമായിരുന്നു തന്റെതെന്നും സന്തോഷവതിയായിരുന്നെന്നും അവർ പറഞ്ഞു. എന്റെ 30-കളിൽ ഞാനെന്റെ വ്യക്തിത്വവുമായി പോരാടി. വെളുത്ത നിറമില്ല, തിളക്കമുള്ള കണ്ണുകളില്ല, ഉയരമില്ല എന്നതിലെല്ലാം പ്രശ്നം തോന്നി. ഞാൻ വളഞ്ഞിട്ടാണ് നടന്നിരുന്നത്, കാരണം എന്റെ നായകന് അത്ര ഉയരമുണ്ടായിരുന്നില്ല. പക്ഷെ ഇപ്പോൾ ഞാൻ പറയും, 'അത് എന്റെ പ്രശ്നമല്ല, ബ്രോ! നിങ്ങൾ ഹീൽസ് ധരിക്ക്!' അന്നതൊരു വലിയ പ്രശ്നമായിരുന്നു - അവർ പറഞ്ഞു.

സിനിമാ സംഘത്തിലുള്ളവരിൽ നിന്നുതന്നെ ബോഡി ഷേമിങ് ഉണ്ടായിട്ടുണ്ടെന്ന് സമീറ പറഞ്ഞു. തുടക്കത്തിൽ തന്നെ ഡിസൈനർമാർ എന്നോട് പറഞ്ഞു, ഞാൻ ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യണമെന്ന്. അതുകൊണ്ട്, എന്റെ എല്ലാ വസ്ത്രങ്ങളിലും പാഡഡ് ബ്രായുണ്ടായിരുന്നു, കൈയിൽ പാഡുകളുടെ മികച്ച ശേഖരം തന്നെയുണ്ടെന്നും സമീറ പറഞ്ഞു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Sameera Reddy reveals she was forced to wear makeup to look lighter for her 2002 debut., The actress discusses the pressure to use padded bras and body enhancements., She reflects on breaking free from industry insecurities after 20 years., Advocacy for body positivity and rejecting unrealistic beauty definitions.