കസ്തൂര്‍ബയാകാന്‍ ചര്‍ക്ക തിരിച്ച രോഹിണി

മഹാരാഷ്ട്രക്കാരനായ ആനന്ദ് ഓക്ക് ഒരു കച്ചവടക്കാരനായിരുന്നു. അറുപതുകളുടെ തുടക്കത്തില്‍ മുബൈയിലെ കച്ചവടം അവസാനിപ്പിച്ച് പൂനെയിലെ വീട്ടിലേക്ക് അയാള്‍ മടങ്ങിയെത്തി. വീട്ടിലേക്ക് അയാളെ തിരികെയെത്തിച്ചത് നാടകങ്ങളായിരുന്നു. ആനന്ദിന്റെ മകള്‍ രോഹിണി അന്ന് സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്. അച്ഛന്‍ മകളെ ഭരതനാട്യവും കഥകളിയും പഠിക്കാനയച്ചു. ആനന്ദ് ഒട്ടനവധി അമച്വര്‍ നാടകങ്ങളില്‍ അഭിനയിച്ചു. പതിയെ അയാള്‍ നാടകങ്ങള്‍ സംവിധാനം ചെയ്തു തുടങ്ങി. അച്ഛന്റെ നാടകത്തിലൂടെ രോഹിണിയും അരങ്ങിലെത്തി. മഹാരാഷ്ട്ര സര്‍ക്കാറിന്റെ മികച്ച നാടക നടിക്കുള്ള വെള്ളി മെഡല്‍ അച്ഛന്റെ നാടകത്തിലൂടെ മകള്‍ സ്വന്തമാക്കി. അച്ഛന്റെ നാടകസംഘത്തിനൊപ്പം സംസ്ഥാനത്തുടനീളം അവള്‍ സഞ്ചരിച്ചു. അതിനിടെ കെമിസ്ട്രിയില്‍ ബിരുദപഠനവും പൂര്‍ത്തിയാക്കി. തുടര്‍ന്നു പഠിക്കാന്‍ അവള്‍ തിരഞ്ഞെടുത്ത വിഷയം അഭിനയമായിരുന്നു. അങ്ങനെ അച്ഛന്റെ പിന്തുണയോടെ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ രോഹിണി വിദ്യാര്‍ത്ഥിനിയായി.
ആ ബാച്ചിലെ ഏറ്റവും സമര്‍ത്ഥയായ വിദ്യാര്‍ത്ഥിനിയായിരുന്നു രോഹിണി. നസറുദ്ദീന്‍ഷായും ഓംപുരിയും പങ്കജ്കപൂറുമൊക്കെ അതേകാലത്ത് അവിടെ വിദ്യാര്‍ത്ഥികള്‍. ആ അഭിനയക്കളരിയില്‍ വച്ചാണ് സഹപാഠിയായ ജയദേവ് ഹട്ടങ്കടിയുമായി രോഹിണി പ്രണയത്തിലാകുന്നത്. പഠനം പൂര്‍ത്തിയാക്കി അധികം വൈകുംമുന്നേ അവര്‍ ജീവിത പങ്കാളികളായി. രോഹിണി ഹട്ടങ്കടി നടിയായി. ജയദേവ് നാടകങ്ങളുടെ തിരക്കിലും.
1982ല്‍ റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ഗാന്ധിയില്‍ അവര്‍ കസ്തൂര്‍ബാ ഗാന്ധിയായി വേഷമിട്ടു. അതേ സിനിമയിലൂടെ ബാഫ്റ്റ അവാര്‍ഡ് അവരെ തേടിയെത്തി. ആ ബഹുമതി നേടിയിട്ടുള്ള ആദ്യ ഇന്ത്യന്‍ അഭിനേത്രിയാണ് അവര്‍. വിവിധ ഇന്ത്യന്‍ ഭാഷകളിലായി ഒട്ടേറെ സിനിമകളില്‍ രോഹിണി തുടര്‍ന്നഭിനയിച്ചു. അവയില്‍ സമാന്തര സിനിമകളും കച്ചവടസിനിമകളും ഉള്‍പ്പെടുന്നു. ഇന്ത്യയിലുടനീളം വിവിധ നാടകങ്ങളില്‍ കരുത്തുറ്റ വേഷങ്ങള്‍ ചെയ്തു. അച്ചുവേട്ടന്റെ വീട്, അഗ്‌നിദേവന്‍ എന്നീ മലയാളം സിനിമകളുടെയും ഭാഗമായി . സിനിമയിലും ടെലിവിഷനിലും നാടകങ്ങളിലും ഒരുപോലെ സജീവമാണ് അവരിപ്പോള്‍. സ്‌കൂള്‍ ഓഫ് ഡ്രാമയിലെ ആ മൂന്ന് വര്‍ഷങ്ങളാണ് തന്നെ താനാക്കി പരുവപ്പെടുത്തിയതെന്ന് രോഹിണി പറയുന്നു. അഞ്ച് പതിറ്റാണ്ടോടടുക്കുന്ന അഭിനയ ജീവിതത്തെപ്പറ്റി രോഹിണി ഹട്ടങ്കടി സംസാരിക്കുകയാണ്...
അഭിനയം പഠിക്കണമെന്നുളളത് സ്വന്തം തീരുമാനമായിരുന്നോ?
അത് എന്റെ തിരഞ്ഞെടുപ്പായിരുന്നു. ഗ്രാജുവേഷന്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഞാന്‍ അഭിനയം പഠിക്കാന്‍ തീരുമാനിച്ചത്. ആഗ്രഹിച്ചതുപോലെ തന്നെ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലേക്ക് അഡ്മിഷന്‍ കിട്ടി. അക്കാലത്ത് വിവാഹപ്രായമെത്തിയ ഒരു പെണ്ണിന് വീട്ടിനുള്ളില്‍ നിന്ന് അതിന് അനുമതി കിട്ടുക അത്ര എളുപ്പമായിരുന്നില്ല. നടിയായാല്‍ നല്ലൊരു ജീവിതം ഉണ്ടാകില്ലെന്ന തോന്നലായിരുന്നു സമൂഹത്തിന്. പക്ഷേ, അച്ഛന്റെ പിന്തുണ ഉണ്ടായിരുന്നു. അഭിനയം കുട്ടിക്കളിയല്ലെന്നും അതൊരു ഉദാത്തമായ കലയാണെന്നും അച്ഛന് അത്രത്തോളം ഉറപ്പായിരുന്നു.
അങ്ങനെ ഞാന്‍ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ വിദ്യാര്‍ത്ഥിനിയായി. അവിടെ വച്ച് ജയദേവിനെ പരിചയപ്പെട്ടു. പിന്നീട് വിവാഹിതരായി. ജയദേവിന്റെ കുടുംബവും നല്ല പിന്തുണയാണ് നല്‍കിയത്. നന്നായി പാടാനറിയാവുന്ന നന്നായി നൃത്തം ചെയ്യാനറിയാവുന്ന ഒരുപാട് കൂട്ടുകാരികള്‍ എിക്കുണ്ടായിരുന്നു. പക്ഷേ, അവരൊക്കെയും വിവാഹത്തോടെ കുട്ടി, കുടുംബം തുടങ്ങിയ ചട്ടക്കൂടുകള്‍ക്കുള്ളിലൊതുങ്ങി. അക്കാലത്ത് സ്ത്രീകള്‍ അങ്ങനെയൊക്കെയായിരുന്നു. എന്തായാലും എനിക്കെന്റെ ഇഷ്ടവഴി തിരഞ്ഞെടുക്കാന്‍ ആരോടും അനുവാദം ചോദിക്കേണ്ടിവന്നില്ല.
ജയദേവ് ഹട്ടങ്കടി ജിവിതത്തില്‍ ചെലുത്തിയ സ്വാധീനം?
ജയദേവ് എന്റെ സഹപാഠിയായിരുന്നു. ഒരര്‍ത്ഥത്തില്‍ എന്റെ അധ്യാപകനും ആയിരുന്നു. അവിടെ പഠനം തുടങ്ങുന്ന കാലത്ത് എന്റെ ഹിന്ദിയും ഇംഗ്ലീഷും വളരെ മോശമായിരുന്നു. ആ രണ്ടു ഭാഷകളും ജയദേവിന് നന്നായി വഴങ്ങും. എന്നെ സഹായിക്കാമോ എന്ന് ഞാന്‍ ചോദിച്ചു. ജയദേവ് സമ്മതിച്ചു. അങ്ങനെ ഒഴിവു സമയങ്ങളില്‍ ജയദേവ് എന്റെ ഭാഷാധ്യാപകനായി. അതിനിടയിലെപ്പോഴോ ഞങ്ങളുടെ ഉള്ളില്‍ ഇഷ്ടത്തിന്റെ ഉറവപൊട്ടി. കുറച്ചു നാളുകള്‍ക്കുശേഷം പരസ്പരം അക്കാര്യം വെളിപ്പെടുത്തി.
ആരാണ് ആദ്യം പ്രേമത്തില്‍പെട്ടതെന്ന് സത്യത്തില്‍ ഞങ്ങള്‍ക്കറിയില്ല. ഒരുപക്ഷേ, ഞങ്ങള്‍ക്കിരുവര്‍ക്കും ഒരേസമയം അങ്ങനെ തോന്നിയിട്ടുണ്ടാകാം. കലയെ ആഴത്തിലറിയാനും അതിനോട് മനസ്സുകൊണ്ടടുക്കാനും ജയദേവിന്റെ ഇടപെടല്‍ എന്നെ സഹായിച്ചിട്ടുണ്ട്. 1977ലായിരുന്നു ഞങ്ങളുടെ വിവാഹം. അഭിനയം ആയിരുന്നു എക്കാലത്തും എന്റെ ഇഷ്ട മേഖല. ജയദേവ് സംവിധാനത്തിലും ശ്രദ്ധകേന്ദ്രീകരിച്ചു. ജയദേവിന്റെ നാടകങ്ങളില്‍ ഞാന്‍ അഭിനയച്ചിട്ടുണ്ട്. സ്പാനിഷ് ക്ലാസിക്കായ യെര്‍മ മറാത്തി ഭാഷയില്‍ നാടകമായപ്പോള്‍ അതിന്റെ സംവിധായകന്‍ ജയദേവ് ആയിരുന്നു. ഞാനതിലെ നടിയും. മഹാരാഷ്ട്ര സംസ്ഥാന നാടകോത്സവത്തില്‍ അതേ നാടകത്തിന് എനിക്ക് മികച്ച നടിക്കുള്ള പുരസ്‌കാരവും ജയദേവിന് മികച്ച സംവിധായകനുള്ള പുരസ്‌കാരവും ലഭിച്ചു.
പഠനകാലത്തെ ഏറ്റവും പ്രിയപ്പെട്ട ഓര്‍മ്മകള്‍ എന്തൊക്കെയാണ്?
സ്‌കൂള്‍ ഓഫ് ഡ്രാമയിലെ പഠനകാലത്ത് കുറെയേറെ നല്ല നാടകങ്ങളുടെ ഭാഗമായി. സുല്‍ത്താന റസിയ, ഗാന്ധാരി...അങ്ങനെയുള്ള കഥാപാത്രങ്ങള്‍. ജാപ്പനീസ് കബൂക്കി നാടകത്തിലും ഞാന്‍ അഭിനയിച്ചു. അക്കാലത്ത് സംഗീത നാടക അക്കാദമയിലെ സ്ഥിരം സന്ദര്‍ശകരായിരുന്നു ഞങ്ങള്‍. നാടകങ്ങളും പാട്ടും നൃത്തവുമൊക്കെയായി അവിടെ എല്ലാ ദിവസവും എന്തെങ്കിലുമൊക്കെ പരിപാടികള്‍ ഉണ്ടാകും. സാംസ്‌കാരിക സമ്മേളനങ്ങളും ചിത്രപ്രദര്‍ശനങ്ങളുമൊക്കെ എവിടെയുണ്ടെങ്കിലും കാണാന്‍ പോകും. മണ്ഡി ഹൗസിലും തൃവേണി കലാസംഘിലും ഒക്കെയായി സജീവമായ കലാസ്വാദനത്തിന്റെ നാളുകള്‍. നമ്മുടെ കലാരൂപങ്ങളെ അടുത്തറിയാനും ആസ്വദിക്കാനുമുള്ള അവസരങ്ങളായിരുന്നു ആ വൈകുന്നേരങ്ങളൊക്കെയും. അതൊന്നും ഒരിക്കലും മറക്കാനാവില്ല.
ഗാന്ധിയിലേക്കുള്ള വരവ് എങ്ങനെയായിരുന്നു?
മറാത്തി നാടകങ്ങളില്‍ സജീവമായിരുന്ന ഞാന്‍ 1978ല്‍ സയീദ് അഖ്തര്‍ മിര്‍സയുടെ സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തുന്നത്. തുടര്‍ന്ന് രണ്ട് സിനിമകളില്‍ കൂടി ഭാഗമായി. അങ്ങനെയൊരിക്കല്‍ നാടകപ്രവര്‍ത്തകയായ ഡോളി ഠാക്കൂറിന്റെ ടെലിഗ്രാം എന്നെ തേടി വന്നു. റിച്ചാര്‍ഡ് ആറ്റന്‍ബറോ സംവിധാനം ചെയ്യുന്ന ഗാന്ധി എന്ന സിനിമയിലേക്ക് ഇന്ത്യന്‍ നടീ നടന്മാരെ കണ്ടെത്തുന്നതിന്റെ ചുമതല അവര്‍ക്കായിരുന്നു. അത്യാവശ്യമായി അവരെ വിളിക്കാന്‍ അതില്‍ കുറിച്ചിരുന്നു. അങ്ങനെയാണ് ഈ സിനിമയെപ്പറ്റി അറിയുന്നത്. സിനിമയിലേക്ക് നടിയെ ആവശ്യമുണ്ടെന്നും റിച്ചാര്‍ഡിനെ നേരില്‍ കാണാനും അവര്‍ പറഞ്ഞു. പറഞ്ഞ ദിവസം തന്നെ ഞാന്‍ ചെന്നു കണ്ടു. ആ കൂടിക്കാഴ്ചയില്‍ റിച്ചാര്‍ഡ് സംസാരിച്ചതൊക്കെയും നാടകത്തെപ്പറ്റിയായിരുന്നു.
സ്‌ക്രീന്‍ ടെസ്റ്റിനായി എട്ടു ദിവസത്തിനുള്ളില്‍ ഇംഗ്ലണ്ടില്‍ എത്താന്‍ ഉടന്‍ അറിയിപ്പ് വന്നു. ആ ചുരുങ്ങിയ സമയത്തിനുള്ളില്‍ കഥാപാത്രത്തിനാവശ്യമായ എല്ലാ കാര്യങ്ങളും തയ്യാറാക്കണം. പക്ഷേ, അതിനെക്കാള്‍ കുഴപ്പം പിടിച്ച പ്രശ്‌നം പാസ്‌പോര്‍ട്ടായിരുന്നു. എനിക്ക് പാസ്‌പോര്‍ട്ടില്ല. ഒരാഴ്ച്ചയ്ക്കുള്ളില്‍ പാസ്‌പോര്‍ട്ട് കിട്ടുമെന്ന കാര്യത്തില്‍ യാതൊരു ഉറപ്പും ഇല്ല. അതുകൊണ്ടു തന്നെ ജയദേവിനോടല്ലാതെ മറ്റാരോടും ഇക്കാര്യം പറഞ്ഞില്ല. ഇങ്ങനെയൊരു അവസരം പാസ്‌പോര്‍ട്ടില്ലാത്ത കാരണത്താല്‍ മുടങ്ങുമോ എന്ന പേടി. എന്തായാലും തയ്യാറെടുപ്പുകളെല്ലാം നടത്തി. പാസ്‌പോര്‍ട്ടിനപേക്ഷിച്ചു. ഒരു തിങ്കളാഴ്ച പുലര്‍ച്ചെയാണ് എനിക്ക് ഇംഗ്ലണ്ടിലേക്ക് പോകേണ്ടത്. എന്തായാലും ശനിയാഴ്ച പാസ്‌പോര്‍ട്ട് കൈയില്‍ കിട്ടി. അങ്ങനെ യാത്ര ഉറപ്പിച്ചു. 'നിന്റെ ഭാഗം നന്നായി ചെയ്തു മടങ്ങി വരൂ. അമിതമായ പ്രതീക്ഷ വേണ്ട. ഇതിനെ ഒരവസരമായി മാത്രം കണ്ടാല്‍ മതി.' ജയദേവ് പറഞ്ഞു. അത് ശരിയാണെന്ന് എനിക്കും തോന്നി. അതായിരുന്നു ഇന്ത്യയ്ക്കു പുറത്തേക്കുള്ള എന്റെ ആദ്യ യാത്ര.
തിരഞ്ഞെടുക്കപ്പെട്ട വിവരം എപ്പോഴാണ് അറിയുന്നത്?
ഇംഗ്ലണ്ടില്‍ നിന്ന് മടങ്ങിയെത്തിയ വിവരം പറയാന്‍ ഡോളി ഠാക്കൂറിനെ വിളിച്ചപ്പോള്‍ ഒരു മാസത്തിനിടെ എട്ടുകിലോ ശരീര ഭാരം കുറയ്ക്കാമോ എന്ന് അവര്‍ ചോദിക്കുന്നു. റിച്ചാര്‍ഡ് പറഞ്ഞിട്ടാണത്രേ. ഞാന്‍ സമ്മതിച്ചു. അങ്ങനെ ഒരു മാസത്തിനു ശേഷം വീണ്ടും റിച്ചാര്‍ഡിനെ ചെന്നു കണ്ടു. പക്ഷേ, അദ്ദേഹം ഒന്നും ഉറപ്പിച്ചു പറഞ്ഞില്ല. അന്ന് ഞാനൊരു നാടകത്തില്‍ രണ്ടു വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. സിനിമയിലേക്ക് അവസരം ലഭിച്ചാല്‍ ആറുമാസത്തേക്ക് എനിക്ക് നാടകം ചെയ്യാന്‍ കഴിയില്ല. നാടകത്തിലേക്ക് എന്റെ റോള്‍ ചെയ്യാന്‍ മറ്റൊരു നടിയെ കണ്ടെത്തുകയും വേണം. അങ്ങനെ ഞാന്‍ വീണ്ടും റിച്ചാര്‍ഡിനെ കാണാന്‍ ചെന്നു. അപ്പോഴാണ് എന്നെ തിരഞ്ഞെടുത്ത കാര്യം അറിയുന്നത്. തത്കാലത്തേക്ക് ഈ വിവരം പുറത്താരോടും പറയരുതെന്നും പറഞ്ഞു. ബെന്‍ കിങ്‌സിലി ആണ് ഗാന്ധിജിയുടെ റോളിലെന്നും അപ്പോഴാണ് അറിയുന്നത്. അങ്ങനെ നാടകത്തില്‍ നിന്ന് ഞാന്‍ പിന്മാറി. പിന്നീട് സിനിമയ്ക്കു വേണ്ടിയുള്ള തയ്യാറെടുപ്പുകളായിരുന്നു.
എന്തൊക്കെ വെല്ലുവിളികളാണ് നേരിടേണ്ടി വന്നത്?
ഇന്ത്യയിലും ഇംഗ്ലണ്ടിലുമായായിരുന്നു ഷൂട്ടിങ്. ബെന്നിനും എനിക്കും ചര്‍ക്ക തിരിക്കാന്‍ പരിശീലനം തന്നു. ഇംഗ്ലീഷ് സിനിമ ആയതു കൊണ്ടു തന്നെ എനിക്കെന്റെ ഉച്ചാരണം വെടിപ്പാക്കേണ്ടതുണ്ടായിരുന്നു. അതിനും പരിശീലനം. ഇന്ത്യ സ്വതന്ത്രമായ ശേഷം ജനിച്ച ഒരാള്‍ എന്ന നിലയില്‍ ദേശീയപ്രസ്ഥാനത്തെപ്പറ്റിയും ഗാന്ധിജിയെപ്പറ്റിയുമൊക്കെ പാഠപുസ്തകങ്ങളില്‍ നിന്ന് കിട്ടിയ അറിവുകള്‍ മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ.
ചരിത്രത്തെ പുനരാവിഷ്‌കരിക്കുന്ന സിനിമ ആയതുകൊണ്ടു തന്നെ ചരിത്രം മനസ്സിലാക്കാന്‍ ഗാന്ധിജിയുടെ ആത്മകഥ ഉള്‍പ്പെടെയുള്ള പുസ്തകങ്ങള്‍ വായിച്ചു. പക്ഷേ, കസ്തൂര്‍ബയെപ്പറ്റിയുള്ള വിവരങ്ങള്‍ പരിമിതമായിരുന്നു. ആകെ രണ്ടേ രണ്ട് പുസ്തകങ്ങളാണ് ലഭിച്ചത്. അവരുടെ ആംഗ്യചലനങ്ങള്‍, പെരുമാറ്റ രീതികള്‍ അതൊക്കെ അങ്ങനെ തന്നെ അനുകരിക്കണമെന്നായിരുന്നു ഞാന്‍ ആഗ്രഹിച്ചത്. പക്ഷേ, അതിനുവേണ്ടി കൂടുതലായും എനിക്കെന്റെ സങ്കല്പത്തെ ആശ്രയിക്കേണ്ടി വന്നു. അതുതന്നെയായിരുന്നു നേരിടേണ്ടി വന്ന വലിയ വെല്ലുവിളി.
പിന്നീടു വന്ന സിനിമകളിലെല്ലാം തന്നെ അമ്മ വേഷങ്ങള്‍. ഓരോ വേഷവും മറ്റൊന്നിന്റെ ആവര്‍ത്തനം പോലെ തോന്നിയോ?
ഗാന്ധിയില്‍ അഭിനയിക്കുമ്പോള്‍ ഇരുപത്തേഴു വയസ്സായിരുന്നു എന്റെ പ്രായം. സിനിമയില്‍ ഞാന്‍ അവതരിപ്പിച്ച കസ്തൂര്‍ബ എന്നെക്കാള്‍ ഏറെ മുതിര്‍ന്ന സ്ത്രീ. ആ റോളില്‍ എല്ലാവരും എന്നെ അംഗീകരിച്ചതുകൊണ്ടാവാം ബോളിവുഡിലും മറ്റും ധാരാളം അവസരങ്ങള്‍ വന്നു. എല്ലാം തന്നെ അമ്മവേഷങ്ങള്‍. അമിതാഭ് ബച്ചന്‍. ജിതേന്ദ്ര, ധര്‍മ്മേന്ദ്ര, വിനോദ്ഖന്ന ഇവരുടെയൊക്കെ ചിത്രങ്ങളില്‍ ഞാന്‍ അമ്മവേഷം ചെയ്തു. ഓരോ സിനിമ കഴിമ്പോഴും എനിക്ക് എന്റെ പ്രായത്തിനു യോജിക്കുന്ന സിനിമ വരുമെന്നു തന്നെ കരുതും. അമ്മവേഷങ്ങളല്ലാതെ മറ്റൊന്നും എനിക്ക് സിനിമയില്‍ ചെയ്യാനില്ലാത്ത പോലൊരു സ്ഥിതി. പിന്നെ ഞാനതുമായി പൊരുത്തപ്പെട്ടു.
രണ്ട് മലയാളം സിനിമകളിലും അഭനിയിച്ചല്ലോ. എങ്ങനെയുണ്ടായിരുന്നു ആ അനുഭവങ്ങള്‍?
അച്ചുവേട്ടന്റെ വീട് ആയിരുന്നു ആദ്യത്തേത്. ഭാഷയായിരുന്നു അവിടെയും പ്രശ്‌നം. ചുണ്ടിന്റെ ചലനത്തില്‍ സ്വാഭാവികത വേണമെന്ന് എനിക്ക് നിര്‍ബന്ധമായിരുന്നു. അതുകൊണ്ട് ഡയലോഗുകള്‍ ഒരാളെക്കൊണ്ട് വായിപ്പിച്ച് ഞാനത് ദേവനാഗരി ലിപിയിലേക്ക് പകര്‍ത്തും. ആരോടെങ്കിലും ചോദിച്ച് അതിന്റെ അര്‍ത്ഥം മനസ്സിലാക്കും. മലയാളിയല്ലാത്ത ഞാന്‍ അങ്ങനെ അര്‍ത്ഥം മനസ്സിലാക്കിയാണ് ഓരോ ഡയലോഗും പറഞ്ഞത്. ആ സിനിമയിലെ ഒട്ടുമിക്ക ഡയലോഗും എനിക്കിന്നും മനപ്പാഠമാണ്.
മറ്റു തെന്നിന്ത്യന്‍ സിനിമകളില്‍ അഭിനയിച്ച അനുഭവസമ്പത്തുമായാണ് അഗ്‌നിദേവനില്‍ എത്തിയത്. അതുകൊണ്ട് അത്തവണ ഭാഷ വലിയ വില്ലനായില്ല. മോഹന്‍ലാലും രേവതിയും... എനിക്ക് അത്രയേറെ പ്രിയപ്പെട്ട രണ്ട് അഭിനേതാക്കള്‍. ആ രണ്ടു സിനിമകളും നല്ല അനുഭവങ്ങളാണ് നല്‍കിയത്.
അരനൂറ്റാണ്ടുകാലത്തെ അഭിനയപരിചയം കൈമുതലായുണ്ട്. ഈ കാലയളവിനിടയില്‍ സിനിമാനാടക രംഗത്ത് ഉണ്ടായ മാറ്റങ്ങളെ എങ്ങനെ കാണുന്നു?
ഞാന്‍ സിനിമയില്‍ എത്തുന്ന കാലത്ത് ടെലിവിഷന്‍ ഇത്ര സാധാരണം ആയിരുന്നില്ല. ദൂരദര്‍ശന്‍ അല്ലാതെ ചാനലുകളും ഇല്ല. ഇന്ന് സ്ഥിതി അങ്ങനെയല്ല. ടെലിവിഷനും കമ്പ്യൂട്ടറും തിയേറ്ററുകളും എല്ലാം ധാരാളം. പണ്ട് നാടകത്തിനും സിനിമയ്ക്കും പുറമേ, അഭിനേതാക്കള്‍ക്ക് സ്വയം ആവിഷ്‌കരിക്കാനുള്ള മാര്‍ഗങ്ങള്‍ കുറവാണ്. സീരിയലുകളും വെബ്‌സീരീസും സ്റ്റേജ് ഷോകളും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളും ഒക്കെയായി മറ്റു മാര്‍ഗങ്ങള്‍ ഇപ്പോള്‍ ധാരാളം. സിനിമയുടെ എല്ലാ മേഖലകളും സാങ്കേതികവിദ്യ കൈയടക്കിക്കഴിഞ്ഞു. സിനിമയുടെ കച്ചവട സാധ്യതയ്ക്ക് മൂല്യമേറി. പണ്ട് നാടകങ്ങളിലേക്ക് അഭിനേതാക്കള്‍ കടന്നു വരുന്നത് അഭിനയത്തോടുള്ള ഇഷ്ടം കൊണ്ടു മാത്രമാണ്. ഇന്ന് പലര്‍ക്കും തിയേറ്റര്‍ സിനിമയിലേക്കുള്ള ചവിട്ടുപടി മാത്രം.
സ്‌കൂള്‍ ഓഫ് ഡ്രാമയിലെ പഠനകാലത്ത് ഞാന്‍ മനസ്സിലാക്കിയ ഒരു കാര്യമുണ്ട്. ഒരു നല്ല നടനോ നടിയോ ആകാന്‍ നമുക്ക് മറ്റു പല മേഖലകളിലും മികവു പുലര്‍ത്തണം. സംഗീതം, നൃത്തം, ചിത്രകല എന്നിങ്ങനെ എല്ലാ കലകളിലും സാമാന്യമായ ഒരു ബോധം അഭിനേതാവിന് ഉണ്ടാവണം. അഭിനയം പഠിക്കാന്‍ അവിടെ ചേര്‍ന്ന സമയത്ത് ആശാരിപ്പണി ഉള്‍പ്പെടെയുള്ള പല കാര്യങ്ങളിലും ഞങ്ങള്‍ക്ക് പരിശീലനം കിട്ടി. ഒരു ഏണിയുടെ മുകളില്‍ കയറി നിന്ന് ലൈറ്റ് ക്രമീകരിച്ചതൊക്കെ ഞാനോര്‍ക്കുന്നു. സെറ്റ് ഒരുക്കുന്നതിലും ലൈറ്റ് ക്രമീകരിക്കുന്നതിലും ഫ്രയിമുകളുടെ ഘടനയിലുമൊക്കെ നമുക്കൊരു കാഴ്ചപ്പാടുണ്ടാകണം. ഡയലോഗ് പറയുന്നതും ഭാവങ്ങള്‍ വരുത്തുന്നതും മാത്രമല്ല അഭിനയം.
നാടകങ്ങളിലും സിനിമകളിലും ടെലിഫിലിമുകളിലും ഞാന്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷേ, അന്നുമിന്നും സിനിമയേക്കാളേറെ ഞാന്‍ നാടകത്തെ ഇഷ്ടപ്പെടുന്നു. നാടകമാണ് എന്നെ അഭിനയത്തിലേക്ക് ആകര്‍ഷിച്ചത്. റീടേക്കുകളില്ലാത്ത ജീവിതം പോലെയാണ് നാടകം എന്ന് എനിക്ക് തോന്നുന്നു. അത്രത്തോളം ജീവിതത്തോട് ചേര്‍ന്നു നില്‍ക്കുന്നതുകൊണ്ടാവാം നാടകം എനിക്ക് അത്രയും പ്രിയപ്പെട്ടതാകുന്നത്.
Content Highlights: Rohini Hattangadi gandhi movie actress interview