" ഈ ഡയലോഗ് തന്നെയല്ലേ നിങ്ങള്‍ കഴിഞ്ഞ സിനിമയ്ക്കും പറഞ്ഞത്"

2005-ല്‍ എയര്‍ടെലിന്റെ തിരുവനന്തപുരം സെയില്‍സ് മാനേജറായി ജോലി നോക്കുകയാണ് സൈജു കുറുപ്പ്. പുതിയ ഉപഭോക്താക്കളെ കണ്ടെത്താനുള്ള നട്ടംതിരിച്ചിനിടെ സൈജുവിനൊരു ലീഡ് കിട്ടി. ഗായകന് എം.ജി. ശ്രീകുമാറിന് പുതിയ സിം കണക്ഷന് വേണം. സൈജു എം.ജി.യുടെ വീട്ടിലെത്തി. പ്ലാനുകളും ഓഫറുകളും ഓരോന്നായി അവതരിപ്പിച്ചു. സിം എടുക്കാന്‍ വേണ്ടി അദ്ദേഹത്തെ നിര്‍ബന്ധിച്ചു.
എല്ലാം കേട്ട ശേഷം എം.ജി. ചോദിച്ചു. 'നിനക്ക് സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടോ...?'. വലിയ കണ്ണുളള, ആറടി ഉയരമുള്ള, 20-നും 25-നും ഇടയില്‍ പ്രായമുള്ള പുതുമുഖ നായകനെ തേടുകയായിരുന്നു എം.ജി. അപ്പോള്‍. സ്വന്തം സിനിമയ്ക്കായിരുന്നില്ല എം.ജി.യുടെ തിരച്ചില്‍. ഹരിഹരന് സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലേക്ക് പുതുമുഖ നായകനെ വേണമെന്ന് അദ്ദേഹം എം.ജി.യോട് പറഞ്ഞിരുന്നു. സ്കൂളില്‍ പോലും നാടകം കളിക്കാത്ത സൈജു എം.ജി.യോട് ഓക്കെ പറഞ്ഞു. എങ്കില്‍ ചെന്നൈയില്‍ പോയി ഹരിഹരനെ കാണണമെന്ന് എം.ജി. നിര്‍ദേശിച്ചു. ആ കണ്ടുമുട്ടല്‍ സൈജുവിന്റെ ജീവിതത്തിലെ വഴിത്തിരിവായി. കോര്‍പ്പറേറ്റ് ജോലിയില്‍ നിന്ന് സിനിമയിലേക്കുളള യാത്രയുടെ തുടക്കം ഇവിടെ നിന്നായിരുന്നു.
മയൂഖത്തിലെ 'ഉണ്ണികേശവനില്' നിന്ന് ആടിലെ ഭീകരന് അബുവിലേക്കുള്ള യാത്ര ഏറെ പരീക്ഷണങ്ങള്‍ നിറഞ്ഞതായിരുന്നു. ഉപചാരപൂര്‍വം ഗുണ്ടജയന്, അന്താക്ഷരി, എങ്കിലും ചന്ദ്രികേ, ജാനകി ജാനേ.. സമീപകാലത്ത് പ്രേക്ഷക കൈയടി നേടിയ ചിത്രങ്ങളിലെല്ലാം സൈജുവിന്റെ കൈയൊപ്പുണ്ടായിരുന്നു. ' പാപ്പച്ചന് ഒളിവിലാണ് ' എന്ന സൈജു കുറുപ്പ് ചിത്രവും റിലീസിനായി കാത്തിരിക്കുകയാണ്.
അഭിനയ പശ്ചാത്തലമില്ലാത്ത സൈജു എന്തു ധൈര്യത്തിലാണ് ചെന്നൈയിലേക്ക് വണ്ടികയറിയത് ?
എം.ജി. ശ്രീകുമാര്‍ സാര്‍ പറഞ്ഞ അന്ന് രാത്രി തന്നെ ഞാന്‍ തിരുവനന്തപുരം അരിസ്റ്റോ ജങ്ഷനില്‍ നിന്ന് ചെന്നൈയിലേക്ക് ബസ് കയറി. അദ്ദേഹത്തിന്റെ വീട്ടിലെത്തുമ്പോള്‍ കുറേ പേര് വരി നില്‍ക്കുന്നുണ്ട്. ഞാന്‍ അതൊന്നും വകവെച്ചില്ല. വരിനില്‍ക്കാതെ അപ്പുറത്ത് തുറന്നിട്ടിരിക്കുന്ന ഗേറ്റിലൂടെ അകത്ത് കടന്നു. അതിന് മുമ്പ് ഹരിഹരന് സാറിന്റെ ഫോട്ടോ പോലും ഞാന്‍ കണ്ടിട്ടില്ലായിരുന്നു. ഇന്നത്തെ പോലെ ഇന്റര്‍നെറ്റ് സജീവമല്ലാത്തത് കൊണ്ട് ഗൂഗിളിലും തപ്പാനായില്ല. പേര് പലതവണ കേട്ടിട്ടുണ്ടെങ്കിലും മുഖം ഓര്‍മയില്ല. ഞാന്‍ അകത്ത് കടക്കുമ്പോള്‍ ഒരാള്‍ മുണ്ടുടുത്ത് അകത്ത് ഇരിക്കുന്നുണ്ട്. അയാളോട് കാര്യം പറഞ്ഞു. ' മിസ്റ്റര്‍ ഹരിഹരനെ ഒന്ന് കാണണം. കേരളത്തില്‍ നിന്ന് എം.ജി. ശ്രീകുമാര്‍ സാര്‍ പറഞ്ഞിട്ട് വരികയാണ്'. അദ്ദേഹം എന്നെയൊന്ന് നോക്കി. എന്നിട്ട് മുകളിലെ ഓഫീസില്‍ ഇരിക്കാന്‍ പറഞ്ഞു.
ഞാന്‍ ഓഫീസില്‍ കാത്തിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ നേരത്തെ താഴെ ഇരുന്നയാള്‍ വേഷം മാറി മുകളിലേക്ക് കയറിവന്നു. നിങ്ങളെയല്ല, ഹരിഹരനെയാണ് കാണേണ്ടതെന്ന് ഞാന്‍ പറഞ്ഞു. 'ഞാന്‍ തന്നെയാണ് ഹരിഹരന്' അദ്ദേഹം മറുപടി പറഞ്ഞു. അവസരം പോയെന്ന് ഞാന്‍ ഉറപ്പിച്ചു. പക്ഷെ ഹരിഹരന് സാര്‍ അത് പ്രശ്നമാക്കിയില്ല. അദ്ദേഹം എന്നെ മേക്കപ്പ് ടെസ്റ്റ് നടത്തി. പിന്നെ കുറച്ച് ഡയലോഗുകളും പറയിപ്പിച്ചു. അതിനുശേഷം രണ്ട് ഓഡിഷനുകളും നടത്തി. അതിനുശേഷമാണ് എന്നെ മയൂഖത്തിലേക്ക് സെലക്ട് ചെയ്തത്.
ഹരിഹരന് സാറിന്റെ മുമ്പില്‍ നിന്ന് ഡയലോഗ് പറയുന്നത് വരെ എനിക്ക് യാതൊരു അഭിനയ പശ്ചാത്തലവുമുണ്ടായിരുന്നില്ല. സ്കൂളിലെ എക്സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റിയിലും പങ്ക് ചേര്‍ന്നിട്ടില്ല. ഏതൊരു കുട്ടിയെയും പോലെ പ്രശസ്തനാവണം എന്നുണ്ടായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ക്രിക്കറ്റ് കളിക്കും എന്നായിരുന്നു ഉള്ളില്‍. ചുരുങ്ങിയത് രഞ്ജി ട്രോഫിയെങ്കിലും കളിക്കണമെന്നായിരുന്നു സ്വപ്നം. ഞാന്‍ വലിയ കളിക്കാരനൊന്നുമായിരുന്നില്ല. എന്റെ ആഗ്രഹം മാത്രമായിരുന്നു ഇത്.
മയൂഖത്തിന് ശേഷം ജോലി രാജിവെക്കാനുള്ള തീരുമാനമെടുക്കുന്നു, ആ കാലഘട്ടത്തെ കുറിച്ച് പറയാമോ..?
മയൂഖം ചെയ്ത ശേഷം ഇടയ്ക്കിടെ സിനിമകള്‍ കിട്ടുമായിരുന്നു. മൂന്നോ ആറോ മാസം കഴിയുമ്പോള്‍ ചെറിയ റോളുകള്‍ ചെയ്യാന്‍ വിളിക്കും. അത് ചെയ്യും. പക്ഷെ അഭിനയത്തില്‍ താളം കണ്ടെത്തിയിരുന്നില്ല. ആക്ടിങ് ശില്പശാലകളില് പോയി പഠിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍, കേരളത്തില്‍ അന്ന് ശില്പശാലകളൊന്നുമില്ല. പിന്നെ മുംബൈയില്‍ പോയി പഠിക്കാനുള്ള സാമ്പത്തിക സ്ഥിതിയുമില്ലായിരുന്നു. അപ്പോഴേക്കും ജോലി രാജിവെച്ചിരുന്നു. ഭാര്യ അനുവിന്റെ ശമ്പളമാണ് ആ കാലയളവില്‍ മുന്നോട്ട് നയിച്ചത്.
രണ്ടാം വരവിന് കളമൊരുക്കിയത് വി.കെ.പ്രകാശുമായുളള സൗഹൃദമാണോ..?
പോസിറ്റീവ് സിനിമ കണ്ട ശേഷം ഞാന്‍ പി.ആര്.ഒ. ദിനേശ് ചേട്ടനോട് വി.കെ.പി.യുടെ നമ്പര്‍ ചോദിച്ചു. എന്നിട്ട് വി.കെ.പി.യെ വിളിച്ചു. ഹരിഹരന് സാറിന്റെ പടത്തില്‍ അഭിനയിച്ചത് കൊണ്ട് തന്നെ അദ്ദേഹത്തിന് എന്നെ അറിയാമായിരുന്നു. കുറേനേരം അദ്ദേഹവുമായി സംസാരിച്ചു. ഫോണ്‍ വെക്കാന്‍ നേരം അദ്ദേഹത്തിന്റെ കൂടെ പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ടെന്ന് അറിയിച്ചു. കുറച്ച് ഫോട്ടോ അയക്കൂ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതിനുപിന്നാലെ അദ്ദേഹം സംവിധാനം ചെയ്യുന്ന പരസ്യത്തിലേക്ക് എന്നെ വിളിച്ചു. അതില്‍ സിമ്രാന്റെ ജോഡിയായിട്ടായിരുന്നു. സിനിമയിലും അവസരം തന്നു. പോപ്പിന്‍സ്, കര്‍മയോഗി അങ്ങനെ രണ്ട് ചിത്രങ്ങള്‍. കര്‍മയോഗി ചെയ്യുന്ന സമയത്ത് വി.കെ.പി. എന്നോട് പറഞ്ഞു. 'സൈജു.. ദിസ് ക്യാരക്ടര്‍ വില്‍ മേക്ക് ഓര് ബ്രേക്ക് യുവര്‍ കരിയര്‍'. പക്ഷെ ഒന്നും സംഭവിച്ചില്ല. സിനിമ ആരും ശ്രദ്ധിച്ചില്ല.
അതിനുശേഷമാണ് ട്രിവാന്‍ഡ്രം ലോഡ്ജ് വരുന്നത്. ട്രിവാന്‍ഡം ലോഡ്ജിന്റെ ഷൂട്ടിങ് സമയത്തും വി.കെ.പി. അതുതന്നെ പറഞ്ഞു. 'സൈജൂ.. ദിസ് ക്യാരക്ടര്‍ വില്‍ മേക്ക് ഓര് ബ്രേക്ക് യുവര്‍ കരിയര്‍.' അന്ന് ഞാന്‍ വി.കെ.പി.യോട് പറഞ്ഞു. ' വി.കെ.പി.. ഈ ഡയലോഗ് തന്നെയേല്ല നിങ്ങള്‍ കഴിഞ്ഞ സിനിമയ്ക്കും പറഞ്ഞത്. ഈ സിനിമ കഴിഞ്ഞിട്ട് കൊച്ചിയില്‍ 20 ലക്ഷം രൂപയുടെ ഫ്ളാറ്റ് എടുക്കാനുള്ള സ്ഥിതിയിലേക്ക് ഞാന്‍ മാറിയാല്‍ നമുക്ക് അത് പറയാം'. പക്ഷെ ഇത്തവണ ഓക്കെയായിരുന്നു. ട്രിവാന്‍ഡ്രം ലോഡ്ജിലൂടെ ഒരു ബ്രേക്ക് കിട്ടി. അതുവരെ ചെയ്തതില്‍ നിന്ന് വ്യത്യസ്തമായ കഥാപാത്രമായിരുന്നു അത്. വി.കെ.പിക്ക് ഒപ്പം ഒമ്പത് പടങ്ങളും പരസ്യങ്ങളും ചെയ്യാനായി.
'അറക്കല്‍ അബു' കരിയറില്‍ വരുത്തിയ മാറ്റങ്ങള്‍..?
ട്രിവാന്‍ഡ്രം ലോഡ്ജിന് ശേഷം കൃത്യമായ ഇടവേളകളില്‍ നല്ല സിനിമകള്‍ കിട്ടി. വെടിവഴിപാട്, റെഡ് വൈന്‍, 1983 എന്നിവയിലെ വേഷങ്ങളൊക്കെ ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍, ആട് അതിനൊക്കെ മുകളിലായിരുന്നു. സത്യത്തില്‍ അറക്കല്‍ അബു ഞാന്‍ ചോദിച്ചു വാങ്ങിയ കഥാപാത്രമാണ്. ആദ്യം നിര്‍മാതാവ് വിജയ് ബാബുവിനോട് ചോദിച്ചു. അദ്ദേഹം സംവിധായകന് മിഥുനോട് സംസാരിച്ചു. 'ഇല്ല' എന്നായിരുന്നു മറുപടി. ഒരാഴ്ച കഴിഞ്ഞ് വീണ്ടും മിഥുന് എന്നെ വിളിച്ചു. ഒരു ക്യാരക്ടര്‍ ഉണ്ടെന്നും പറഞ്ഞു. അബുവിലൂടെയാണ് എന്നെ കൂടുതല്‍ പേര് തിരിച്ചറിയാന്‍ തുടങ്ങിയത്. ഒരിക്കല്‍ ദുബായില്‍ പോയപ്പോള്‍ ഒരു അമ്മയും കുട്ടിയും എന്റെയടുത്ത് വന്നു. എന്നാല്‍, ആ കുട്ടിക്ക് എന്നെ തിരിച്ചറിയാനായില്ല. അമ്മ അവന് എന്നെ പരിചയപ്പെടുത്തി കൊടുത്തത് നമ്മുടെ ഭീകരനങ്കിള് എന്നായിരുന്നു. അപ്പോഴാണ് അവന് മനസ്സിലായത്. അതുപോലെ ഒരുപാട് പേര് ഈ കഥാപാത്രത്തിലൂടെ എന്നെ തിരിച്ചറിഞ്ഞു.
മഹാരാഷ്ട്രയിലായിരുന്ന കുട്ടിക്കാലം. ആ കാലം ഓര്‍മയിലുണ്ടോ...?
മൂന്നര വയസ്സ് വരെ ആലപ്പുഴ ചേര്‍ത്തലയിലായിരുന്നു. ഡിഫന്‍സ് അക്കൗണ്ട്സിലായിരുന്നു അച്ഛന് ജോലി. അങ്ങനെയാണ് മഹാരാഷ്ട്രയിലെത്തുന്നത്. 12 വയസ്സ് വരെ കാംട്ടിയിലായിരുന്നു ജീവിതം. ആര്‍മി കന്റോണ്‍മെന്റ് ഏരിയയാണ് കാംട്ടി. അവിടെ ഇരുപത് മലയാളി കുടുംബങ്ങളുണ്ട്. ഞങ്ങള്‍ എല്ലാവരും ഒരു കുടുംബംപോലെയാണ് കഴിഞ്ഞത്. എപ്പോള്‍ വേണമെങ്കിലും ഏത് വീട്ടിലേക്കും കയറിചെല്ലാനുള്ള സ്വാതന്ത്ര്യം ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നു. ജീവിതത്തിലെ ഏറ്റവും രസകരമായ ദിവസങ്ങളായിരുന്നു കാംട്ടിയിലേത്. ഇടയ്ക്ക് വേനലവധിക്ക് മാത്രം കേരളത്തില്‍ വരും. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങുന്നു, ചേര്‍ത്തലയില്‍ പോകുന്നു. അവിടെ താമസിക്കുന്നു. തിരികെ പോകുന്നു. ഇത് മാത്രമായിരുന്നു കേരളവുമായുള്ള ബന്ധം. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛന് നാഗ്പുരിലേക്ക് ട്രാന്‍സ്ഫറായി. പിന്നീട് അവിടെയായിരുന്നു പഠനം. നാഗ്പുരിലെ കോളേജില്‍ മൈനിങ് എന്‍ജീനിയറിങ് പഠിച്ചു. ഒരു വര്‍ഷം സ്വകാര്യ ബാങ്കില്‍ സെയില്‍സ് എക്സിക്യൂട്ടിവായി ജോലിയും ചെയ്തു. അപ്പോഴേക്കും അച്ഛന് റിട്ടയറായി. അതോടെ ചേര്‍ത്തലയില്‍ തിരിച്ചെത്തി. മൂന്നര വയസ്സില്‍ പോയ ഞാന്‍ തിരിച്ചുവരുന്നത് 22-ാം വയസ്സിലാണ്. അതായത് ജീവിതത്തിന്റെ പ്രധാനപ്പെട്ട ഭാഗം മഹാരാഷ്ട്രയില്‍ ചെലവഴിച്ചുവെന്ന്. കേരളത്തിലെത്തി ആദ്യത്തെ മൂന്നു മാസം ജോലി അന്വേഷിക്കലായിരുന്നു പ്രധാനപരിപാടി. ആദ്യം ഒരു ഇന്‍ഷുറന്‍സ് കമ്പനിയുടെ കോട്ടയം ശാഖയില്‍ കിട്ടി. അവിടെ നിന്ന് എയര്‍ടെലിലേക്ക് മാറി.
സൈജു നായകനാവുന്ന ' പാപ്പച്ചന് ഒളിവിലാണ്' എന്ന ചിത്രം റിലീസാവാന്‍ പോവുകയാണ്. എങ്ങനെയായിരുന്നു ചിത്രത്തിലേക്കുള്ള വരവ്..?
മേ ഹൂം മൂസ സിനിമയില്‍ ജിബു ജേക്കബിന്റെ അസിസ്റ്റന്റായിരുന്നു സിന്റോ സണ്ണി. ആ ലൊക്കേഷനില്‍ വെച്ചുതന്നെ ഞാന്‍ സിന്റോയെ ശ്രദ്ധിച്ചിരുന്നു. അവന്റെ ഇടപെടലുകളൊക്കെ നല്ലതായിരുന്നു. നല്ല ക്രിയേറ്റിവുമായിരുന്നു. ഒരുദിവസം ഞാന്‍ അവനോട് സംസാരിച്ചു. കൈയില്‍ ഏതെങ്കിലും നല്ല സബ്ജെക്ട് ഉണ്ടെങ്കില്‍ അറിയിക്കണം, നമുക്ക് ചെയ്യാമെന്നും പറഞ്ഞു. മേ ഹൂം മൂസയുടെ വര്‍ക്കൊക്കെ കഴിഞ്ഞ് കുറച്ച് ദിവസത്തിന് ശേഷം സിന്റോ എന്നെ വിളിച്ചു. ചേട്ടാ നല്ലൊരു സബ്ജെക്ടുണ്ടെന്നും പറഞ്ഞു. ഞാന്‍ കഥ കേട്ടു. ഇഷ്ടപ്പെട്ടതോടെ ഓക്കെ പറഞ്ഞു.
എങ്ങനെയുള്ള ചിത്രമാണ് 'പാപ്പച്ചന് ഒളിവിലാണ്..?
കേരളത്തില്‍ നടന്ന ചെറിയ സംഭവത്തെ അടിസ്ഥാനമാക്കിയാണ് സിനിമയുടെ കഥ. കോതമംഗലത്തിലെ ഒരു ക്രിസ്ത്യൻ കുടുംബത്തിലെ അംഗമാണ് പാപ്പച്ചന്. അമ്പതിനോടടുത്ത് വയസ്സ് കാണും കഥാപാത്രത്തിന്. രണ്ട് മക്കളുമുണ്ട്. വളരെ സോഷ്യലായ ആളാണ് പാപ്പച്ചന്. അദ്ദേഹം നേരിടുന്ന ഒരു പ്രശ്നമാണ് സിനിമയുടെ കഥ.
റിലീസിന് മുന്നേ സിനിമയിലെ ' മുത്തുക്കുട മാനം' എന്ന പാട്ട് ഹിറ്റ്ലിസ്റ്റില് ഇടംപിടിച്ചിരിക്കുന്നു..?
മുത്തുക്കുട മാനം പാട്ട് കണ്ടിട്ടും കേട്ടിട്ടും ഒരുപാട് പേര് മെസ്സേജ് അയക്കുന്നുണ്ട്. മെസ്സേജുകള്‍ കാണുമ്പോള്‍ സിനിമ റിലീസായി എന്നുപോലും തോന്നും. ബി.കെ. ഹരിനാരായണന്റെ മികച്ച വരികളും ഔസേപ്പച്ചന് സാറിന്റെ നല്ല ട്യൂണുമാണ് പാട്ടിന്. എം.ജി. ശ്രീകുമാര്‍ സാറും സുജാത ചേച്ചിയുമാണ് പാടിയിരിക്കുന്നത്. എം.ജി. സാറിന്റെ വോയിസിന് വീണ്ടും സൗണ്ട് സിങ്ക് ചെയ്യാന്‍ പറ്റി എന്നത് സന്തോഷം നല്കുന്നു. 18 വര്‍ഷത്തിന് ശേഷമാണ് ഇങ്ങനെയൊരു അവസരം വീണ്ടും ലഭിക്കുന്നത്. ആദ്യ സിനിമയായ മയൂഖത്തില്‍ അദ്ദേഹത്തിന്റെ പാട്ടിന് സൗണ്ട് സിങ്ക് ചെയ്തിരുന്നു. പിന്നെ അദ്ദേഹമാണല്ലോ എന്നെ സിനിമയിലേക്ക് കൊണ്ടുവന്നത്. അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുക എന്നത് ഏറെ സന്തോഷം നല്കുന്ന കാര്യമാണ്.
വരാനിരിക്കുന്ന ചിത്രങ്ങള്‍..?
മധുര മനോഹര മോഹം ഇപ്പോള്‍ റിലീസായി. പൊറാട്ട് നാടകം, എ രഞ്ജിത് സിനിമ, ദ തേഡ് മര്‍ഡര്‍ എന്നിവയാണ് റിലീസാവാന്‍ പോവുന്ന ചിത്രങ്ങള്‍. സോണി ലിവിന്റെ ഒരു മലയാള വെബ്സീരിസ് ഇപ്പോള്‍ ചെയ്ത് കൊണ്ടിരിക്കുകയാണ്.
Content Highlights: Saiju Kurup interview, Pappachan Olivilanu Movie