ബോളിവുഡ് മാഫിയാ സംഘം രാകേഷ് റോഷനെയും ഗുൽഷൻ കുമാറിനെയും ലക്ഷ്യമിട്ടത് എന്തിന്?

ഹിന്ദി സിനിമാ ചരിത്രത്തിലെ ഏറ്റവും പ്രശ്നങ്ങൾ നിറഞ്ഞ കാലഘട്ടമായിരുന്നു 90-കൾ. അന്ന് മുംബൈ മാഫിയാ സംഘങ്ങൾക്ക് സിനിമയിലുണ്ടായിരുന്ന ശക്തമായ സ്വാധീനത്തെക്കുറിച്ച് പറയുകയാണ് സംവിധായകൻ രാം ഗോപാൽ വർമ്മ. ദാവൂദ് ഇബ്രാഹിമിനെ പോലുള്ള വ്യക്തികൾ നയിച്ചിരുന്ന ക്രിമിനൽ സംഘങ്ങളുടെ പ്രവർത്തനം യാദൃശ്ചികമായിരുന്നില്ല, കണക്കുകൂട്ടിയുള്ളവയായിരുന്നു എന്ന് ആർ‌ജി‌വി പറഞ്ഞു.

സ്വാധീനമുള്ള വ്യക്തികളെ ലക്ഷ്യമിട്ട് ഭയപ്പെടുത്തി ആധിപത്യം സ്ഥാപിക്കുകയാണ് ഗുണ്ടകൾ ചെയ്തിരുന്നത്. "മാഫിയാ സംഘങ്ങൾക്ക് (bollywood mafia) അവരുടെ ശക്തി പ്രകടിപ്പിക്കണമെങ്കിൽ, രാകേഷ് റോഷൻ, സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ തുടങ്ങിയ വലിയ പേരുകാരെ ലക്ഷ്യമിടും"- അദ്ദേഹം വിശദീകരിച്ചു.

എഴുത്തുകാരൻ ഹുസൈൻ സെയ്ദിയുമായുള്ള സംഭാഷണത്തിലാണ് ആർജിവിയുടെ തുറന്നുപറച്ചിൽ. പണത്തിനപ്പുറം നിയന്ത്രണവും അധികാരവുമായിരുന്നു അവരുടെ ലക്ഷ്യം. പ്രധാന താരങ്ങളെ പേടിപ്പിച്ച് വരുതിയിലാക്കി അവർക്ക് അധികാരം സ്ഥാപിക്കാനായി. ഹൃത്വിക് റോഷനെപ്പോലെയുള്ള താരങ്ങളിലേക്ക് കടന്നുചെല്ലൽ എളുപ്പമായിരുന്നില്ല, അതിനാൽ ഭയം തന്ത്രമാക്കിയെന്നും അദ്ദേഹം പറഞ്ഞു. "ആരെങ്കിലും നിരസിച്ചാൽ, 'നോക്കൂ അയാൾക്ക് എന്തു സംഭവിച്ചെന്ന്; നിങ്ങൾക്കും ഇത് സംഭവിക്കാം' എന്നൊരു മാതൃകയുണ്ടാക്കുകയായിരുന്നു. ഒരാളെ കൊല്ലുക, പത്തുപേരിൽ നിന്ന് പണം തട്ടുക-ഇതായിരുന്നു ലക്ഷ്യം".

രാകേഷ് റോഷനെതിരായ ആക്രമണത്തിന് കാരണം

'കഹോ നാ പ്യാർ ഹെ' എന്ന ചിത്രത്തിന്റെ വൻ വിജയത്തിന് തൊട്ടുപിന്നാലെ 2000 ജനുവരിയിലാണ് രാകേഷ് റോഷന് നേരെ വെടിവെപ്പുണ്ടായത്. ഛോട്ടാ ഷക്കീൽ പിന്തുണച്ച ഒരു സിനിമ പ്രോജക്റ്റിനായി അദ്ദേഹത്തിന്റെ മകൻകൂടിയായ ഹൃത്വിക് റോഷന്റെ ഡേറ്റ് ലഭിക്കാൻ ഗുണ്ടകൾ ശ്രമിച്ചിരുന്നു. രാകേഷ് അതിനെ എതിർത്തപ്പോൾ അക്രമം നടക്കുകയായിരുന്നു. 

രാകേഷ് റോഷന്റെ ഓഫീസിന് പുറത്തുവെച്ചാണ് തോക്കുധാരികൾ അദ്ദേഹത്തെ ആക്രമിച്ചത്, ആക്രമണത്തെ അദ്ദേഹം അതിജീവിച്ചു. പിന്നീട് നൽകിയ അഭിമുഖത്തിൽ, പലതവണ സമ്മർദ്ദം ചെലുത്തിയിട്ടും ഹൃത്വിക്കിന്റെ ഡേറ്റ്സ് അനുവദിക്കാൻ താൻ സമ്മതിച്ചിരുന്നില്ലെന്ന് രാകേഷ് പറഞ്ഞിട്ടുണ്ട്, എങ്കിലും ആ സമയം ഭയം നിറഞ്ഞതായിരുന്നുവെന്നും. 

ഗുൽഷൻ കുമാറിന്റെ കൊലപാതകം

1997-ൽ ഗുൽഷൻ കുമാറിനെ കൊലപ്പെടുത്താനുണ്ടായ കാരണങ്ങളെ അസൂയ, അധികാര തർക്കം, ധിക്കാരം എന്നിവയുമായിട്ടാണ് ആർ‌ജി‌വി ബന്ധപ്പെടുത്തുന്നത്. ഗുൽഷന്റെ വിജയവും സ്വാധീനവും അദ്ദേഹത്തെ ലക്ഷ്യമിടാൻ അവരെ പ്രേരിപ്പിച്ചു. അബു സലിമിനെപ്പോലെയുള്ള വ്യക്തികൾ ഈ കൊലപാതകത്തെ മാഫിയാ ലോകത്ത് തങ്ങൾക്ക് പേരുണ്ടാക്കാനുള്ള ഒരു മാർഗ്ഗമായി കണ്ടിരിക്കാം. ഗുൽഷൻ കുമാർ ഗുണ്ടാ സംഘങ്ങളുടെ ആവശ്യങ്ങളെ എതിർത്തിരുന്നു, എളുപ്പത്തിൽ ഭയന്നോടുന്ന ആളായിരുന്നില്ല അദ്ദേഹമെന്നും ആർജിവി പറഞ്ഞു. ഗുൽഷൻ കുമാറിനെ കൊലപ്പെടുത്തിയ വിവരം അറിഞ്ഞപ്പോൾ എല്ലാവരും ഞെട്ടിപ്പോയെന്നും ആർ‌ജി‌വി പറഞ്ഞു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Explains the 'Kill one, extort money from ten' strategy used by syndicates., Details the 1997 Gulshan Kumar murder and 2000 Rakesh Roshan shooting., Highlights the influence of underworld funding in 90s Bollywood cinema., RGV links real-life crime events to his filmography like Satya and Company.