'ഞാനന്ന് പതിവായി ധ്യാനിച്ചിരുന്നു, എന്നിലൂടെ ആ കഥാപാത്രം അഭിനയിച്ചു': സായ് പല്ലവി

സായ് പല്ലവി | PTI, Instagram
സായ് പല്ലവി | PTI, Instagram

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'രാമായണ'. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റൺബീർ കപൂർ, രവി ദുബെ, സായ് പല്ലവി, സണ്ണി ഡിയോൾ, ശോഭന, അരുൺ ഗോവിൽ, രാകുൽ പ്രീത് എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നത്. രണ്ടുഭാഗങ്ങളിലായിട്ടാണ് ചിത്രമെത്തുന്നത്.

ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രം കൂടിയാണിത്. റിപ്പോർട്ടുകൾ പ്രകാരം 4000 കോടി വരെയാണ് ഇരുഭാഗങ്ങളുടെയും നിർമാണച്ചെലവ് എന്ന് പറയപ്പെടുന്നു. 1600 കോടിയാണെന്നാണ് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നത്.

റൺബീറാണ് സിനിമയിൽ ശ്രീരാമനാവുന്നത്. സീതാദേവിയാവുന്നത് സായ് പല്ലവി. യഷ് ആണ് രാവണനെ അവതരിപ്പിക്കുന്നത്. താരങ്ങൾ ഇതിൽ അഭിനയിക്കുന്നതിന് വാങ്ങിയതും റെക്കോഡ് പ്രതിഫലം തന്നെ. രണ്ടുഭാഗങ്ങളിലുമായി 150 കോടിയാണ് റൺബീറിന് ലഭിച്ചത്. യഷിന് 50 കോടിയും, സായ് പല്ലവിക്ക് 12 കോടിയും സണ്ണി ഡിയോളിന് 40 കോടിയുമാണ് പ്രതിഫലമായി ലഭിച്ചത്.

കഴിഞ്ഞദിവസമാണ് സിനിമയുടെ ട്രെയിലർ റിലീസ് തീയതി പ്രഖ്യാപിച്ചത്. ജൂലായ് 24-നാണ് ട്രെയിലർ പുറത്തുവിടുന്നത്. ഇതിനു മുന്നോടിയായി താരങ്ങളെല്ലാം പങ്കെടുത്ത ട്രെയിലർ പ്രിവ്യൂ ഡൽഹിയിൽ നടന്നിരുന്നു. പ്രഥം സങ്കൽപ് എന്നാണ് ആ പരിപാടിക്ക് പേരിട്ടത്. ചടങ്ങിൽവെച്ച് സീത എന്ന കഥാപാത്രത്തെക്കുറിച്ച് സായ് സംസാരിച്ചു. ''അഭിനേതാക്കൾക്ക് ഇത്തരം വേഷങ്ങൾ ലഭിക്കുക എളുപ്പമല്ല; കാരണം, ഒരു ദേവിയായി വേഷമിടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇതിനെ ഏറ്റവും മികച്ച രീതിയിൽ അവതരിപ്പിക്കാനായി പൂർണ്ണമനസ്സോടെയും അർപ്പണബോധത്തോടെയും പ്രവർത്തിക്കുന്ന ഒരു ടീം ഇതിനു പിന്നിലുണ്ടാകണം'', സായ് പറയുന്നു.

''സീതാദേവിയുടെ വേഷം ഞാൻ സ്വയം തിരഞ്ഞെടുത്തതാണെന്ന് എനിക്ക് തോന്നുന്നില്ല; ആ വേഷം ചെയ്യാൻ കഴിഞ്ഞത് ഒരു വലിയ ഭാഗ്യമായാണ് ഞാൻ കാണുന്നത്. ആഗ്രഹിച്ചാൽ മാത്രം ലഭിക്കുന്നതോ, അല്ലെങ്കിൽ ഇങ്ങനെത്തന്നെ അഭിനയിക്കണമെന്ന് മുൻകൂട്ടി പ്ലാൻ ചെയ്യാവുന്നതോ ആയ ഒന്നല്ല അത്. ഞാനാ സമയത്ത് സ്ഥിരമായി ധ്യാനിച്ചിരുന്നു (meditation). ഞാൻ മെഡിറ്റേറ്റ് ചെയ്യുമ്പോൾ ഇങ്ങനെ പ്രാർഥിക്കാറുണ്ടായിരുന്നു, 'സീതാമാതാവേ, അങ്ങ് എന്നിലൂടെ അഭിനയിച്ചാലും. എന്നിലൂടെ പുറത്തുവരുന്നതെന്തോ അതാണ് ഈ സിനിമയ്ക്കായി അങ്ങ് ആഗ്രഹിക്കുന്നത്'. അങ്ങനെയാണ് ഞാനതിനായി തയ്യാറെടുത്തത്'', ഷൂട്ടിങ് വേളയിലുടനീളം മാനസികമായി ശാന്തമായും പോസിറ്റീവായും തുടരാൻ താൻ ശ്രമിച്ചുവെന്നും താരം വെളിപ്പെടുത്തുന്നു.

''കാര്യങ്ങളെ നിഷ്പക്ഷമായി നിലനിർത്തുന്നതിനായി, ചുരുങ്ങിയ പക്ഷം ചിന്തയിലെങ്കിലും എന്നെത്തന്നെ കഴിയുന്നത്ര ശുദ്ധമായി സൂക്ഷിക്കാൻ ഞാൻ എപ്പോഴും ശ്രദ്ധിച്ചിരുന്നു. അതിനാൽ, അവിടെ എന്നെത്തന്നെ ഏറ്റവും മികച്ച രീതിയിൽ അവതരിപ്പിക്കാൻ എനിക്ക് സാധിച്ചുവെന്ന് കരുതുന്നു''. മൂന്നുവർഷമാണ് ഈ പ്രൊജക്ടിനായി താൻ നീക്കിവെച്ചതെന്നും സായ് പറഞ്ഞു. നേരത്തെ സീതാദേവിയായി അഭിനയിക്കാൻ സായ് പല്ലവി നല്ല ചോയ്‌സാണോ എന്ന രീതിയിലുള്ള ചർച്ചകളും നടന്നിരുന്നു. എന്നാൽ, സായ് പല്ലവിയുടെ കഴിവാണ് അവരെ ഈ കഥാപാത്രത്തിലേക്കെത്തിച്ചതെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. സിനിമയുടെ ആദ്യഭാഗം 2026-ലും രണ്ടാം ഭാഗം 2027-ലുമാണ് തിയേറ്ററുകളിലെത്തുക.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Sai Pallavi describes her spiritual preparation and meditation for the role of Sita. Ramayana is India's most expensive film project with a budget of 4000 crores